കോവിഡ് വ്യാപനവും തെരഞ്ഞെടുപ്പ് കാല സംഭവഗതികളും

 
കോവിഡ് വ്യാപനവും തെരഞ്ഞെടുപ്പ് കാല സംഭവഗതികളും

കോവിഡ് അതിന്റെ അടുത്ത തരംഗം വലിയ തോതില്‍ നാടെങ്ങും സൃഷ്ടിക്കുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും മാലോകരെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അധികൃതര്‍ പുറത്തുവിടുന്ന കണക്കുകള്‍ ഒട്ടും ശുഭകരമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രശ്‌നത്തിന്റെ ഗൗരവം ചര്‍ച്ച ചെയ്യുകയും കൂടുതല്‍ നിയന്ത്രണങ്ങളും കരുതല്‍ നടപടികളും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ സുപ്രധാന ഘട്ടമായ വോട്ടെടുപ്പ് കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ പൂര്‍ത്തിയായി. മറ്റു പല ഇടങ്ങളിലും അത് പുരോഗമിക്കുകയാണ്. ജനാധിപത്യ ഭരണക്രമത്തില്‍ തെരഞ്ഞെടുപ്പുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡ് മഹാമാരിയുടെ മധ്യെ അത് കരുതലോടെ നടത്തുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. കോവിഡ് മഹാമാരിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകളുടെ കാര്യത്തില്‍ തന്നെ ഏറെ ഭിന്നമായ പല ചിന്തകളും വിചാരങ്ങളും ഉള്ളയാളാണ് ഈ ലേഖകന്‍. അത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന ഒട്ടേറെപ്പോരുണ്ടെന്ന് അത് സംബന്ധിച്ച വായനകള്‍ ബോധ്യപ്പെടുത്തുന്നുമുണ്ട്. പക്ഷെ അത്തരം വിചാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍, ഇവിടെ ഉദ്ദേശിക്കുന്നില്ല. നമുക്ക് സര്‍ക്കാരും അധികൃതരും നല്കുന്ന വിവരങ്ങളെ പൂര്‍ണ്ണമായും പിന്‍തുടരുകയും അതനുസരിച്ചുള്ള ജീവിതക്രമീകരണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാമെന്നതാണ് ഇപ്പോള്‍ മുന്നിലുള്ള വഴി.

കോവിഡിന്റെ തുടക്കകാലത്ത്, രോഗബാധിതരുടെ എണ്ണം തുലോം തുച്ഛമായിരുന്ന കാലത്ത് സ്വീകരിച്ച അടച്ചിരിപ്പ് അടക്കമുള്ള മുന്‍കരുതലുകള്‍ വച്ചു നോക്കിയാല്‍ ഇപ്പോള്‍ നമ്മള്‍ പിന്‍തുടരുന്ന ജീവിതക്രമം അപ്പാടെ തന്നെ പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതാണ്. പഴയ തരത്തില്‍ പൂര്‍ണ്ണമായി അടച്ചിട്ടുകൊണ്ടുള്ള ലോക്ഡൗണ്‍ ഇനി സാധ്യമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. നമ്മുടെ സമ്പദ് ഘടനയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ് മഹാമാരി ഉണ്ടാക്കിയ ആഘാതം. അതുകൊണ്ട് ധനക്രയവിക്രയങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലുള്ള നടപടികളെ അവലംബിച്ചേ മുന്നോട്ട് പോക്ക് ഇനി സാധിക്കുകയുള്ളു. ഇക്കാര്യങ്ങളും യുക്തിസഹമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകുന്നത് മാത്രമാണ്.

