നഷ്ടപ്പെട്ടവരുടെ കരഞ്ഞു തീര്‍ക്കല്‍ ആചാരമാകുന്നു, ആശങ്കപ്പെടുന്നവരുടെ ഭയപ്പാടുകള്‍ 'പുതിയ ശരി'യും

വെട്ടിയും കുത്തിയും പച്ചയ്ക്കു മനുഷ്യരെ കൊല്ലുന്നതിലൂടെ 'പിശാചിന്റെ സ്വന്തം നാടാ'ക്കിയതില്‍ ആര്‍ക്കും ലജ്ജ തോന്നാന്‍ ഇടയില്ല
 
political murder

'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പെരുമ കേരളത്തിന് നഷ്ടപ്പെട്ടു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വിനോദ സഞ്ചാരത്തിന്റെ വില്‍പ്പന തന്ത്രമായാണ് ആ പെരുമ സാര്‍വദേശീയതലത്തിലേയ്ക്ക് നമ്മള്‍ കടത്തി വിട്ടതെങ്കിലും തൊട്ടതിനും പിടിച്ചതിനും എല്ലാം ഈ 'ദൈവത്തിന്റെ കൈയ്യൊപ്പ്' കാണാന്‍ ആര്‍ക്കും മടിയില്ലായിരുന്നു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ എല്ലാ സൗഭാഗ്യങ്ങളും ഇതിന്റെ നിറക്കൂട്ടുകളായിരുന്നു.

പക്ഷെ പ്രകൃതിയും മനുഷ്യനും ഇവിടെ ദുരന്തങ്ങളുടെയും ദുരന്തനിവാരണങ്ങളുടെയും ഇടയിലാണ് ഇന്ന് കഷ്ടിച്ചു കഴിയുന്നത്.

അതിനിടയിലാണ് 'ചോര നീരാക്കിയ' വീമ്പുപറച്ചിലുകള്‍ 'ചോര നീര്‍ച്ചാലുകള്‍' തീര്‍ക്കുന്ന ദുരന്തഭൂമിക്ക് വഴിമാറുന്നത്. വെട്ടിയും കുത്തിയും പച്ചയ്ക്കു മനുഷ്യരെ കൊല്ലുന്നതിലൂടെ 'പിശാചിന്റെ സ്വന്തം നാടാ'ക്കിയതില്‍ ആര്‍ക്കും ഇപ്പോള്‍ ലജ്ജ തോന്നാന്‍ ഇടയില്ല. കാരണം ലജ്ജ എന്ന വികാരം തന്നെ വഴിമാറിപ്പോയ ഒന്നാണെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയ കാലമാണിത്.

രാഷ്ട്രീയ-വര്‍ഗീയ മത്സരാര്‍ത്ഥികളുടെ ലോകമാണല്ലോ ഇതെന്ന് യാതൊരു ലജ്ജയും കൂടാതെ പറയാന്‍ മടിക്കാത്ത 'സ്വന്തം നാട്' !

രാഷ്ട്രീയസ്വതങ്ങള്‍ സ്വത്വരാഷ്ട്രീയത്തിന്റെ ഇടങ്ങളിലേയ്ക്ക് സഞ്ചരിക്കാന്‍ തുടങ്ങിയതാണ്, അതിന്റെ സാദ്ധ്യതകള്‍ അന്വേഷിക്കാന്‍ സങ്കോചം ഇല്ലാതായതാണു, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ ബാക്കി.

മതനിരപേക്ഷത ഒരു രാഷ്ട്രീയ ചിഹ്നമായിട്ടുപോലും അവശേഷിക്കാന്‍ സാധ്യതയില്ലാത്തവിധം വര്‍ഗീയത ഈ രാഷ്ട്രത്തിന്റെ സിരാപടലങ്ങളിലേയ്ക്ക് സംക്രമിക്കാന്‍ തുടങ്ങിയ കാലം.

ബാലറ്റ് പെട്ടിയിലേയ്ക്ക് വീഴ്ത്താന്‍ വര്‍ഗീയതയുടെ കറപുരണ്ട വിരലുകള്‍ വെമ്പല്‍ കൊണ്ട കാലം. അങ്ങിനെ ഓരോ 'സംഭവങ്ങളും' വര്‍ഗീയ മുദ്ര പതിഞ്ഞ ജീവിതാനുഭങ്ങളായി.

