'ഉപഹാറിലെ കൂട്ടക്കൊല'യോര്‍ത്താല്‍, പ്രായത്തിന്റെ പരിഗണനയ്ക്കര്‍ഹതയുണ്ടോ അന്‍സല്‍ സഹോദരന്മാര്‍ക്ക്? 

കേസിലെ പ്രധാന പ്രതികളായ സുശീല്‍ അന്‍സലിനും ഗോപാല്‍ അന്‍സലിനും ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നു
 
Uphar theater
ഇന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം ഉപഹാര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളും തുടരുകയാണ്

ഓരോ ദിനരാത്രങ്ങളും നീളുന്ന ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയില്‍ എല്ലാം മറക്കാന്‍ ഒരു സാധാരണക്കാരന് കിട്ടുന്നത് ഒരാഴ്ച്ചയിലോ അല്ലെങ്കില്‍ ഒരു മാസത്തിലോ കേവലം കുറച്ച് മണിക്കൂറുകളായിരിക്കും. ആ സമയം പലരും പലവിധത്തിലായിരിക്കും ഉപയോഗപ്പെടുത്തുക. 1997 ജൂണ്‍ 13 ലെ ഒരു പകലില്‍ ഡല്‍ഹിയിലെ കുറെ മനുഷ്യര്‍ തങ്ങളുടെ ആഹ്ലാദത്തിനും വിനോദത്തിനുമായി കുറച്ചു മണിക്കൂറുകള്‍ മാറ്റിവച്ചത് ഒരു സിനിമ കാണാനായിരുന്നു. ന്യൂഡല്‍ഹി ഗ്രീന്‍ പാര്‍ക്കിലുള്ള ഉപഹാര്‍ തിയേറ്ററില്‍ ബോര്‍ഡര്‍ എന്ന സിനിമ കാണാനായി എത്തിയ ആ മനുഷ്യര്‍ പക്ഷേ ഒരിക്കലും കരുതിയിരുന്നില്ല, മരണക്കോട്ടയിലേക്കാണ് കയറി ചെല്ലുന്നത്. പണം ഉണ്ടാക്കുക എന്നു മാത്രം ചിന്തിച്ചിരുന്ന ചില മനുഷ്യരുടെ നിരുത്തരവാദമപരമായി പെരുമാറ്റത്തിലൂടെ ആ ദിവസം ഉപഹാര്‍ തിയേറ്ററില്‍ പിടഞ്ഞുവീണ് അവസാനിച്ചത് 59 മനുഷ്യ ജീവിതങ്ങളായിരുന്നു. അതില്‍ 23 പേര്‍ കൗമാരം പിന്നിടാത്തവരായിരുന്നു. നൂറോളം പേര്‍ക്ക് ആ ദുരന്തത്തിന്റെ ആഘാതം പേറി പിന്നീട് ജീവിക്കേണ്ടി വന്നു.

ഇന്ത്യ ഞെട്ടിയ മഹാദുരന്തങ്ങളിലൊന്നായ ഉപഹാര്‍ തിയേറ്റര്‍ തീപിടുത്തത്തിന് അടുത്ത വര്‍ഷം കാല്‍ നൂറ്റാണ്ട് പിന്നിടും. പക്ഷേ ഇന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം ഉപഹാര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളും മരണപ്പെട്ടവരുടെ ബന്ധുക്കളും തുടരുകയാണ്. എങ്ങനെയാണ് സമ്പത്തും സ്വാധീനവുമുള്ള കുറ്റവാളികള്‍, തങ്ങള്‍ ചെയ്ത കുറ്റങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ്ശ്രമിക്കുന്നതെന്നതിന്റെ മാതൃക കൂടിയായിരുന്നു ഉപഹാര്‍ കേസ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോപോളിറ്റിന്‍ കോടതിയില്‍ നിന്നുണ്ടായ വിധി ഏറെ സ്വാഗതാര്‍ഹവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.

