UPDATES

സിനിമ

കച്ചവട സിനിമകളുടെ കപടവാശികളെ മലര്‍ത്തിയടിച്ച ദംഗല്‍

ഒരു യഥാര്‍ത്ഥ ജീവിത കഥയില്‍ പരമാവധി വെള്ളം ചേര്‍ക്കാതെ ‘സിനിമാറ്റിക്’ ആക്കുവാന്‍ ശ്രമിക്കുമ്പോഴുള്ള പരിമിതികള്‍ മാത്രമാണ് ഈ സിനിമയുടെ പോരായ്മകള്‍

                       

‘Feminism isn’t about making women strong. Women are already strong. It’s about changing the way the world perceives that strength.’ —G.D. Anderson

സ്ത്രീ ശാക്തീകരണം പ്രമേയമാക്കി അടുത്ത കാലത്ത് ലോകത്തുണ്ടായിട്ടുള്ള സിനിമകളില്‍ ഇന്ത്യയില്‍ നിന്നുള്ളതില്‍ ഏറ്റവും മികച്ചത് എന്ന് ദംഗല്‍ അടയാളപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ, ഇന്ത്യയില്‍  ഉണ്ടായിട്ടുള്ള എക്കാലത്തെയും ഏറ്റവും മികച്ച സ്ത്രീ ശാക്തീകരണ സിനിമ എന്നത് ദംഗല്‍  മാത്രമായിരിക്കും. വ്യക്തിപരമായി ഏറ്റവും അനുഭവവേദ്യമായ ആസ്വാദനം സാധ്യമാക്കിയ ബോളിവുഡ് സിനിമയാണ് ദംഗല്‍. അനിതരസാധാരണമായ കഠിനാധ്വാനവും, ഹോം വര്‍ക്കും, പെര്‍ഫെക്ഷനും തന്നെയാണ് ദംഗല്‍; തട്ടുപൊളിപ്പന്‍ മസാല ചേരുവകളും, ആണ്‍നോട്ടങ്ങളുടെ മസില്‍പ്പെരുക്കങ്ങളും അരങ്ങു വാഴുന്ന ബോളിവുഡ് കാലത്ത് വ്യത്യസ്തമായ ആസ്വാദന പരിസരം ഒരുക്കുന്ന ഒരു സിനിമ. കാസ്റ്റിംഗിലെ പഴുതടച്ച പരിപൂര്‍ണത തന്നെയാണ് ഈ സിനിമ വേറിട്ട അനുഭവമാക്കുന്നത്.

ദംഗല്‍ എന്ന വാക്കിനു ഗുസ്തി മത്സരം എന്നാണര്‍ത്ഥം. സ്വപ്നങ്ങളെ സഫലീകരിക്കാന്‍ ജീവിതവുമായി ഗുസ്തിയിലേര്‍പ്പെട്ട ഒരച്ഛന്റെയും, അദ്ദേഹത്തിന്റെ പെണ്മക്കളുടെയും കഥയാണ് ദംഗല്‍. ഗുസ്തിയെ ഹൃദയമൂറ്റി സ്‌നേഹിക്കുന്ന ഗ്രാമീണ നിഷ്‌കളങ്കതകളുടെ അത്രമേല്‍ അസാധാരണ കാഴ്ചയായ ഒരു ഹരിയാനക്കാരന്‍ മനുഷ്യന്‍, ഒരു ആണ്‍കുഞ്ഞുണ്ടാകാന്‍ ആഗ്രഹിക്കുകയും, തന്റെ ഗുസ്തി പാരമ്പര്യം അവനു  പകര്‍ന്നു നല്‍കുവാന്‍  ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ മഹാവീര്‍ സിംഗ് ഫോഗട്ടിനു ഉണ്ടാകുന്നതെല്ലാം പെണ്‍കുട്ടികളാണ്. ഒടുവില്‍ ഒരു തപസ്സുപോലെ തന്റെ പെണ്‍മക്കളുടെ കായിക ഔന്നത്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ജീവിതവും, ചിന്തകളും, അധ്വാനവും സമര്‍പ്പിക്കുന്ന ഹൃദയഹാരിയായ കഥയിലെ, വാത്സല്യ നിധിയായ ഒരു പിതാവായി മാറുകയാണ് ആമിര്‍ അവതരിപ്പിക്കുന്ന മഹാവീര്‍ സിംഗ് ഫോഗട്ട്.

