Opinion | ഏറെ വൈകി കോടിയേരി ഒഴിയുമ്പോള്‍ അടുത്ത ലക്ഷ്യം പിണറായി ആണെന്ന് കൂടി സിപിഎം ഓര്‍ക്കുന്നത് നല്ലതാണ്

 
Opinion | ഏറെ വൈകി കോടിയേരി ഒഴിയുമ്പോള്‍ അടുത്ത ലക്ഷ്യം പിണറായി ആണെന്ന് കൂടി സിപിഎം ഓര്‍ക്കുന്നത് നല്ലതാണ്

മകനുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങൾക്കൊടുവിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിയുമ്പോൾ, അതും ഈ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത്‌ അങ്ങനെയൊന്നു സംഭവിക്കുമ്പോൾ തീർച്ചയായും അത് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴിവെക്കും. പ്രത്യേകിച്ചും, മകനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും രോഗപീഡകൾക്കുമിടയിൽ പെട്ട് ഉഴറിയ കോടിയേരി ബാലകൃഷ്ണന്, വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ തുടർ ചികിത്സയുടെ പേരിൽ പാർട്ടി പദവിയിൽ നിന്നും മാറി നിൽക്കാനുള്ള അനുമതി തേടിയിട്ടും അത് നൽകാതിരുന്ന പാർട്ടി നേതൃത്വം ഇപ്പോൾ അനുമതി നൽകുമ്പോൾ! മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെയും കേസിന്റെയും പേരിൽ അച്ഛൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിൽക്കേണ്ടെന്നും തിരെഞ്ഞെടുപ്പ് വർഷത്തിൽ അങ്ങനെ ചെയ്യുന്നത് പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്നുമായിരുന്നു പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ അന്ന് വിലയിരുത്തിയത്. എന്നാലിപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു തന്നെ ഒരു പത്രക്കുറിപ്പിലൂടെ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നതായും പാർട്ടി അനുമതി നൽകിയതായും അറിയിച്ചിരിക്കുന്നു.

'സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന് തുടർചികിത്സ ആവശ്യമായതിനാൽ ചുമതലയിൽ നിന്നും അവധി ആവശ്യമാണെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എ വിജയരാഘവനാണ് പകരം ചുമതല' എന്ന രണ്ടു വാചകങ്ങളിൽ ഒതുങ്ങുന്നു അറിയിപ്പ്. ഈ പത്രക്കുറിപ്പിന്റെ ചുവടുപിടിച്ചുതന്നെയാവും ഇനിയങ്ങോട്ടുള്ള ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും മാധ്യമങ്ങളുടെയും തുടർ പ്രചാരണവും ആക്രമണവും. പത്രക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ തന്നെ അത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മുൻപ് പലതവണ എഴുതിയിട്ടുള്ളതുപോലെ, ആക്രമണം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിരെയാവുമ്പോൾ അതിന്റെ മൂർച്ച കൂടാതെയിരിക്കാൻ ഒട്ടും സാധ്യതയില്ല. സംഗതി രാഷ്ട്രീയമാകയാൽ വീണുകിട്ടുന്ന ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലതാനും.
അടുത്ത ലക്‌ഷ്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യത്തിന് ഏറെ മുൻപ് തന്നെ അവർ ആവശ്യപ്പെട്ടിരുന്നതും പിണറായി വിജയന്റെ രാജിയായിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടുന്നതിനും മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള മുറവിളി പ്രതിപക്ഷം ആരംഭിച്ചിരുന്നു. ആദ്യം സർക്കാരിന്റെ കോവിഡ് - 19 പ്രതിരോധത്തിൽ വീഴ്ച ആരോപിച്ച പ്രതിപക്ഷം പക്ഷെ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലേക്കു നീങ്ങിയത് സ്‌പ്രിംങ്ക്ളറുമായി ബന്ധപ്പെട്ടായിരുന്നു. സ്‌പ്രിംങ്ക്ളർ വഴി വിവിധ പദ്ധതികൾക്കായി സർക്കാർ തിരെഞ്ഞെടുത്ത കൺസൾട്ടൻസി സ്ഥാപനങ്ങളെക്കുറിച്ചും ഇതിലൊക്കെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിനുള്ള പങ്കിലേക്കുമൊക്കെ വളർന്നു അന്നത്തെ വിവാദങ്ങൾ. പെരുകുന്ന വിവാദങ്ങൾക്കിടയിലും മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കുമൊക്കെ പിടിച്ചുനിൽക്കാനായത് കോവിഡ്- 19 പ്രതിരോധത്തിൽ തുടക്കം മുതൽക്കുതന്നെ സർക്കാർ കാണിച്ച പ്രശംസനീയമായ ജാഗ്രതയും പ്രവർത്തനങ്ങളുമായിരുന്നു. അതേ ജാഗ്രതയും പ്രതിരോധപ്രവർത്തനങ്ങളും സർക്കാർ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സ്വർണ കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാജിക്കായുള്ള അടുത്ത മുറവിളി. പിടിച്ച സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കസ്റ്റംസ് ഓഫിസർമാരെ വിളിച്ചിരുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു ഇത്.

