എന്തുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷം ജയ് ഭീം ഏറ്റെടുക്കുന്നത്?

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിഷയത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഇടപെട്ട ഏത് വിഷയമാണ് ഇവിടെ സിനിമയാക്കാനായിട്ടുള്ളത്?
 
 
surya
ദലിതരും ആദിവാസികളും പീഡിപ്പിക്കപ്പെടുന്നത് ഇക്കാലത്തും ഈ സമൂഹം ഒരു സാധാരണ സംഭവം പോലെ കാണുന്നതിനാലാണ് ഇവിടെ പ്രശ്നങ്ങളില്ലെന്ന ധാരണയില്‍ നാം ജീവിക്കുന്നത്
 

ആദിവാസി വിഭാഗമായ ഇരുളര്‍ സമുദായത്തിലെ അല്ലി എന്ന പെണ്‍കുട്ടി അഭിഭാഷകനായ ചന്ദ്രുവിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം കസേരയിലിരുന്ന് കാലിന്മേല്‍ കാല് കയറ്റിവച്ച് പത്രം വായിക്കുന്ന ഒരു ദൃശ്യം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീമിലേതാണ് ഈ ദൃശ്യം. രണ്ട് മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ശേഷിക്കുമ്പോഴുള്ള ഈ ദൃശ്യത്തെ പിന്തുടര്‍ന്ന് വരുന്ന ദൃശ്യങ്ങളില്‍ അല്ലിയ്ക്കും അമ്മ സെങ്കനിയ്ക്കും സന്തോഷകരമായ ജീവിതം ലഭിക്കുന്ന മുഹൂര്‍ത്തങ്ങളോടെ ചിത്രം അവസാനിക്കുന്നു. ആ സന്തോഷത്തിലേക്ക് എത്തിച്ചേരാന്‍ ചിത്രത്തിന്റെ ഒരുഘട്ടത്തില്‍ സെങ്കെനി പറയുന്നത് പോലെ ഭര്‍ത്താവ് രാജാക്കണ്ണിന്റെ ജീവനാണ് അവര്‍ വിലയായി കൊടുക്കേണ്ടി വന്നത്. അല്ലിയുടെ കൈപിടിച്ച് സെങ്കനി നടക്കുമ്പോള്‍ പോലീസുകാര്‍ അപേക്ഷയുമായി പിന്നാലെ പായുന്ന ഒരു ദൃശ്യത്തില്‍ മാത്രമാണ് ഇതിന് മുമ്പ് പ്രേക്ഷകര്‍ മനോവ്യഥയോടെയാണെങ്കിലും ആത്മാഭിമാനത്തോടെ സന്തോഷിക്കുന്നത്. ഒരു തിയറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ തിയറ്ററില്‍ ഏറ്റവുമധികം കൈയ്യടി ഒച്ച ഉയരേണ്ടുന്ന ദൃശ്യമായിരുന്നു ഇത്. തുടക്കം മുതല്‍ ചിത്രം അവസാനിക്കാന്‍ ആറ് മിനിറ്റ് ശേഷിക്കുന്നത് വരെയും കഥാപാത്രങ്ങളുടെ കണ്ണീരും വേദനയും ഭീതിയും വിവരിച്ച് കാഴ്ചക്കാരെ ചിത്രത്തിന്റെ കഥാതന്തുവിനോട് ചേര്‍ത്തുനിര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. കൂടാതെ നാമെല്ലാം പ്രിവിലേജുകളുടെ സ്വര്‍ണ്ണക്കൊട്ടാരത്തില്‍ കഴിയുമ്പോള്‍ മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാത്ത ഒരുവിഭാഗം ഇവിടെയുണ്ടെന്ന് ബോധ്യപ്പെടുത്താനും ഈ ചിത്രത്തിന് സാധിക്കുന്നു. ജാതി എന്നത് ഇന്ത്യയുടെ ദയനീയ യാഥാര്‍ത്ഥ്യമാണെന്നും ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്.