മഹാവീര്‍ സിംഗ് ഫോഗട്ട് ഒരു യഥാര്‍ത്ഥ വ്യക്തിത്വമാണ്. ഇന്ത്യക്കു വേണ്ടി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഗീത ഫോഗട്ടിന്റെയും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ബബിതാ കുമാരിയുടെയും അച്ഛനാണ് മഹാവീര്‍ സിംഗ്. അവരുടെ ജീവിതം തന്നെയാണ് സംവിധായകന്‍ നിതേഷ്  തിവാരി അവിശ്വസനീയമായ തികവോടെ അഭ്രപ്പാളികളില്‍ വരച്ചിടുന്നത്.

ഒരു തട്ടുപൊളിപ്പന്‍ ബോളിവുഡ് മസാല പ്രതീക്ഷിച്ചു ദംഗലിനു കയറി നിരാശരാവരുത്.  അത്തരക്കാര്‍ക്കുള്ളതല്ല ഈ സിനിമ. ഒരു യഥാര്‍ത്ഥ ജീവിത കഥയില്‍ പരമാവധി വെള്ളം ചേര്‍ക്കാതെ ‘സിനിമാറ്റിക്’  ആക്കുവാന്‍ ശ്രമിക്കുമ്പോഴുള്ള പരിമിതികള്‍ മാത്രമാണ് ഈ സിനിമയുടെ പോരായ്മകള്‍. ആ പോരായ്മകള്‍ കൂടി  തിരുത്തുക ഒട്ടൊക്കെ അസാധ്യവുമാണ്. സിനിമയുടെ ഫഌഷ്ബാക്കില്‍ നിന്നും തുടങ്ങി പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് വികസിക്കുന്ന ക്ലീഷേ കഥ പറച്ചില്‍ രീതി ദംഗലും തുടരുന്നുണ്ട്. എങ്കിലും ഒരു നിമിഷം പോലും അത്  മുഷിപ്പിക്കുന്നില്ല.

dangal-1

ചക് ദേ ഇന്ത്യ, സുല്‍ത്താന്‍ തുടങ്ങിയ കായികം പ്രമേയമായ സിനിമകളില്‍ ഷാരൂഖും, സല്‍മാനുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ആമിര്‍ ഖാന്‍ എന്ന ബോളിവുഡ് സൂപ്പര്‍ താരത്തെ മാറ്റി  നിര്‍ത്തിപ്പോലും നിര്‍ണ്ണായക രംഗങ്ങള്‍ രണ്ടു കൗമാരക്കാരി പെണ്‍കുട്ടികളെ വച്ച് ചിത്രീകരിച്ചു കഥ മുന്നോട്ട് കൊണ്ടുപോകാന്‍ നിതേഷ് തിവാരി കാണിക്കുന്ന ആര്‍ജ്ജവത്തിന് ഒരു നിറകണ്‍ സല്യൂട്ട്. കച്ചവട സിനിമകളുടെ കപടവാശികളെ തകര്‍ത്തെറിയുന്നുണ്ട് സംവിധായകന്‍ ഇവിടെ.

ഗുസ്തി ഇന്ത്യയുടെ സ്വന്തമാണ്. പൂഴിമണ്ണിന്റെ മടിത്തട്ടില്‍ കൊമ്പുകോര്‍ക്കുന്ന ഓരോ ഗുസ്തി താരവും അതുകൊണ്ട് തന്നെ നമുക്ക് വീരപുരുഷന്മാരുമാണ്. എന്നാല്‍ പുരുഷാധിപത്യം നിറഞ്ഞു വാണ ഗോദയിലേയ്ക്ക് തന്റെ പെണ്മക്കളെ ഇടികൂടാന്‍ ഇറക്കിയാണ് മഹാവീര്‍ ഫോഗട്ട് വ്യത്യസ്തനാകുന്നത്. പുരുഷന് സാധിക്കുന്നതെല്ലാം സ്ത്രീക്കും സാധിക്കും എന്നാദ്യം വിളിച്ചു പറയുന്നത് മഹാവീരാണ്. നാല് പെണ്മക്കളുടെ അച്ഛന്റെ നിലപാടിന് കയ്യൊപ്പ് ചാര്‍ത്തുകയാണ് മിടുക്കികളായ മൂത്ത രണ്ടു പേര്‍.

അതിമാനുഷനായ നായകനായോ, ഒരു സ്റ്റണ്ട് സീനില്‍ പോലുമോ ആമിറിനെ  കാണാനാകില്ല. നല്ല സിനിമയ്ക്ക്  ഇത്തരം  ക്ലീഷേ ചേരുവകള്‍ ആവശ്യമില്ല എന്നു ബോളിവുഡില്‍ നിന്നും വിളിച്ചു പറയുന്ന സംവിധായകന്‍ നിതേഷ് തിവാരി ഈ ഒരൊറ്റ സിനിമകൊണ്ട് സിനിമയുടെ വിശാല വിഹായസ്സില്‍ അടയാളപ്പെടുത്തപ്പെടുമെന്നുറപ്പ്.

