മറ്റൊരു സുവര്‍ണാവസരം കൂടി മുതലെടുക്കുന്ന വത്സന്‍ തില്ലങ്കേരി
 

ഒരുനാള്‍ പ്രാധാന്യമല്ല തില്ലങ്കേരിക്ക് ശബരിമലയില്‍ നിന്നും കിട്ടിയത്
 
valsan thillankeri

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനും കലാപാഹ്വാനം നടത്തിയതിനും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കെതിരേ കേസ് എടുത്തിരിക്കുകയാണ്. ആലപ്പുഴയില്‍ ബിജെപി നേതാവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാഭിമാന്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിനുശേഷം ഏറ്റവും കടുത്ത രീതിയില്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ നേതാവാണ് വത്സന്‍ തില്ലങ്കേരി. അതുവഴി തീവ്രഹിന്ദു നിലപാടുകാരില്‍ വലിയൊരു ശതമാനത്തിന്റെ പിന്തുണയും വത്സന്‍ തില്ലങ്കേരി ഉണ്ടാക്കിയിട്ടുണ്ട്.കഴിഞ്ഞ കുറച്ചുകാലമായി തില്ലങ്കേരി ഈ 'നേട്ടം' സ്വന്തമാക്കുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തില്ലങ്കേരിയെ കൊണ്ടുവരണമെന്ന പ്രചാരണം വരെ നടന്നിരുന്നു. ഹൈന്ദവ ഐക്യമെന്ന പേരില്‍ കടുത്ത വര്‍ഗ്ഗീയത ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുകയാണ് തില്ലങ്കേരി ചെയ്യുന്നതെന്നാണ് എതിരാളികളുടെ വിമര്‍ശനം. വര്‍ഷങ്ങളായി സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും കണ്ണൂരായിരുന്നു തില്ലങ്കേരിയുടെ പ്രധാന പ്രവര്‍ത്തന മേഖല. അവിടെ നിന്നും വളരെ കുറച്ചു കാലം കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അവസരം അദ്ദേഹം നേടിയത് എതിരാളികള്‍ വിമര്‍ശിക്കുന്ന ഘടകത്തെ കൂട്ടുപിടിച്ചുകൊണ്ടാണ്.

വത്സന്‍ തില്ലങ്കേരി എന്ന പേര് സജീവമായത് ശബരിമല വിഷയത്തിലാണ്. പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയിലെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ യുവതിയെന്നാരോപിച്ചു ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അക്രമാസക്തമായ ഈ രംഗത്തില്‍ പോലീസിന്റെ മെഗാ ഫോണ്‍ വാങ്ങി പതിനെട്ടാം പടിയില്‍ കയറി നിന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവ് ആയി എയര്‍ ചെയ്തതോടുകൂടിയാണ് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്ത വിഷയമായി മാറുന്നതും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേര്‍ തിരക്കാന്‍ ഇറങ്ങിയതും. നാളതുവരെ കേരളത്തിലെ ആര്‍ എസ് എസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വത്സന്‍ തില്ലങ്കേരി പൊടുന്നനെയാണ് ഒരു വാര്‍ത്താ താരമായി മാറിയത്. ഒരുനാള്‍ പ്രാധാന്യമല്ല തില്ലങ്കേരിക്ക് ശബരിമലയില്‍ നിന്നും കിട്ടിയത്. സ്വാഭിമാന്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തെരുവിലിറങ്ങിയ സാധാരണക്കാരായ വീട്ടമ്മമാര്‍ക്കു പോലും തില്ലങ്കേരിയൊരു നേതാവായി തോന്നുന്നത് ശബരിമലയില്‍ അയാള്‍ കെട്ടിയ വേഷത്തിന്റെ പുറത്താണ്.

