സ്‌കൂളുകള്‍ തുറക്കാന്‍ വിപുലമായ പദ്ധതി; ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍, ബസുകള്‍ അണുവിമുക്തമാക്കും

 
School Re Opening

സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. സ്‌കൂള്‍ ബസുകള്‍ അണുവിമുക്തമാക്കും. കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു. 

ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചര്‍ച്ചകള്‍ നടത്തും. കുട്ടികള്‍ സ്‌കൂളുകളിലെത്തുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ എന്നിവ പാലിക്കുന്നതിനും, കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുന്ന വിശദമായ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കുന്നതെങ്കിലും ഒക്ടോബര്‍ 15നുമുമ്പ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. അതിനു മുന്നോടിയായി ആരോഗ്യ വിദഗ്ധര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാന്‍ ആലോചിക്കുന്നത്. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ദുരീകരിക്കും. അധ്യാപക സംഘടനാ നേതാക്കളുമായും ചര്‍ച്ച നടത്തും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.