പക്ഷെ, ഈ സമയത്ത് നാം ഒന്ന് തിരിഞ്ഞുനോക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. എന്താണ് തെരഞ്ഞെടുപ്പ് കാലത്ത് നടന്നത്? വലിയ ആരാവാരങ്ങളും കെട്ടുകാഴ്ചകളുമായി ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പ്രചാരണ കോലാഹലങ്ങള്‍ക്ക് മുന്നണികളും പാര്‍ട്ടികളും ഭേദമില്ലാതെ മുന്നിട്ടിറങ്ങി. അവര്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചു. മാസ്‌ക്കും മറ്റും ധരിച്ചാണ് അത്തരം ഇടങ്ങളില്‍ ആളുകള്‍ എത്തിയതെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അത്തരം എത്ര സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കപ്പെട്ടു. മാസ്‌ക്കുകളുടെ ഉപയോഗം തന്നെ വേണ്ട തരത്തിലാണോ ഉണ്ടായത്? കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രചാരണം നടത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും വേണ്ടവിധത്തില്‍ വിജയിച്ചതായി കാണുന്നില്ല. പലരും നടത്തിയ വാചാടോപങ്ങള്‍ക്കപ്പുറം അത്തരം കാര്യങ്ങളൊന്നും ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. സിനിമ പ്രവര്‍ത്തകരേയും മറ്റും കെട്ടി എഴുന്നെള്ളിച്ച് ആളുകളെ പ്രചാരണ കേന്ദ്രങ്ങളിലേക്കും വഴിത്താരകളിലേക്കും എത്തിയ്ക്കാന്‍ രാഷ്ട്രീയ പര്‍ട്ടികളൊക്കെ മത്സരിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കള്‍ വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നുവെന്ന കാര്യത്തില്‍ പാര്‍ട്ടികളൊക്കെ ഢംഭുപറയാന്‍ ആഗ്രഹിക്കുന്നതുപോലെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളുമടക്കം രാജ്യത്തെ പ്രമുഖ നേതാക്കളൊക്കെ എത്തി റോഡ് ഷോകളും ഗംഭീരഗംഭീരങ്ങളായ പൊതു സമ്മേളനങ്ങളും ഒക്കെ നടത്തി. ആരുടേയും പേരുകള്‍ നമുക്ക് പറയാതിരിക്കാം. എല്ലാം ഭൂമിമലയാളത്തിലുള്ളവരൊക്കെ കണ്ടതാണല്ലോ? എന്തുതരത്തിലുള്ള കോവിഡ് മുന്‍കരുതലുകളാണ് അത്തരം ഇടങ്ങളില്‍ ഉണ്ടായിരുന്നതെന്നും നമുക്കറിയാം. രോഗവ്യാപനം കടുക്കുന്നതിനേ ഇത്തരം ആള്‍ക്കൂട്ടനിര്‍മ്മിതികള്‍ സഹായിക്കുകയുള്ളുവെന്ന് ഇതിന്റെ സംഘാടകരെയൊക്കെ ആരെങ്കിലും പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ടോ? ഒറ്റയ്‌ക്കോടിച്ച് പോകുന്ന കാറില്‍പ്പോലും മാസ്‌ക്ക് ധരിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് കോടതിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുകളും മറ്റും എടുക്കുന്നതിനൊപ്പം സവിശേഷതരത്തിലുള്ള ജീവിത രീതിയും ആവശ്യപ്പെടുന്നുവെന്നതാണ് ആരോഗ്യമേഖലയിലെ വിദഗദ്ധര്‍ പറയുന്നത്. അതില്‍ ഏറ്റവും പ്രധാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സാമൂഹിക ഇടപെടലുകളില്‍ നിശ്ചിത അകലം പാലിക്കുന്നതും അപരരോട് കൂടുതല്‍ അടുത്ത് ഇടപഴകുന്നതും സ്പര്‍ശിക്കുന്നതും ഒഴിവാക്കലും വായയും മൂക്കും മൂടി സൂക്ഷിക്കലും ദേഹശുദ്ധിയും അടിക്കടിയുള്ള സാനിറ്റൈസര്‍ ഉപയോഗവും ഒക്കെയാണ്. ഈ തെരഞ്ഞെടുപ്പ് പ്രചാരണ മാമാങ്കം കൊഴുക്കുന്നതിനിടെ ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തുചെയ്തു? നമ്മുടെ എണ്ണം പറഞ്ഞ നേതാക്കള്‍ തന്നെ ഇക്കാര്യങ്ങളില്‍ എത്രമാത്രം മാതൃകാപരമായി പ്രവര്‍ത്തിച്ചു. മാസ്‌ക്കും സാമൂഹിക അകലവും ഒക്കെ ഉപേക്ഷിച്ച് തൊട്ടടുത്ത് നിന്ന് ആളുകളുമായി സംസാരിക്കുന്ന എത്ര ഏറെ നേതാക്കളെ, സ്ഥാനാര്‍ത്ഥികളെ, പ്രചാരണ പ്രവര്‍ത്തകരൊക്കെ നമ്മള്‍ കണ്ടു. ജനക്ഷേമത്തില്‍, അതുപോകട്ടെ, സ്വന്തം ക്ഷേമത്തില്‍ ഊന്നുന്നവരാണെങ്കില്‍പ്പോലും അവരിത് ചെയ്യുമോ?

കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് ബാധക്കാലത്ത് എല്ലാ ദിവസവും മാധ്യമക്കൂടിക്കാഴ്ചകള്‍ നടത്തിയും ഫേസ് ബുക്കിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും കൂടിയും മുഖ്യമന്ത്രി നമ്മളെ മഹാമാരിക്കാലത്ത് കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ ജനങ്ങള്‍ക്ക് സഹായം എത്തിക്കുകയും ഒക്കെ ചെയ്ത് ശ്രദ്ധനേടുകയുണ്ടായി. ലോകമെങ്ങും അതൊക്കെ ചര്‍ച്ചയാവുകയും ചെയ്തു. പക്ഷെ കടുത്ത രണ്ടാം തരംഗത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നമ്മളെ സദാപി ജാഗ്രത്താക്കിക്കൊണ്ടിരിക്കുന്നവരുടെയടക്കം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പോലും വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് നടത്തപ്പെട്ടതെന്നതും നമ്മള്‍ മറക്കരുത്. വലിയൊരു ജനതതിയാണ് മിക്കവാറും ഇടങ്ങളിലും പരസ്യ പ്രചാരണ സമാപനവേളയില്‍ തടിച്ചുകൂടിയത്. സ്ഥാനാര്‍ത്ഥികള്‍ എന്തുപിഴച്ചു, സ്‌നേഹാദരങ്ങള്‍ കൊണ്ട് ആളുകള്‍ എത്തിയിട്ടല്ലേ എന്നൊക്കെ ചോദിക്കാം. പക്ഷെ അത് വെറും ഒരു ചോദ്യം മാത്രമായി തീരുന്നുവെന്നേയുള്ളു. ഫ്‌ളാഷ് മോബൊക്കെ നടത്തി ആളെക്കൂട്ടിയത് ആരും അറിയാതെ ആവില്ലല്ലോ? ഭരണ പ്രതിപക്ഷ പാര്‍ട്ടികളാരും തന്നെ ഇത്തരം വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഒട്ടും മോശമായിരുന്നില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഘോഷമായ കൊട്ടിക്കലാശങ്ങള്‍ നടത്തരുതെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു.അത് എത്രപേര്‍ പാലിച്ചു? രോഗഭീഷണിയെ കുറിച്ച് ഏറ്റവും കൂടുതല്‍ നമ്മളെ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. സമാനമായിരുന്നു മറ്റിടങ്ങളിലും ഉണ്ടായത്. കൊട്ടിക്കലാശം ഉണ്ടാവില്ലെന്ന് തീരുമാനിച്ചിരുന്ന പല ഇടങ്ങളിലും അവസാന സമയത്ത് കെങ്കേമമായി അത് നടത്തപ്പെട്ടു. ഇക്കാര്യത്തില്‍ എത്രമേല്‍ ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിച്ചു? ധനസ്ഥിതി ആകെ മൂക്കുകുത്തിയ ഒരു നാട്ടില്‍ പരസഹസ്രം കോടികളാണ് ഈ പരസ്യമായ കെട്ടുകാഴ്ചകള്‍ ഒരുക്കുന്നതിനും പ്രചാരണത്തിനും ഒക്കെയായി ചെലവിട്ടത്? അത്യപൂര്‍വ്വമായ ഒരു മഹാവ്യാധിയുടെ വിവിധങ്ങളായ തരംഗങ്ങളിലൂടെ കടന്നുപോകുന്ന നാടാണിതെന്ന് ഓര്‍ക്കണം. സൃഷ്ടിപരമായ എന്തെല്ലാം കാര്യങ്ങള്‍ക്ക് ഉതകുന്ന പണമാണ് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കടം കേറി മുടിഞ്ഞ പഴയ തറവാട് പോലെയാണ് നമ്മുടെ നാടെന്ന് ഓര്‍ക്കണം. എല്ലാ കാര്യത്തിലും വലിയ ഉപദേശങ്ങള്‍ നല്‍കുന്ന ഭരണക്കാര്‍ക്ക് അനുകരണീയമായ മറ്റൊരു പ്രചാരണ മാതൃക എന്തുകൊണ്ട് ഈ മഹാവ്യാധിക്കാലത്തെങ്കിലും സൃഷ്ടിക്കാനാവാതെ പോയി? വിവര സാങ്കേതിക വിദ്യയുടേയും മറ്റും അപാരസാധ്യതകളുള്ള കാലത്ത് പ്രചാരണത്തിനും മറ്റും ആളെക്കൂട്ടിയുള്ള പരമ്പരാഗത കെട്ടുകാഴ്ചകള്‍ ഒഴിവാക്കി പുത്തന്‍ സാധ്യതകള്‍ തേടാന്‍ എന്താണ് മടിക്കുന്നത്?

