January 22, 2025 |
Avatar
അമർനാഥ്‌
Share on

ജയറാം പടിക്കല്‍ എന്തുകൊണ്ട് ആത്മകഥ എഴുതിയില്ല?

സാധാരണ ഒരു ചരമ വാര്‍ത്തയിലൊതുങ്ങിയ മരണം. ആരും ഒരു ചരമ കുറിപ്പ് പോലും എഴുതിയില്ല

‘അത് ഏറ്റവും മികച്ച സമയമായിരുന്നു, അത് ഏറ്റവും മോശം സമയമായിരുന്നു, അത് ജ്ഞാനത്തിന്റെ യുഗമായിരുന്നു, അത് വിഡ്ഢിത്തത്തിന്റെ യുഗമായിരുന്നു, അത് വിശ്വാസത്തിന്റെ യുഗമായിരുന്നു, അത് അവിശ്വസനീയതയുടെ യുഗമായിരുന്നു,’ രണ്ട് നഗരങ്ങളുടെ കഥ-ചാള്‍സ് ഡിക്കന്‍സ്.

1975 ജൂണ്‍ 25, അടിയന്തരാവസ്ഥ, ശബ്ദത്തിലും ചലനത്തിലും ഭയം പതിയിരുന്ന ഒരു കാലഘട്ടം. ആരും ഒന്നും അറിയാത്ത കാലം. അറിയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി. കോടതികള്‍ പോലും ചലനമറ്റ സ്ഥാപനമായി. അറസ്റ്റുകള്‍, ദുരുഹമായി ആളുകളെ കാണാതെയാവുന്നു. ഒരോ നിമിഷവും ഭയം പതിയിരിക്കുന്ന കാലം.

കേരളത്തിലെ ഒരു തലമുറ ഭയത്തോടെ അതിലേറെ വെറുപ്പോടെ, ഏറെക്കാലം നോക്കിക്കണ്ടിരുന്നതായിരുന്നു ആ മുഖം. പാലക്കാട്, കിഴക്കന്‍ പെരുവമ്പ, പടിക്കല്‍ റക്കന്‍ ചാത്ത് വീട്ടിലെ ജയറാം പടിക്കല്‍. ഐ.പി.എസ്. അടിയന്തരാവസ്ഥ എന്ന ദുര്‍ഭൂതം 1975 ജൂണ്‍ 25 ന് കേരളത്തിനെ വിഴുങ്ങിയപ്പോള്‍, ക്രൂരതകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി, അടിയന്തരാവസ്ഥയില്‍ കിരാതവാഴ്ച്ചയ്ക്ക് തുടക്കമിട്ട പോലീസ് മേധാവിയായിരുന്നു ജയറാം പടിക്കല്‍.

പ്രഗത്ഭനായ ആ ഉദ്യോഗസ്ഥനെ കൊടും മര്‍ദ്ദകനായി അവതരിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയായ ലീഡര്‍ കരുണാകരന്‍ തന്നെ. ഗദയാണ് തന്റെ ആയുധം എന്ന് വിശ്വസിച്ച നേതാവായിരുന്നു ലീഡര്‍, അതായത് എതിര്‍പ്പുകളെ ‘അടിച്ചൊതുക്കുക! ആ നയം നടപ്പിലാക്കാന്‍ അദ്ദേഹം കണ്ടെടുത്ത പ്രധാനിയായിരുന്നു ജയറാം പടിക്കല്‍.

അക്കാലത്ത് ദേശാഭിമാനി എഡിറ്ററായിരുന്ന പി. ഗോവിന്ദപിള്ളയെ ജയറാം പടിക്കല്‍ അറസ്റ്റ് ചെയ്തു. ഒരു പത്രത്തിന്റെ എഡിറ്ററെ അറസ്റ്റ് ചെയ്തത് അരാജകത്വത്തിലേക്ക് രാജ്യം എത്തിക്കഴിഞ്ഞതിന്റെ സൂചനയായിരുന്നു. തിരുവനന്തപുരത്തെ ശാസ്തമംഗലം ക്യാമ്പിലേക്കായിരുന്നു പി.ജി.യെ കൊണ്ട് പോയത്. ഉടനടി മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഇടപെട്ടതിനാല്‍ പി.ജി. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടു.

