സ്ത്രീധനവും സ്ത്രീധന പീഡന വാർത്തകളും പത്ര മാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നിട്ടും സ്ത്രീധനം പോലുള്ള സമ്പ്രദായങ്ങളിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്നതിന്റെ തെളിവാണ് അടിക്കടി ഉയർന്നു വരുന്ന സ്ത്രീധന പീഡന വാർത്തകൾ. ഏറ്റവുമടുത്തായി കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി ആക്രമിച്ചത് വലിയ ചർച്ചയായിരുന്നു. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാർക്കിലെ സ്വകാരണ കമ്പനിയിലെ ജീവനക്കാരികൂടിയാണ്. വിദ്യാഭ്യാസവും ജോലിയും ഉണ്ടെന്നിരിക്കെ പെൺകുട്ടികൾ ഇത്തരം പീഡനം സഹിക്കുന്നത് ആശ്ചര്യാജനകമാണെന്നും, ആദ്യത്തെ അടിക്ക് തന്നെ അവിടെ നിന്നും ഇറങ്ങണമായിരുന്നുവെന്നും പറയുകയാണ്, കാക്കനാട് ഇൻഫോപാർക്കിലെ ജോലിക്കാരായ യുവതികൾ. dowry cases in Kerala
സ്ത്രീധനം എന്നും ഒരു പ്രശ്ന വിഷയമാണ്. ഒരു വ്യക്തിയും സ്ത്രീധനത്തിന്റെ പേരിൽ യാതൊരു തരത്തിലുള്ള പീഡനവും സഹിക്കേണ്ട ആവശ്യമില്ല. വിദ്യാഭ്യാസം നേടുന്നതിന്റെ അർത്ഥം തന്നെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടിയാണ്. ആരുടെയും അടിമത്വത്തിൽ കിടക്കാതെ ആരെയും ആശ്രയിക്കാതെ നിൽക്കാനാണ് എല്ലായിപ്പോഴും ശ്രമിക്കേണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവോ, ഭർതൃവീട്ടുകാരോ മറ്റാരെങ്കിലും ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കുകയാണെങ്കിൽ അതനുഭവിക്കുകയോ സഹിച്ച് നിൽക്കുകയോ ചെയ്യേണ്ട ആവശ്യമില്ല അതിനോട് പ്രതികരിക്കുകയാണ് വേണ്ടത്. എല്ലാവർക്കും അതിനു കഴിയാത്തത് ഒരു പക്ഷെ നമ്മുടെ സമൂഹത്തിന്റെ കുഴപ്പം കൊണ്ട് കൂടിയാണ്, ഓരോ വിഷയങ്ങളും പ്രശ്നമാവുമ്പോൾ എല്ലാവരും പിന്തുണനൽകുമെങ്കിലും കല്യാണം കഴിപ്പിച്ച് വിട്ട മകൾ പിറ്റേദിവസം വീട്ടിൽ വന്നു നിന്നാൽ വീട്ടുകാരുടയും സമൂഹത്തിന്റെയും, മനോഭാവം ഇങ്ങനെ ആയിരിക്കില്ല. അന്ന് ഇത്രയും പ്രസംഗിക്കുന്നവർ വരെ ചിലപ്പോൾ എല്ലാം തിരുത്തിപ്പറയും. കുടുംബത്തിന് ഒരു ബാധ്യത ആകേണ്ട എന്ന് കരുതിയാകണം പലരും സഹിക്കുന്നത്. വിവരവും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കും. അതുകൊണ്ട് പറയാനുള്ളത് പറയേണ്ട സമയത്തും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും വേണം. ഞാൻ ആണ് ഇങ്ങനെ ഒരു സ്ഥാനത്ത് നിൽക്കുന്നതെങ്കിൽ ആ നിമിഷം തന്നെ പ്രതികരിക്കുമായിരുന്നു. രക്ഷിതാക്കൾ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് അയച്ചതിനു ശേഷം ആരുടേയും അടിയൊന്നും കൊള്ളേണ്ട കാര്യം ഇല്ല. ആർക്കും സ്ത്രീധനം കൊടുക്കേണ്ട ആവശ്യവുമില്ല, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നു അറിഞ്ഞുകൊണ്ട് തന്നെ അത് ചെയ്യാതിരിക്കാൻ എല്ലാവരും ശ്രമിക്കണം. സ്ത്രീധനം വാങ്ങുന്നവർക്ക് വേണ്ടത് സ്വത്തും പണവുമാണ് അല്ലാതെ ഒരു പങ്കാളിയെ അല്ല. എന്നാണ് അഞ്ജന അപ്പുകുട്ടൻ പറയുന്നത്.
സാന്ദ്രക്കും അഞ്ജനയുടെ അതേ അഭിപ്രായമാണ്, സ്വന്തം കാലിൽ ആരെയും ആശ്രയിക്കാതെ നിൽക്കാൻ കഴിയും എന്ന മാർഗം മുന്നിൽ ഉണ്ടായിരിക്കെ ആ സാഹചര്യത്തിൽ നിന്ന് പുറത്ത് കടക്കണം എന്നാണ് സാന്ദ്ര പറയുന്നത്.
