വര്‍ഷത്തില്‍ പതിനയ്യായിരം കോടിയോളം ഇവിടെ ചെലവഴിക്കുന്ന ഒരു തൊഴിലാളി സമൂഹത്തോട് കേരളം ചെയ്യുന്നതെന്താണ്?

കേരളത്തില്‍ എവിടെ ജോലി ചെയ്താലും കിട്ടേണ്ട യാതൊരു തൊഴില്‍ സാഹചര്യമോ, വേതന ആനുകൂല്യങ്ങളോ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല
 
migrant labours

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളില്‍ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരുമായാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കാരണം കേരള സമൂഹത്തില്‍ മേല്‍ക്കോയ്മ നേടിയ സവര്‍ണ മനോഭാവമാണ്. ഇതര സംസ്ഥാന തൊഴിലാളികളികളില്‍ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്ലിങ്ങളും ആണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇടമൊരുക്കുന്നുമുണ്ട്. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ വളരെ ശോചനീയമായ തൊഴില്‍ സാഹചര്യങ്ങളിലാണ് പലയിടങ്ങളിലും ജോലി ചെയ്യുന്നതും, താമസിക്കുന്നതും. അഞ്ചുപേര് താമസിക്കേണ്ട ഇടങ്ങളില്‍ 50 പേര്‍ താമസിച്ചും ആവശ്യത്തിന് ശുചിമുറി സ്വകാര്യമില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇവര്‍ ജീവിക്കുന്നു.

സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇവരുടെ എണ്ണം എത്രയെന്നതിന് കൃത്യമായ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശവുമില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിന് ഉള്‍പ്പെടെ ആരംഭിച്ച ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2020 മാര്‍ച്ച് നാല് വരെയുള്ള കണക്കുപ്രകാരം 5,08,085 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിലെ ക്ഷേമ പദ്ധതിയില്‍ ജനുവരി 31 വരെ 55,520 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. ജോലിക്കാര്‍ കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ അവരുടെ ലഭ്യത കുറഞ്ഞാല്‍ വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദിവസവേതനം കിട്ടുന്ന സംസ്ഥാനമായി നമ്മുടേത്. ദിവസക്കൂലിക്കു പണി എടുക്കാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണം, എന്നിട്ടും വല്ലാതെ കുറഞ്ഞു. ഇത് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന മാറ്റമാണ്. രണ്ടും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം നമ്മള്‍ കാണാതിരിക്കരുത്.

അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ് എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നതെങ്കിലും തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിലെല്ലാം കൂടുതല്‍ കാത്തുനില്‍ക്കാതെ അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന പ്രവണതയാണ് ഉണ്ടാകാറുള്ളത്. പ്രളയകാലവും, കോവിഡ് കാലവും ഇതിനൊരുദാഹരണമാണ്. പിന്നീട് നിര്‍മാണ മേഖല ഉള്‍പ്പെടെ സജീവമായതിനു ശേഷമാണ് അവര്‍ മടങ്ങിവന്നത്.  രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ള 34.11 ലക്ഷം പേരാണ് കേരളത്തില്‍ തൊഴില്‍ ചെയ്യുന്നതായി പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ കണക്കു പ്രകാരം അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 2013ല്‍ 25 ലക്ഷമായിരുന്നത് 2018 ആയപ്പോള്‍ 34 ലക്ഷത്തിലധികമായതായും ചൂണ്ടിക്കാട്ടുന്നു. ഇതില്‍തന്നെ ഭൂരിഭാഗം പേരും തമിഴ്നാട്, കര്‍ണാടക, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍തന്നെ 20 ശതമാനം പേര്‍ പശ്ചിമബംഗാളില്‍ നിന്നുള്ളവരും. മാസം ശരാശരി 15,000 രൂപ വരെ സമ്പാദിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി 7,000 രൂപയിലധികം ഇവിടെ ചെലവഴിക്കുകയും ചെയ്യുന്നു. അന്യസംസ്ഥാനക്കാര്‍ ചെവഴിക്കുന്ന തുകയുടെ കണക്ക് നോക്കിയാല്‍ വര്‍ഷത്തില്‍ 15,000 കോടിയോളം വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇതരസംസ്ഥാനക്കാര്‍ക്കുവേണ്ടി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുന്നതിനും ആവാസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആരംഭിച്ചതും.

