'സ്‌കൂളുകള്‍ തുറക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനാകില്ല: കേരളത്തിലെ സാഹചര്യം ചിന്തിക്കണം'

 
Supreme Court
ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്, ഭരണനിര്‍വഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല

സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ തുറക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനാകില്ലെന്ന് കോടതി പറഞ്ഞു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. രണ്ടാം തരംഗത്തിന്റെ കെടുതികളില്‍നിന്ന് രാജ്യം പതുക്കെ പുറത്തുവരുന്നതേയുള്ളൂ. ഈ തരംഗം വീണ്ടും എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും നിശ്ചയമില്ല. കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് മടങ്ങേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. അക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബി.വി രാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതോടെ ഹര്‍ജിക്കാരന്‍ പരാതി പിന്‍വലിച്ചു. 

ഡല്‍ഹിയില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. മാളുകളും റസ്‌റ്റോറന്റുകളും തുറന്നിരിക്കുന്നു, എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നില്ല. ഇത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി വിദ്യാര്‍ഥിക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ബൗദ്ധിക വികാസം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലൂടെ സാധ്യമാകുന്നില്ല. ട്യൂഷനും മറ്റു കോച്ചിംഗ് ക്ലാസുകള്‍ക്കും നിര്‍ബന്ധിതരാകുന്നു. അതിനാല്‍, സ്‌കൂളുകള്‍ തുറന്ന്, മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് കോടതിയുടെ ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം. 

സ്‌കൂളിലെ പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരാതിക്കാരനായ വിദ്യാര്‍ഥിയോട് ആവശ്യപ്പെടണമെന്ന് കോടതി പറഞ്ഞു. ഭരണഘടനാ പരിഹാരങ്ങള്‍ തേടുന്നതില്‍ സ്വയം ഇടപെടരുതെന്നും പറഞ്ഞുകൊടുക്കുക. ഈ ഹര്‍ജി എത്രത്തോളം അസ്ഥാനത്താണ്. പൊതുജന ശ്രദ്ധ നേടാനുള്ള തന്ത്രമാണെന്നൊന്നും പറയുന്നില്ല, എന്നാല്‍ ഇത്തരത്തില്‍ അവരെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരില്‍നിന്ന് പരിഹാരം തേടുക. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാഹചര്യത്തെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. ഡല്‍ഹിയില്‍ എന്തൊക്കെ സംഭവിച്ചാലും, സമാന സാഹചര്യമാണുള്ളത്. ഇതൊരു സങ്കീര്‍ണമായ വിഷയമാണ്. സംസ്ഥാന സര്‍ക്കാരുകളാണ് കൈകാര്യം ചെയ്യേണ്ടത്. ഭരണനിര്‍വഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാന്‍ ഉത്തരവിടാനാവില്ല. ഡല്‍ഹിയില്‍ സ്‌കൂള്‍ പൂര്‍ണമായും തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും കോടതി പറഞ്ഞു.