'അവര്‍ ശിക്ഷയര്‍ഹിക്കുന്നുണ്ട്'

കേസിലെ പ്രധാന പ്രതികളായ ഉപഹാര്‍ തിയേറ്റര്‍ ഉടമകളായ സുശീല്‍ അന്‍സലിനും ഗോപാല്‍ അന്‍സലിനും ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നു. അന്‍സാല്‍ സഹോദരന്മാരെ കൂടാതെ ദിനേശ് ചന്ദ്ര ശര്‍മ, പ്രേം പ്രകാശ് ഭത്ര, അനൂപ് സിംഗ് എന്നിവര്‍ക്കും ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് മിശ്ര സമാന തടവ് വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷയ്ക്ക് പുറമെ അന്‍സല്‍ സഹോദരന്മാര്‍ രണ്ടരക്കോടി വീതം അഞ്ചു കോടി പിഴയടക്കണം, മറ്റും പ്രതികള്‍ മൂന്നുലക്ഷം വീതവും. തുകയില്‍ നിന്നും കോടതി ചെലവുകള്‍ കഴിഞ്ഞുള്ളത് ദുരന്തത്തിന് ഇരകളായവരുടെ നഷ്ടപരിഹാരത്തിനായി വിനിയോഗിക്കണമെന്നാണ് കോടതി ഉത്തരവ്. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്‍സല്‍ സഹോദരന്മാരെ ശിക്ഷിച്ചിരിക്കുന്നത്.

സംഭവം നടന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും നീണ്ട നിയമനടപടികള്‍ക്കൊടുവില്‍, 2007 ല്‍ അന്‍സല്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ വിചാരണ കോടതി കണ്ടെത്തുകയും ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിക്കുകയും ചെയ്തിരുന്നു. ഈ ശിക്ഷ 2008 ല്‍ ഡല്‍ഹി ഹൈക്കോടതി ഒരു വര്‍ഷമാക്കി കുറച്ചു. പിറ്റേവര്‍ഷം പ്രതികള്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടുകയും ചെയ്തൂ. 2014 ല്‍ സുപ്രീം കോടതി അന്‍സല്‍ സഹോദരന്മാരുടെ ശിക്ഷ ശരിവച്ചെങ്കിലും ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത വരികയും കേസ് മൂന്നംഗ ബഞ്ചിന് വിട്ടു. 2015 ല്‍ സൂപ്രീം കോടതി മൂന്നംഗ ബഞ്ച് പ്രതികളുടെ തടവ് ശിക്ഷ റദ്ദ് ചെയ്തുകൊണ്ട് രണ്ടു പേര്‍ക്കും 60 കോടി രൂപ പിഴ വിധിച്ചു.  ഈ തുക ഉപയോഗിച്ച് ഡല്‍ഹിയില്‍ ട്രോമ കെയര്‍ സെന്റര്‍ തുടങ്ങണമെന്നായിരുന്നു നിര്‍ദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരേ ഇരകളുടെ ബന്ധുക്കള്‍ തുടര്‍ന്ന നിയമപോരാട്ടത്തിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ വന്ന റിവ്യൂ പെറ്റീഷന്‍ പരിഗണിച്ച് സുശീല്‍ അന്‍സലിനെ തടവ് ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ഗോപാല്‍ അന്‍സലിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. പ്രായാധിക്യം പരിഗണിച്ചായിരുന്നു 77 കാരനായ ഗോപാലിനെ ഒഴിവാക്കിയത്. എന്നാല്‍ തന്റെയും പ്രായം പരിഗണിക്കണമെന്നാവശ്യപ്പെട്ട് 69 കാരനായ സുശീലും  സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ, കോടതി ഇക്കാര്യം അംഗീകരിച്ചില്ല. എന്നാല്‍ തന്റെ സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്തി ജയില്‍ ജീവതത്തില്‍ നിന്നും സുശീല്‍ ഒഴിഞ്ഞു നിന്നു.

ഒരു കൂട്ടക്കുരുതി കേസില്‍ നിന്നും ശതകോടീശ്വരന്മാരായ പ്രതികള്‍ എങ്ങനെയൊക്കെ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നതു കൂടിയാണ്, അന്‍സല്‍ സഹോദരന്മാരെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി വെളിപ്പെടുത്തുന്നത്. കോടതിയിലെ ഉദ്യോഗസ്ഥനെ വരെ പ്രതികള്‍ തങ്ങളുടെ പക്ഷത്ത് എത്തിച്ചിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. അതീവപ്രാധാന്യമുള്ളൊരു കേസ് ആയിട്ട് തന്നെയാണ് താനിത് കണ്ടതെന്നാണ് ചീഫ് മെട്രോപോളിറ്റീന്‍ മജിസ്‌ട്രേറ്റ് പങ്കജ് മിശ്ര തന്റെ വിധി ന്യായത്തില്‍ പറയുന്നത്. പല രാത്രികളിലും ഈ കേസിനെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നുവെന്നും പ്രതികള്‍ ശിക്ഷയ്ക്ക് പൂര്‍ണമായും അര്‍ഹരാണെന്നും ജഡ്ജി തന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതികളുടെ പങ്കാളിത്തം തെളിയിക്കാനുതകുന്ന പല തെളിവുകളും പ്രതികള്‍ നശിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു. വിചാരണപ്രക്രിയ അട്ടിമറിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കവും അന്‍സല്‍ സഹോദരന്മാരില്‍ നിന്നും ഉണ്ടായിട്ടുള്ളതായും കോടതി കണ്ടെത്തി. രണ്ട് പതിറ്റാണ്ടായി നീളുന്ന കുറെ സാധാരണക്കാരുടെ നിയമപോരാട്ടത്തിന്റെ വിജയം കൂടിയാണ് കോടതിയുടെ ഈ കണ്ടെത്തലുകളിലൂടെ ഉണ്ടായിരിക്കുന്നത്.


കൊലയ്ക്കു കൊടുത്ത ജീവിതങ്ങള്‍

അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു ഉപഹാര്‍ ദുരന്തത്തിനു പിന്നില്‍. അല്‍പ്പമെങ്കിലും മനുഷ്യത്വപരമായ പെരുമാറ്റം ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കപ്പെടുമായിരുന്ന അപകടമായിരുന്നുവത്. ദുരന്തദിനം(1997 ജൂണ്‍ 13) രാവിലെ 6.55 ഓടുകൂടി തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ സ്ഥാപിച്ചിരുന്ന രണ്ട് വലിയ ട്രാന്‍സ്‌ഫോമറുകള്‍ക്ക് തീപിടുത്തം ഉണ്ടാവുകയും അഞ്ചു മിനിറ്റുകള്‍ക്കം അവ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ റൂം പുക മൂടിയിരിക്കുന്നതായി മനസിലാക്കിയ സെക്യൂരിറ്റി ഗാര്‍ഡ് സുധീര്‍ കുമാര്‍ ആണ് അപകടം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് നടന്നത് വലിയൊരു ക്രിമിനല്‍ കുറ്റമായിരുന്നു. ഡല്‍ഹി വിദ്യുത് ബോര്‍ഡില്‍(ഡിവിബി)യില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെറും അര മണിക്കൂര്‍കൊണ്ട് രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും ഉണ്ടായ അപകടം പരിഹരിച്ചൂ! ട്രാന്‍സ്‌ഫോര്‍മറുകളിലേക്കുള്ള മൂന്നു ലോ ടെന്‍ഷന്‍ കേബിളുകള്‍ ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ചു പോയിട്ടും വളരെ നിസ്സാരമായി കാര്യങ്ങള്‍ കണ്ട ഉദ്യോഗസ്ഥര്‍ പത്തരയ്ക്ക് തങ്ങളുടെ ജോലി തുടങ്ങി പതിനൊന്നു മണിയോടെ ആ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും റീ ചാര്‍ജ്ജ് ചെയ്തു ഇലക്ട്രിക് സപ്ലൈ നടത്തിയെന്നു പറയുമ്പോഴാണ് ഉപഹാറില്‍ നടന്നത് അറിഞ്ഞുകൊണ്ടുള്ള കൂട്ടക്കൊലയായിരുന്നുവെന്ന് മനസിലാക്കേണ്ടി വരുന്നത്.

