കാടുകള്‍ കടന്ന് വഴികള്‍ നീളുകയാണ്

 
കാടുകള്‍ കടന്ന് വഴികള്‍ നീളുകയാണ്

അട്ടപ്പാടി വഴി ഊട്ടി. ഫേസ്ബുക്കില്‍ ഒരു ചങ്ങാതിയാണ് ആ രസികന്‍ യാത്രയെകുറിച്ച് എഴുതിയത്. അത് വായിച്ച ദിവസം മുതല്‍ അതായി മനസ്സില്‍. ഊട്ടിയിലേക്ക് സര്‍വരും പോവുന്ന വഴിയാണ് എന്റെ നിലമ്പൂര്‍. അവിടെ നിന്നും, ഊട്ടിക്കു പോവാന്‍ അങ്ങ് അട്ടപ്പാടി വരെ പോവുക എന്നത് കേള്‍ക്കുന്ന ആരെയും ചിരിപ്പിക്കുന്ന ഒന്നാവും. അതിനാല്‍, മനസ്സിലിരിപ്പ് പുറത്തുപറയാതെ അടക്കിവെക്കുകയായിരുന്നു.

എന്നിട്ടും മൂന്നു ദിവസത്തെ ലീവില്‍ മക്കള്‍ വന്നപ്പോള്‍ ആ ആഗ്രഹം അറിയാതെ പുറത്തുവന്നു. അട്ടപാടി വഴി മഞ്ഞൂര്‍ പോയി ഊട്ടി, ഗൂഡല്ലൂര്‍ വഴി നിലമ്പൂരില്‍ തിരിച്ചെത്താം എന്നൊരു സാധ്യതയോടെ മക്കള്‍ അതിന് റൂട്ട് പ്ലാന്‍ വരച്ചു. 'ഠ' എഴുതും പോലൊരു യാത്ര. എന്നാല്‍, അവസാന നിമിഷം ഭര്‍ത്താവിന്റെ തിരക്കുകള്‍ കാരണം ആ യാത്ര മാറ്റിവെക്കേണ്ടി വന്നു. അതോടെ സങ്കടമായി. ഇനി നിങ്ങളുടെ കൂടെ യാത്രക്ക് ഞാനില്ല എന്നൊക്കെ പരിഭവം പറഞ്ഞു സങ്കടപ്പെടുന്ന എന്നെ കണ്ടപ്പോള്‍ മക്കള്‍ക്കും സങ്കടമായി; കൂട്ടുകാരോടൊപ്പം പോവാമല്ലോ എന്നൊക്കെ അവര്‍ ആശ്വസിപ്പിച്ചെങ്കിലും ആ യാത്ര നടക്കാന്‍ സാധ്യത തീരെ കുറവായിരുന്നു. ആനയുടേയും ആനപിണ്ഡത്തിന്റേയും ചൂരുള്ള വിജനമായ ചുരംപാതയിലൂടെ ഒരു പെണ്‍ യാത്ര, എത്ര നല്ല നടക്കാത്ത സ്വപ്നം എന്ന് ഞാന്‍ കരുതി.

അതിനിടെയാണ്, നമുക്കൊരു ഒരു വണ്‍ ഡേ പിക്ക്നിക്ക് പോയാലോ എന്നു പറഞ്ഞ് കൂട്ടുകാരി ലേഖയുടെ വിളി. നിലമ്പൂരില്‍ നിന്ന് നൂറു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഊട്ടിയാണവള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, എന്റെ ഉള്ളില്‍ പദ്ധതി വേറെയായിരുന്നല്ലോ. അവസാനം അതങ്ങ് പറഞ്ഞു. കേട്ടതും അവള്‍ ഒ.കെ. പിന്നെ, പ്ലാനുമായി ഭര്‍ത്താവിനെ സമീപിച്ചു. പെണ്ണുങ്ങള്‍ ഡ്രൈവ് ചെയ്യുന്ന പ്രശ്നമില്ല, ഡ്രൈവറെ കൊണ്ടു പോവണം എന്നിങ്ങനെ നൂറു നിബന്ധനകളോടെ സമ്മതം കിട്ടി!

