ജീവിത-തൊഴില്‍ ക്ഷമതാ നൈപുണ്യങ്ങള്‍ ആര്‍ജിക്കുവാന്‍ സഹായിക്കുക; യംഗ് വാരിയര്‍ നെക്സ്റ്റിനു തുടക്കമായി

 
study

യംഗ് വാരിയര്‍ മൂവ്‌മെന്റിന്റെ അടുത്ത ഘട്ടം യംഗ് വാരിയര്‍ നെക്സ്റ്റ്  ആരംഭിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയവും യു എന്‍ സംഘടനകളും (യുണിസെഫ്, യുഎന്‍എഫ്പിഎ, യുഎന്‍ഡിപി, യുഎന്‍വി, യുഎന്‍ വിമന്‍, യുഎന്‍ എയ്ഡ്‌സ്, യുഎന്‍എച്ച്‌സിആര്‍, ഡബ്ല്യുഎച്ച്ഒ, ഐഎല്‍ഒ) യുവാ (ജെനറേഷന്‍ അണ്‍ലിമിറ്റഡ് ഇന്‍ ഇന്ത്യ)യും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണുകളും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്ന പഠന, നൈപുണ്യ പരിശീലന രംഗത്തെ പ്രതിസന്ധികളെ മറികടക്കുന്നതിനു വേണ്ടിയുള്ള ഒരു കര്‍മ്മപദ്ധതിയായി മാറുക എന്നതാണ് യംഗ് വാരിയര്‍ നെക്സ്റ്റ് എന്ന സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. 14 നും 24 നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളെ നിര്‍ണായകമായ ജീവിത-തൊഴില്‍ ക്ഷമതാ നൈപുണ്യങ്ങള്‍ ആര്‍ജിക്കുവാന്‍ സഹായിച്ചുകൊണ്ട് വിജയകരമായ ജീവിതവും തൊഴിലുകളും നേടാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന യംഗ് വാരിയര്‍ നെക്സ്റ്റ് എന്ന കര്‍മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വേയാവബോധം, സഹകരണം, പ്രശ്‌നപരിഹാരം, ആശയവിനിമയം, തീരുമാനമെടുക്കല്‍, തൊഴില്‍ പരിശീലനവും തൊഴില്‍ ക്ഷമതാ നൈപുണ്യവും നല്‍കുന്ന തൊഴില്‍ നൈപുണ്യവികസനം എന്നിങ്ങനെയുള്ള അഞ്ച് നിര്‍ണായക ജീവിതനൈപുണ്യങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. പഠിതാക്കളുടെ സമൂഹത്തില്‍ കോവിഡ് ഏല്‍പിച്ചിട്ടുള്ള മനശ്ശാസ്ത്ര-സാമൂഹ്യ പ്രത്യാഘാതങ്ങളെ മനസ്സിലാക്കിക്കൊണ്ട്, മാനസീകാരോഗ്യത്തെയും വൈകാരിക സുസ്ഥിതിയെയും ഭദ്രമാക്കുന്നതിനുള്ള കാര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

''മാറ്റത്തിന്റെ ചാലകശക്തികളാണ് നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടിലെ തൊഴില്‍ രംഗത്തിന്റെയും സമൂഹത്തിന്റെയും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ നൈപുണ്യങ്ങളും ഉപാധികളും നല്‍കി അവരെ സജ്ജരാക്കുക എന്നതു വളരെ പ്രധാനമാണ്. ജീവിത നൈപുണ്യങ്ങളും തൊഴില്‍ ക്ഷമതയുമാണ് അവയില്‍ നിര്‍ണായകം. നൈപുണ്യവും സാമൂഹ്യ ഉത്തരവാദിത്വവുമുള്ള നേതാക്കളാകാന്‍ യുവജനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുവജന-കായിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.' കേന്ദ്ര യുവജനകാര്യ വകുപ്പ് സെക്രട്ടറി ഉഷ ശര്‍മ്മ പറഞ്ഞു,

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിലാണ് 2021 മെയ് മാസത്തില്‍ യംഗ് വാരിയര്‍ മൂവ്‌മെന്റ് ആരംഭിച്ചത്. വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുക, പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുക, സഹജീവികള്‍ക്കു കൗണ്‍സലിംഗ് നല്‍കുക, കോവിഡ് 19 ഉം വാക്‌സിനുമായി ബന്ധപ്പെട്ട കിംവദന്തികള്‍ സംബന്ധിച്ച സംശയനിവാരണം വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് യുവജനങ്ങള്‍ ചെയ്തത്.

യംഗ് വാരിയര്‍ നെക്സ്റ്റ് ന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  YWNXT  എന്ന് 91 9650414141 എന്ന നമ്പറിലേയ്ക്ക് വാട്‌സാപ്പില്‍ അയക്കുകയോ യു റിപ്പോര്‍ട്ട് ഇന്ത്യ ഫേസ് ബുക്ക് പേജിലേക് അയക്കുകയോ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക - www.yuwaah.org/youngwarrior.