'ഗാനഗന്ധര്‍വന്' 50 വയസ്സ്; 'ശ്രാന്തമംബര'ത്തെ അപ്പൂപ്പന്‍താടി പോലെ പറപ്പിച്ച ദക്ഷിണാമൂര്‍ത്തിയും യേശുദാസും - ആര്‍.കെ ദാമോദരന്‍/അഭിമുഖം

 
'ഗാനഗന്ധര്‍വന്' 50 വയസ്സ്; 'ശ്രാന്തമംബര'ത്തെ അപ്പൂപ്പന്‍താടി പോലെ പറപ്പിച്ച ദക്ഷിണാമൂര്‍ത്തിയും യേശുദാസും - ആര്‍.കെ ദാമോദരന്‍/അഭിമുഖം

ചെമ്മീനിലൂടെ ദക്ഷിണേന്ത്യയിലേക്ക് പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ കൊണ്ടുവന്ന രാമു കാര്യാട്ട് മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരില്‍ ഒരാളാണ്. കാല്‍ നൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിനിടയില്‍ എണ്ണം പറഞ്ഞ ഒരു ഡസന്‍ സിനിമകള്‍ സംവിധാനം ചെയ്ത കാര്യാട്ടിന്റെ സമ്പൂര്‍ണ്ണ സാഹിത്യ സിനിമ എന്നറിയപ്പെടുന്ന ചലച്ചിത്രമാണ് അഭയം. 1970ല്‍ പുറത്തിറങ്ങിയ ചിത്രം പെരുമ്പടവം ശ്രീധരന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ജി ശങ്കരക്കുറുപ്പിന്റെ 'ശ്രാന്തമംബരം' എന്നു തുടങ്ങുന്ന കവിത ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസ് ആലപിച്ചത് അഭയത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ഇതിന് ശേഷമാണ് യേശുദാസിനെ ആദ്യമായി ഗാനഗന്ധര്‍വ്വന്‍ എന്ന് ജി ശങ്കരക്കുറുപ്പ് വിളിച്ചത്. ഗാനഗന്ധര്‍വ്വന്‍ എന്ന വിശേഷണത്തിനും 50 വയസ്സ് തികയുകയാണ്. അഭയത്തിന്റെ കാലത്തെ സിനിമയ്ക്കും സാഹിത്യത്തിനും കവിതയ്ക്കുമുണ്ടായിരുന്ന പ്രത്യേകതകളാണ് ആ സിനിമയെ ഇന്നും ഓര്‍ക്കാന്‍ കാരണമെന്ന് പറയുകയാണ് കവിയും ഗാനരചയിതാവുമായ ആര്‍ കെ ദാമോദരന്‍ പറയുന്നു. ഒപ്പം യേശുദാസിന്റെ ആലാപനം എന്തുകൊണ്ട് മലയാളികള്‍ ഇന്നും ഇഷ്ടപ്പെടുന്നുവെന്നതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഭയത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് 'രാമു കാര്യാട്ടിന്റെ അഭയം 50 വര്‍ഷം' എന്ന പരമ്പരയിലൂടെ. (ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം)


? യേശുദാസിനെ ഗാനഗന്ധര്‍വ്വന്‍ എന്ന് ആദ്യമായി വിളിച്ചത് ജി ശങ്കരക്കുറുപ്പ് ആണെന്ന് ചിലയിടങ്ങളില്‍ വായിച്ചിട്ടുണ്ട്. അഭയം സിനിമയില്‍ മഹാകവിയുടെ 'ശ്രാന്തമംബരം' എന്നു തുടങ്ങുന്ന കവിത ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ആലപിച്ചതും യേശുദാസ് ആണ്. എന്തുകൊണ്ടായിരിക്കും യേശുദാസിനെ അന്ന് അദ്ദേഹം അങ്ങനെ വിളിച്ചത്?