കൂട്ടുകാരികള്‍ക്കൊപ്പം യാത്ര പ്ലാന്‍ ചെയ്ത് സമ്മതം ചോദിക്കുമ്പോള്‍ ആദ്യം, അവിടെ പരിചയമുള്ള കൂട്ടുകാരെ വിളിച്ച് അന്വേഷിക്കുക എന്നത് ഭര്‍ത്താവിന്റെ പതിവാണ്.അതു കൊണ്ടു തന്നെ ചോദിക്കാന്‍ സാധ്യതയുള്ള കൂട്ടുകാരനോട്, നോക്ക്, പാര വെച്ചേക്കരുത് എന്ന് ഞാന്‍ മുന്‍കൂറായി പറഞ്ഞിരുന്നു. അതിനാല്‍, ആ വഴിക്ക് തടസ്സമുണ്ടായില്ല. പിന്നെ ആ സ്ഥലത്തെ കുറിച്ചു കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുന്ന തിരക്കായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് ലേഖയും മകള്‍ ഗാഥയുമൊത്ത് ഞങ്ങള്‍ പുറപ്പെട്ടു. വഴിയില്‍ ഭക്ഷണമൊന്നും കിട്ടില്ല എന്ന് അറിയാവുന്നതു കൊണ്ട് വെള്ളവും ഉച്ച ഭക്ഷണവും സ്നാക്സും ഒക്കെ കരുതിയിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു വേണം പുറപ്പെടാന്‍, രണ്ടുമണിയാവുമ്പോഴേക്ക് മടക്കയാത്ര തുടരണം എന്നൊക്കെ ഡ്രെെവറെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന തിരക്കിലായിരുന്ന ഭര്‍ത്താവ്. ലക്ഷ്യമില്ലാത്ത യാത്രയാണ്, എനിക്കാ സ്ഥലത്തെ കുറിച്ചു ഒരു പിടിയുമില്ല, എത്തുന്നിടത്ത് എത്തും, കാണുന്നത് കാണും എന്ന് കൂട്ടുകാരിയുടെ കാതില്‍ സ്വകാര്യം പറയുന്ന തിരക്കിലായിരുന്നു അപ്പോള്‍ ഞാന്‍.

കാടുകള്‍ കടന്ന് വഴികള്‍ നീളുകയാണ്

മണ്ണാര്‍ക്കാട് കഴിഞ്ഞു വണ്ടി ചുരം കയറി തുടങ്ങിയപ്പോള്‍ ചെറിയ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു. ആ നേരത്തുള്ള വനയാത്രക്ക് ഭംഗിയേറും. പച്ചപ്പും കോടയും തണുപ്പും ഇഴ ചേര്‍ന്ന വനത്തിലൂടെയുള്ള യാത്രകള്‍ സംഗീതം പോലെയാണ്. മനസ്സിന് ഉത്സാഹവും ഉണര്‍വും നല്‍കുന്ന പ്രണയമധുരമായ ഗസല്‍ പോലെ മധുരതരം. മഴ പെയ്താല്‍ അട്ടയുണ്ടാവുമോ എന്ന ടെന്‍ഷനിലായിരുന്നു ഗാഥ. കാടിന്റെ നിഗൂഢതയിലേക്ക് മിഴി പായിച്ചിരിക്കേ പ്രഭാത ഭക്ഷണത്തെ കുറിച്ച് എല്ലാവരും മറന്നു പോയിരുന്നു. താവളം ചെന്ന് ഇടതു ഭാഗത്തേക്കുള്ള മുള്ളി റോഡിലൂടെ ഒരുപാടു പോയ ശേഷമാണ് എല്ലാവര്‍ക്കും ഭക്ഷണത്തെ കുറിച്ചോര്‍മവന്നത്.