കേരളത്തിലെ പ്രധാനികളായ ബിജെപി-ആര്‍എസ്എസ് നേതാക്കന്മാരെ പോലും ഞെട്ടിച്ചുകൊണ്ടാണ് അപ്രതീക്ഷിത രംഗപ്രവേശനത്തിലൂടെ തില്ലങ്കേരി ഹിന്ദുത്വവാദികളുടെ പ്രിയങ്കരനാകുന്നത്. ചിത്തിര ആട്ട ദിവസം വരെ ശബരിമല വിഷയത്തില്‍ വത്സന്‍ തില്ലങ്കേരി കഥാപാത്രമായിരുന്നില്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി വരുമ്പോഴും അതിനു പിന്നാലെ രൂപപ്പെട്ട സമരങ്ങളിലും വിവാദങ്ങളിലും ചര്‍ച്ചകളിലും ഒന്നും തന്നെ തില്ലങ്കേരിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. തുലാമാസ പൂജയ്ക്ക് നട തുറന്ന് സമയത്ത് പമ്പയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങളിലും ഈ ആര്‍എസ്എസ് നേതാവിനെ കണ്ടിരുന്നില്ല. എന്നാല്‍ ശബരിമല വിഷയം പരമാവധി മുതലെടുക്കാന്‍ ബിജെപിയും സംഘപരിവാറും രംഗത്തിറങ്ങിയതോടെ അവര്‍ തയ്യാറാക്കിയ തിരക്കഥയില്‍ വത്സന്‍ തില്ലങ്കേരിക്കും ഒരു റോള്‍ നല്‍കേണ്ടി വന്നതോടെയാണ് കണ്ണൂര്‍കാരനായ ഈ നേതാവ് കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നത്. അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ള ബിജെപി നേതാക്കള്‍ ശബരിമല വിഷയത്തില്‍ അത്രകണ്ട് ശോഭിക്കുന്നില്ലെന്ന് പാര്‍ട്ടി/പരിവാര്‍ അണികളില്‍ തന്നെ മുറുമുറുപ്പ് ഉയരുകയും സര്‍ക്കാര്‍/സിപിഎം സംവിധാനങ്ങള്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ ജനപിന്തുണ നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍, തങ്ങള്‍ പ്രതീക്ഷിച്ച തീവ്രവതയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സംഘപരിവാറിനു വലിയ സഹായമാണ് വത്സന്‍ തില്ലങ്കേരി ചെയ്തു കൊടുത്തത്. അതും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് കൊണ്ട്. 

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി എന്ന ആചാരലംഘനം നടത്തിയെങ്കിലും ആ ഒരൊറ്റ പ്രവര്‍ത്തിയിലൂടെ തില്ലങ്കേരിക്ക് സംഘപരിവാര്‍ അണികള്‍ക്കിടയില്‍ മാത്രമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് വാശി പിടിക്കുന്ന ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരുടെ ഇടയിലും ഹീറോ പരിവേഷം കിട്ടി. അത് മുതലാക്കാനാണ് തില്ലങ്കേരി ഇപ്പോഴും ശ്രമിക്കുന്നത്. സംഘപരിവാറിന്റെ പിന്തുണയുമതിലുണ്ട്. 2018 നംവബറില്‍ കോഴിക്കോട് നടന്ന ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തില്‍ ഒന്നരമണിക്കൂറോളം ഹൈന്ദവ വിശ്വാസ തീവ്രതയെ പരമാവധി പ്രകോപിക്കുന്ന തരത്തില്‍ തില്ലങ്കേരി നടത്തിയ പ്രസംഗം വലിയൊരു ജനക്കൂട്ടത്തെ ആവേശം കൊള്ളിച്ചിരുന്നു. അതേ തീവ്രത തന്നെയാണ് കഴിഞ്ഞ ദിവസം കണ്ണൂരിലും അയാള്‍ കാണിച്ചത്.