‘പറയാന്‍ വാക്കുകളില്ല, ഇത്ര നല്ലൊരു ചിത്രം ഈ പതിറ്റാണ്ടില്‍ കണ്ടിട്ടില്ല’ എന്നാണു കരന്‍ ജോഹറും, ശബാന ആസ്മിയും സിനിമയെ വിലയിരുത്തിയത്. ‘സുല്‍ത്താനെക്കാള്‍ മികച്ച സിനിമ, ആമിറിനോട് അസൂയ തോന്നുന്നു.’  എന്ന് സല്‍മാനും നിഷ്‌കളങ്കമായി പറഞ്ഞിരിക്കുന്നു.

nitesh-tiwari

ആമിറിനെ മാറ്റി നിര്‍ത്തിയാല്‍ അത്രമേല്‍ പ്രശസ്ത താരങ്ങളല്ല ബാക്കിയെല്ലാവരും. പക്ഷേ, പ്രകടനമികവില്‍ അമ്പരപ്പിക്കുന്നുണ്ട് മുഴുവന്‍  അഭിനേതാക്കളും. പ്രത്യേകിച്ച് ഗീതയുടെയും, ബബിതയുടെയും കുട്ടിക്കാലം അവതരിപ്പിച്ച, യഥാക്രമം സൈറ വസീം, സുഹാനി ഭട്‌നാഗര്‍ എന്നീ കൗമാര താരങ്ങള്‍. നമ്മുടെ സിനിമ ചരിത്രത്തില്‍  നാളിതുവരെ ഇത്രമേല്‍ മനോഹരമായി, അഭിനയത്തികവോടെ കഥാപാത്ര പൂര്‍ണത നല്‍കിയ ബാലതാരങ്ങള്‍ അപൂര്‍വമായിരിക്കും. ഹരിയാനയിലെ പ്രാദേശിക ഭാഷാ സ്ലാങ്ങില്‍ പോലും വിട്ടുവീഴ്ച ചെയ്യാന്‍ നിതേഷ് തിവാരി തയ്യാറായില്ല എന്നത് ആ കലാകാരനോടുള്ള ആദരവ്  വര്‍ദ്ധിപ്പിക്കുന്നു. ആ നിലയില്‍ ആ രംഗത്തെ നമ്മുടെ തമ്പുരാനായ മമ്മൂട്ടിക്കൊക്കെ ദംഗല്‍  ഒരു പാഠപുസ്തകം തന്നെയായിരിക്കും. ദംഗല്‍ ഉള്‍പ്പടെ ആകെ നാല് സിനിമ മാത്രമേ നിതേഷ് ചെയ്തിട്ടുള്ളൂ. പക്ഷേ, അനുഭവ സമ്പന്നനായ ഒരു ചലച്ചിത്രകാരന്റെ കയ്യടക്കം ഓരോ സീനിലും ദൃശ്യമാണ്. അതിനു പിന്നിലെ കഠിനാധ്വാനവും, സമര്‍പ്പണവും സ്‌ക്രീനില്‍ നിഴല്‍പതിക്കുന്നുമുണ്ട്..!

എടുത്തുപറയേണ്ട മറ്റൊരു മേഖല പശ്ചാത്തല സംഗീതമാണ്. മത്സരം നടക്കുമ്പോഴുള്ള പ്രേക്ഷക പിരിമുറുക്കമെല്ലാം കൂടുതല്‍ അനുഭവ വേദ്യമാക്കുന്നതില്‍ സംഗീത സംവിധായകന്‍ പ്രീതം വിജയിച്ചിട്ടുണ്ട്. മറ്റൊന്ന്  സേതു ശ്രീറാമിന്റെ ക്യാമറയാണ്. അതിഭാവുകത്വങ്ങളില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവച്ച കണ്ണാടി എന്നു മാത്രം അതിനെ വിശേഷിപ്പിക്കട്ടെ…! എഡിറ്റര്‍ ബല്ലു സലൂജയും തന്റെ കര്‍മ്മം ഭംഗിയായി പൂര്‍ത്തിയാക്കി.!

എല്ലാ അര്‍ത്ഥത്തിലും ബോളിവുഡ് ഇന്നോളം  കണ്ട മനോഹര ചലച്ചിത്ര ശ്രമങ്ങളില്‍ ഒന്നാണ് ‘ദംഗല്‍’  എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ …!

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