UPDATES

പെന്‍ ഡ്രൈവ് കൊലയാളിയുടെ നിഗൂഢതകള്‍; തലമരവിപ്പിക്കുന്ന കാഴ്ചകളുമായി ‘ഡിഎന്‍എ’

വഴിത്തിരിവുകളില്‍ കുറേ വഴി തെറ്റിക്കലുകളും ഒളിപ്പിച്ചുവയ്ക്കുന്ന തിരക്കഥ

                       

ചിയാങ് വിക്രമിന്റെ അന്യന്‍ എന്ന തമിഴ് പടം കണ്ടവര്‍ എല്ലാകാലത്തും ഓര്‍ത്തിരിക്കുക സമൂഹത്തെ നശിപ്പിക്കുന്നവനെ വിക്രമിന്റെ അന്യന്‍ കഥാപാത്രം കൊലപ്പെടുത്തുന്ന രീതികളായിരിക്കും. തിളച്ച എണ്ണയില്‍ ഇടുക, പുഴുവിന് ജീവനോടെ തിന്നാന്‍ ഇട്ടു കൊടുക്കുക…ക്രൂരതയുടെ സമാനതകളില്ലാത്ത കാഴ്ചകളാണ് ചിത്രം നല്‍കിയത്. അത്തരത്തില്‍ അജ്ഞാത കൊലയാളിയുടെ തലമരവിപ്പിക്കുന്ന ക്രൂരതകളും ആ കുറ്റകൃത്യങ്ങളുടെ ചുരളഴിക്കുന്ന ഉദ്യോഗസ്ഥരുടെയും കഥയാണ് ടി എസ് സുരേഷ് ബാബുവിന്റെ ഡിഎന്‍എ എന്ന സിനിമ. ട്രെയിലറില്‍ പുറത്ത് വിട്ട തിളച്ച ടാര്‍ ഒഴിച്ചുള്ള കൊല അടക്കം അതില്‍ വരും.

ഏതായാലും മലയാള സിനിമയുടെ ട്രെന്‍ഡ് മനസിലാക്കിയുള്ള തിരിച്ച് വരവാണ് സുരേഷ് ബാബു നടത്തിയിരിക്കുന്നതെന്ന വ്യക്തം. ഏത് ക്രൈം ത്രില്ലര്‍ കഥയിലും അനേകം വഴിത്തിരിവുകളുണ്ടാവും. കുറ്റാന്വേഷകരും പ്രേക്ഷകനും ആ വഴിത്തിരിവുകളിലൂടെ കടന്ന് പോവണം. അന്വേഷകനെ പോലെ തന്നെ പ്രേക്ഷകനും അവിടെ കാണുന്ന പലകാര്യങ്ങളും അനുമാനിക്കുകയും നിഗമനങ്ങളിലെത്തി ചേരുകയും ചെയ്യും. അങ്ങനെ തെളിവുകളെയും അപഗ്രഥനത്തെയും കൂട്ടുപിടിച്ച് പ്രേക്ഷകനെ യാത്ര ചെയ്യിപ്പിക്കാന്‍ സാധിക്കുന്നിടത്താണ് ക്രൈം ത്രില്ലന്‍ ഴോണര്‍ സിനിമകളുടെ വിജയം ഇരിക്കുന്നത്. അതിന് നൂറുശതമാനവും സുരേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്. ആദ്യാവസാനം വരെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ സാധിക്കുന്ന മെയ്ക്കിങ് തന്നെയാണ് അദ്ദേഹം അഭ്രപാളിയിലേക്ക് എത്തിച്ചത്. വഴിത്തിരിവുകളില്‍ കുറേ വഴി തെറ്റിക്കലുകളും കാഴ്ചക്കാര്‍ക്കായി ഒളിപ്പിച്ചുവയ്ക്കുന്ന തിരക്കഥ ഒരുക്കിയിരിക്കിയ എ കെ സന്തോഷിന്റെ എഴുത്തും കൈയ്യടി നേടുന്നതാണ്. സാധാരണക്കാരന്റെ ചിന്തകള്‍ക്കൊപ്പവും ചിലപ്പോഴൊക്കെ ചടുലമായും സഞ്ചരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകനെ പിടിച്ചിരിത്താന്‍ പോന്നവയായിരുന്നു.

അഷ്‌കര്‍ സൗദാന്‍- മമ്മുട്ടിയുടെ സഹോദരി പുത്രനാണ് ചിത്രത്തിലെ നായകന്‍. കൊച്ചി നഗരമാണ് കഥാപശ്ചാത്തലം. അവിടെ എഫ്എം സ്റ്റേഷനിലെ റേഡിയോ ജോക്കിയായ ലക്ഷ്മി നാരായണയുടെ വേഷമാണ് അഷ്‌കര്‍ അവതരിപ്പിക്കുന്നത്. പുതുമുഖ താരമെന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉണ്ടാക്കാത്ത വിധം വേഷപകര്‍ച്ച നടത്താന്‍ സാധിച്ചതാണ് സൗദാന്റെ വിജയം. കൊലപാതക പരമ്പരകള്‍ കേട്ട് ഉണരുകയാണ് കൊച്ചി. കുറച്ച് ദിവസങ്ങളായി ആളുകളുടെ ഉറക്കം കെടുത്തുന്നത് ഈ വാര്‍ത്തയാണ്. കൊച്ചി കമ്മീഷണറായ റേച്ചല്‍ പുന്നൂസിന്റെ വേഷമാണ് ലക്ഷ്മി റായി കൈകാര്യം ചെയ്തിരിക്കുന്നത്. മുന്‍കാല സിനിമകളില്‍ ഗ്ലാമറസ് വേഷത്തില്‍ പകര്‍ന്നാടിയ ലക്ഷ്്മി റായി, പക്വതയുള്ള ഓഫിസര്‍ വേഷത്തില്‍ കാണാന്‍ സാധിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൊച്ചിയില്‍ പുതിയ പദവിയിലെത്തിയ ലക്ഷ്മിയെ കാത്തിരിക്കുന്നത് കൊലപാതക പരമ്പരകളും ആ കൊലകളുടെ ക്രൂര ദൃശ്യങ്ങളുമാണ്. അജ്ഞാത കൊലയാളിയിലേക്ക് ലക്ഷ്മി റായി നടത്തുന്ന യാത്രയാണ് സിനിമ. മുന്‍കാല നടി സലീമയുടെ ഗസ്റ്റ് അപ്പിയറന്‍സാണ് മറ്റൊരു പ്രത്യേകത. രണ്‍ജി പണിക്കര്‍, മജീദ്, ബാദുഷ, ഹന്ന റെജി കോശി, ബാബു ആന്റണി, , റിയാസ് ഖാന്‍, ഇര്‍ഷാദ്, അജു വര്‍ഗീസ് രവീന്ദ്രന്‍, ഇനിയ, സ്വാസിക, ഗൗരിനന്ദ, സീത, ശിവാനി, സജ്‌നാ, അഞ്ജലി അമീര്‍, ഇടവേള ബാബു, കോട്ടയം നസീര്‍, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ് എന്നിങ്ങനെ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. മികച്ച ത്രില്ലര്‍ സിനിമകള്‍ മിസ് ചെയ്യാതെ കാണുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ സിനിമയ്ക്ക് ടിക്കറ്റെടുക്കാം

 

English summary: DNA malayalam movie review: An Investigation Thriller That Effectively Uses The Genre’s Cliches To Its Favour

Share on

മറ്റുവാര്‍ത്തകള്‍