സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

 
V Sivankutty

ഏതെല്ലാം ക്ലാസുകള്‍ തുറക്കാമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് തയ്യാറാക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ഏതെല്ലാം ക്ലാസുകള്‍ തുറക്കാമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് തയാറാക്കും. വിദഗ്ധ സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി അന്തിമ തീരുമാനമെടുക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തമിഴ്‌നാടും കര്‍ണാടകയും ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. പ്രത്യേക നിബന്ധനകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച വിദഗ്ധരുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന ആശയം ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാലാണ് വിദഗ്ധ സമിതിയുടെ കൂടി അഭിപ്രായം തേടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

സ്‌കൂളുകള്‍ കാണാതെ പത്താം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ എഴുതിയ കുട്ടികളുണ്ട്. അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മളാരും ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി. എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശിക്കാന്‍ ചിലരുണ്ട്. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി ശിവന്‍കുട്ടി കുറ്റപ്പെടുത്തി.