യാതൊരു ഉത്തരവാദിത്വമില്ലാതെ ട്രാന്‍സ്ഫോര്‍മറില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍ വലിയൊരു അപകടത്തെ ക്ഷണിച്ചു വരുത്തുകയായിരുന്നു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാതെ പവര്‍ സപ്ലൈ വീണ്ടും പുനരാരംഭിച്ചതോടെ ട്രാന്‍സ്ഫോര്‍മറുകളുടെ ബി-ഫേസില്‍ ലൂസ് കണക്ഷന്‍ സംഭവിക്കുകയും അതുമൂലം സ്പാര്‍ക്കിംഗ് ഉണ്ടാവുകയും ചെയ്തു. ട്രാന്‍സ്‌ഫോര്‍മറിന്റെ കേബിളുകളിലൊന്ന് അയഞ്ഞ് ഊരിപ്പോവുകയും റേഡിയേറ്ററിനു മുകളിലേക്ക് വീഴുകയും ചെയ്തു. ഇതുമൂലം റേഡിയേറ്റര്‍ ഫിനിലെ ഒരു ദ്വാരം കത്തിപ്പോവുകയും ഈ ദ്വാരത്തിലൂടെ ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ പുറത്തേക്ക് ഒഴുകാനും തുടങ്ങി. ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന് സമീപത്തുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയായിലേക്കും ഓയില്‍ പരന്നു. തീപടരാനും കാലതാമസം ഉണ്ടായില്ല. ഗ്രൗണ്ട് ഫ്‌ളോറിനു ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ കിടന്നിരുന്ന നിരവധി കാറുകള്‍ അഗ്നിക്കിരയായി. അടുത്ത നിമിഷം തന്നെ കനത്ത പുക അവിടെയാകമാനം പരന്നു. ഒന്നാം നിലയിലുള്ള തിയേറ്റര്‍ കോംപ്ലക്‌സിന്റെ വാതില്‍ വിടവുകളിലൂടെയും എയര്‍ കണ്ടീഷന്‍ സ്ഥാപിച്ചിരിക്കുന്ന ദ്വാരങ്ങളിലൂടെയും തിയേറ്ററിനുള്ളില്‍ വിഷപ്പുക കരകവിഞ്ഞ നദിപോലെ കുതിച്ചെത്തി. സിനിമയില്‍ മുഴുകിയിരുന്നവര്‍ തങ്ങളെ വിഴുങ്ങാനെത്തിയ മരണത്തെ തൊടുടുത്തുവച്ചു മാത്രമാണ് കണ്ടത്. പ്രാണരക്ഷാര്‍ത്ഥം ആളുകള്‍ പാഞ്ഞു. പുറത്ത് സ്റ്റെയര്‍ കേസുകള്‍ കാണാന്‍ പാടില്ലാത്ത വിധം പുകയില്‍ മുങ്ങിപ്പോയിരുന്നു. ശ്വാസം കിട്ടാതെ പലരും പിടഞ്ഞു വീണു. പ്രാണരക്ഷാര്‍ത്ഥം ഓരോരുത്തരും പാഞ്ഞപ്പോള്‍ പലരും പലരുടെയും ചവിട്ടുകളേറ്റ് താഴെ വീണുപോയി. അങ്ങനെ പലവിധത്തിലായി 59 മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