വീട്ടിൽ നിന്ന് വിട്ടുവീഴ്ച ചെയ്യാൻ പറയുന്ന സാഹചര്യമാണെങ്കിൽ സ്വന്തമായി ജോലിയുണ്ടെങ്കിൽ ഇത്തരം പറച്ചിലുകൾക്കൊന്നും ചെവി കൊടുക്കേണ്ട കാര്യമില്ല. ഞാൻ ആണ് ഇത്തരം ഒരു സാഹചര്യത്തിൽ എത്തിപ്പെടുന്നതെങ്കിൽ ആ നിമിഷം അവിടെ നിന്ന് ഇറങ്ങും. ആർക്കും സ്ത്രീധനം കൊടുക്കേണ്ട ആവശ്യമില്ല, ഇനി വീട്ടുകാർ തരാൻ തയ്യാറായാലും ഞാൻ സ്ത്രീധനം വാങ്ങിക്കില്ല. സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങിക്കുന്നവരെ കല്യാണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം, അങ്ങനെ വരുന്നവർക്കാവശ്യം പെണ്ണല്ല പൊന്നാണ് എന്ന ബോധ്യം ഉണ്ടാകണം. പറ്റില്ലെങ്കിൽ കളഞ്ഞേക്കണം, ആർക്കും അടിയറവ് പറഞ്ഞു ജീവിക്കാനുള്ളതല്ല നമ്മുടെ ജീവിതം. നമ്മുടെ വീട്ടുകാരെ പറഞ്ഞു മനസിലാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്, കാരണം നഷടമാകുന്നത് നമുക്ക് മാത്രമാണ്. എന്നാണ് സാന്ദ്ര പറയുന്നത്.
സ്ത്രീധനത്തിന് പകരം മികച്ച വിദ്യാഭ്യാസം നൽകാനും, സ്വന്തം കാലിൽ നിൽക്കാനുമാണ് മക്കളെ പ്രാപ്തരാക്കേണ്ടത് എന്നാണ് രമ്യ പറയുന്നത്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും വേണം എന്നും രമ്യ പറയുന്നുണ്ട്.
സ്ത്രീധനം എന്ന പേരിൽ സ്വർണ്ണവും പണവും കല്യാണം കഴിക്കാൻ വരുന്നവർക്ക് കൊടുക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന പന്തീരകാവിലെ വിഷയമാണെങ്കിലും, കൊല്ലപ്പെട്ട ഉത്തരയും, വിസ്മയയും ആണെങ്കിലും നല്ല വിദ്യാഭ്യാസം ഉള്ളവരായിരുന്നു, എന്നിട്ടും അവർക്ക് ഈ ഗതിവന്നത് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാത്തതിനാൽ ആണ്. സ്ത്രീധനത്തിന് പകരം പരമാവധി വിദ്യാഭ്യാസം നൽകാനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനുമാണ് മാതാപിതാക്കന്മാർ ശ്രദ്ധിക്കേണ്ടത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിൽ ആരുടേയും കാൽകീഴിൽ കിടക്കേണ്ട ആവശ്യമില്ല ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കുകയും വേണം. ആർക്കും ഒരു തരത്തിലുള്ള ഉപദ്രവങ്ങൾക്കും നിന്ന് കൊടുക്കണ്ട ഒരു കാര്യമില്ല, അതിന് വേണ്ട നിയമ സംവിധാനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം. പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതികാരി ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുളള വ്യക്തിയായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള എല്ലാ മാര്ഗ്ഗവും ആ കുട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത് അതുകൊണ്ട് പക്ഷെ സാധിച്ചില്ല, പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കൂടി മക്കളെ മാതാപിതാക്കൾ പഠിപ്പിക്കേണ്ടത് ആവശ്യകത കൂടി ഈ സംഭവം ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്ത്രീധനം ചോദിച്ചുവാങ്ങിക്കുന്നവരെ ആ നിമിഷം തന്നെ മനസിലാക്കാൻ സാധിക്കണം കൂടാതെ അടിച്ചാൽ തിരിച്ചടിക്കാനും പാകത്തിന് പ്രതികരണ ശേഷിയും ഓരോരുത്തർക്കും വേണം എന്നാണ് ഡെൽനയുടെ പക്ഷം.
സ്ത്രീധനം ചോദിച്ച് വാങ്ങിക്കുന്നതിനോട് എനിക്ക് ഒരിക്കലും യോചിക്കാൻ കഴിയില്ല, പക്ഷെ നമ്മുടെ ഭാവിക്കായി മാതാപിതാക്കൾ എന്തെങ്കിലും തരുകയാണെങ്കിൽ വാങ്ങാം. ചോദിച്ച് വാങ്ങിക്കുന്നവരുടെ കണ്ണ് പെണ്ണിലല്ല സാമ്പത്തിലാണ് എന്ന തിരിച്ചറിവ് പെൺകുട്ടിക്കും വീട്ടുകാർക്കും ഉണ്ടാകണം. ഞാൻ ആണ് ഇങ്ങനെ ഒരു സാഹചര്യത്തിൽ എങ്കിൽ ആദ്യം ഭർത്താവിനെയും വീട്ടുകാരെയും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും, അതിനു സാധിച്ചില്ലെങ്കിൽ അവിടെ നിന്ന് ഇറങ്ങുക എന്ന മാർഗം മാത്രമേ മുന്നിൽ ഉള്ളു. എന്നോട് എങ്ങനെ ആണോ അവരുടെ പ്രതികരണം അതേ രീതിയിൽ തന്നെ ആയിരിക്കും ഞാനും പ്രതികരിക്കുക, എന്നെ അടിച്ചാൽ ഞാനും തിരിച്ചടിക്കും. ആരുടേയും തല്ലുകൊള്ളാൻ അല്ല കല്യാണം കഴിപ്പിച്ച് അയക്കുന്നത്. പ്രതികരിക്കാൻ കരാട്ടെ പോലുള്ള ആയോധനകലകൾ പഠിച്ചിരിക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്. സ്വയ രക്ഷ എപ്പോഴും ഉറപ്പ് വരുത്തണം, നമുക്ക് നമ്മൾ മാത്രമേ കാണുകയുള്ളു എന്ന ചിന്തവേണം.
content summary : Girls react to dowry cases in Kerala.