p govinda pillai, emergency period

പി. ഗോവിന്ദപിള്ള

പടിക്കല്‍ നാല് നാള്‍ ചോദ്യം ചെയ്തു. പി. ജിയെ കുറിച്ച് പടിക്കല്‍ നടത്തിയ വിശകലനം കേട്ട് അദ്ദേഹം അമ്പരന്നു. എല്ലാം കിറു കൃത്യമായിരുന്നു. പക്ഷേ, പി ജി. പിടികൊടുത്തില്ല. ഒരു പക്ഷേ, പി. ജി. തന്റെ ജീവിതത്തില്‍ ഏറ്റവും മാനസിക സംഘര്‍ഷം അനുഭവിച്ച നാല് ദിവസങ്ങളായിരുന്നു അത്.

‘എനിക്ക് ഏറ്റവും മതിപ്പ് കുറഞ്ഞ മനുഷ്യരില്‍ പെട്ട ഒരാളായിരുന്നു ജയറാം പടിക്കല്‍. പക്ഷേ, എന്നെക്കുറിച്ച് അന്ന് നടത്തിയ അസസ്സ്‌മെന്റ് എന്നെ വളരെ ആകര്‍ഷിച്ചു.’ പി.ജി. ഒരിക്കല്‍ പറഞ്ഞു. ‘അന്ന് ഞാന്‍ വളരെ സ്വതന്ത്രമായിട്ടും ധീരമായിട്ടുമാണ് പറഞ്ഞത്. അത് എന്റെ ധൈര്യത്തിന്റെ ലക്ഷണമല്ല. ഞാന്‍ ഒരു എം.എല്‍. എ ആയിരുന്ന ആളാണ്. പത്രാധിപരായ ആളാണ്. അംഗീകരിക്കപ്പെടുന്ന ഒരാളാണ്. ഒരു പോലീസ് ഓഫീസര്‍ മിസ്റ്റര്‍ ഗോവിന്ദപിള്ള എന്ന് വിളിക്കുന്നു. മിസ്റ്റര്‍ പടിക്കല്‍ എന്ന് ഞാനും. ഉരുട്ടിക്കൊല്ലുന്നതിന്റെ പിറകിലുള്ള ആള്‍ ഇയാളാണ് എന്നൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ഞാനിത്രയും ധീരത കാണിക്കുമായിരുന്നോ എന്ന് അറിഞ്ഞ് കൂടാ. ഏത് പോലീസ് ഉദ്യോഗസ്ഥനെപ്പോലെ ഇയാള്‍ കുറച്ച് ക്രൂഡാണെന്നെ കണക്കിയിരുന്നുള്ളൂ.’ പി.ജി. ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Post Thumbnail
ബൈജൂസില്‍ നിന്നും ബൈജു പുറത്താകുമോ?വായിക്കുക

കോളിളക്കമുണ്ടാക്കിയ, ഇന്നും ഉത്തരം ലഭിക്കാത്ത, അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്ത പി.രാജനെന്ന എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിലും മരണത്തിലും ഉയര്‍ന്ന എറ്റവും കുപ്രസിദ്ധ പേരുകളില്‍ ഒന്നാം സ്ഥാനം പിടിച്ച രണ്ട് പേരാണ്, ഒന്ന് ജയറാം പടിക്കലും രണ്ട് പുലിക്കോടന്‍ നാരായണനും. ഒരു രാജന് വേണ്ടി നിരവധി രാജന്മാരെ പൊക്കിയെടുത്ത് കായണ്ണയിലെ മര്‍ദ്ദന ക്യാമ്പില്‍ എത്തിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു.

