സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

 
STUDY

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറങ്ങി.  ഒരു ദിവസം പകുതി കുട്ടികൾക്കാണ് പ്രവേശനം. പി.ജിക്ക് മുഴുവൻ വിദ്യാർത്ഥികളും എത്തണം. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്.  കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 

കോളജുകൾക്ക് ക്ലാസ്സുകളുടെ സമയം തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും അടുത്തമാസം നാല് മുതൽ പ്രവർത്തിക്കാം.

ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. ഒരു ദിവസം പകുതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഒന്നും രണ്ടും വര്‍ഷ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, ലബോറട്ടറികള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കും കോളജുകളില്‍ വരാം.