സ്‌കൂള്‍ തുറക്കാന്‍ ഒരുക്കം തുടങ്ങി; അധ്യാപകര്‍ക്കുള്ള വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതഗതിയില്‍: മന്ത്രി വി. ശിവന്‍കുട്ടി

 
V Sivankutty

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആണ് നടപടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാകും സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകര്‍ക്കുള്ള വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതഗതിയില്‍ ആക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്‌സിറ്റി കോളേജിനെ പൂര്‍വ വിദ്യാര്‍ഥികള്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേസമയം മികവ് പ്രകടിപ്പിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ പരമാവധി സഹായിക്കുന്ന മികച്ച അധ്യാപകര്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ വര്‍ധിച്ച വനിതാപ്രാതിനിധ്യം എന്നിവയെല്ലാം യൂണിവേഴ്‌സിറ്റി കോളേജിനെ വ്യത്യസ്തമാക്കുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴത്തെ മികവ് സ്വന്തമാക്കിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് എതിര്‍ത്തുതോല്‍പിച്ചു. കോളേജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്നാണ് ഒരു നേതാവ് അന്നു പറഞ്ഞത്. അത്തരം നീക്കങ്ങളെയെല്ലാം മറികടന്ന് ഇപ്പോള്‍ ഇതുവരെയെത്തി നില്‍ക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കലാലയത്തിന്റെ അഭിവൃദ്ധിയില്‍ വിദ്യാര്‍ഥികളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. റാഗിങ്, പ്രവേശനത്തിനുള്ള കോഴ തുടങ്ങിയ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനായിട്ടുണ്ട്. വിദ്യാര്‍ഥി സംഘടന കലാലയങ്ങളില്‍ അത്യാവശ്യമാണ്. എതിര്‍ക്കുന്നവര്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ നല്ല വശം നോക്കണം. ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആകെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് അലുമിനി അസോസിയേഷന്റെ ഉപഹാരം മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ് ഡോ. എസ്. സുബ്രഹ്‌മണ്യന്‍ ഏറ്റുവാങ്ങി. കോളേജിലെ എന്‍.ഐ.ആര്‍.എഫ്. നോഡല്‍ ഓഫീസര്‍ ഡോ. വി.ജി. വിജുകുമാര്‍, വകുപ്പു മേധാവികളുടെ പ്രതിനിധി ഡോ. ബി. അശോകന്‍, അധ്യാപക പ്രതിനിധി ഡോ. മനോമോഹന്‍ ആന്റണി, വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധി ജിനില്‍ സജീവ് തുടങ്ങിയവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ദേശീയ തലത്തില്‍ 1,802 കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് 25ാം സ്ഥാനത്ത് എത്തിയത്.