പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണം; കേരളം സുപ്രീം കോടതിയില്‍

 
Exam

മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല 

പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും. 

പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ലസ് വണ്‍ പരീക്ഷ അതുകൊണ്ടുതന്നെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പ്ലസ് വണ്‍ പരീക്ഷക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണം. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിനു മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. വീടുകളില്‍ ഇരുന്നാണ് രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ മോഡല്‍ പരീക്ഷ എഴുതിയത്. എന്നാല്‍ ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുമ്പോള്‍ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത്. ഓഫ്‌ലൈന്‍ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയത്തില്‍ നിന്ന് വ്യത്യസ്തമായാണ് കേരളത്തില്‍ മാര്‍ക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളില്‍ പ്രവേശന യോഗ്യത കണക്കാക്കാന്‍ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പ്ലസ് ടു പരീക്ഷ മാര്‍ക്കിനൊപ്പം കൂട്ടുമെന്ന കാര്യവും കേരളം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയതും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 13ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് കേസ് പരിഗണിക്കും.