ആര്‍എസ്എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. ജമാഅത്ത് ഇസ്ലാമി, സുന്നി സംഘടനകള്‍, മുസ്ലിം ലീഗ് എന്നിവകളോടൊന്നും സംഘപരിവാറിന് ശത്രുതയില്ല. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണ്. കുറേ കാലമായി അവര്‍ ഇവിടെ വെല്ലുവിളിച്ച് നടക്കുന്നു. അതിനെ ഞങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. എന്നാല്‍, നിങ്ങള്‍ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുകയാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. സര്‍ക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം. തീവ്രവാദസംഘടനയായ എസ്.ഡി.പി.ഐയെ അടക്കി നിര്‍ത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ ആ ജോലി സന്തോഷത്തോടെ ആര്‍ എസ് എസ് ഏറ്റെടുക്കും; തില്ലങ്കേരി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിലുള്ള മുന്നറിയിപ്പുകളാണ്. വലിയ ആവേശത്തിലാണ് ഹിന്ദുത്വ തീവ്രവാദം പറയുന്നവര്‍ തില്ലങ്കേരിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതേ ആവേശം തന്നെയായിരുന്നു കോഴിക്കോട് നടത്തിയ പ്രസംഗത്തിലും അയാള്‍ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

നിങ്ങള്‍ പൂച്ചയെ അടച്ചിട്ട മുറിയിലിട്ട് അടിക്കുകയാണ്. അടച്ചിട്ട മുറിയിലിട്ട് പൂച്ചയെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ ആദ്യം വാതിലിനു നേരെ ചാടും. വാതില്‍ അടച്ചിരിക്കുകയാല്‍ പിന്നെ ജനലിന്റെ ഭാഗത്തേക്ക് ചാടും. അതും അടച്ചിരിക്കുകയാണ്. പിന്നെ വെളിച്ചം കാണുന്ന ഏതെങ്കിലും ഭാഗത്തേയ്ക്കും അടികൊള്ളുമ്പോള്‍ ചാടും. അവിടെയും രക്ഷയില്ല. രക്ഷപ്പെടാന്‍ പഴുതൊന്നുമില്ലാത്ത മുറിയില്‍വച്ച് നിങ്ങള്‍ പൂച്ചയെ അടിച്ചടുത്ത് തന്നെ അടിച്ചാല്‍ പൂച്ച രക്ഷപ്പെടാന്‍ എന്തും ചെയ്യും. കിട്ടിയടുത്ത് മാന്തും. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഹിന്ദുവിനെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നത്. എന്തും ചെയ്തേക്കാവുന്ന മാനസികാവസ്ഥയില്‍ ഒരു ജനതയെ തള്ളിവിടുമ്പോള്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതം തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഭരണകൂടം മനസിലാക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്നത് അപകടകരമായ സാഹചര്യമായിരിക്കും; നാലു വര്‍ഷം മുമ്പ് കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ തില്ലങ്കേരി നടത്തിയ അതേ മുന്നറിയിപ്പ് തന്നെയാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. സംഘപരിവാര്‍ കേരളത്തില്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന വ്യക്തമാക്കുന്ന വാക്കുകള്‍.

ഒരു കലാപാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഇത്തരം പ്രകോപനങ്ങള്‍ക്ക് കഴിയും. സംഘപരിവാര്‍ കാലങ്ങളായി കാത്തിരിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കാണ്. ഇപ്പോഴങ്ങനെയൊരു ഭീതി സംസ്ഥാനത്ത് വിതയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്(സംഘപരിവാര്‍ എതിരാളികളെന്ന് പറയുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല. രണ്ടു വിഭാഗങ്ങളും അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്). വത്സന്‍ തില്ലങ്കേരിയെ പോലുള്ള നേതാക്കളാണ് തങ്ങളെ നയിക്കേണ്ടതെന്നു ശബരിമല സമരകാലത്ത് പറഞ്ഞവര്‍ നിലവിലുള്ള കലാപാന്തരീക്ഷത്തിലും ആ ആവശ്യം ഉയര്‍ത്തുന്നുണ്ട്.