ഇടക്കിടെ കിട്ടിയ വേനല്‍ മഴ കൊണ്ടതിനാലാവാം കുന്നുകള്‍ക്കെല്ലാം ഇളംപച്ച നിറമായിരുന്നു. പാറി വീഴുന്ന മഴയിലേക്ക് മുഖം ചേര്‍ത്തു വെച്ചു നിശബ്ദയായി ഇരിക്കുന്നതിനിടെ തെങ്ങും കമുകും വാഴയും കൃഷിക്കായി ഒരുക്കിയിട്ടിരുന്ന പാടവുമെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഇടക്ക് വഴി ചോദിക്കാന്‍ ഒരു മനുഷ്യ ജീവിയില്ല. ജി പി എസില്‍ വഴി നോക്കൂ എന്നു പറഞ്ഞ ഡ്രൈവറോട്, പുറം കാഴ്ചയില്‍ നിന്ന് കണ്ണെടുക്കാന്‍ മടിച്ച് റേഞ്ചില്ലെന്ന് നുണ പറഞ്ഞ് എല്ലാവരും അടക്കിചിരിച്ചു. കുറേ ദൂരം ചെന്നപ്പോള്‍ പലചരക്കു സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു കുഞ്ഞുകട കണ്ടു. അവിടെ നിന്നിരുന്ന തമിഴ് സംസാരിക്കുന്ന പയ്യന്മാരാണ് മുള്ളി ചെക്ക് പോസ്റ്റിനു മുമ്പായി ഒരു ചായക്കടയുണ്ടെന്ന് പറഞ്ഞു തന്നത്. ചീവീടുകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാല്‍ എന്തോ യന്ത്രം പ്രവര്‍ത്തിക്കുകയാണെന്നേ തോന്നൂ.

വളരെ മോശം റോഡായിരുന്നു. ഒരു കല്ലില്‍ നിന്ന് അടുത്ത കല്ലിലേക്ക് കയറിയിറങ്ങി സാവധാനമായിരുന്നു യാത്ര. മാവും നെല്ലിയും കാട്ടുചോലയുമൊക്കെ കണ്ട് നിരങ്ങി നിരങ്ങി കാര്‍ നീങ്ങി. കേരള ചെക്ക് പോസ്റ്റിനടുത്ത് എത്തിയപ്പോള്‍ തമിഴ് യുവാക്കള്‍ പറഞ്ഞ ആ ചായക്കട കണ്ടു. ടീ എസ്റ്റേറ്റില്‍ നിന്ന് രുചി നോക്കാന്‍ കിട്ടുന്ന ചായ പോലെ നല്ല സ്വാദുള്ള ചായ. ഓച്ചിറയില്‍ നിന്ന് മുള്ളിയില്‍ വന്ന് സ്ഥിരതാമസമാക്കിയതിനെ കുറിച്ചും ആ കട തുടങ്ങിയതിനെ കുറിച്ചും വിവാഹം ചെയ്തയച്ച മകളെ കുറിച്ചുമെല്ലാം പറഞ്ഞ കടയുടമയുടെ അമ്മക്ക് ഞങ്ങള്‍ കൂട്ടുകാരികളാണെന്ന് പറഞ്ഞപ്പോള്‍ കൌതുകം. അവരോട് യാത്ര പറഞ്ഞു യാത്ര തുടരവേ മദ്രാസ്സ് എന്നെഴുതിയ സര്‍വ്വേകല്ല് ശ്രദ്ധിക്കാന്‍ എല്ലാവരും മറന്നു പോയിരുന്നു. ടാറിടാത്ത റോഡ് അവസാനിച്ചത് തമിഴ്നാട് ചെക്ക് പോസ്റ്റിലാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാടുകള്‍ കടന്ന് വഴികള്‍ നീളുകയാണ്

അവിടുന്നങ്ങോട് വളരെ നല്ല റോഡാണ്. കാട്ടുവഴികളിലൂടെ നീണ്ടു പോവുന്ന റോഡ് ഹെയര്‍പിന്‍ വളവുകള്‍ കയറി തുടങ്ങിയിരുന്നു. നാല്‍പ്പത്തി മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം മഞ്ഞൂരിലെത്താന്‍. മരത്തിലൂടെ ചാടി മറിഞ്ഞ് കരിങ്കുരങ്ങന്മാര്‍ ഞങ്ങളെ വരവേറ്റു. വഴിയില്‍ ആനയെ കാണാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. ആനയെ കണ്ടാല്‍ എന്തു ചെയ്യും എന്ന എന്റെ ചോദ്യത്തിന് ഒന്നും ചെയ്യാനില്ല, ബാക്കി ആന ചെയ്തോളും എന്നായിരുന്നു ഡ്രെെവറുടെ തമാശ. അത് കേട്ട് പൊട്ടിചിരിച്ചെങ്കിലും ആന പോയിട്ട് ആനപിണ്ടം പോലും കാണല്ലേ എന്ന പ്രാര്‍ഥനയിലായിരുന്നു ഞാന്‍.

