കേരളത്തിന് പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താം; എതിര്‍വാദം തള്ളി സുപ്രീംകോടതി

 
SupremeCourt
അധികൃതര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും കോടതി പങ്കുവെച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താം എന്നാണ് കോടതിയുടെ ഉത്തരവ്. ഏഴ് ലക്ഷം പേര്‍ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കണക്കിലെടുത്താണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. എതിര്‍വാദങ്ങള്‍ തള്ളിയ കോടതി, അധികൃതര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും വിശ്വാസവും പങ്കുവെച്ചു.  

സെപ്റ്റംബര്‍ ആറിന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ സെപ്റ്റംബര്‍ മൂന്നിന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു കോടതിയുടെ ഇടപെടല്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിലെ ആശങ്കകളാണ് കോടതി ഉന്നയിച്ചത്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടതും കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ഇല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ കഴിയില്ല. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വണ്‍ പരീക്ഷ അതുകൊണ്ടുതന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും കേരളം പറഞ്ഞു. 

പ്ലസ് വണ്‍ പരീക്ഷക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണം. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിനു മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്ലൈന്‍ ആയി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്. ഓഫ്ലൈന്‍ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളില്‍ പ്രവേശന യോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിനൊപ്പം കൂട്ടുമെന്ന കാര്യവും കേരളം അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയതും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.