1995ല്‍ ഒരു ജയിലിന് മുന്നില്‍ കൂടി നില്‍ക്കുന്ന കറുത്ത മനുഷ്യരില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ജയില്‍ മോചിതരായി വരുന്നവരെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് കൊറവര്‍, ഇരുളര്‍, ഒട്ടര്‍ എന്നിങ്ങനെയുള്ള താഴ്ന്ന ജാതിക്കാര്‍ക്ക് മേല്‍ കള്ളക്കേസ് ചുമത്തുന്നതോടെ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന് തുടക്കത്തില്‍ത്തന്നെ സംവിധായകന്‍ വെളിവാക്കുന്നു. പിന്നീടാണ് സിനിമയുടെ അടിസ്ഥാനമായ കമ്മപുരത്തെ സംഭവത്തെ വില്ലുപുരം ജില്ലയിലെ കോണമലൈയിലേക്ക് കൊണ്ടുവരുന്നത്. സിനിമയില്‍ അവിടെയാണ് രാജാക്കണ്ണും സെങ്കനിയും അല്ലിയും ജീവിക്കുന്നത്. പാമ്പുപിടുത്തവും വിഷചികിത്സയും ജീവിതധര്‍മ്മമാക്കി മാറ്റിയ ഒരു സമൂഹമാണ് അവരുടേത്. അതിന് അവര്‍ പണം വാങ്ങാത്തതിനാല്‍ അത് അവരുടെ ഉപജീവന മാര്‍ഗ്ഗമല്ല. വിശപ്പകറ്റാന്‍ എലിയെപ്പിടിച്ച് തിന്നുന്നവരാണ് അവര്‍. ഭൂവുടമ കൂടിയായ രാമപുരം പ്രസിഡന്റിന്റെ വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ രാജാക്കണ്ണ് അവിടെ ചെല്ലുന്നതോടെ ദുരിതങ്ങള്‍ നിറഞ്ഞ അവരുടെ സ്വാഭാവിക ജീവിതത്തിലേക്ക് പോലീസ് എന്ന ദുരന്തം കടന്നുവരുന്നു. പിന്നീട് ആ വീട്ടില്‍ നടന്ന മോഷണം അയാളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ് പ്രസിഡന്റും പോലീസും. അവിടെ പണവും സ്വര്‍ണ്ണവുമുണ്ടെന്ന് അറിയാമെന്നത് മാത്രമല്ല, നിയമപാലകരുടെ കണ്ണില്‍ കീഴ്ജാതിക്കാരെല്ലാം ജന്മനാ കുറ്റവാളികളാണെന്നത് കൂടിയാണ് അയാള്‍ക്കെതിരെ കുറ്റം ചുമത്തപ്പെടാന്‍ കാരണമാകുന്നത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ട രാജാക്കണ്ണിനെ പിടികൂടാനായി പോലീസ് ഗര്‍ഭിണിയായ സെങ്കനിയെയും മറ്റ് ബന്ധുക്കളെയും സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുന്നു. രാജാക്കണ്ണിന്റെ സഹോദരി പച്ചയമ്മാളെ പോലീസ് നഗ്‌നയാക്കി നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ഈ രംഗങ്ങളില്‍ കാഴ്ചക്കാരും ആത്മരോഷത്തിലാകുന്നു.

പോലീസ് ജാതി അടിസ്ഥാനത്തില്‍ കേസുകള്‍ ഫ്രെയിം ചെയ്ത് നിരപരാധികളെ ശിക്ഷിക്കുന്നതെങ്ങനെയെന്ന് വിശദമാക്കിക്കൊണ്ടാണ് അഡ്വ. ചന്ദ്രുവിനെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. അതോടൊപ്പം ആദിവാസികള്‍ക്ക് വേണ്ടി അദ്ദേഹം നടത്തുന്ന നിയമപോരാട്ടങ്ങളും വിശദീകരിക്കുന്നു. രാജാക്കണ്ണ് പോലീസിന്റെ പിടിയിലാകുകയും ബന്ധുക്കളായ ഇരുട്ടപ്പനെയും മോസുക്കുട്ടിയെയും കൂട്ടുപ്രതികളാക്കി മറ്റുള്ളവരെയെല്ലാം വിട്ടയയ്ക്കുകയും ചെയ്യുന്നു. കൊടിയ പീഡനങ്ങളാണ് ഇവര്‍ തുടര്‍ന്നും ജയിലില്‍ നേരിടേണ്ടി വരുന്നത്. അത്തരമൊരു ദൃശ്യത്തിന് അവര്‍ക്ക് ഭക്ഷണവുമായി പോയ സെങ്കനിയും സാക്ഷിയാകുന്നു. എന്നാല്‍ പിന്നീട് ഇവര്‍ മൂന്ന് പേരും ജയില്‍ ചാടിയെന്ന വാര്‍ത്തയാണ് സെങ്കനിയെ തേടിയെത്തുന്നത്. പല വാതിലുകള്‍ മുട്ടിയെങ്കിലും ഒരിടത്തുനിന്നും സഹായം ലഭിക്കാതെ വന്നതോടെ സെങ്കനി ആദിവാസികളെ അക്ഷരം പഠിപ്പിക്കാനെത്തുന്ന അറിവോളി എന്ന സംഘടനയുടെ പ്രതിനിധി മൈത്രയുടെ സഹായത്തോടെ സിപിഐഎമ്മിനെ സമീപിക്കുന്നു. അവരുടെ സഹായത്തോടെ സെങ്കനി അഡ്വ. ചന്ദ്രുവിലേക്ക് എത്തുന്നതോടെയാണ് ചിത്രം ഒരു ലീഗല്‍ ഡ്രാമ തലത്തിലേക്ക് എത്തുന്നത്. സെങ്കനിയ്ക്കും ഇരുള വിഭാഗത്തിനും വേണ്ടി ചന്ദ്രു നടത്തുന്ന നിയമ പോരാട്ടമാണ് പിന്നീട് നടക്കുന്നത്. ഒടുവില്‍ അവര്‍ അതില്‍ വിജയിക്കുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു.

1993ല്‍ തമിഴ്നാട്ടിലെ കമ്മപുരത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ചലച്ചിത്രവല്‍ക്കരിച്ചപ്പോള്‍ അതിന് ഒരു ഡോക്യുമെന്ററി സ്വഭാവം കൈവന്നില്ലെന്നതാണ് ജയ്ഭീമിനെ ജനപ്രിയമാക്കുന്നത്. അതോടൊപ്പം സംഭവത്തിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ അവതരിപ്പിക്കാനും സംവിധായകന് സാധിച്ചു. യുഗഭാരതി വരികള്‍ എഴുതിയ 'വേട്ടാക്കാര കൂട്ടം നാങ്ക, വില്ലിയേറും നാങ്ക താങ്ക..' പോലുള്ള ഗാനങ്ങളും കാഴ്ചക്കാരെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സഹായിക്കുന്നുണ്ട്. സെങ്കനിയായി അഭിനയിച്ച ലിജിമോള്‍ ജോസിന്റെയും രാജാക്കണ്ണ് ആയി അഭിനയിച്ച മണികണ്ഠന്റെയും പ്രകടനങ്ങളും ഒരു ചലച്ചിത്രമെന്ന നിലയില്‍ ജയ് ഭീമിന് പൂര്‍ണ്ണത നല്‍കി. കൂടാതെ സൂര്യ എന്ന ജനപ്രിയ നടനില്‍ പതിവ് അതിമാനുഷികതയൊന്നും കുത്തിനിറയ്ക്കാതെ സാധാരണക്കാരന്റെ കഥയാണ് പറയുന്നതെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്താനും ജ്ഞാനവേലിന് സാധിച്ചു. ജസ്റ്റിസ്. കെ. ചന്ദ്രു എന്ന മനുഷ്യസ്നേഹിയായ അഭിഭാഷകനോടും ന്യായാധിപനോടും നീതിപുലര്‍ത്താന്‍ അങ്ങനെ തന്നെ വേണമായിരുന്നു താനും. പ്രധാന വേഷം കൈകാര്യം ചെയ്തതിനൊപ്പം വാണിജ്യ എലമെന്റുകള്‍ തേടാതെ ചിത്രം നിര്‍മ്മിക്കാനും തയ്യാറായ സൂര്യയും ജ്യോതികയും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

പോലീസ് എങ്ങനെയാണ് ഒരു കേസ് ഫ്രെയിം ചെയ്യുന്നതെന്ന് മുമ്പ് പലപ്പോഴും പല ഭാഷകളിലുമുള്ള ഇന്ത്യന്‍ സിനിമകള്‍ നമുക്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ജാതിയുടെ അടിസ്ഥാനത്തില്‍ ചിലരെ മാത്രം കുറ്റവാളികളായി വിധിക്കുന്ന പോലീസ് സംവിധാനത്തോട് കലഹിക്കുന്നുവെന്നതാണ് സമാന സ്വഭാവമുള്ള മറ്റ് ചിത്രങ്ങളില്‍ നിന്നും ജയ്ഭീമിനെ വ്യത്യസ്തമാക്കുന്നത്. 2015ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ് സിനിമ വിസാരണ ഇത്തരത്തില്‍ പോലീസ് തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് കേസ് ഫ്രെയിം ചെയ്യുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. 2019ല്‍ അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ 'ആര്‍ട്ടിക്കിള്‍ 15' പേര് പോലെ തന്നെ വിവേചന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ദലിതരായ രണ്ട് പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ട് പോകപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം കഥപറയുന്നത്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ കര്‍ണ്ണന്‍ എന്ന സിനിമയാകട്ടെ ജാതിയുടെ പേരില്‍ പോലീസും ഭരണകൂടവും ഒരു വിഭാഗം മനുഷ്യരെ എത്തരത്തില്‍ ഉപദ്രവിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി സിനിമകളാണ് അടുത്തകാലത്തായി ഇവിടെയുണ്ടായിട്ടുള്ളത്. എന്നാല്‍ ഈ സിനിമകള്‍ക്കൊക്കെ ലഭിച്ചതിലും വലിയ സ്വീകാര്യതയാണ് ജയ് ഭീമിന് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ജാതിയുടെ പേരിലുള്ള വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സമയമായെന്ന ചിന്ത കേരള സമൂഹത്തില്‍ ദൃഢമായതാണോ ഇതിന് കാരണമെന്നത് സംശയമാണ്.

ജയ് ഭീമിന് ഒരുപക്ഷേ തമിഴ്നാട്ടില്‍ ലഭിച്ചതിലും സ്വീകാര്യത കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. അതിന് കാരണം ചിത്രം കൈകാര്യം ചെയ്ത വിഷയത്തോട് നമുക്കുള്ള ആത്മാര്‍ത്ഥതയാണെന്ന് കരുതാനാകില്ല. പക്ഷേ, ചിത്രത്തിലെ സിപിഎമ്മിന്റെ പ്രത്യക്ഷ ഇടപെടലും സിപിഎം എന്ന പേരും ചെങ്കൊടിയും അരിവാള്‍ ചുറ്റിക ചിഹ്നവും നേരിട്ട് ഉപയോഗിച്ചിരിക്കുന്നതുമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ കേരളമെന്നും കേരളമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നുമാണല്ലോ ഇവിടുത്തെ പൊതുബോധം. ചിത്രത്തില്‍ പലപ്പോഴും ബോധപൂര്‍വ്വം തന്നെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തുന്ന മാര്‍ക്സ്, ലെനിന്‍, ഇമേജുകളും ചന്ദ്രു ഇടയ്ക്കിടെ മറ്റുള്ളവരെ സഖാവ് എന്ന് വിളിക്കുന്നതും ജയ്ഭീമിന് ഒരു കമ്മ്യൂണിസ്റ്റ് പ്രതിച്ഛായ നല്‍കുന്നുണ്ട്. ഒരു യഥാര്‍ത്ഥ സംഭവമായതിനാല്‍ തന്നെ ഇതിലെ കഥാപാത്രങ്ങളില്‍ പലരും സിനിമയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല. അവര്‍ ഇന്നും ഈ തമിഴ്നാട്ടിലെ പൊതുമണ്ഡലത്തിലുള്ളവര്‍ തന്നെയാണ്. സിപിഎമ്മിന്റെ കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായിരുന്ന സഖാവ് ഗോവിന്ദന്‍ ആണ് പാര്‍വ്വതി(സിനിമയില്‍ സെങ്കനി)ക്കും രാജാക്കണ്ണിനുമായി ആദ്യമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും ശാരീരികമായ ആക്രമണങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടും അദ്ദേഹം കേസ് പൂര്‍ണ്ണമായും അവസാനിക്കുന്നത് വരെയും കുടുംബം പോലും വേണ്ടെന്ന് വച്ച് ഈ വിഷയത്തില്‍ ഇരകള്‍ക്കൊപ്പം നിലകൊണ്ടു. താലൂക്ക് സെക്രട്ടറിയായിരുന്ന സഖാവ് രാജ്മോഹന്റെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതും ജില്ലാ കമ്മിറ്റിയ്ക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കുന്നതും. ജില്ലാ കമ്മിറ്റി ഇടപെട്ടതോടെയാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. അന്നത്തെ വിരുധാചലം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ കെ. ബാലകൃഷ്ണനാണ് ഈ വിഷയത്തിനൊപ്പം നിലകൊണ്ട മറ്റൊരാള്‍. പോലീസിനെതിരെ കേസിന് പോകാമെന്ന് പാര്‍വ്വതിയോട് പറഞ്ഞതും കേസിന് ആവശ്യമായ ആദ്യ സഹായങ്ങള്‍ നല്‍കിയതും അദ്ദേഹമാണ്. കൂടാതെ വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഡ്വ. ചന്ദ്രുവിന്റെ സേവനം ലഭ്യമാക്കിയതും അദ്ദേഹമാണ്. സിപിഎമ്മുമായുള്ള ബന്ധവും അംബേദ്കര്‍ ആശയങ്ങളോടുള്ള ആഭിമുഖ്യവുമാണ് ആദിവാസികള്‍ക്ക് വേണ്ടി ഫീസില്ലാതെ വാദിക്കാനും അനുകൂലമായ വിധി നേടാനും അഡ്വ. ചന്ദ്രുവിനെ പര്യാപ്തനാക്കിയത്.

ഇടതുചിന്തകളുടെ കാര്യത്തില്‍ ഒട്ടും ദരിദ്രമല്ലെന്ന് മാത്രമല്ല, അതീവ സമ്പന്നവുമാണ് മലയാള സിനിമയും. എന്നിട്ടും എന്തുകൊണ്ട് മലയാളത്തില്‍ ഇത്തരത്തിലുള്ള ചലച്ചിത്ര ആലോചനകള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഇവിടെ ഉയരുന്ന ഒരു ചോദ്യം. അതിന് മറുപടിയായി ഇവിടെ ജാതിയില്ലാത്തതിനാലാണെന്നാണ് ചില ഇടതുപക്ഷ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെടുന്നത്. ഏത് കാലത്തായാലും ഇടതുപക്ഷത്തെ കണക്കാക്കേണ്ടത് ജനപക്ഷമായി തന്നെയാണ്. എന്നാല്‍, ഇവിടെ ഇടതുപക്ഷ സിനിമകളെന്ന പേരില്‍ ഇറങ്ങുന്നവ പുറംമോടിയിലും പേരിലും മാത്രമാണ് ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നതായി അനുഭവപ്പെടുന്നത്. പാര്‍ട്ടിയെയും നേതാക്കളെയും മഹത്വവല്‍ക്കരിക്കുന്നതില്‍ മാത്രം ഇവിടുത്തെ സിനിമകളുടെ ചിന്താശേഷി പരിമിതപ്പെടുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിഷയത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ഇടപെട്ട ഏത് വിഷയമാണ് ഇവിടെ സിനിമയാക്കാനായിട്ടുള്ളത്? അത്തരം ഇടപെടലുകളെ ചൂണ്ടിക്കാട്ടാന്‍ ഇവിടുത്തെ സിനിമാ സര്‍ക്കിളിന് സാധിച്ചിട്ടില്ല. സിനിമയായി ആവിഷ്‌കരിക്കാന്‍ മാത്രം ഏത് അടിസ്ഥാന വര്‍ഗ്ഗ പ്രശ്നത്തിലാണ് സിപിഎം സമീപകാലത്ത് ഇടപെട്ടിട്ടുള്ളതെന്ന ചോദ്യവും സ്വാഭാവികമായും ഇവിടെ ഉയരുന്നുണ്ട്. ഇടതുപക്ഷത്തിന് ഇടപെടാന്‍ ഇവിടെ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നില്ലെന്ന് ചില സമകാലിക സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാകുകയും ചെയ്യും. കേരളത്തില്‍ ജാതിയില്ലെന്ന് പറഞ്ഞ് ജയ് ഭീമിനെ ഇടതുപക്ഷത്തിന്റെ അഭിമാന സിനിമയായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഒരു പെണ്‍കുട്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റൊരു പെണ്‍കുട്ടി കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് മുന്നിലും നിരാഹാര സമരം നടത്തുന്നതെന്തിനാണെന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ പറയുന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന സംസ്ഥാന മുഖ്യമന്ത്രിയെ നിരവധി തവണ ജാതി വിളിച്ച് അധിക്ഷേപിച്ചിട്ടും പ്രതികരിക്കാത്തവരാണ് ഇവിടുത്തെ ഇടതുപക്ഷ സംഘടനകള്‍.