വിഭജനം ഒരുക്കിയ വര്‍ഗീയതയുടെ കാല്‍നൂറ്റാണ്ടിന്റെ അന്തരീക്ഷ പടലങ്ങള്‍ അടുത്ത അരനൂറ്റണ്ടു കാലം ഭൂമിയില്‍ പതിച്ച, ജീവജാലങ്ങളില്‍ പടര്‍ന്നു കയറിയ വിഷവികിരങ്ങളായി. അത് ജനിതക ഘടനയില്‍ നിന്നും ജനിതക ഘടനയിലേക്കു കൈമാറ്റം ചെയ്യപ്പെട്ട തന്തുക്കളായി.

പുണ്യമന്ദിരങ്ങള്‍ കാഴ്ചബംഗ്ലാവുകളും കാഴ്ചബംഗ്ലാവുകള്‍ പുണ്യമന്ദിരങ്ങളും ആകുമ്പോള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' വീണ്ടും വര്‍ഗീയതയുടെ 'വസന്തകാലം' ആരംഭിക്കും.

കാബൂളില്‍ 'മധ്യകാലയുഗം' വീണ്ടും തുടങ്ങുമ്പോള്‍ 'സ്വന്തം നാട്ടി'ലും ഇതരയിടങ്ങളിലും 'ആധുനിക' വിഷവികിരണങ്ങള്‍ക്കു ആയുസ്സു കൂടും.

'ഹലാലും' 'ഹറാമും' 'ജിഹാദും' ബഹുസ്വരതയുടെ 'അടിത്തറ ഇളക്കു'മ്പോള്‍ ജനിതക മാറ്റം സംഭവിച്ച വര്‍ഗീയ വൈറസുകള്‍ 'ദൈവത്തിന്റെ സ്വന്തം' സ്വത്തുക്കള്‍ മുന്‍ നിര്‍ത്തിയുള്ള യുദ്ധത്തിന് പടക്കളമൊരുക്കും.

അങ്ങനെ അന്തരീക്ഷമാകെ വര്‍ഗീയ വികിരണം കൊണ്ട് വിഷലിപ്തമാകുമ്പോള്‍ ചോര കാണാതെ ഉറങ്ങാന്‍ വയ്യാത്ത സ്വതങ്ങളായി 'ദൈവത്തിന്റെ സ്വന്തം' മക്കള്‍ മാറും.

കൈവെട്ടില്‍ നിന്നും കാല്‍വെട്ടിലേക്കും പിന്നീടു യാതൊരു സങ്കോചവുമില്ലാതെ എല്ലാ അവയവനാന്തര ക്രിയകളിലേയ്ക്കും നീങ്ങാന്‍ ഏതെല്ലാമോ 'ദൈവങ്ങള്‍' ഇവരെ പഠിപ്പിക്കുന്നുണ്ട്.

ഓരോ ഇരുണ്ടു വെളുക്കലും പ്രതീക്ഷകള്‍ തരുന്നുണ്ട് പോലും !

വികിരണമേല്‍ക്കാന്‍, ജനിതക മാറ്റം കൈവരിക്കാന്‍ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമൊന്നും വേണ്ട.

നഷ്ടപ്പെട്ടവരുടെ കരഞ്ഞു തീര്‍ക്കല്‍ ഒരു ആചാരമായും, ആശങ്കപ്പെടുന്നവരുടെ ഭയപ്പാടുകള്‍ 'പുതിയ ശരി'യായും മാറിയ കാലം.

സമാധാനം ഒരായിരം മേശയ്ക്കു ചുറ്റുമിരുന്നാലും വന്നു ചേരാത്ത 'വസന്ത'മായിക്കഴിഞ്ഞോ?

ഈ ക്രിസ്മസ് കാലത്തു യോഹന്നാന്റെ ഒന്നാം ലേഖനം ഉദ്ധരിക്കാതെ എങ്ങനെ നിര്‍ത്തും !

''...ഈ ലോകത്തെയും ഈ ലോകത്തിലുള്ളതിനേയും സ്‌നേഹിക്കരുത്. ലോകത്തെ സ്‌നേഹിക്കുന്നവരില്‍ പിതാവിനോടുള്ള സ്നേഹം ഉണ്ടായിരിക്കുകയില്ല. മാംസദാഹം, കണ്ണുകളുടെ കാമാര്‍ത്തി, അഹങ്കാരം എന്നിവയെല്ലാം ലോകത്തിന്റേതാണ്. പിതാവിന്റേതല്ല. ലോകവും അതിന്റെ ദുരാശകളും കടന്നുപോകും.''

അതെ, ഈ 'കടന്നു പോക്കാ'ണ് ഇപ്പോള്‍ ആകെയുള്ള 'വിശാസവും ആശ്വാസവും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)