യാതൊരു സുരക്ഷ സംവിധാനങ്ങളോ മുന്നറിയിപ്പ് മാര്‍ഗങ്ങളോ ആ തിയേറ്റര്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഉപഹാര്‍ തിയേറ്റര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടന്ന വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയത്. തീപിടുത്തം ഉണ്ടായ സമയത്ത് യാതൊര വിധത്തിലുള്ള മുന്നറിയിപ്പും തിയേറ്ററിന് അകത്തുള്ളവര്‍ക്ക് കൊടുത്തിരുന്നില്ല. തീ ആദ്യം കണ്ടെത്തിയപ്പോള്‍ തന്നെ അപായ മുന്നറിയിപ്പ് നല്‍കി ആളുകളെ സുരക്ഷിതരായി പുറത്തെക്കേണ്ടിടത്ത്, ഓടിക്കൊണ്ടിരുന്ന സിനിമ നിര്‍ത്താന്‍ പോലും തയ്യാറായില്ലെന്നറിയുമ്പോഴാണ് മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവരായിരുന്നു ആ തിയേറ്റര്‍ നടത്തിക്കൊണ്ടിരുന്നതെന്ന് വ്യക്തമാകുന്നത്. സാധാരണ തിയേറ്റര്‍ കോംപ്ലക്‌സിനകത്ത് സിനിമ തുടങ്ങും നേരം വെളിച്ചങ്ങളെല്ലാം അണയ്ക്കുമെങ്കിലും ഓരോ വാതിലുകള്‍ക്കു മുകളിലും എക്‌സിറ്റ് ലൈറ്റുകള്‍ തെളിച്ചിടാറുണ്ട്. സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും പുറത്തു പോകണമെങ്കില്‍ വാതിലുകള്‍ കണ്ടെത്താനത് സഹായകമാകും. അതുപോലെ എമര്‍ജന്‍സി ലൈറ്റുകളും തിയേറ്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് നിയമമുണ്ട്. ഉപഹാറില്‍ ഇതൊന്നും ഇല്ലായിരുന്നു. കറണ്ട് പോയാല്‍ ബാറ്ററി ബാക് അപ്പ് പോലും അവിടെയുണ്ടായിരുന്നില്ലേ്രത! കനത്ത ഇരുട്ടിലായിരുന്നു തങ്ങളെ മൂടിയ വിഷപ്പുകയയില്‍ നിന്നും രക്ഷനേടാന്‍ ആളുകള്‍ പരക്കം പാഞ്ഞത്. തിയേറ്റുകളില്‍ സീറ്റുകള്‍ അറേഞ്ച് ചെയ്യുമ്പോള്‍ നടവഴികളും ഇടാറുണ്ട്. ഓരോരോ ബ്ലോക്കുകളാക്കിയാണ് സീറ്റ് അറേഞ്ചിംഗ് നടത്തുന്നതും. എന്നാല്‍ ഉപഹാറില്‍ അത്തരം നടവഴികളില്ലായിരുന്നു. അനധികൃതമായി എക്‌സറ്റന്‍ഷന്‍ നടത്തിയ കോംപ്ലക്‌സായിരുന്നു അത്. നിയമാനുസൃമല്ലാത്ത സീറ്റുകളും ലാഭക്കൊതി മൂത്ത് അധികമായി നിരത്തിയിരുന്നു. കോംപ്ലക്‌സില്‍ നി്ന്നും പുറത്തേക്കുള്ള വാതിലുകള്‍ പലതും ലോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. ടെറസിലേക്ക് തുറക്കുന്ന ഒരു വാതില്‍ അത്തരത്തില്‍ ലോക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ കുറയാന്‍ സഹായിച്ചേനെ. ഇതിനെല്ലാം പുറമെയാണ് വൈദ്യുത നിയമങ്ങളൊന്നും പാലിക്കാതെ ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ ആ തിയേറ്റര്‍ നടത്തിക്കൊണ്ടു പോന്നത്. കൃത്യമായ കാലയളവില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് നടത്തണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും ഉപഹാര്‍ തിയേറ്റര്‍ ഉടമകള്‍ അതൊന്നും വകവച്ചിരുന്നില്ല. അഗ്നിശമന ഉപകരണങ്ങളൊന്നും തന്നെയില്ലായിരുന്നു. പക്ഷേ, അതിനെക്കുറിച്ചൊന്നും 59 മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതുവരെ ആരും ചോദിക്കുകയോ തിരക്കുകയോ ചെയ്തിരുന്നില്ലെന്നു മാത്രം. 1997 ജൂലൈ മൂന്നിന് സമര്‍പ്പിക്കപ്പെട്ട മജിസ്‌ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ തിയേറ്റര്‍ ഉടമകളെ കൂടാതെ, ഡല്‍ഹി വൈദ്യുതി ബോര്‍ഡ്, സിറ്റി ഫയര്‍ സര്‍വീസ്, ഡല്‍ഹി പൊലീസിലെ ലൈസന്‍സിംഗ് ബ്രാഞ്ച്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവരെ കൂടെ കൂട്ടു പ്രതികളാക്കിയിരിക്കുന്നതില്‍ നിന്നു തന്നെ ആ കൂട്ടക്കൊലയ്ക്കു പിന്നിലെ അഴിമതി കൂട്ടുക്കെട്ട് എത്ര വലുതായിരുന്നുവെന്ന് മനസിലാകും. പക്ഷേ, ഉദ്യോഗസ്ഥ തലത്തിലെ പ്രതികളെല്ലാം രക്ഷപ്പെടുകയും ചെയ്തു. 