ഒരു വശത്ത് അഗാധമായ കൊക്കകള്‍. നിഗൂഢമായ വഴിയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വിജനമായ പാത. എവിടെ നിന്നോ ഒരു ബസ് ഞങ്ങളെ കടന്ന് കാടിന്റെ ഉള്ളില്‍ അപ്രത്യക്ഷമായി. വല്ലാത്തൊരു ലഹരി പിടിപ്പിക്കുന്ന യാത്രയാണത്. ശരിക്കു പറഞ്ഞാല്‍ ബൈക്കുമായി വേണം ഇതു വഴി പോവാന്‍. വഴിയില്‍ ഇറങ്ങരുത്, അപകടമാണ് എന്നെല്ലാം ചെക്ക് പോസ്റില്‍ നിന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളതെല്ലാം മറന്നു പോയിരുന്നു. വലിയ മലയിലേക്ക് നീണ്ടു പോവുന്ന പെന്‍സ്റ്റോക് പൈപ്പുകള്‍ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഇലഞ്ഞി പൂവിന്റെ മത്തുപിടിപ്പിക്കുന്ന മണം. ഞങ്ങളെ സ്വീകരിക്കാനെന്ന വണ്ണം കാട്ടുപാത മുഴുവന്‍ ഇലഞ്ഞി പൂക്കള്‍ പൊഴിച്ചിട്ട മരത്തിനടിയില്‍ കുറച്ചു നേരം ഇരുന്നു.

കോട മൂടിയ മലനിരകളുടെ കാഴ്ച അതി മനോഹരമാണ്. മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്ന അനുഭവം. ദൂരെ പൊട്ടു പോലെ നിറയെ വീടുകള്‍ കണ്ടു. ആ മല മഞ്ഞൂരായിരുന്നു. മഞ്ഞൂരിലേക്കുള്ള വഴിയില്‍ കാണുന്ന വലിയ ഗേറ്റ് കടന്ന് മുന്നോട്ട് പോയാല്‍ ഒരു അമ്പലം ഉണ്ടെന്നും അവിടെ നിന്ന് കാണുന്ന മഞ്ഞൂരിന്റെ കാഴ്ച മനോഹരമാണെന്നും താഴോട്ട് ഇറങ്ങിയാല്‍ ഒരു ഗുഹ ഉണ്ടെന്നും ചായക്കടയില്‍ കണ്ട അമ്മ പറഞ്ഞിരുന്നു. അവിടുന്ന് നേരെ അപ്പര്‍ ഭവാനിയിലേക്കാണ് പോയത്. ഇത്ര മനോഹരമായ സ്ഥലം ഊട്ടിയില്‍ പോലുമില്ലെന്ന് തോന്നി. ഓര്‍ഗാനിക് എന്നെഴുതി വെച്ച തിയഷോലൈ ചായതോട്ടത്തിന്റെ വഴിയരികിലെ മരങ്ങളും കാട്ടു ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച അതി മനോഹരമാണ്. ഊട്ടിയിലെ ബൊട്ടാനിക്ക് ഗാര്‍ഡനിരികില്‍ കിട്ടുന്ന ഒരിക്കലും വാടാത്ത മഞ്ഞപൂക്കള്‍ക്ക് നല്ല സുഗന്ധവുമുണ്ട്. അതു പല നിറത്തിലുമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണ്. വെല്‍വെറ്റ് പോലെ തോന്നിച്ച ഇളം വയലറ്റ് നിറത്തില്‍ പൂത്തു നിന്ന ചെടികളും വാടാത്ത മഞ്ഞ പൂക്കളും ജമന്തി പൂക്കള്‍ പോലെ പൂത്തുലഞ്ഞ ചെടിയുമൊക്കെ ഓടി നടന്നു പറിക്കുകയാണ് ലേഖ. എസി ഫിറ്റ് ചെയ്യേണ്ടി വരുമല്ലോ എന്ന് കളിയാക്കിയ ഡ്രൈവറോട്, പണ്ട് സാമൂതിരി പറഞ്ഞ ഡയലോഗ് വിട്ടു. ഇംഗ്ലീഷുകാര്‍ക്ക് കുരുമുളകല്ലേ കൊണ്ടുപോവാന്‍ പറ്റൂ, തിരുവാതിര ഞാറ്റുവേല കൊണ്ടു പോവാന്‍ പറ്റില്ലല്ലോ എന്ന ആ പഴമ്പറച്ചില്‍ കേട്ട് ലേഖ ചിരിച്ചു.