'ശ്രാന്തമംബരം' ആലപിച്ചത് കൊണ്ട് മാത്രമല്ല ജി ശങ്കരക്കുറുപ്പ് യേശുദാസിനെ ഗാനഗന്ധര്‍വ്വന്‍ എന്ന് വിളിച്ചത്. ഒമ്പത് കവികളുടെ കവിതകള്‍ പാട്ടുകളായി ഉപയോഗിച്ചു എന്നതാണ് അഭയം എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ജി ശങ്കരക്കുറുപ്പിന്റെ 'ശ്രാന്തമംബര'മാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായി തീര്‍ന്നത്. പി ഭാസ്‌കരന്‍ മാഷിന്റെ ഗാനരചനയുടെ രജതജൂബിലി ആഘോഷം എറണാകുളം ഭാരതീയ വിദ്യാഭവന്‍ ഹാളില്‍ വച്ച് നടക്കുകയുണ്ടായി. അവിടെ ജി ശങ്കരക്കുറുപ്പ് മാഷും ഉണ്ടായിരുന്നു. സിനിമയില്‍ തുടര്‍ന്നും പാട്ട് എഴുതിക്കൂടെ എന്ന് അവിടെ വച്ച് പലരും അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ താന്‍ അതിന് ശക്തനല്ലെന്നും അതിന് തന്നേക്കാള്‍ നല്ല കുട്ടനും മറ്റും ഇവിടെയുണ്ടല്ലോ എന്നായിരുന്നു മഹാകവിയുടെ മറുപടി. കുട്ടന്‍ എന്നാല്‍ വയലാര്‍ ആണ്. അഭയത്തില്‍ കവിത ഉപയോഗിച്ചുവെന്ന് മാത്രമേയുള്ളൂ. അത് ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ മിടുക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാരുകേശി, മോഹനം എന്നിങ്ങനെ രണ്ട് രാഗത്തിലാണ് അത് ചെയ്തുവച്ചത്. 'ശ്രാന്തമംബരം' എന്ന കവിത വളരെ കടുപ്പത്തിലുള്ള കവിതയാണ്. അതിനെ ദക്ഷിണാമൂര്‍ത്തി ഒരു അപ്പൂപ്പന്‍ താടി പോലെ പറപ്പിച്ചുകളഞ്ഞുവെന്നാണ് ജി ശങ്കരക്കുറുപ്പ് മാഷ് അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. സംഗീതം കൊടുത്തപ്പോള്‍ ആ കവിത ഭയങ്കര സംഭവമായി മാറിയെന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഒരു പരിപാടിക്ക് വന്നപ്പോള്‍ ജി ശങ്കരക്കുറുപ്പ് തന്നെയാണ് യേശുദാസിനെ 'ഗാനഗന്ധര്‍വ്വന്‍' എന്ന് വിശേഷിപ്പിച്ചത്.

