പ്ലസ് വണ്‍ പരീക്ഷ: ഉന്നതതല യോഗം ഇന്ന്; പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി 

 
Exam

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പരീക്ഷ എത്രയുംവേഗം തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷാ നടത്തിപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. 

വിദ്യാര്‍ഥികള്‍ക്ക് ഒരുതരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ പരീക്ഷ നടത്തും. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച്, പഠനത്തിന് ഇടവേള നല്‍കിക്കൊണ്ടുള്ള ടൈംടേബിള്‍ പുറത്തിറക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നു ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.