അന്ന് എല്ലാ ആരോപണങ്ങളും നിഷേധിച്ച മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടതും തുടക്കം മുതൽക്കു തന്നെ അന്വേഷണം നേരായ വഴിയിലാണെന്നു പറഞ്ഞുകൊണ്ടിരുന്നതും. ഏജൻസികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും അയാളുമായി ചങ്ങാത്തത്തിലായിരുന്ന സ്വർണക്കടത്തു കേസിലെ പ്രധാന കണ്ണികളിലൊരാളായ സ്വപ്ന സുരേഷിന്റെ നിയമനത്തിലേക്കും ഒക്കെ നീണ്ടപ്പോഴും മുഖ്യമന്ത്രി കാണിച്ച അതേ ആവേശം തുടർന്നെങ്കിലും ഇന്നിപ്പോൾ സർക്കാരിന്റെ ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങിയ അഭിമാന പദ്ധതികളിലേക്കു കൂടി നീണ്ടതോടെ, സിപിഎമ്മും സിപിഐയും ഒക്കെ നേരത്തെ ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ ഗൂഢതന്ത്രം അദ്ദേഹത്തിനും മണത്തു തുടങ്ങിയിരുന്നു. എങ്കിലും അടിപതറാതെ മുന്നോട്ടു പോകുമെന്നും തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും കേന്ദ്ര അന്വേഷണ ഏജൻസികൾ ഏതറ്റം വരെ പോകുമെന്നോ അവരുടെ അടുത്ത നീക്കം എന്തെന്നോ ഉള്ളത് പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ പാർട്ടി നേതൃത്വം എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്നും ഉള്ള ഇപ്പോഴത്തെ ഒഴിയലിനെ കേവലം തുടർ ചികിത്സക്കായുള്ള മാറി നിൽക്കലായി പൊതുജനവും വായിക്കാനുള്ള സാധ്യത വിരളമാണ്. പോരെങ്കിൽ മയക്കു മരുന്നുകേസിൽ മകൻ ബിനീഷ് കോടിയേരി ജയിലിൽ അടയ്ക്കപ്പെടുകയും ഒരു പക്ഷെ അത്രയെളുപ്പത്തിലൊന്നും ജയിലിൽ നിന്നും പുറത്തുവരാൻ കഴിയാത്ത രീതിയിൽ നാർക്കോട്ടിക് ബ്യൂറോയും ഇ ഡി അടക്കമുള്ള ഇതര കേന്ദ്ര ഏജൻസികളും കുരുക്കുകൾ ഒന്നൊന്നായി മുറുക്കുകയും ചെയ്യുന്നതിനിടയിൽ കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന സെക്രട്ടറി പദവി സ്ഥാനം ഒഴിഞ്ഞുവെന്നും കോടിയേരിയെ പാർട്ടി കൈവെടിഞ്ഞതാണെന്നുമുള്ള തരത്തിലുള്ള പ്രചാരണം ശക്തമായിക്കഴിഞ്ഞിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കീഴിൽ ഓരോ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിൽ സകലമാന കാർഡുകളുമിറക്കി ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർഎസ്എസ് തന്ത്രത്തിന് മുന്നിൽ പതറുന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അതേ അവസ്ഥയിലേക്ക് സിപിഎം കേന്ദ്ര നേതൃത്വവും ചുരുങ്ങിപ്പോയോ എന്ന സംശയം ജനിപ്പിക്കുന്നതു കൂടിയായി കോടിയേരിയുടെ ഇപ്പോഴത്തെ സ്ഥാന ഒഴിയലിനെ വ്യാഖ്യാനിക്കില്ലേ എന്ന സംശയവും സ്വാഭാവികമായും ഉയരുന്നത് ഇവിടെയാണ്. രാഹുൽ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കുറിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ വിലയിരുത്തൽ സിപിഎമ്മിനെപ്പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ നയിക്കുന്നവർക്കും ബാധകമായി എന്ന തോന്നൽ ജനിപ്പിക്കാൻ പോന്ന ഒന്നായിപ്പോലും കോടിയേരിയുടെ ഈ ഘട്ടത്തിലുള്ള സ്ഥാനമൊഴിയല്‍ ഒരു പക്ഷെ വിലയിരുത്തപ്പെട്ടേക്കാം. വിഷയമറിയാതെ അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥിയാണ് രാഹുൽ ഗാന്ധിയെന്നും ഒരു തരം നിർവികാരമായ ധാർമിക മൂല്യങ്ങളുള്ള വ്യക്തിയാണ് മൻമോഹൻ സിങ് എന്നുമാണ് ഒബാമ 'എ പ്രോമിസ്‌ഡ് ലാൻഡ്' എന്ന തന്റെ രാഷ്ട്രീയ ഓർമ്മക്കുറിപ്പുകൾ നിറഞ്ഞ ഏറ്റവും പുതിയ പുസ്തകത്തിൽ പറയുന്നത്. എന്നാൽ ഇവിടെ പാർട്ടിക്കും അതിന്റെ നേതൃത്വത്തിനും എതിരെയുള്ള വിമർശനത്തെ ഉൾക്കൊണ്ടു മുന്നോട്ടു പോകുവാനുള്ള ഊർജം പാർട്ടിക്ക് ഉണ്ടാവുമ്പോഴും പാഠപുസ്തക നവീകരണത്തിലൂടെയും വ്യാജ ചരിത്ര നിർമിതിയിലൂടെയും അന്യവൽക്കരണത്തിലൂടെയും ഒരു സമ്പൂർണ ഹിന്ദു രാഷ്ട്രത്തെ നിർമിച്ചെടുക്കാനുള്ള ആർഎസ്എസ് അടക്കമുള്ള ഹിന്ദുത്വ പരിവാരങ്ങളുടെയും അവർക്ക് അറിഞ്ഞോ അറിയാതെയോ കുഴലൂത്തുനടത്തുന്ന വലത് പക്ഷ മാധ്യമങ്ങളുടെയോ കെണിയിൽ വീഴാൻ ശ്രമിച്ചാൽ പിന്നെ യാതൊരു വിധ രക്ഷയുമുണ്ടാവില്ല. എന്നു കരുതി തന്തയെ വിറ്റു കാശാക്കുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കൾക്കുവേണ്ടി ബലികഴിക്കേണ്ടുന്ന ഒന്നുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതും മറന്നുകൂടാ.
പറഞ്ഞുവന്നത് ഇത്രയേയുള്ളൂ പഴുക്കാൻ വെച്ച് ദീനം മൂർച്ഛിക്കുന്നതിനും മുൻപേ തറച്ച മുള്ളെടുത്തു മാറ്റാൻ തുടക്കത്തിലേ ശ്രമിക്കാതിരുന്നതിലെ വലിയൊരു വീഴ്ച കോടിയേരി പ്രശ്നത്തിൽ ഉദിക്കുന്നുണ്ട്. രോഗാവസ്ഥയിലുള്ള കോടിയേരി തുടർചികിത്സയുടെ കാര്യം പറഞ്ഞ് നേരത്തെ തന്നെ പദവി ഒഴിയാൻ തയ്യാറായിരുന്നു. അന്ന് അവധിയിൽ പോകാൻ അനുവദിച്ചിരുന്നുവെങ്കിൽ പാർട്ടി ഇപ്പോൾ നേരിടുന്ന ആരോപണങ്ങളുടെ മൂർച്ച കുറയ്ക്കാനും അതുവഴി പാർട്ടി അണികൾക്കിടയിലും അനുഭാവികൾക്കിടയിലും മാത്രമല്ല പൊതുജനത്തിനിടയിലും മതിപ്പുണ്ടാക്കാൻ കഴിയുമായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലൂടെ പ്രതിപക്ഷവും തത്പരകക്ഷികളും ഉയർത്തിക്കൊണ്ടുവരുന്ന പല ആരോപണങ്ങളെയും, അന്വേഷണത്തിന്റെ മറവിൽ പലപ്പോഴും കേന്ദ്ര സർക്കാരിന്റെ കാലാൾ സേനയാവുന്ന അന്വേഷണ ഏജൻസികളുടെ കുടില തന്ത്രങ്ങളെ യും തുറന്നുകാണിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയുമായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)