കേരളത്തില്‍ എവിടെ ജോലി ചെയ്താലും കിട്ടേണ്ട യാതൊരു തൊഴില്‍ സാഹചര്യമോ, വേതന ആനുകൂല്യങ്ങളോ ഇവര്‍ക്കു ലഭിക്കുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക-തൊഴില്‍ സംഘടനകള്‍ ഒന്നും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുമില്ല. എല്ലാ അനുകൂല്യങ്ങളുമായി ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത മലയാളി തൊഴിലാളികള്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളി സംഘടനകള്‍ ഇവരെ പറ്റി ഓര്‍ക്കാറില്ല. കേരളത്തിലെ മിക്ക കായിക തൊഴില്‍ ഇടങ്ങളിലും ഭൂരിപക്ഷം ജോലി ചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരളത്തില്‍ അനധികൃതമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മണ്ണ് ഖനനം നടത്തുന്ന ഇടങ്ങള്‍, കരിങ്കല്‍ ക്വാറികള്‍ തുടങ്ങി കുറച്ചുകാലം കൊള്ള ലാഭം ഉണ്ടാക്കുന്നതും, പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം നടത്തുന്ന വ്യാപാര - വ്യവസായ ശാലകളില്‍ മുഖ്യമായും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കക്ഷി രാഷ്ട്രീയ നേതൃത്വങ്ങളും, തൊഴിലാളി സംഘടനാ  നേതൃത്വങ്ങളും, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇങ്ങനെയുള്ള മുതലാളിമാരുടെ ചട്ടുകങ്ങള്‍ ആകുന്നു. കായിക അദ്ധ്വാനം നല്ല രീതിയില്‍ ആവശ്യമുള്ളതും, തൊഴില്‍ സ്ഥലത്തെ അപകടസാദ്ധ്യത കൂടുതതലുള്ള  ഇടങ്ങളിലും, ആരോഗ്യ പ്രശ്നങ്ങള്‍ വരാവുന്ന തൊഴിലിടങ്ങളിലും  സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും, ആരോഗ്യ - ജീവന്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതെയും മലയാളി തൊഴിലാളിയുടെ പാതി കൂലിക്ക് മേലെ പറഞ്ഞ യാതൊരു അനൂകൂലങ്ങള്‍ ഇല്ലാതെ അസംഘടിത തൊഴിലാളികളായി ഇവര്‍ ജോലി ചെയ്യുന്നു. മേലെ പറഞ്ഞതുപോലെ ഉയര്‍ന്ന അപകട - ആരോഗ്യ പ്രശ്ങ്ങള്‍ ഉള്ള  തൊഴിലിടങ്ങളില്‍ തന്റെ ജീവിതത്തില്‍ ഒരു തൊഴിലാളിക്ക് ശരാശരി ജോലി ചെയ്യാവുന്ന കാലയളവ് 10 വര്‍ഷം മാത്രമാണ്, കൂടാതെ 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇങ്ങനെയുള്ള തൊഴില്‍മേഖലകളില്‍ ജോലിചെയ്യാനും പ്രയാസമാണ്.  അവിടെയെല്ലാമാണ് നമ്മുടെ അതിഥി തൊഴിലാളി സുഹൃത്തുക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത്. കൂടാതെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ നിര്‍മ്മാണ മേഖലയിലെ തൊഴില്‍ പ്രധാനമായും  ഈ വിഭാഗത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ് തൊഴിലാളികളും, പിന്നീട് ഉത്തരേന്ത്യന്‍ തൊഴിലാളി സുഹൃത്തുക്കളും ഇങ്ങനെയുള്ള അസംഘടിത തൊഴില്‍  പ്രധാന മനുഷ്യ വിഭവമായി.  'പാണ്ടികള്‍' എന്നും  'ബംഗാളികള്‍ ' എന്നും അഭിസംബോധന ചെയ്തു പോരുന്ന സവര്‍ണ മനോഭാവമാണ് നമ്മള്‍ കാണുന്നത്. ഞങ്ങളുടെ സംഘടനയുടെ പ്രാദേശിക ഘടകം  ആരോഗ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, പഞ്ചായത്ത് തുടങ്ങിയ ഓഫീസുകളില്‍ ഇതിനെക്കുറിച്ച് വിവരാകാശവും പരാതികളും, പഠനങ്ങളും  നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പ്രാദേശിക പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

ക്രിമിനലുകള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. നേരത്തെ പറഞ്ഞതു പോലെ എത്ര മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ജയിലിലാവുന്നു. നമ്മുടെ അധികാര-നിയമ സംവിധാനം ക്രിയാത്മകമായി പ്രവര്‍ത്തിക്കാതെ, നിയപരമായ തൊഴില്‍ - വേതന സാഹചര്യങ്ങള്‍ നല്‍കാതെ വരുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക അസമത്വങ്ങള്‍ ഈ സമൂഹത്തെ ക്രിമിനല്‍ - ആക്രമണ മാനസിക സ്ഥിതിയിലേക്കു നയിക്കപ്പെട്ടേക്കാം. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ജോലി ചെയ്യാനും തുല്യ അവകാശത്തിനും നമ്മള്‍ എല്ലാ ഇന്ത്യക്കാരും അര്‍ഹരാണ്. നമ്മുടെ രാജ്യം കാലങ്ങളായി തുടരുന്ന ബഹുസ്വരതയും, നാനാത്വത്തില്‍ ഏകത്വം എന്ന പ്രപഞ്ച വ്യവസ്ഥയുടെ പിന്‍തുടര്‍ച്ചയും ഉള്‍കൊണ്ടാല്‍ ഇവരെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും എല്ലാ ജനാധിപത്യ സംഘടനകള്‍ക്കുമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)