പി. ജി. പറഞ്ഞ ക്രൂഡ് കുറച്ചല്ല, ഏറെയായിരുന്നു ജയറാം പടിക്കലിന്. കോഴിക്കോട് ആര്‍. ഇ. സിയിലെ പ്രിന്‍സിപ്പല്‍ പ്രൊഫ. ബഹാവുദ്ദീന്‍ തന്റെ കോളേജില്‍ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് കക്കയം ക്യാമ്പില്‍ ചെന്നു. പ്രിന്‍സിപ്പലിന് വളരെ ബുദ്ധിമുട്ടിയാണ് ഡി.ഐ.ജി ജയറാം പടിക്കലിനെ കാണാന്‍ സാധിച്ചത്. ”കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയാണ്. നിന്റെ ആര്‍. ഇ. സി. ഒരു നക്‌സലൈറ്റ് കേന്ദ്രമാണ്.’ തികഞ്ഞ അഹങ്കാരത്തില്‍ അയാള്‍ ആക്രോശിച്ചു. നിന്റെ കോളേജ് ഞാന്‍ പൂട്ടിക്കുമെടാ’ പടിക്കല്‍ അലറി. അടിയന്തരാവസ്ഥയിലെ അധികാരം അയാളെ അന്ധനാക്കിയിരുന്നു.

പിന്നീട് അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ 1976 ഏപ്രിലില്‍ ജയറാം പടിക്കലിനെ രാജന്‍ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു. കൊലക്കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്ത പടിക്കലിനെ മെയ് 23 ന് പേരാമ്പ്ര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി കുറ്റത്തിന്റെ തീവ്രത കണ്ട് ജാമ്യം നിഷേധിച്ചു.

ജയറാം പടിക്കലിനേയും പുലിക്കോടന്‍ നാരായണനേയും കോഴിക്കോട് സബ് ജയിലിലേക്ക് കൊണ്ടുപോയി. കോടതി വളപ്പില്‍ തടിച്ച് കൂടിയ ജനം, പാപം ചെയ്തവരും അല്ലാത്തവരും ഒരുമിച്ച് അവരുടെ നേര്‍ക്ക് കല്ലെറിഞ്ഞു. അത്രമേല്‍ വെറുപ്പ് ആളുകളെ ആവേശിച്ചിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് പോലീസ് പ്രതികളെ രക്ഷപ്പെടുത്തി കൊണ്ടു പോയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡി. ഐ. ജി കൊലക്കുറ്റത്തിന് അന്ന് ജയിലില്‍ അടക്കപ്പെട്ടത്.

പിന്നീട് രാജന്‍ കേസില്‍ അയാളെ മദ്രാസ് ഹൈക്കോടതി കുറ്റ വിമുക്തനാക്കി.

rajan case, emergency period

രാജന്‍

ഹിറ്റ്‌ലറുടെ കാലത്തെ ജര്‍മന്‍ ഭീകര ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന മര്‍ദ്ദക ക്യാമ്പുകള്‍ കേരളത്തിന്റെ തെക്കും വടക്കും സ്ഥാപിച്ച് നക്‌സല്‍ വേട്ട എന്ന പേരില്‍ അന്ന് നടത്തിയ നരവേട്ടയിലെ രക്തസാക്ഷികള്‍ അനേകമുണ്ടായി, വര്‍ക്കല വിജയനും ഈച്ചരവാര്യരുടെ മകന്‍ രാജനും ഇതിന്റെ ചില ഇരകള്‍ മാത്രം. സാക്ഷികള്‍ ഉള്ളതതിനാല്‍ മാത്രം ഇവരുടെ മരണം പുറം ലോകമറിഞ്ഞു.

മൂന്നു വര്‍ഷം എം.ബി.ബി.എസ് പഠിച്ച് ഐപിഎസിലെത്തിയ ആളാണ് ജയറാം പടിക്കല്‍. അത് കൊണ്ടാകാം അറസ്റ്റ് ചെയ്ത് കയ്യില്‍ കിട്ടിയവരെ, മെഡിക്കല്‍ കോളേജിലെ പഠന ടേബിളില്‍ ചലനമറ്റ് കിടക്കുന്ന മനുഷ്യ ശരീരങ്ങളെന്ന പോലെ കൈകാര്യം ചെയ്തത്. സഹപ്രവര്‍ത്തകരും ആ കാര്യത്തില്‍ തങ്ങളുടെ സംഭാവന നല്‍കി പുലിക്കോടന്‍ നാരായണന്‍, ലക്ഷ്മണ, ടി.വി മധുസൂദനന്‍ തുടങ്ങിയവരെല്ലാം ക്രൂരത കൊണ്ട് മാത്രം ജനങ്ങളുടെ മനസില്‍ അക്കാലത്ത് ഇടം നേടിയവരാണ്.

Post Thumbnail
കാലവര്‍ഷമല്ല, വരുന്നത് പെരുംമഴ; മുന്നറിയിപ്പ് വായിക്കുക

രാജന്‍ കേസില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. രക്ഷിതാവായ് ലീഡര്‍ ഉള്ളതിനാല്‍ പല ഉയര്‍ന്ന പദവികളില്‍ എത്തി, ‘ഒടുവില്‍ ഡി.ജി.പി വരെ ആയി. എല്ലാ അവിശുദ്ധ ബന്ധങ്ങള്‍ക്കും അവസാനമുണ്ടെന്ന ചൊല്ല് ശരിവെച്ചു കൊണ്ട് ലീഡറും ജയറാം പടിക്കലും ഉടക്കി പിരിഞ്ഞു. അവിഹിതമായി പടിക്കല്‍ സ്വത്ത് സമ്പാദനം നടത്തി എന്ന വിജലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നു. അതോടെ ലീവില്‍ പോകാന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പടിക്കലിനോട് ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ അവര്‍ ശത്രുക്കളായി മാറി. അതോടെ ലീഡറിന്റെ ഗദയുടെ രുചി പടിക്കലും അറിഞ്ഞു. അവിഹിത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ വിജിലന്‍സ് വീട് റെയ്ഡ് ചെയ്തു. 42 ലക്ഷം രൂപയുടെ കണക്കില്ലാത്ത സമ്പാദ്യം ഉണ്ടെന്ന് കണ്ടെത്തി കേസ് ചാര്‍ജ് ചെയ്തു. പോലീസിലെ ഉന്നതര്‍ തമ്മിലുള്ള ചേരിപ്പോര് ജയറാം പടിക്കലിന്റെ കാലത്താണ് പരസ്യമാവുന്നതും, പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും.

1994 ഏപ്രിലില്‍ ജയറാം പടിക്കല്‍ ഡി.ജി.പി പദവിയിലിരുന്നു കൊണ്ട് സര്‍വീസില്‍ നിന്ന് വിരമിച്ചു. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിരമിക്കുമ്പോള്‍ നല്‍കുന്ന സെറിമോണിയല്‍ പരേഡ് സല്യൂട്ട് സ്വീകരിക്കാതെ ഒരു ഡി.ജി.പി പടിയിറങ്ങിയത്.

വിരമിക്കുന്നത് തൊട്ട് മുന്‍പും ഒരു വിവാദം പടിക്കലിനെ പിടികൂടി. പോലീസിന്റെ രഹസ്യ നിധി ഫണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപ അടിച്ച് മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപണമുയര്‍ന്നു. ധനവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അത് നടന്നില്ല.

ജയറാം പടിക്കല്‍ എന്ത് കൊണ്ട് ആത്മകഥ എഴുതിയില്ല?

ആഗ്രഹമുണ്ടെങ്കിലും വേണ്ട എന്നാണ് പടിക്കല്‍ ഒരു പത്രലേഖകനോട് പറഞ്ഞത്. തന്റെ മനസാക്ഷിയോട് പോലും വാദിച്ച് ജയിക്കാന്‍ പറ്റാത്ത ക്രൂരതകളാണ് ചെയ്ത് കൂട്ടിയതെന്ന് തിരിച്ചറിവ് ആയിരിക്കാം ജയറാം പടിക്കലിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ആ കഥക്ക് ഒരു പിന്നാമ്പുറ കഥയുണ്ട്.

