July 13, 2025 |

‘പേരൂർക്കടയിൽ ദളിത് യുവതിയെ കസ്റ്റഡിയിൽ വെച്ചത് ഉന്നതർ അറിയാതിരിക്കില്ല, താഴ്ന്ന ​ഗ്രേഡിലുള്ള പോലീസുകാർ മാത്രം പ്രതികളാകുന്നത് പതിവ് രീതി’

20 മണിക്കൂർ നേരം നീണ്ട ഈ കസ്റ്റഡി ആരും അറിഞ്ഞില്ല എന്ന് പറയുന്നതിൽ പൊരുത്തക്കേടുണ്ട്

തിരുവനന്തപുരം, പേരൂർക്കടയിൽ ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ മാനസിക – ശാരീരിക പീഡനത്തിനിരയാക്കിയ സംഭവം കേരളത്തിലെ പോലീസ് സ്റ്റേഷനുകൾക്കുള്ളിലെ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു സസ്പെൻഷൻ നടപടി.

ഇത്തരം സംഭവങ്ങൾ ഉന്നതരുടെ അറിവില്ലാതെ നടക്കാൻ സാധ്യതയില്ലെന്നും എന്നാൽ പ്രതികളാവുന്നത് സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ ഡ്യൂട്ടിയിലുണ്ടായിരുന്നവർ, സിപിഒമാർ എന്നിവർ മാത്രമാണെന്നും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് അഴിമുഖത്തോട് പറഞ്ഞു. പോലീസില്‍ അഴിമതിയും ഗുണ്ടാബന്ധവും വ്യാപിച്ചുകിടക്കുന്നുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് 12 മാസമായി സസ്‌പെൻഷനിൽ കഴിയുന്നയാളാണ് ഉമേഷ് വള്ളിക്കുന്ന്. പല കസ്റ്റഡി മരണങ്ങളിലും ഉന്നതരുടെ സ്വാധീനം തെളിഞ്ഞിട്ടുള്ളതാണെന്നും ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

‘പേരൂർക്കട കേസിൽ ബിന്ദുവിനോട് ക്രൂരത കാണിച്ച സംഭവത്തിൽ എസ്ഐയും എഎസ്ഐയും കുറ്റക്കാർ തന്നെയാണ്. എന്നാൽ ഒരു എസ്ഐയും എഎസ്ഐയും ചേർന്ന് ഒരു വനിതയെ പോലീസ് സ്റ്റേഷനിൽ രാത്രി മുഴുവൻ നിർത്തുക എന്നത് സ്വാഭാവികമല്ല. അവർ മാത്രം വിചാരിച്ചാൽ അത് നടക്കില്ല. 12 ക്യാമറകളാണ് ഒരു സ്റ്റേഷനിലുള്ളത്. ഇത് നിരീക്ഷിക്കാൻ കൺട്രോൾ റൂമിൽ ഒരുപാട് പേരുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റൂമിലും ഈ ക്യാമറ വിഷ്വൽസ് ഉള്ളതാണ്. എന്നിട്ടും 20 മണിക്കൂർ നേരം നീണ്ട ഈ കസ്റ്റഡി ആരും അറിഞ്ഞില്ല എന്ന് പറയുന്നതിൽ പൊരുത്തക്കേട് ഉറപ്പായും തോന്നുന്നുണ്ട്.

സ്പെഷ്യൽ ബ്രാഞ്ചിന്റെ ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിലുണ്ടാകും. അയാൾ ഇത്തരത്തിലുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇന്റലിജൻസ് വിഭാ​ഗത്തിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ളവരുണ്ടാകും. ഇത്രയും ശക്തമായ മോണിറ്ററിങ്ങ് സിസ്റ്റം നിലനിൽക്കുമ്പോഴാണ് ഉന്നതരെല്ലാം ഈ കേസിൽ കണ്ണടച്ചിരിക്കുന്നത്.

കൺട്രോൾ റൂം എസിപിയും അദ്ദേഹത്തിന്റെ സ്റ്റാഫും, സ്പെഷ്യൽ ബ്രാഞ്ച് എസിപിയും അവരുടെ സ്റ്റാഫും, സബ് ഡിവിഷൻ എസിപി, എസ്എസ്ഡി എസിപി, ഇവരൊക്കെ ബിന്ദുവിനുണ്ടായ ക്രൂരത അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നു എന്നാണെങ്കിൽ ഇവർക്കും മുകളിലുള്ള ഒരാളുടെ സ്വാധീനം കൊണ്ടായിരിക്കുമല്ലോ? ഓമന ഡാനിയൽ എന്ന വ്യക്തി പരാതി നൽകിയപ്പോൾ തന്നെ ബിന്ദു പറഞ്ഞ കാര്യങ്ങൾ സ്റ്റേഷനിൽ നടന്നിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വാധീനം കൊണ്ടുതന്നെയാണ്.

രാത്രി സ്ത്രീകളെ ലോക്കപ്പിൽ നിർത്താൻ പാടില്ല, അനധികൃത കസ്റ്റഡി പാടില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. അപ്പോൾ ഒരു എസ്ഐ ആ ധൈര്യത്തിൽ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണം മുകളിലുള്ളവരുടെ ഇടപെടലാണ്. മുകളിലുള്ള ആരുടെയോ നിർദേശപ്രകാരമാണ് അവരെ 20 മണിക്കൂറോളം സ്റ്റേഷനിൽ നിർത്തിയത്. സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോ​ഗസ്ഥർ ഒരിക്കലും 20 മണിക്കൂർ സ്റ്റേഷനിലില്ലാതെയിരിക്കില്ല. അങ്ങനെയെങ്കിൽ നിലവിൽ സസ്പെൻഷനിലായിരിക്കുന്നവർ മാത്രമല്ല പ്രതികളാവേണ്ടത്.

നിരവധി കസ്റ്റ‍ഡി മരണങ്ങളും സംഭവച്ചിരിക്കുന്നത് ഇങ്ങനെ തന്നെയാണ്. വിനായകന്റെ മരണം, നെടുകണ്ടം കസ്റ്റഡി മരണം, വരാപ്പുഴ സംഭവം, ഇതെല്ലാം സംഭവിച്ചിരിക്കുന്നതും സമാനമായ രീതിയിലാണ്. കസ്റ്റ‍ഡി മരണങ്ങൾ പരിശോധിക്കുകയാണെങ്കിൽ പലപ്പോഴും മർദനം നടത്തിയതിന് ശേഷമാണ് ലോക്കപ്പിൽ കൊണ്ടുവന്നിടുന്നത്. അത്തരത്തിൽ സ്റ്റേഷനിൽ കിടന്ന് മരിക്കുകയാണെങ്കിൽ ജിഡിയും പാറാവുകാരനും മാത്രമാകും പ്രതികളാവുക’, ഉമേഷ് വള്ളിക്കുന്ന് അഴിമുഖത്തോട് പറഞ്ഞു.

വിഷയത്തിൽ വിശദമായ ഒരു ഫെയ്സ്ബുക്ക് കുറിപ്പും ഉമേഷ് വള്ളിക്കുന്ന് പങ്കുവെച്ചിരുന്നു. പോലീസ് സ്റ്റേഷനിലെ മോണിറ്ററിങ്ങ് സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നുണ്ട്. ഉമേഷ് വള്ളിക്കുന്നിന്റെ കുറിപ്പിൽ പറയുന്ന വിവരങ്ങൾ,

1. പോലീസ് സ്റ്റേഷനിലെ രാത്രി കസ്റ്റഡിയിലുള്ള ആളുകളുടെ വിവരം സിറ്റി പോലീസ് കണ്ട്രോൾ റൂം കൃത്യമായി ശേഖരിക്കും. അത് കൺട്രോൾ റൂം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യും. ഇത് വയർലെസ് സംവിധാനത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനാൽ എല്ലാ ഉദ്യോഗസ്ഥരും അറിയുകയും ചെയ്യും.

2. സ്റ്റേഷനിൽ ഉന്നത നിലവാരമുള്ള 12 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. അവയിലെ ദൃശ്യങ്ങൾ 24 മണിക്കൂറും കൺട്രോൾ റൂമിൽ കാണാവുന്ന വിധത്തിൽ സ്ക്രീനുകൾ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. നിരീക്ഷിക്കാൻ കൺട്രോൾ റൂമിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരും ഉണ്ട്. (ഇതേ ദൃശ്യങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും സാധാരണഗതിയിൽ ലഭിക്കും.) അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ കൺട്രോൾ റൂം അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കും. സിറ്റികളിൽ അസിസ്റ്റന്റ് കമ്മീഷണർക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. മറ്റു ജില്ലകളിൽ ഡിവൈഎസ്പി മാർക്കും.

3. കസ്റ്റഡി വിവരങ്ങൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. രാത്രി രണ്ടോ മൂന്നോ തവണ ഫോൺ മുഖാന്തിരം സ്റ്റേഷനിൽ സ്റ്റേഷനിലെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഓഫീസർ ഓരോ പോലീസ് സ്റ്റേഷനിലും രഹസ്യ വിവരങ്ങൾ ശേഖരിക്കാനായി ഉണ്ടാകും. കസ്റ്റഡി വിവരങ്ങളോ സ്റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വാഭാവികതകളോ സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങളോ രജിസ്റ്റർ ചെയ്യുന്ന കേസ് വിവരങ്ങളോ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ഈ ഉദ്യോഗസ്ഥൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ അറിയിക്കും. സ്റ്റേഷൻ പരിധിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ വരെ മുൻകൂട്ടി റിപ്പോർട്ട് ചെയ്യും. ഈ വിവരങ്ങൾ പ്രയോറിറ്റി അനുസരിച്ച് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യും.

4. കസ്റ്റഡി, അറസ്റ്റ് വിവരങ്ങൾ സ്റ്റേഷനിൽ സ്റ്റേഷനിൽ ഉള്ള ഇന്റലിജൻസ് വിഭാഗത്തിന്റെ ഓഫീസർ ശേഖരിക്കുകയും എസ് എസ് ബി SPക്ക് ഡിവൈഎസ്പി വഴി റിപ്പോർട്ട് നൽകുകയും ചെയ്യും. എസ് എസ് ബി അറിയാതെയും ഒരാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധ്യമല്ല.

5. സബ് ഡിവിഷൻ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങൾ കൃത്യമായി അറിയണം. എസ് എച്ച് ഒ ഇത്തരം വിവരങ്ങൾ കൃത്യമായി വിളിച്ചറിയിക്കേണ്ടതുണ്ട്. എസ് എച്ച് അവധിയിലിരിക്കുമ്പോൾ കൃത്യമായും മറ്റൊരാൾക്ക് എസ് എച്ച് ഒ യുടെ ചുമതല ഡി വൈ എസ്പി ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടാവും. സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങൾ ഡിവൈഎസ്പി കൃത്യമായി ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യും.

6. എല്ലാ രാത്രികളിലും ‘സബ് ഡിവിഷൻ ചെക്ക് ‘ എന്ന പേരിൽ ഓരോ സബ് ഡിവിഷനിലും ഒരു ഇൻസ്പെക്ടറുടെയോ സബ് ഇൻസ്പെക്ടറുടെയോ നേതൃത്വത്തിൽ പരിശോധന ഉണ്ടാവും. ഈ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകൾ പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തും. അസ്വാഭാവികമായ കസ്റ്റഡിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള മേലധികാരികളെ അറിയിക്കാൻ ഈ ഉദ്യോഗസ്ഥന് ചുമതലയുണ്ട്.

7. എല്ലാ രാത്രിയിലും ജില്ലയിലെ മൊത്തത്തിലുള്ള ചുമതല ഒരു ഡിവൈഎസ്പിക്ക് ആയിരിക്കും. (ചില സമയങ്ങളിൽ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്താറുണ്ട്). ഈ ഉദ്യോഗസ്ഥൻ രാത്രി പരിശോധനകൾ നടത്തുകയും ഓരോ പോലീസ് സ്റ്റേഷനിലും നേരിട്ട് ചെന്ന് പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അസ്വാഭാവികമായ കാര്യങ്ങൾ പരിഹരിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര വിവരങ്ങൾ കൈമാറുകയും ചെയ്യും. ഒരു പോലീസ് സ്റ്റേഷനിൽ ഒരു വനിതയെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ഉദ്യോഗസ്ഥൻ അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കേണ്ടതുണ്ട്.

Content Summary: Dalit Woman Custodial Torture: Umesh Vallikkunnu Alleges Involvement of Higher Authorities

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×