ശങ്കരക്കുറുപ്പ് മാഷ് 1948ലാണ് ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഗാനരചന നടത്തിയത്. മലയാള സിനിമയിലെ നാലാമത്തെ ഗാനരചയിതാവായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. മുതുകുളം രാഘവന്‍ പിള്ള, പുത്തന്‍കാവ് മാത്തന്‍ തരകന്‍, കിളിമാനൂര്‍ മാധവവാര്യര്‍ എന്നിവരായിരുന്നു ശങ്കരക്കുറുപ്പ് മാഷിന് മുമ്പ് മലയാള സിനിമയിലെ ഗാനരചയിതാക്കള്‍. നിര്‍മ്മല എന്ന സിനിമയ്ക്ക് വേണ്ടിയാണ് ജി ശങ്കരക്കുറുപ്പ് ആദ്യമായി പാട്ട് എഴുതിയത്. 'ശ്രാന്ത
മംബരം' എന്നു തുടങ്ങുന്ന കവിത അഭയത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തത്. ആ കവിതയെ എത്രമാത്രം സംഗീതാത്മകമാക്കാമെന്ന് കാണിച്ചുകൊടുക്കാന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് സാധിച്ചു. കവിതയുടെ ഗഹനമായ വാക്കുകളും അര്‍ത്ഥതലങ്ങളും സംഗീതത്തിന്റെ രാഗങ്ങളിലൂടെ യേശുദാസിന്റെ നാദസൗന്ദര്യത്തിലൂടെ കടന്നുപോയപ്പോള്‍ സാധാരണക്കാര്‍ക്ക് പോലും ശ്രാന്തമംബരം ആസ്വദിക്കാന്‍ സാധിച്ചു. സാധാരണക്കാര്‍ ഈ കവിത യഥാര്‍ത്ഥത്തില്‍ കേട്ടത് അഭയത്തിലെ പാട്ട് എന്ന നിലയ്ക്കാണ്. അതിന് മുമ്പ് സാഗരഗീതം വായിച്ചിട്ടുണ്ടാകാന്‍ സാധ്യത സുകുമാര്‍ അഴീക്കോടിനെ പോലുള്ള പണ്ഡിതന്‍മാരും മലയാളം പഠിക്കുന്നവരും മാത്രമായിരിക്കും. കവിതയെ സാധാരണക്കാരില്‍ എത്തിക്കുന്നതിനെക്കുറിച്ച് പറയുന്നത് 'സംഗീതം അതിസാഹിത്യം' എന്നാണ്. ആദ്യം സംഗീതത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. പതിക്കുന്ന മാത്രയില്‍ തന്നെ മധുരമുള്ളതാണ് സംഗീതം. ആലോചിക്കുമ്പോള്‍ അമൃതമാകുന്നതാണ് സാഹിത്യം. 'ശ്രാന്തമംബരം' നമ്മള്‍ വായിച്ച് കഴിഞ്ഞിട്ട് ഇങ്ങനെ മനസ്സില്‍ ഇട്ടുകൊണ്ട് നടന്നാല്‍ മാത്രമേ ആശയഗാംഭീര്യം മനസ്സിലാക്കാന്‍ സാധിക്കൂ. കേള്‍ക്കുന്ന മാത്രയില്‍ തന്നെ അത് ഇത്രയും മധുരമായത് സംഗീതത്തിന്റെ ചിറകിലൂടെ അത് വന്നപ്പോഴാണ്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കയ്യില്‍ അത് കിട്ടിയപ്പോള്‍ അദ്ദേഹമെടുത്ത് പൊടിപാറ്റിക്കളഞ്ഞു.

ഏറ്റവും വലിയ ഭാഷയേത് എന്ന് ചോദിച്ചാല്‍ വള്ളത്തോള്‍ പറയുക അദ്ദേഹത്തിന്റെ ഭാഷയായ മലയാളമെന്നായിരിക്കും. കാളിദാസന്റെ അടുത്ത് ചോദിച്ചാല്‍ സംസ്‌കൃതമാണെന്ന് പറയും. ഷേക്‌സ്പിയറിന്റെ അടുത്ത് ചോദിച്ചാല്‍ ഇംഗ്ലീഷ് ആണെന്ന് പറയും. എന്നാല്‍ ഞാനെന്ന മലയാളി പറയുക ഇതൊന്നുമല്ലെന്നാണ്. കാരണം, സാര്‍വ്വലൗകിക ഭാഷ സംഗീതമാണ്. ഇപ്പോള്‍ നിങ്ങള്‍ ഒരു ഹിന്ദി പാട്ട് കേട്ടാല്‍ അതിപ്പോള്‍ റാഫിയുടെയോ മുകേഷിന്റെയോ പാട്ടാണെങ്കിലും അര്‍ത്ഥമെന്താണെന്ന് മനസ്സിലായില്ലെങ്കിലും അത് ആസ്വദിക്കാന്‍ സാധിക്കുന്നത് ആ സംഗീതത്തിലൂടെയാണ്. ഭഗവാന്‍ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഓ ദുനിയാ കേ രഗ് വാലേ എന്ന് നിങ്ങള്‍ അപ്പോള്‍ ചൊല്ലുന്നത് അതിന്റെ സംഗീതം ആസ്വദിക്കുന്നത് കൊണ്ടാണ്. മുഹമ്മദ് റാഫിയുടെ ബേസും ടോപ്പും എല്ലാം എടുത്ത് രഗ് വാലേ.. രഗ് വാലേ.. എന്ന് മുകളിലേക്ക് കയറിപ്പോകാന്‍ സാധിക്കുന്നത് ആ സംഗീതത്തിന്റെ മികവ് കൊണ്ടാണ്. നിങ്ങള്‍ അതിലേക്ക് മുഴുകുകയും ആ ഭാവത്തിലേക്ക് കടക്കുകയുമാണ്. അതിനുള്ള ശക്തി സംഗീതത്തിനുണ്ട്. യേശുദാസിന്റെ ശബ്ദത്തില്‍ പാട്ടുകള്‍ എല്ലാം കേട്ടിട്ടാകും ശങ്കരക്കുറുപ്പ് മാഷ് 'ഗാനഗന്ധര്‍വ്വന്‍' എന്ന പ്രയോഗം നടത്തിയത്.? എന്താണ് യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകള്‍ എന്നാണ് താങ്കള്‍ക്ക് തോന്നുന്നത്?

കര്‍ണ്ണാടക സംഗീതവും ക്ലാസിക്കല്‍ സംഗീതവും ചലച്ചിത്ര സംഗീതവും തമ്മിലുള്ള വ്യത്യാസം ക്ലാസിക്കല്‍ സംഗീതത്തില്‍ ശബ്ദത്തിന്റെ മാധുര്യമല്ല നോക്കുകയെന്നതാണ്. പകരം ആലപിക്കുന്ന ശൈലിയാണ് അവിടെ ശ്രദ്ധിക്കപ്പെടുക. അത് ഹിന്ദുസ്ഥാനിയാണെങ്കിലും ഏതാണെങ്കിലും. മുഹമ്മദ് റാഫിയാണോ ഭീംസെന്‍ ജോഷിയാണോ ഏറ്റവും വലിയ സംഗീതജ്ഞന്‍ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നത് വേറെ കാര്യം. യേശുദാസിന്റെ ശബ്ദത്തിന്റെ ഗുണം അതൊരു റൊമാന്റിക് അല്ലങ്കില്‍ കാല്‍പ്പനികമായ ശബ്ദമാണ്
എന്നതാണ്. സിനിമയില്‍ മൊത്തം കാല്‍പ്പനികതയാണ്. പ്രേംനസീറിന്റെ ശബ്ദവുമായി ഏറ്റവും യോജിച്ചിട്ടുള്ള ശബ്ദമാണ് യേശുദാസിന്റെ ശബ്ദം. അതിലുപരിയായി യേശുദാസ് എന്ന സംഗീതജ്ഞന് കര്‍ണ്ണാടക സംഗീതം നല്ലവണ്ണം വശമുണ്ട്. ദേവരാജന്‍ മാസ്റ്ററുള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള ക്വാളിറ്റി മൂന്ന് സ്ഥായിയിലും ഒരേപോലെ ഒരു വൈബ്രേഷന്‍ പോലുമില്ലാതെ അതായത് ശബ്ദത്തിന്റെ മാധുര്യം കുറയാതെ മന്ത്രസ്ഥായിയിലും മധ്യസ്ഥായിയിലും താരസ്ഥായിയിലും ഒരേപോലെ സഞ്ചരിക്കാന്‍ കഴിവുള്ള മലയാളത്തിന്റെ ഏക പാട്ടുകാരന്‍ യേശുദാസ് ആണെന്നാണ്. അത് സംശയമില്ലാത്ത കാര്യമാണ്. ഉദാഹരണത്തിന് 'പ്രമദവനം..' എന്ന പാട്ട് എടുത്താല്‍ അത് ബേസില്‍ ആണ് ആരംഭിക്കുന്നത്. അത് രവീന്ദ്രന്റെ എല്ലാ പാട്ടുകളുടെയും പ്രത്യേകതയാണ്. മൂന്ന് സ്ഥായികളും ഉപയോഗിച്ചിരിക്കുന്നത് രവീന്ദ്രന്‍ ആണ്. പ്രമദവനം എത്രയോ താഴെ നിന്നാണ് തുടങ്ങുന്നത്. പക്ഷെ അതുതന്നെ 'ഇന്നിതാ..' എന്ന ടോപ്പിലേക്ക് പോകും. പക്ഷെ സാക്ഷാ പാരമ്യത്തിലൊക്കെ 'ദേവീ.. ദേവീ..' എന്നൊക്കെ പോകുന്നുണ്ട് അത്. അപ്പോള്‍ മന്ത്രസ്ഥായിയില്‍ തുടങ്ങിയിട്ട് താരസ്ഥായിയിലും അവിടെ നിന്ന് മധ്യസ്ഥായിയിലും അദ്ദേഹത്തിന്റെ ശബ്ദം വളരെ ഭംഗിയായി തന്നെ നില്‍ക്കും. യാതൊരു വൈബ്രേഷനും അദ്ദേഹത്തിന്റെ ശബ്ദത്തിനുണ്ടാകില്ല. ആ അത്ഭുതത്തിന്റെ ബലം യേശുദാസിനുണ്ട്. കൂടാതെ ക്ലാസിക്കല്‍ സംഗീതത്തിന്റെ ബലവും ആ ശബ്ദത്തിന്റെ മാധുര്യവും യേശുദാസിനുണ്ട്. കേരളത്തില്‍ അത്രയും മാധുര്യമുള്ള മറ്റൊരു ശബ്ദമുണ്ടാകില്ല.

? മറ്റ് ഭാഷകളില്‍ ആരെങ്കിലും ഉള്ളതായി താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?

ചലച്ചിത്രഭംഗിയായി ആരും തന്നെ വന്നതായിട്ട് എന്റെ അറിവില്‍ ഇല്ല. എസ് പി ബാലസുബ്രഹ്‌മണ്യം തമിഴില്‍ നന്നായിട്ട് പാടുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് ക്ലാസിക്കല്‍ ആയ പാരമ്പര്യമില്ല. മുഹമ്മദ് റാഫിയില്‍ നിന്നാണ് പഠിച്ചെടുത്തതെന്ന് ദാസേട്ടന്‍ തന്നെ പറയുന്നുണ്ട്. പക്ഷെ അദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ക്ലാസിക്കല്‍ പാരമ്പര്യമില്ല. ഏറ്റവും നല്ല ലളിതഗാനങ്ങളും ക്ലാസിക്കല്‍ പാട്ടുകളും യേശുദാസിന് പാടാന്‍ പറ്റും. 'മണിയാന്‍ ചെട്ടിക്ക് മണിമുട്ടായി, മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി..' എന്ന തമാശപ്പാട്ട് പാടാനും ദാസേട്ടന് പറ്റും. അതേസ്ഥാനത്ത് 'നാദബ്രഹ്‌മത്തില്‍..' എന്ന ക്ലാസിക്കല്‍ പാട്ട് പാടാനും യേശുദാസിന് സാധിക്കും. 'പാരിജാതത്തിലേറി വന്നു..' എന്ന് തുടങ്ങുന്ന കാല്‍പ്പനികമായ ഒരു പാട്ടും ദാസേട്ടന്‍ നമുക്ക് പാടിത്തന്നിട്ടുണ്ട്. ഇതെല്ലാം ഒരുപോലെ അദ്ദേഹത്തിന് പാടാന്‍ സാധിക്കുന്നത് ലളിത സംഗീതത്തിലും ക്ലാസിക്കല്‍ സംഗീതത്തിലും ഒരേപോലെ നില്‍ക്കാനുള്ള കഴിവുള്ളതിനാലാണ്. അത് പലര്‍ക്കും ഇല്ല എന്നതാണ് സത്യം. യേശുദാസിനേക്കാള്‍ ക്ലാസിക്കല്‍ പാരമ്പര്യമുള്ള ഒരാള്‍ വന്നാലും അത് താങ്ങാന്‍ പറ്റുകയില്ല. നല്ലൊരു ഗാനം എഴുതന്നയാള്‍ക്ക് നല്ലൊരു കവിത എഴുതാന്‍ പറ്റണം എന്നില്ല.

ആ കാലഘട്ടത്തില്‍ കാല്‍പ്പനിക ശബ്ദത്തിന്റെ തികവും ഭംഗിയും യേശുദാസിന് മാത്രം അവകാശപ്പെട്ടതാണ്. പ്രേംനസീറിന്റെ ശബ്ദത്തില്‍ യേശുദാസിനാണ് പാടാന്‍ സാധിച്ചിരു
ന്നത്. പ്രേംനസീറിന്റെ കാല്‍പ്പനികത മുഴുവന്‍ ശബ്ദത്തില്‍ ആവാഹിച്ചെടുത്തയാളാണ് യേശുദാസ്. ആ സമയത്ത് തന്നെ പരുക്കനായ സത്യന്‍ മാഷിന് വേണ്ടി പാടാന്‍ ദേവരാജന്‍ മാഷൊക്കെ തെരഞ്ഞെടുത്തിരിക്കുന്നത് എ എം രാജയെ ആണ്. എ എം രാജയുടെ പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ആ രംഗത്തില്‍ നമുക്ക് സത്യന്‍ മാഷിനെ കാണാന്‍ സാധിക്കുന്നുണ്ട്. സത്യന്‍ മാഷ് അത്രയും കാല്‍പ്പനികനല്ലല്ലോ? റൊമാന്റിക് ശബ്ദവും ക്ലാസ്സിക്കല്‍ പാരമ്പര്യവും ചെമ്പൈ സ്വാമിയെ പോലെയുള്ള വലിയൊരു സര്‍ഗ്ഗപ്രതിഭയുടെ ശിഷ്യത്വവും എല്ലാം ദാസേട്ടന് ഗുണം ചെയ്തു. ദാസേട്ടന്‍ എത്ര ക്ഷുഭിതനായിരിക്കുമ്പോഴും അദ്ദേഹത്തെ തണുപ്പിക്കാന്‍ ചെമ്പൈ സ്വാമിയെക്കുറിച്ച് പറഞ്ഞാല്‍ മതി. ഉടനെ തന്നെ ക്ഷുഭിതനായ യേശുദാസ് ഗുരുഭക്തിയോടെ നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന് ഗുരുക്കന്മാരോട് അത്രയും വലിയ ബഹുമാനമാണ്.

ആര്‍ കെ ദാമോദരന്‍


?
യേശുദാസ് ചെമ്പൈ സ്വാമിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ആയിരുന്നല്ലോ? ആ ശിക്ഷണം അദ്ദേഹത്തിന് എത്രമാത്രം ഗുണം ചെയ്തിട്ടുണ്ട്?

