പ്ലസ് വണ്‍: ആദ്യഘട്ടം അലോട്ട്‌മെന്റ് പട്ടിക ഇന്ന്; പ്രവേശന നടപടികള്‍ നാളെമുതല്‍

 
Students

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യഘട്ടം അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ (23, വ്യാഴം) മുതലാണ് പ്രവേശന നടപടികള്‍ ആരംഭിക്കുക. കോവിഡ് പശ്ചാത്തലത്തില്‍, കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രവേശന നടപടികള്‍ ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. 

അതേസമയം, ട്രയല്‍ അലോട്ടമെന്റില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പം നിലനില്‍ക്കെയാണ് ആദ്യഘട്ടം അലോട്ട്‌മെന്റ് തുടങ്ങുന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കുപോലും ട്രയല്‍ അലോട്ട്മെന്റില്‍ ഇഷ്ടവിഷയങ്ങള്‍ കിട്ടിയില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ച് വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. പത്ത് ശതമാനം സീറ്റ് വര്‍ധനവിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.