1997 ല്‍ കൊച്ചിയില്‍ നിന്ന് പുതിയതായി ഒരു മലയാള വാരിക ആരംഭിക്കാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് തീരുമാനിച്ചു.’സമകാലീന മലയാളം’ എന്ന പുതിയ വാരികയുടെ എഡിറ്റര്‍ പ്രശസ്തനായ എസ്. ജയചന്ദ്രന്‍ നായരായിരുന്നു. കലാകൗമുദി വാരികയെ പ്രശസ്തമാക്കി ഉയരങ്ങളിലെത്തിച്ച അദ്ദേഹം അത് വിട്ട് മലയാളം വാരികയുടെ എഡിറ്ററായി.

ആദ്യ ലക്കത്തിലെ കവര്‍ സ്റ്റോറി കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. ‘ ‘ജയറാം പടിക്കല്‍ തന്റെ കഥ പറയുന്നു’ എന്ന രീതിയില്‍ കവര്‍ സ്റ്റോറി.

ജയാറാം പടിക്കല്‍ തിരുവനന്തപുരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനോട് മനസ് തുറക്കാന്‍ താന്‍ തയ്യാറാണെന്നു സൂചിപ്പിച്ചതിന്റെ ഫലമായാണ് ഈ ആദ്യ ലക്കം കവര്‍ സ്റ്റോറി പ്ലാന്‍ ചെയ്തത്. ഒരു പാട് ദൂരൂഹതകള്‍ക്ക് ഉത്തരം കിട്ടുമായിരുന്ന ആ കവര്‍ സ്റ്റോറി അന്ന് സംഭവിച്ചില്ല. എന്ത് കൊണ്ടോ ജയറാം പടിക്കല്‍ കാരണം പറയാതെ അതില്‍ നിന്ന് പിന്‍മാറി.

Post Thumbnail
ലക്ഷദ്വീപ് എന്ന നീല വിസ്മയംവായിക്കുക

അതിന്റെ കാരണം അയാള്‍ ഒരിക്കലും വെളിപ്പെടുത്തിയില്ല. ഏതാനും നാളുകള്‍ക്കകം ജയറാം പടിക്കല്‍ തിരുവനന്തപുരത്ത് ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ജൂലൈ 15 ന് മരിക്കുകയും ചെയ്തു.

മരണത്തിലും ചെറിയ വിവാദം സൃഷ്ടിച്ചാണ് പടിക്കല്‍ കടന്ന് പോയത്. മരണത്തില്‍ ദൂരുഹതയുണ്ടെന്നും കേസ് ഷീറ്റ് തന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അത് സ്വാഭാവിക മരണം മാത്രമാണെന്നും ചികിത്സയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അടക്കേണ്ട ഫീസ് ആശുപത്രിയില്‍ അടക്കാത്തതിനാലാണ് കേസ് ഷീറ്റ് നല്‍കാത്തത് എന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ഭരത് ചന്ദ്രന്‍ വെളിപ്പെടുത്തി.

കാലമെത്ര കഴിഞ്ഞിട്ടും തന്റെ ചെയ്തികളെ ന്യായികരിക്കാനോ, നിഷേധിക്കാനോ ഒരിക്കലും ശ്രമിക്കാതെയാണ് 1997 ജൂലൈയില്‍ ജയറാം പടിക്കല്‍ കഥാവശേഷനായത്.

സാധാരണ ഒരു ചരമ വാര്‍ത്തയിലൊതുങ്ങിയ മരണം. ആരും ഒരു ചരമ കുറിപ്പ് പോലും എഴുതിയില്ല.

T. V. Eachara Warrier

ടി വി ഈച്ചര വാര്യര്‍

ആറ് വര്‍ഷത്തിന് ശേഷം ജയറാം പടിക്കലിനോട് ഒരിക്കലും ചോദിക്കാന്‍ സാധിക്കാത്ത, ചോദിക്കേണ്ട ചോദ്യം രാജന്റെ പിതാവ് ഈച്ചര വാര്യര്‍ ‘ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പില്‍’ എഴുതി.

”പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തോട് ഒരു ചോദ്യം ഇപ്പോഴും ബാക്കിയിക്കുന്നു. എന്റെ നിഷ്‌ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്. ഞാന്‍ വാതിലടക്കുന്നില്ല. പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ”.  emergency period in kerala jayaram padikkal ips police brutality rajan murder case

Content Summary; emergency period in kerala jayaram padikkal ips police brutality rajan murder case

×