മലയാള സിനിമയില്‍ തന്നെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന വിനായകന്‍ എന്ന നടനെ അയാള്‍ ജീവിച്ച സാഹചര്യങ്ങളുടെയും ജാതിയുടെയും പേരില്‍ നിരന്തരം അപമാനിക്കുന്നതിന് സാക്ഷിയാകുന്ന ഒരു കാലഘട്ടം കൂടിയാണ് ഇതെന്നും ഓര്‍ക്കേണ്ടതുണ്ട്. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് വിശപ്പകറ്റാന്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് കെട്ടിയിട്ട് തല്ലിക്കൊന്ന സമൂഹമാണ് നമ്മുടേത്. അന്ന് അതിനെതിരെ അപലപിച്ച പലരും വികൃതമായി അതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതും നമ്മള്‍ കണ്ടതാണ്. മധുവിന്റെ കൊലപാതകത്തിന് ശേഷവും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന ഇവിടുത്തെ പൊതുസമൂഹം ആദിവാസികളുടെ പ്രശ്നങ്ങളില്‍ കാര്യമായൊന്നും ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആദിവാസി ഊരുകളില്‍ നിന്നും ഇപ്പോഴും പുറത്തുവരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ദലിതരും ആദിവാസികളും പീഡിപ്പിക്കപ്പെടുന്നത് ഇക്കാലത്തും ഈ സമൂഹം ഒരു സാധാരണ സംഭവം പോലെ കാണുന്നതിനാലാണ് ഇവിടെ പ്രശ്നങ്ങളില്ലെന്ന ധാരണയില്‍ നാം ജീവിക്കുന്നത്. ആദിവാസിയുടെ ഭൂമി കയ്യേറി അവരെ തല്ലിക്കൊല്ലാന്‍ മടിയില്ലാത്തവരാണ് നമ്മള്‍. അട്ടപ്പാടിയിലെ ശ്രീധരന്റെ മരണം മറക്കാനും ഇനിയും സമയമായിട്ടില്ല. കറുത്തവന്‍ മുടി വളര്‍ത്തിയാലോ അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിച്ചാലോ അസ്വസ്ഥരാകുന്ന മനസ്സാണ് ഇന്നും ഈ പൊതുസമൂഹത്തിന്റേത്. വിനായകനെ മുടിമുറിച്ച് അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ട ശേഷം അച്ഛന്റെ മര്‍ദ്ദനം മൂലം മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഇവിടെയുമുണ്ട്. മെച്ചപ്പെട്ട കൂലി തേടി കേരളത്തിലെത്തി ഇവിടുത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും നമുക്ക് വേണ്ടി പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചില സംഭവങ്ങളുടെ പേരില്‍ കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി മുദ്രകുത്താന്‍ നമുക്ക് യാതൊരു മടിയുമില്ല. ചേരികള്‍ എന്ന് അറിയപ്പെടുന്ന അധഃസ്ഥിത ഇടങ്ങളില്‍ താമസിക്കുന്നവര്‍ നമുക്ക് കുറ്റവാളികളും ഹൗസിംഗ് കോളനികള്‍ എന്ന് അറിയപ്പെടുന്ന വരേണ്യ ഇടങ്ങളില്‍ താമസിക്കുന്നവര്‍ സംസ്‌കാര സമ്പന്നരുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന് ഊറ്റംകൊള്ളുമ്പോഴും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇവിടെ നിരന്തരം ആക്രമിക്കപ്പെടുന്നു.

പാഠശാലകളിലും വീടിന്റെ അതിരുകള്‍ക്കപ്പുറവും നേരിടുന്ന വിവേചനങ്ങള്‍ പലപ്പോഴും ആത്മരോഷങ്ങളില്‍ ഒതുങ്ങുന്നതാണ് നാം കാണാറ്. അല്ലായിരുന്നെങ്കില്‍ സ്റ്റൈപ്പന്റ് വാങ്ങുന്ന കുട്ടികള്‍ ക്ലാസ് മുറികളില്‍ ഇപ്പോഴും വിവേചനവും പരിഹാസവും നേരിടേണ്ടി വരില്ലായിരുന്നു. ഒരു കയ്യാലയ്ക്കപ്പുറത്തെ 'പുലയച്ചെക്ക'നൊപ്പം കളിക്കാന്‍ പോകരുതെന്ന വിലക്കുകള്‍ ഉയരില്ലായിരുന്നു. ക്ലാസിഫൈഡ് പരസ്യങ്ങളില്‍ കീഴ്ജാതിക്കാര്‍ അപേക്ഷിക്കേണ്ടതില്ലെന്ന ക്ലോസ് ഉള്‍പ്പെടില്ലായിരുന്നു. ചുറ്റിലും ഇപ്പോഴും പലതരത്തിലുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുകയും അതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുമ്പോഴും അതില്‍ എവിടെയെല്ലാമാണ് ഇടതുപക്ഷം ഇടപെട്ടിട്ടുള്ളതെന്ന് പരിശോധിച്ചാല്‍ എഴുപതുകള്‍ക്കും പിന്നിലേക്ക് വിരല്‍ ചൂണ്ടേണ്ടതായി വരും. ആ ഗതകാല സ്മരണകള്‍ അയവിറക്കാന്‍ മാത്രമാണ് നമുക്ക് ഇന്ന് സാധിക്കുന്നത്. അല്ലാത്തതെല്ലാം ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന ഇടക്കാല ഇടപെടലുകളായി തീരുന്നതാണ് വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ജാതി ഇല്ലാതായതിനാലാണ് ഇപ്പോള്‍ അത്തരം ഇടപെടലുകള്‍ ആവശ്യമില്ലാത്തതെന്ന് ആവര്‍ത്തിക്കുന്നവര്‍ സത്യത്തില്‍ അര്‍ദ്ധരാത്രിയില്‍ മുറിക്കുള്ളിലെ ബള്‍ബിലേക്ക് നോക്കി ഇവിടെ ഇരുട്ടില്ലല്ലോയെന്ന് പറയുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ പെരിയാറിനും അംബേദ്കറിനുമൊപ്പം മാര്‍ക്സിനെയും ലെനിനെയും ഏറ്റെടുത്തതുകൊണ്ട് മാത്രമല്ല, ഇവിടെ ചൂണ്ടിക്കാട്ടാന്‍ ഒരു സിനിമയോ ഇടപെടലോ ഇല്ലാത്തതുകൊണ്ട് കൂടിയാണ് കേരളത്തിലെ സിപിഎം വിശ്വാസികള്‍ ജയ് ഭീമിനെ ഏറ്റെടുക്കുന്നത്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)