കാടുകള്‍ കടന്ന് വഴികള്‍ നീളുകയാണ്

മുപ്പതു കിലോമീറ്ററോളം പോയാലേ അപ്പര്‍ഭവാനിയിലെത്തൂ. തേയിലയുടേയും കാട്ടുപൂക്കളൂടേയും മണമുള്ള വഴിയിലൂടെ പോവുമ്പോള്‍ ചില കാഴ്ചകള്‍ പകര്‍ത്താന്‍ ക്യാമറക്കണ്ണുകള്‍ പോരെന്നു തോന്നും. യൂക്കാലിപ്റ്റസിന്റെ മണമുള്ള റിസര്‍വ് ഫോറസ്റ് അടുത്തപ്പോള്‍ പുലിയുണ്ടെന്ന ബോര്‍ഡ് കണ്ടു. ഊട്ടിയിലെ ഫോറസ്റ് ഓഫീസിലെ ഡി എഫ് ഒയില്‍ നിന്ന് മുന്‍കൂര്‍ അനുമതി ഉണ്ടെങ്കിലേ പ്രവേശനം ലഭിക്കൂ. നൂറ്റിയന്‍പതു രൂപ അടച്ചാല്‍ ഫോറസ്റ് വാഹനത്തില്‍ അപ്പര്‍ ഭവാനി ഡാം കാണിക്കുന്ന ഒരു പാക്കേജ് ഉണ്ട് എന്ന് അവിടെ കണ്ട ഒരാള്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും നേരം രണ്ടു മണിയായിരുന്നു. റോഡരികിലെ പുല്‍തകിടിയിലിരുന്ന് ഭക്ഷണം കഴിച്ചു നേരെ ഊട്ടിയിലേക്ക്.

മഴയും ഒപ്പം യാത്ര തുടങ്ങിയിരുന്നു. ലവ് ഡെയില്‍ നിന്ന് കേറ്റീവാല്ലിയിലെ കുഞ്ഞു റെയില്‍വേ സ്റ്റേഷനും കടന്ന് മുപ്പത് കിലോമീറ്റര്‍ പോയാല്‍ ഊട്ടിയായി. പുഷ്പപ്രദര്‍ശനത്തിലുള്ള ഒരുക്കത്തിലായിരുന്നു ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍. ചന്നം പിന്നം പെയ്യുന്ന മഴതണുപ്പില്‍ നടുവട്ടത്തെ കുഞ്ഞു ചായകടയില്‍ നിന്ന് മുളക് ബജിയും ചായയും കുടിച്ചു കഴിഞ്ഞപ്പോഴേക്കും ആരോ ലോറിയില്‍ കൊണ്ടുവന്നു തട്ടിയ പോലെ മുകള്‍ ഭാഗത്തെ പൈന്‍ മരങ്ങള്‍ക്കു മേല്‍ കോടമഞ്ഞിന്റെ ഒരു കുന്ന് രൂപപ്പെട്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അതു വന്ന് ഞങ്ങളെയാകെ പൊതിഞ്ഞു.

ഹെഡ് ലൈറ്റിന്റെ പ്രകാശം തെളിയിച്ചു വരുന്ന വാഹനങ്ങള്‍ അടുത്തെത്തിയാലേ കാണാനാവൂ എന്ന സ്ഥിതിയിലായപ്പോള്‍ ഡ്രെെവര്‍ക്ക് ടെന്‍ഷനായി. എന്നിട്ടും വണ്ടി വീട്ടിലെത്തി. കണ്ടാലും കണ്ടാലും മതി വരാത്ത മഞ്ഞൂരിന്റെ അഭൌമ സൌന്ദര്യം നല്‍കിയ ഉണര്‍വുണ്ടയിരുന്നു കൂടെ. കോടമഞ്ഞിന്റെ തണുപ്പിലൂടെ നാടുകാണിയും കടന്ന് തിരിച്ചെത്തിയപ്പോള്‍ രാത്രി കനത്തിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)