മഹാവ്യാധികാലത്ത് സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പല സമയങ്ങളിലായി തെരുവിലിറങ്ങിയവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നുവരെ വിളിച്ച് വിമര്‍ശിച്ചവരും തെരഞ്ഞെടുപ്പ് സമയത്ത് സമാനമായി വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാനായി മത്സരിച്ചു. ജനങ്ങളെ രക്ഷിക്കാനും അവരുടെ ക്ഷേമത്തിനും അധികാരം ഞങ്ങള്‍ക്ക് തരൂവെന്ന അര്‍ത്ഥനയുമായി അഞ്ചു വര്‍ഷത്തിലൊരിക്കലെന്ന തോതില്‍ മുന്നിലെത്തുമ്പോഴെങ്കിലും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാവാതെ പോകുന്ന പാര്‍ട്ടികള്‍ക്ക് അധികാരകാമനയും യശപ്രാര്‍ത്ഥനകളും സ്വാര്‍ത്ഥങ്ങളുമല്ലാതെ മറ്റൊന്നും മനസ്സിലില്ലെന്ന് പറഞ്ഞാല്‍ അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായ അടുത്ത ദിവസം മുതല്‍ രോഗഭീഷണി കൂടുതല്‍ തീവ്രമാകുന്നതിനെക്കുറിച്ച് വേണ്ടപ്പെട്ടവര്‍ വീണ്ടും പറഞ്ഞുതുടങ്ങിയത് നമ്മള്‍ കേള്‍ക്കുന്നു. ഇവരുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചും ആരവാരങ്ങളൊരുക്കിയും പ്രചാരണ കോലാഹലങ്ങള്‍ നടത്തുമായിരുന്നുവോ? സമൂഹത്തിലെ എല്ലാ കാര്യങ്ങളേയും വിമര്‍ശനാത്മകമായി സമീപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മഹാവ്യാധി വ്യാപനത്തിനു മധ്യെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെ കൂടി വിമര്‍ശനബുദ്ധ്യാ സ്വയം വിലയിരുത്താന്‍ തയാറാകണം.

തെരഞ്ഞെടുപ്പ് ഇടങ്ങള്‍ മാത്രമല്ല, നമ്മുടെ പല വിശ്വാസ കേന്ദ്രങ്ങളും ഉത്സവാഘോഷങ്ങളും ഒക്കെ വലിയ ആള്‍ക്കൂട്ട കേന്ദ്രങ്ങളായി തീര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഇത്തരം ഇടങ്ങളില്‍ നിന്നും സ്വന്തം നിലയിലെങ്കിലും അകന്നുനിന്ന് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാതെ പോയാല്‍ എന്താവും ഇവിടത്തെ അവസ്ഥ? പണിയെടുക്കാന്‍ പോകാതിരുന്നാല്‍ പട്ടിണിയാകും. അപ്പോള്‍ ഒഴിവാക്കാവുന്ന ഇടങ്ങളൊക്കെ ഒഴിവാക്കുകയല്ലേ, യുക്തിസഹം. അതോ വീണ്ടും വീണ്ടും നമ്മുടെ ജീവിതം അസംബന്ധങ്ങളുടെ സംബന്ധമാക്കിത്തീര്‍ക്കേണമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)