ഇരകളുടെ പോരാട്ടം
മജിസ്‌ട്രേറ്റ് തലം തൊട്ട് സിബിഐ വരെ വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ച കേസില്‍ ഗുരുതരമായ വീഴ്ച്ച തിയേറ്റര്‍ ഉടമകളില്‍ നിന്നുണ്ടായെന്നു കണ്ടെത്തിയെങ്കിലും പലവഴികളിലൂടെ രക്ഷപ്പെടാനാണ് സുശില്‍ അന്‍സല്‍-ഗോപാല്‍ അന്‍സല്‍ സഹോദരന്മാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഇരകളായവരുടെ ബന്ധുക്കള്‍ ചേര്‍ന്ന്  ദി അസോസിയേഷന്‍ ഓഫ് വിക്ടിംസ് ഓഫ് ഉപഹാര്‍ ഫയര്‍ ട്രാജഡി(എ യു വി ടി) എന്നൊരു സംഘടന ഉണ്ടാക്കുകയും ഏറെ ശ്രദ്ധേയമായ സിവില്‍ കോംപന്‍സേഷന്‍ കേസ് കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഉപഹാര്‍ തിയേറ്റര്‍ ഉടമകള്‍ക്കും, ഡല്‍ഹി സര്‍ക്കാരിനെതിരേയും ആയിരുന്നു നഷ്ടപരിഹാര കേസ് അവര്‍ നല്‍കിയത്. ഈ കേസില്‍ 2003 ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായി. ഉപഹാര്‍ തിയേറ്റര്‍ ഉടമകള്‍, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ഡല്‍ഹി വൈദ്യുതി ബോര്‍ഡ്, പൊലീസിലെ ലൈസന്‍സിംഗ് അതോറിറ്റി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 25 കോടി രൂപ ഇരകളുടെ ബന്ധുക്കള്‍ക്ക് നല്‍കാനും വിധിച്ചു. മരിച്ചവരില്‍ 20 വയസിന് താഴെയുള്ളവരുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം വീതവും 20 വയസിനു മേലുള്ളവരുടെ ബന്ധുക്കള്‍ക്ക് 188 ലക്ഷം വീതവും നല്‍കാനായിരുന്നു കോടതി വിധി.2011 ല്‍ സുപ്രീം കോടതി നഷ്ടപരിഹാര തുക യഥാക്രമം ഏഴര ലക്ഷവും പത്തുലക്ഷവുമാക്കി കുറച്ചിരുന്നു.

കോടതിയിലെ ക്ലര്‍ക്കിനെ വരെ സ്വാധീനിച്ച് തങ്ങള്‍ക്കെതിരേയുള്ള തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കിയവരാണ് റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാര്‍ കൂടിയായ അന്‍സലിന്‍ സഹോദരന്മാര്‍. അവരുടെ ആസ്തിയുമായി തട്ടിച്ചുനോക്കിയാല്‍ കൊടുത്ത നഷ്ടപരിഹാര തുക വലിയ നഷ്ടമൊന്നുമല്ല. കുറച്ചു കോടികള്‍ കൊടുത്തുകൊണ്ട് മറ്റ് ശിക്ഷകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു അവരുടെ ലക്ഷ്യം. രണ്ട് പതിറ്റാണ്ടോളം അവര്‍ക്കതിന് കഴിഞ്ഞെങ്കിലും ഈ വാര്‍ദ്ധക്യകാലത്ത് വീണ്ടും അവര്‍ക്ക് മുന്നില്‍ തടവറയുടെ വാതിലുകള്‍ തുറക്കുമ്പോള്‍ മനസ് നിറയുന്ന കുറച്ച് മനുഷ്യരുണ്ട്. ഒരു മഹാദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മകളുമായി ഇപ്പോഴും നില്‍ക്കുന്ന ഉപഹാര്‍ തിയേറ്ററിന് സമീപത്തുള്ള ഗ്രീന്‍ പാര്‍ക്കില്‍ ആ മനുഷ്യര്‍ ഇപ്പോഴും ഒത്തുചേരാരുണ്ട്, അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകളുമായി.