പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഈമാസം 24ന് തുടക്കം

 
Exam

പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍

സംസ്ഥാനത്തെ പ്ലസ് വണ്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 18ന് അവസാനിക്കും. വിഎച്ച്എസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നും അവസാനിക്കും. ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ടൈം ടേബിള്‍ http://dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്ത്, പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍, പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും. 

പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നതിന് സുപ്രീംകോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷാ നടത്തിപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഒരുതരത്തിലുമുള്ള ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ പരീക്ഷ നടത്തും. കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മാനിച്ച്, പഠനത്തിന് ഇടവേള നല്‍കിക്കൊണ്ടുള്ള ടൈംടേബിള്‍ പുറത്തിറക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു.