ഏറ്റവും കുറഞ്ഞത്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകത്തിനു മുന്നില്‍ മലയാളത്തിന്റെ ഏറ്റവും വലിയ സാംസ്‌ക്കാരിക രൂപം, കേരളത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള കലാകാരന്‍, മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ ക്രൗഡ് പുള്ളര്‍, മലയാളികള്‍ ഏറ്റവുമധികം സ്‌നേഹിച്ച, സ്‌നേഹിക്കുന്ന മലയാളി, അതൊന്നേയുള്ളു – മോഹന്‍ലാല്‍. മലയാളത്തിന്റെയും മലയാളിയുടെയും ബ്രാന്‍ഡ് അംബാസഡര്‍.
മോഹന്‍ലാലിനു ഇന്നാട്ടിലെവിടെ ആയാലും പുറത്തേക്കിറങ്ങി ആദ്യം കാണുന്ന ഏതൊരു മനുഷ്യനോടും ‘മോനേ ലാലേട്ടനൊരു ചെറിയ പ്രശ്‌നമുണ്ട്’എന്ന് പറയേണ്ട കാര്യമേയുള്ളു; ഈ സംസ്ഥാനമാകെ ട്രാഫിക്ക് സിനിമയില്‍ ഹൃദയം കൊണ്ടുപോകുന്നതുപോലെ ഒറ്റക്കെട്ടായി അദ്ദേഹത്തിനുവേണ്ടി ഇറങ്ങും എന്നാണു ഞാന്‍ കരുതുന്നത്. മോഹന്‍ലാല്‍ നമുക്ക് അങ്ങനെയൊരു വിവരിക്കാന്‍ സാധിക്കുന്നതിനും അപ്പുറമുള്ള വൈകാരിക അനുഭൂതിയാണ്.
അത്രയും നമ്മുടെ സ്വന്തവും നമുക്കത്ര വലുതുമായ, നമ്മുടെ കള്‍ച്ചറല്‍ ഐക്കണായ ആ മനുഷ്യനുപോലും ഒരു സിനിമയുടെ പേരില്‍ ഒരുകൂട്ടം ഹിന്ദുത്വഭ്രാന്തരോട് മാപ്പ് പറയേണ്ടി വന്നു എന്ന അത്യാശങ്കയുളവാക്കുന്ന സാഹചര്യത്തിലാണ് നാമെത്തി നില്‍ക്കുന്നത്. ഏറ്റവും പ്രിവിലേജ്ഡ് ആയ മനുഷ്യരെ പോലും അധികാരിവര്‍ഗ്ഗം ഭയംകൊണ്ട് അടിയറവ് പറയിക്കുന്ന, ആവിഷ്‌കാരങ്ങളെ അട്ടത്തു വെപ്പിക്കുന്ന സാഹചര്യം.
ഓര്‍ക്കണം, ചരിത്രത്തില്‍ ബാബു ബജ്രംഗി എന്ന പേരുകാരന്‍ ഗുജറാത്ത് വംശഹത്യയുടെ ഗൂഢാലോചനാ സംഘത്തിന്റെ ടൂള്‍ മാത്രമാണ്. അക്കൂട്ടത്തില്‍ നിന്ന് സിനിമയില്‍ പേരാലും പ്രവൃത്തിയാലും കൃത്യമായി അടയാളപ്പെടുത്തുന്നത് അയാളെ മാത്രമാണ്. യഥാര്‍ത്ഥ ലോകത്തില്‍ അയാള്‍ക്ക് മുകളിലേക്കുള്ള ഒരു പേരും സിനിമയുടെ ലോകത്തില്‍ പരാമര്‍ശിക്കപ്പെടുന്നേയില്ല. അയാളാകട്ടെ, സാങ്കേതികമായി നോക്കിയാല്‍, മിക്കവാറും പരോളിലെങ്കിലും ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുന്ന, ഒരു കലാപത്തിലെ മുഖ്യപ്രതിയും.
പക്ഷേ നോക്കൂ, ബജ്രംഗി എന്നൊരു പേരും, ഊരും പേരും പറയാതൊരു കലാപവും സിനിമയില്‍ വന്നതോടെ എവിടം വരെ ഇളകിയെന്ന്! സംഘപരിവാര്‍ അവരുടെ കൂട്ടത്തിലുള്ളവരെന്ന് തെറ്റിദ്ധരിച്ചിരുന്ന മോഹന്‍ലാലിനെയും മുരളിഗോപിയെയും കണ്ട്, സിനിമയുടെ റിലീസ് വരെ അസാമാന്യ പ്രൊമോഷന്‍ നല്‍കിയിരുന്ന സംഘ യൂണിവേഴ്‌സ് ആദ്യ ഷോ കണ്ടതോടെ നിശബ്ദരായി. ചെകിടടച്ച് അടികിട്ടിയതുപോലെ, കാതടപ്പിക്കുന്ന മൗനം. പിന്നെ എതിര്‍പ്പുകള്‍, ഭീഷണികള്‍.
കീര്‍ത്തിചക്രയിലും മറ്റും അഭിനയിച്ചതിനു മോഹന്‍ലാലിന് നല്‍കിയ കേണല്‍ പദവി, ചകഅയെ അപഹസിച്ചതിനാല്‍ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ്. ടെറിട്ടോറിയല്‍ ആര്‍മിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും തമ്മില്‍ ഇക്കാര്യത്തില്‍ എന്ത് ബന്ധമെന്ന് ചോദിക്കരുത്. സംസ്ഥാന ബിജെപി പ്രത്യേകം യോഗം കൂടി സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിക്കുന്നു. സ്റ്റേറ്റ്, നാഷണല്‍ നേതാക്കള്‍ പ്രതിഷേധം, ബോയ്‌ക്കോട്ട്, എന്നുവേണ്ട എല്ലാ അടവുകളും പയറ്റുന്നു.
മോഹന്‍ലാലിനേക്കാള്‍ തീവ്രമായ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. ഐസിസ് ബന്ധം, ജിഹാദി ഫണ്ട്, അങ്ങനെ സംഘം എതിരെ നില്‍ക്കുന്ന ഇഷ്ടമില്ലാത്തവരെ ചാര്‍ത്തുന്ന സ്ഥിരം ടാഗുകളെല്ലാം അദ്ദേഹത്തിനു ചാര്‍ത്തുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കും മോഡിക്കും വേണ്ടി വോട്ടുപിടിച്ച അദ്ദേഹത്തിന്റെ അമ്മയെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് അവരെ വ്യക്തിഹത്യ ചെയ്യുന്നു. പൃഥ്വിയുടെ പിതൃത്വത്തെ പോലും ഏതോ മുസ്ലീം സ്വത്വത്തില്‍ കൊണ്ടുക്കെട്ടി അങ്ങേയറ്റം ഹീനമായി അവര്‍ ആ കുടുംബത്തെയാകെ അവഹേളിക്കുന്നു.
കൂട്ടത്തില്‍ വലിയ ആക്രമണം നേരിടാതെ നില്‍ക്കുന്നത് മുരളിഗോപി മാത്രമാണ്. മുന്‍പ് അദ്ദേഹം ഞടടനെ സംബന്ധിച്ചു നടത്തിയിട്ടുള്ള ചില പരസ്യ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ പ്രത്യക്ഷമായ ഇടതുപക്ഷ വിരുദ്ധതയുമാവാം സോഫ്റ്റ് കോര്‍ണറിനു കാരണം. ഒപ്പം അദ്ദേഹത്തിന്റെ പിതാവിന്റെ, പബ്ലിക്കറിയുന്ന രാഷ്ട്രീയ ചായ്വുകളും.
സിനിമയായി നോക്കിയാല്‍, ടെക്‌നിക്കലി ഇത്ര മികവ് പുലര്‍ത്തിയ ഒരേയൊരു മലയാളം പടം ഇതിനു മുന്‍പ് ഒരുപക്ഷേ ആടുജീവിതം മാത്രമായിരിക്കും. ഒന്നൊരു സെമി-ആര്‍ട്ട്ഹൗസ് ഡ്രാമയും മറ്റേത് പക്കാ കൊമേഴ്‌സ്യല്‍ മാസ്സ് ത്രില്ലറും ആകയല്‍ അവിടെയും താരതമ്യം കുറെയൊക്കെ മാത്രമേ സാധ്യമാകൂ. എന്നാല്‍ വ്യക്തിപരമായി ഒരാസ്വാദകനെന്ന നിലയില്‍ കെട്ടുറപ്പില്ലാത്ത കഥ, പലയിടത്തും പരസ്പര ബന്ധമില്ലായ്മ, ലോജിക്കില്ലായ്മ, ഡൗണ്‍പ്ലേയിംഗ് ബിജിഎം, അങ്ങനെ സിനിമയില്‍ പല പോരായ്മകള്‍ അനുഭവപ്പെടുകയും ചെയ്തു.
പക്ഷേ അതിനൊക്കെ അപ്പുറം സിനിമ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം നില്‍ക്കുന്നു. ശരിയാണ്, സിനിമയില്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ഒക്കെ പരിഹാസ പാത്രങ്ങളാണ്. എന്നാല്‍ അതൊലൊക്കെ ഉപരി, ഇന്നിന്റെ ഇന്ത്യയില്‍ അധികമാരും കാണിക്കുവാന്‍ ധൈര്യപ്പെടാത്ത പലതും സിനിമ കാണിക്കുന്നു എന്നതാണ് സിനിമയെ സംബന്ധിച്ച എന്റെ ആകര്‍ഷണ ഘടകം.
മുരളീഗോപി എന്ന തിരക്കഥാകൃത്തിനെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ രണ്ടുതരമാണ്. ഒന്നുകില്‍ വെട്ടും കൊലയും, അല്ലെങ്കില്‍ നിര്‍ഗുണരായ കോമാളികള്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ അദ്ദേഹം തന്റെ ആദ്യത്തെ സങ്കല്പം എഴുതിനിറച്ചെങ്കില്‍ ലൂസിഫര്‍ യൂണിവേഴ്‌സിലെ കമ്യൂണിസ്റ്റുകള്‍ രണ്ടാം ടൈപ്പാണ്. കോണ്‍ഗ്രസ്സില്‍ (സിനിമയില്‍ കഡഎല്‍) എന്ത് സംഭവിക്കുന്നു എന്നുമാത്രം നോക്കി പാര്‍ട്ടി ഓഫീസില്‍ സദാസമയം വാര്‍ത്ത കണ്ടും വിഡ്ഡിത്തം പറഞ്ഞും ഇരിക്കുന്ന മണ്ണുണ്ണികളാണ് എമ്പുരാനിലെ കമ്യൂണിസ്റ്റുകള്‍. അതൊരു യാഥാര്‍ഥ്യബോധമുള്ള ചിത്രീകരണമല്ല എന്ന് കമ്യൂണിസ്റ്റുവിരുദ്ധരായ മലയാളികള്‍ക്കു പോലും അറിയാം.
മാത്രമല്ല, ലൂസിഫര്‍ യൂണിവേഴ്‌സിലെ കേരളമെന്ന് നാം കരുതുന്ന ആ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി കമ്യൂണിസ്റ്റുകാര്‍ പ്രസക്തമേയല്ല. ആ ലോകത്തില്‍ മുഖ്യമായി രണ്ടുകൂട്ടരേയുള്ളു – കഡഎഉം അഖണ്ഡമോര്‍ച്ചാ പാര്‍ട്ടിയും.
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചുള്ള മുരളീഗോപിയുടെ ഈ സങ്കല്പലോകവും അദ്ദേഹം ജീവിതത്തില്‍ നേരിടേണ്ടിവരുന്ന യഥാര്‍ത്ഥലോകവും തമ്മില്‍ വളരേ ഐറണിക്കലായ ഒരു ഏറ്റുമുട്ടല്‍ ഇവിടിപ്പോള്‍ നടക്കുന്നുണ്ട്. അതിലേക്ക് അവസാനം വരാം.
എന്നാല്‍ കോണ്‍ഗ്രസ്സിലേക്ക് വരുമ്പോള്‍ ആ അണ്‍റിയലിസ്റ്റിക്ക് കോമഡി കാരിക്കേച്ചറിംഗില്‍ നിന്നുമാറി, കുറേക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ മുരളീഗോപി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. കുടുംബവാഴ്ച, അധികാര വടംവലികള്‍, എന്നിങ്ങനെ കോണ്‍ഗ്രസ്സ് ഫ്രറ്റേണിറ്റിയില്‍ നാം സ്ഥിരം കാണുന്ന കാഴ്ചകള്‍ ഏതാണ്ട് അതേപടിയുണ്ട്. ആ പരിചിതത്വം കൊണ്ടാവാം, കാരിക്കേച്ചര്‍ സ്വഭാവം താരതമ്യേന കുറയുന്നതുകൊണ്ടാവാം, സഖാക്കളേപ്പോലെ അത്രകണ്ട് ചിരി കഡഎ ഉണര്‍ത്തുന്നില്ല.
അതിനപ്പുറം, വിവാദവിഷയത്തിനിപ്പുറം സിനിമ ചില ശക്തമായ രൂപകങ്ങള്‍ മുന്നിലേക്ക് വയ്ക്കുന്നുണ്ട്. ഏറ്റവും പ്രധാനം, ഒന്നാം ഭാഗത്തില്‍ IUF പുതിയ പ്രതീക്ഷയായി കൊണ്ടുവന്ന നെപ്പോകിഡ് രാഷ്ട്രീയനേതാവ് L2വില്‍ അഴിമതിക്കാരനും കൊള്ളരുതാത്തവനുമായി മാറുകയാണ്. അയാളുടെ നേതൃത്വത്തില്‍, IUFലേക്ക് അഖണ്ഡമോര്‍ച്ച കടന്നുവരുന്നു. IUFന്റെ ത്രിവര്‍ണ പതാകയും മോര്‍ച്ചയുടെ കാവിസമാന പതാകയും തമ്മില്‍ കലരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അടിസ്ഥാന ക്ഷയങ്ങള്‍, ബിജെപിയുടെ കോണ്‍ഗ്രസ്സ് നേതാക്കളെ ചാക്കിട്ടുപിടിക്കല്‍, അയോധ്യാക്ഷണം നിരസിക്കാന്‍ കോണ്‍ഗ്രസ്സ് എടുത്ത കാലതാമസം, അയോധ്യാക്ഷേത്രത്തിനു കോണ്‍ഗ്രസ്സുകാരുടെ വെള്ളിയിഷ്ടിക, ശാഖയുടെ കാവല്‍, ഗോള്‍വാര്‍ക്കര്‍ വന്ദനം, അങ്ങനെയങ്ങനെ വര്‍ത്തമാനകാലത്ത് നമ്മുടെ രാഷ്ട്രീയജീവിത പരിസരത്തുള്ള പലതിനെയും ഓര്‍മ്മിപ്പിക്കുന്ന ഒരു മെറ്റഫറാണ് IUFനെ മോര്‍ച്ച വിഴുങ്ങുന്ന രംഗം.
അത് മാത്രമല്ല, ബജ്രംഗിയുടെ വരവും അങ്ങനെയൊന്നാണ്. ബജ്രംഗിക്കെന്താണ് ഇപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ താല്പര്യമെന്ന് ഗോവര്‍ദ്ധന്‍ ചോദിക്കുന്നുണ്ട്. കേരളത്തിലേക്ക് കുറെ കാലമായി ബിജെപി പ്രത്യേകം വയ്ക്കുന്ന ശ്രദ്ധ പ്രസക്തമാകുന്നത് ഇവിടെയാണ്. ബജ്രംഗി വരുന്നത് ഇവിടെ വര്‍ഗ്ഗീയത വളര്‍ത്തി അതില്‍ നിന്ന് രാഷ്ട്രീയ, സാമ്പത്തിക ലാഭങ്ങള്‍ കൊയ്യാനാണ്. അതിനായി അയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയെ ഒക്കെ തരാതരം പോലെ ഉപയോഗിക്കുന്നു. നേരിട്ട് കാണുമ്പൊ ഒരാനന്ദമൊക്കെ അനുഭവപ്പെടുമെങ്കിലും ആ സത്യങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത് ഒട്ടും സുഖകരമല്ല എന്ന് സിനിമ കണ്ട ഏത് ബിജെപിക്കാരനും തോന്നിക്കാണും. അതാണല്ലോ കേണല്‍ പദവിയെ ചൊല്ലിയൊക്കെ അവര്‍ മുറവിളി ഉയര്‍ത്തുന്നത്.
സഖാക്കളെയും കോണ്‍ഗ്രസ്സുകാരെയും പരിഹസിക്കുമ്പോഴും സിനിമയുടെ മെയിന്‍ ഫോക്കസ് ഹിന്ദുത്വഭീകരരാല്‍ കലാപത്തില്‍ കുടുംബം കൊലചെയ്യപ്പെട്ട ഒരു മുസ്ലീം യുവാവിന്റെ പ്രതികാരത്തിലാണ്. ട്രെയിനിലെ തീപിടുത്തം എന്ന തുടക്കം 2002ലെ ഗോധ്ര തീപിടുത്തവും തുടര്‍ന്നുണ്ടായ കലാപവും വംശഹത്യയും കാണികളെ ഓര്‍മ്മിപ്പിക്കുന്നു. അവിടെയാണ് സംഘപരിവാരത്തിനു വൃണം പൊട്ടിയത്.
എന്തായിരുന്നു 2002ല്‍ ഗുജറാത്തില്‍ നടന്നത്? അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന്റെ ഒരു ബോഗിയില്‍ ഗോധ്രയില്‍ വച്ച് തീപടരുകയും അതില്‍ 60നടുത്ത് മനുഷ്യര്‍ മരിക്കുകയും ചെയ്തു. അത് മുസ്ലീങ്ങള്‍ ചെയ്തതാണെന്ന പ്രചരണത്തിന്റെ പുറത്ത് കലാപമുണ്ടാവുകയും 850ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു, (അനൗദ്യോഗിക കണക്കുകള്‍ ഏകദേശം 2000 ആണ്.) ഭൂരിഭാഗവും മുസ്ലീങ്ങള്‍. വ്യാപകമായി ബലാല്‍ക്കാരവും കൊലയും നടന്നു. ഗര്‍ഭിണിയായ കൗസര്‍ബാനു എന്ന സ്ത്രീയെ റേപ് ചെയ്ത് അവരെ ശൂലം കൊണ്ട് കുത്തി ഭ്രൂണം പുറത്തെടുത്ത് ഒരുമിച്ചു കത്തിച്ചുകളയുന്ന ഭീകരത വരെ അന്ന് നടന്നു.
തീ ആകസ്മികമാണെന്നും പുറത്തുനിന്ന് കത്തിച്ചതല്ലെന്നും ബാനര്‍ജി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്മീഷന്റെ നിയമസാധുത പറഞ്ഞ് സുപ്രീം കോടതിയില്‍നിന്ന് കമ്മീഷന്‍ റിപോര്‍ട്ടിനു സ്റ്റേ വാങ്ങുകയാണ് സംഘം ചെയ്തത്.
കലാപം വിശ്വ ഹിന്ദു പരിഷത്ത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഗോധ്രയിലെ തീപിടുത്തം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ മറ്റൊരു കാരണം കണ്ടെത്തിയേനെ എന്നും യു.കെ. ഗവണ്മെന്റ് സംഭവത്തെപ്പറ്റി നടത്തിയ എന്‍ക്വയറി റിപോര്‍ട്ടില്‍ പറയുന്നു.
തീപിടത്തെ തുടര്‍ന്ന് ഇമ്പള്‍സീവായി ഉണ്ടായതെന്ന് സംഘം അവകാശപ്പെടുന്ന കലാപത്തില്‍, കലാപകാരികളുടെ കൈവശം മുസ്ലീം വീടുകളുടെയും കടകളുടെയും, എന്തിനു മുസ്ലീങ്ങള്‍ക്ക് നേരിയ ഷെയര്‍ ഉള്ള കടകളുടെ പോലും വിശദമായ ലിസ്റ്റ് ഉണ്ടായിരുന്നു. അക്കാലത്ത് അത്രയും ഡാറ്റ സ്വരുക്കൂട്ടി, കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്ത അത്തരം പ്രിന്റഡ് ലിസ്റ്റ് ഉടനടി ഉണ്ടാക്കുക അസാധ്യമായ കാര്യമാണ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ്, കലാപം ആസൂത്രിതമാകാമെന്ന് റിപോര്‍ട്ട് പറയുന്നത്. പ്രശ്‌നം വഷളാക്കിയത് അന്നത്തെ ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രി നരേന്ദ്രമോദിയും ആണെന്നും റിപോര്‍ട്ടിലുണ്ട്.
ലോകം മുഴുവന്‍ പലവിധമിങ്ങനെ അന്വേഷിച്ചും അറിഞ്ഞും പരിചിതമായ കേസാണിത്. പ്രധാനമന്ത്രി ആകുന്നതിനു മുന്‍പ് നരേന്ദ്രമോദിക്ക് അമേരിക്കയും യുകെയുമടക്കം പല പ്രധാന ലോകരാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നത് ഈ ക്രൂരമായ വംശഹത്യയുടെ പശ്ചാത്തലത്തിലാണ്.
മോദി രാജ്യത്തിന്റെ അധികാരത്തിലെത്തിയ നാള്‍വഴിയിലെ രണ്ടാമത്തെ മൈല്‍സ്റ്റോണ്‍ ആയിരുന്നു ഗുജറാത്ത് വംശഹത്യ. ആദ്യത്തേത് ബാബറിമസ്ജിദ് തകര്‍ത്തായിരുന്നു. ബാബറിക്ക് ശേഷമുള്ള അടുത്ത് ഇലക്ഷനില്‍ ബിജെപിയുടെ പാര്‍ലമെന്റ് സീറ്റ് നില ഗണ്യമായി ഉയര്‍ന്നു. ബിജെപി വരവറിയിച്ചു, ഇടക്കാലത്തേക്ക് വാജ്‌പേയി പ്രധാനമന്ത്രി ആയി. 2002ലെ വംശഹത്യയോടെ മോഡി ഗുജറാത്തില്‍ അതികായനായി, രാജ്യം ഒട്ടാകെ ബിജെപിയുടെ പുതിയ രാഷ്ട്രീയ ഐക്കണ്‍ വരുന്നത് മണത്തറിഞ്ഞു. 2013ലെ മുസാഫര്‍നഗര്‍ കലാപം എന്ന അവസാന മൈല്‍സ്റ്റോണിലൂടെ രാജ്യമാകെ പടര്‍ന്ന മോദി തരംഗം 2014ല്‍ ബിജെപിയെ ഇന്ത്യയുടെ പരമാധികാരത്തിലും എത്തിച്ചു.
സംഘപരിവാര്‍ പക്ഷേ ഒരിക്കലും ഇന്ത്യയ്ക്കുള്ളില്‍ മറ്റുള്ളവരെ ആ മൂന്നു സംഭവങ്ങളെ കുറിച്ചു പറയാന്‍ അനുവദിച്ചിരുന്നില്ല. കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇവിടെ നിരോധിച്ചത് അങ്ങനെയാണ്. എപ്പോഴെങ്കിലും ഗുജറാത്ത് വംശഹത്യ പരാമര്‍ശിതമായാല്‍, മിക്കവാറുമത് അവര്‍ തന്നെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്‍ വീമ്പ് പറഞ്ഞു കേള്‍ക്കുന്ന രൂപത്തില്‍ മാത്രമായിരുന്നു. ആ അവസരങ്ങളില്‍ അഭിമാനപൂര്‍വ്വമാണ് സംഘപരിവാരം ഗുജറാത്ത് വംശഹത്യയുടെ ക്രെഡിറ്റ് എടുക്കുക. ബാബു ബജ്രംഗിയുമായുള്ള തെഹല്‍ക്കയുടെ ഒളിക്യാമറ ഇന്റര്‍വ്യൂ നമ്മില്‍ പലരും കണ്ടിട്ടുണ്ടാകുമല്ലോ. ഒന്നും വേണ്ട, കഴിഞ്ഞ ദിവസം ന്യൂസ് ചാനലിലേക്ക് തൃശ്ശൂരില്‍ നിന്നും വിളിച്ച, ശിവജി എന്നയാള്‍ പച്ചമലയാളത്തില്‍ ആവര്‍ത്തിച്ച ബല്‍രംഗിയുടെ കൊലവിളി നാം കേട്ടുകാണുമല്ലോ. മറ്റുള്ളവര്‍ പറയുമ്പോള്‍ അഭിമാനപൂര്‍വ്വം വീമ്പുപറയുന്ന ധ്വനി അല്ല, മനുഷ്യക്കുരുതിയുടെ, നിന്ദ്യമായ വയലന്‍സിന്റെ ധ്വനിയാണ് അതില്‍ വരിക എന്നതാവണം മറ്റുള്ളവരെ തടയാന്‍ സംഘത്തിനുള്ള പ്രേരണ.
ഇതിപ്പോള്‍ അവസാനം പറഞ്ഞതിന്റെ ക്ലാസ്സിക് എക്‌സാമ്പിളാണ്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ-പാട്യ കൂട്ടക്കൊല സിനിമയില്‍ പ്രതിനിധാനം ചെയ്ത രംഗങ്ങള്‍ ആ അതികായരെ കേവലം മുട്ടുവിറയ്ക്കുന്നവരും അരക്ഷിതരുമാക്കിയിരിക്കുന്നു. വാലിനു തീപിടിച്ചപോലെ സംഘപരിവാരം അത് തടയാന്‍ സാമം ദാനം ഭേദം ദണ്ഡം, അങ്ങനെ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
ഭാഗ്യവശാല്‍, സംഘം നമ്മുടെ ഏത് കലാസൃഷ്ടിയെ ഭയപ്പെട്ട് ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അതെല്ലാം വളരെ പ്രശസ്തവും വന്‍വിജയവുമായ ചരിത്രമേ ഉള്ളു. കേരളത്തിന്റെ അടിസ്ഥാന മതേതര മനസ്സ് ഉടനടി ചാടിവീണ് സംഗതി അങ്ങേറ്റെടുക്കും. എമ്പുരാന്റെ കാര്യത്തിലും അങ്ങിനെതന്നെ. റിലീസായി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ടുതന്നെ സിനിമ നമ്മുടെ ഫിലിം ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ പണംവാരിപ്പടം ആയിക്കൊണ്ടിരിക്കുന്നു. എത്രകോടിയുടെ ക്ലബ്ബ് ആണ് പുതുതായി എമ്പുരാന്‍ മലയാളത്തില്‍ സൃഷ്ടിക്കുക എന്നേ കണ്ടറിയാനുള്ളു.
വിവാദം ഉണര്‍ന്നതോടെ, രാഷ്ട്രീയ പ്രവര്‍ത്തനിടെ സമയം കിട്ടാത്തതിനാല്‍ സിനിമ കാണാറില്ല എന്നുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍സ്‌പോട്ടില്‍ തിയറ്ററിലെത്തി സിനിമ കണ്ടു. അദ്ദേഹത്തിനു ഇതിനു സമയം കിട്ടിയതില്‍ അത്ഭുതമില്ല; ഇപ്പോള്‍ ഈ സിനിമ കാണുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണല്ലോ. അതദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
ഞാനപ്പോള്‍ മുരളീഗോപിയുടെ കൈതേരി സഹദേവനെ ഓര്‍ക്കുകയായിരുന്നു. പിണറായിയുടെ രൂപവും ഭാവവുമുള്ള, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലെ അതിക്രൂരനായ പാര്‍ട്ടി സെക്രട്ടറി. അയാളോടുള്ള ദേഷ്യം നായകന്‍ തീര്‍ക്കുന്നത് പൊതുവേദിയിലിട്ട് അയാളെ കുത്തിക്കൊന്നു കൊണ്ടായിരുന്നു. ആ സിനിമയ്ക്ക് കളക്ഷന്‍ കുറഞ്ഞത് പിണറായിയുടെ പാര്‍ട്ടിയുടെ ഫാസിസ്റ്റ് ഇടപെടല്‍ മൂലമാണെന്ന വ്യാഖ്യാനങ്ങള്‍ ഇന്നും അടിസ്ഥാനരഹിതമായി പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് എമ്പുരാന്‍ വരുന്നതും പരിവാരം സിനിമയുടെ ടീമിനെ ഭയപ്പെടുത്തി മുള്ളില്‍ നിര്‍ത്തുന്നതും. തദവസരത്തില്‍ ആ ചത്തുകിടന്നിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റു തിയറ്ററിലെത്തി ‘ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്’ എന്നു പ്രഖ്യാപിച്ച കൈതേരി സഹദേവനെ ഇനി കണ്ടാല്‍ മുരളീഗോപിയുടെ വട്ടുജയന്‍ എങ്ങിനെയായിരിക്കും പ്രതികരിക്കുക എന്ന് ഞാന്‍ കൗതുകപ്പെടുന്നു.
തന്നെയും പാര്‍ട്ടിയെയും അത്രയധികം ചിത്രവധം ചെയ്ത തിരക്കഥാകൃത്തിന്റെ സിനിമയല്ലേ അനുഭവിക്കട്ടെ എന്നുകരുതി പിണറായി വിജയനു വേണമെങ്കില്‍ മിണ്ടാതെ തന്റെ പാടുനോക്കി പോകാമായിരുന്നു. അതുണ്ടായില്ല. പകരം, ഇതിലും തങ്ങളെ പരിഹസിക്കുണ്ടാവും എന്നറിഞ്ഞുതന്നെ, നാടിനേറ്റം വിപത്തായ സംഘരാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍ പിന്തുണയുമായി അദ്ദേഹം യാതൊരു വിദ്വേഷവുമില്ലാതെ ചെന്നു. തങ്ങള്‍ക്ക് വളരെ ഡാമേജ് ഇണ്ടാക്കുന്ന മീഡിയവണ്‍ ന്യൂസ് ചാനലിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി ചെന്നപോലെതന്നെ. അതദ്ദേഹത്തിന്റെ ആശയവും രാഷ്ട്രീയവും. പിണറായി മാത്രമല്ല, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ വെറും കൊലയാളികളെന്നും ഫാസിസ്റ്റുകളെന്നും ചിത്രീകരിക്കപ്പെട്ട അതേ പാര്‍ട്ടിയും അതിനെ ഫോളോ ചെയ്യുന്ന രാഷ്ട്രീയ ഇടതുസമൂഹവുമാണ് ഒറ്റക്കെട്ടായി എമ്പുരാനെ റിലീസ് ദിനം മുതല്‍ പിന്തുണച്ച് കൂടെ നില്‍ക്കുന്നത്.
അപ്പുറത്ത് നോക്കിയാല്‍, ഏതാനും മാസം മുന്‍പ് തങ്ങള്‍ക്കുവേണ്ടി വോട്ടുപിടിച്ച മല്ലിക സുകുമാരനെ വരെ പരിവാരം എമ്പുരാന്റെ പേരില്‍ ഹീനമായി പള്ളുപറയുന്നു. കോണ്‍ഗ്രസ്സില്‍ പിന്നെ അഭിപ്രായസമന്വയം ഒരു കിട്ടാക്കനി ആണല്ലോ. പ്രതിപക്ഷനേതാവ് എമ്പുരാന്‍ ടീമിനു പിന്തുണ നല്‍കുമ്പോള്‍ യുവനിരയായ ബല്‍റാമും റസൂല്‍ മാക്കുറ്റിയുമൊക്കെ പരിവാരത്തിന്റെ അതേ പല്ലവി പാടി എമ്പുരാന്‍ ടീമിന്റെ മാപ്പിനെ പരിഹസിക്കുന്നു (വി.ടി.ബല്‍റാമിന്റെ ഷൂസ്റ്റാന്‍ഡ് പോസ്റ്റ് ഉദാഹരണം.) വിവിധ രാഷ്ട്രീയങ്ങള്‍ തമ്മിലുള്ള വ്യത്യാസം.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ണൂര്‍ ഭാഗത്ത് കാര്യമായി കളക്ഷന്‍ നേടാഞ്ഞത് ഇടതുപക്ഷത്തിന്റെ ഫാസിസം കൊണ്ടാണ് എന്നായിരുന്നു നറേറ്റീവ്. എന്നിട്ടും പടം 50 ദിവസത്തില്‍ കുറയാതെ കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഒരു അക്രമവുമുണ്ടായില്ല, ഒരു സെന്‍സറിംഗും ആവശ്യമായി വന്നില്ല.
യഥാര്‍ത്ഥ ഫാസിസ്റ്റുകളോട് ഏറ്റുമുട്ടുമ്പോള്‍ ശരിക്കും എന്താണ് അനുഭവം എന്ന് ഇപ്പോള്‍ മുരളീഗോപിക്ക് മനസ്സിലായിരിക്കണം. അവര്‍ക്ക് അവരുടെ ആളുകളെന്ന് പൊതുവില്‍ കരുതപ്പെടുന്നവര്‍, ശത്രുക്കള്‍ എന്നൊന്നുമില്ല, ഇടഞ്ഞാല്‍ ആരുമവര്‍ക്ക് ശത്രുക്കളാണെന്നും അവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നത് വളരെ ദുഷ്‌കരമാണെന്നും, രായ്ക്കുരാമാനം സിനിമയില്‍ വീണ്ടും കത്രിക വെക്കേണ്ടി വരുമെന്നും LRLന്റെയും എമ്പുരാന്റെയും എഴുത്തുകാരന് മനസ്സിലായിരിക്കണം.
പണ്ട് നാസിജര്‍മ്മനിയില്‍ ആദ്യകാലത്ത് നാസി അനുകൂലിയായിരുന്ന, പിന്നീട് ഹിറ്റ്‌ലര്‍ ജയിലില്‍ അടച്ച പാസ്റ്റര്‍ മാര്‍ട്ടിന്‍ നീമൊളറിന്റെ പ്രശസ്തമായൊരു ക്വോട്ട് ഉണ്ട്.
‘ആദ്യം അവര്‍ സോഷ്യലിസ്റ്റുകള്‍ക്കു വേണ്ടി വന്നു, അന്ന് ഞാന്‍ മിണ്ടിയില്ല; കാരണം ഞാനൊരു സോഷ്യലിസ്റ്റായിരുന്നില്ല. പിന്നയവര്‍ ട്രേഡ് യൂണിയനിസ്റ്റുകള്‍ക്കുവേണ്ടി വന്നു, അന്നും ഞാന്‍ മിണ്ടിയില്ല; കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നെയവര്‍ ജൂതര്‍ക്കായി വന്നു, അന്നും ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ജൂതനായിരുന്നില്ല. പിന്നെയവര്‍ എനിക്കായി വന്നു, അന്നെനിക്കായി നില്‍ക്കാന്‍ പക്ഷേ ആരുമുണ്ടായിരുന്നില്ല.’
ഈ വരികളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. കൂടെയുള്ളവരെ അവര്‍ ആക്രമിക്കുമ്പോള്‍ നമുക്കൊരു പക്ഷേ അത്ര ബാധിച്ചേക്കില്ല. നമ്മെ തേടി അവര്‍ വരുമ്പോഴേ അതെത്ര ഭീകരമെന്ന് നമുക്ക് മനസ്സിലാകൂ. ശരിക്കും ഫാസിസ്റ്റുകളാരാണെന്നും അവരുടെ പ്രഹരശേഷി യഥാര്‍ത്ഥത്തില്‍ എന്താണെന്നും ബോധ്യമാകൂ.
എന്തായാലും, സിനിമ ഒരു കൊമേഴ്‌സ്യല്‍ കലാസൃഷ്ടിയും ഒരു രാഷ്ട്രീയ ടൂളും എന്ന നിലകളില്‍ അതിന്റെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു. സംഗതി എല്ലാ കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണ്. ഒപ്പം ഗുജറാത്ത് വംശഹത്യ എന്നൊരു അതിക്രൂര സംഭവം ഇവിടെ 2002ല്‍ നടന്നെന്നും അതിന്റെ ബലത്തില്‍ അതാസൂത്രണം ചെയ്തവര്‍ നമ്മുടെ പരമാധികാരത്തില്‍ വരെ എത്തിയെന്നും മുതിര്‍ന്നവരെ വീണ്ടും ഓര്‍മ്മിപ്പിക്കാനും, പുതിയ കുട്ടികളെ സംഭവം പരിചയപ്പെടുത്താനും സിനിമയ്ക്ക് സാധിച്ചു. ആ കലാപത്തെ പറ്റി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയെടുത്തു. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ കലാപമാണ് രാഷ്ട്രീയമെന്നും ചരിത്രം മറക്കാനുള്ളതല്ല എന്നും പൃഥ്വിരാജ് എന്ന കലാകാരന്‍ എമ്പുരാനിലൂടെ നമ്മെ വീണ്ടുമോര്‍മ്മിപ്പിച്ചു.
പൃഥ്വിരാജിനു വേണമെങ്കില്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സാദാ കൊമേഴ്‌സ്യല്‍ മൂവി ചെയ്യാമായിരുന്നു. എന്നാല്‍ അതല്ല ഉണ്ടായത്. ഇന്നത്തെ ഇന്ത്യയില്‍ ഒരു കൊമേഴ്‌സ്യല്‍ മൂവി മേക്കറും പറയാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങള്‍ അദ്ദേഹം തന്റെ സിനിമയില്‍ നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി, ചങ്കൂറ്റത്തോടെ പറഞ്ഞു; മോഹന്‍ലാല്‍ എന്ന ക്രൗഡ് പുള്ളറിന്റെ ഇന്‍ഫ്‌ലുവന്‍സ് പ്രയോജനപ്പെടുത്തി, തന്ത്രപരമായി തന്നെ.
ആര്‍ട്ട് ഹൗസ് സിനിമകളില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനം പുതിയൊരു കാര്യമല്ല. എന്നാല്‍ ബിജെപി മൂന്നാം ടേമിലും ഭരിക്കുന്ന ഇന്ത്യയില്‍, ഒരു ജനപ്രിയ സിനിമയില്‍ അത് വരിക എന്നത് ചില്ലറ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. വളരെ റിസ്‌കി ആണത്. അതിന്റെ ഭാഗമായി അനിവാര്യമായിപ്പോകുന്ന സംഗതികളാണീ മാപ്പും റീസെന്‍സറിംഗും ഒക്കെ. നാടൊട്ടാകെയും സ്റ്റേറ്റ് ചീഫ് അടക്കവും പിന്തുണയുമായെത്തിയിട്ടും, നിയമപരമോ ഔദ്യോഗികമോ ആയ ഒരു ഡിമാന്‍ഡും ഇല്ലാഞ്ഞിട്ടും സിനിമ റീസെന്‍സര്‍ ചെയ്യുകയാണെങ്കില്‍ അത്രയധികം രാഷ്ട്രീയ സമ്മര്‍ദ്ദം ദേശീയതലത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് മേലുണ്ടായിരിക്കാം. കുടുംബങ്ങള്‍ ഭയന്നിരിക്കാം. ശബ്ദിക്കുന്നവരുടെ വായടപ്പിക്കുവാന്‍ അവരെന്തും ചെയ്യുമല്ലോ.
റീസെന്‍സര്‍ ചെയ്യാത്ത പ്രിന്റുകള്‍ ഓള്‍റെഡി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് കേട്ടു. നിരോധിതമായ ബിബിസി ഡോക്യുമെന്ററി പോലെ ഭാവിയില്‍ അതും ആളുകള്‍ തിരയും, പ്രൊപ്പഗേറ്റ് ചെയ്യും, ഓര്‍മ്മകളെ കെടാതെ നിര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം അതിലൂടെ ചെയ്യും. അതിനി എത്ര കട്ട് ചെയ്ത വേര്‍ഷന്‍ തിയറ്ററിലോടിച്ചാലും. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തെ എക്‌സ്‌പോസ് ചെയ്യുന്ന, ഇന്‍ഡസ്ട്രി ഹിറ്റായ അഭൂതപൂര്‍വ്വമായ ഒരു കൊമേഴ്‌സ്യല്‍ സിനിമ എന്ന നിലയില്‍, എമ്പുരാന്‍ നമ്മുടെ സിനിമാ, രാഷ്ട്രീയ ചരിത്രങ്ങളില്‍ ഒരു പ്രധാനസ്ഥാനം കഴിഞ്ഞ മൂന്നാലു ദിവസങ്ങള്‍ക്കൊണ്ട് നേടിക്കഴിഞ്ഞു, പൃഥ്വിരാജ് എന്ന ധൈര്യശാലിയായ, നിലപാടുള്ള സംവിധായകനും. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും ഒപ്പം നില്‍ക്കാനുള്ള രാഷ്ട്രീയമായ കടമ നമുക്കോരോ മതേതര മലയാളിക്കുമുണ്ട്.
. Empuraan movie and its political mission.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary; Empuraan movie and its political mission.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.