ഇപ്പോഴെല്ലാവരും അക്കാദമിക് ആയ പഠനങ്ങള്‍ മാത്രം നടത്തുന്നവരാണ്. ദാസേട്ടന്‍ അക്കാദമിക് പഠനവും നടത്തിയിട്ടുണ്ട് ഗുരുമുഖത്ത് നിന്നും അവര്‍ക്കൊപ്പം സഞ്ചരിച്ചും പഠിച്ചിട്ടുണ്ട്. ആര്‍എല്‍വിയിലും തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലും ദാസേട്ടന്‍ പഠിച്ചിട്ടുണ്ട്. ചെമ്പൈ സ്വാമി അദ്ദേഹത്തെ കൊണ്ടു നടന്ന് പഠിപ്പിക്കുകയായിരുന്നു. പഴയ സമ്പ്രദായത്തിലുള്ള ഗുരുപരമ്പരയില്‍ നിന്നും പഠിക്കാനും അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടാണ് സിനിമയിലെ തിരക്കുകള്‍ ഉള്ളപ്പോള്‍ തന്നെ മാര്‍ഗ്ഗഴി സംഗീതോത്സവത്തില്‍ അമ്പതോളം ദിവസങ്ങളില്‍ തുടര്‍ച്ചയായി കച്ചേരി നടത്താനും അദ്ദേഹത്തിന് സാധിക്കുന്നത്. അങ്ങനെയൊരു ഗായകന്‍ ഇന്ത്യയില്‍ ഏതെങ്കിലും ഭാഷയിലുണ്ടോ? ചലച്ചിത്ര സംഗീതത്തിലും ക്ലാസിക്കല്‍ സംഗീതത്തിലും ലളിത സംഗീതത്തിലുമെല്ലാം അത്രയും കഠിനപ്രയത്‌നം ചെയ്യുന്ന ഗുരുത്വമുള്ളയാള്‍ ആയതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കുന്നത്. അത്രമാണ് അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍. ജീവിതചര്യകളും ഭക്ഷണക്രമങ്ങളും പോലും അദ്ദേഹം സംഗീതത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്. ഈറ്റ് റൈറ്റ് ഫോര്‍ യുവര്‍ ടൈപ്പ് എന്ന ഇംഗ്ലീഷ് ഗ്രന്ഥം നോക്കി ഭക്ഷണം ക്രമീകരിച്ചിട്ട് തന്റെ തൊണ്ടയ്ക്ക് വേണ്ടാത്ത, തന്റെ ശരീരത്തിന് നല്ലതല്ലാത്ത ഭക്ഷണങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതും സംഗീതം കൊണ്ടുനടക്കുന്നതിന് വേണ്ടിയായിരുന്നു.

? 1970ല്‍ പുറത്തിറങ്ങിയ അഭയം എന്ന സിനിമയുടെ അമ്പതാം വാര്‍ഷികമാണ് ഇത്. ആത്മഹത്യ ചെയ്ത ഒരു കവിയത്രിയുടെ കഥ, അതിന് മുമ്പ് കേരളശബ്ദത്തിന്റെ നോവല്‍ പുരസ്‌കാരം നേടിയ നോവല്‍. ഇതിനെല്ലാമുപരി അഭയം എന്ന സിനിമ എങ്ങനെയാണ് അടയാളപ്പെടുന്നത്?

സിനിമയുടെ വളരെ പഴയ കാലഘട്ടമാണ് അത്. ഇന്നത്തെ പോലെ ഒരു ഹോട്ടല്‍ മുറിയില്‍ അഞ്ചാറ് പേര്‍ കൂടിയിരുന്ന് ആലോചിച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റിയെഴുതി ഉണ്ടാക്കുന്നതല്ല അന്നത്തെ കാലത്ത് സിനിമ. ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ എഴുതിയുണ്ടാക്കുന്നതായിരുന്നു അന്നത്തെ സിനിമകള്‍. അതാണ് അഭയത്തിന്റെയും പ്രത്യേകത. അന്നത്തെ സിനിമയും ഇന്നത്തെയും സിനിമയും പാട്ടുകളും എല്ലാം എടുത്തുനോക്കിയാല്‍ അറിയാം ജീവിതവുമായി ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ കടന്നു വരുന്നതായി അറിയാം. അന്ന് ജീവിതവുമായി ഒട്ടിപ്പിടിച്ച് നില്‍ക്കുന്ന സംഗതികളാണ് സിനിമയിലുണ്ടായിരുന്നത്. സാഹിത്യവുമായും ജീവിതവുമായുമെല്ലാം അതിന് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ശങ്കരക്കുറുപ്പ് മാഷിന്റെ കവിതയൊക്കെ അഭയത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചത്. കവിതയൊക്കെ നമ്മുടെ ജീവിതവുമായി ഒട്ടിനില്‍ക്കുന്ന സംഭവമാണ്. അങ്ങനെ ജീവിതവും സംസ്‌കാരവുമെല്ലാം അഭയത്തില്‍ വരുന്നുണ്ട്.

ജീവിതത്തില്‍ നിന്ന് തന്നെ അടര്‍ത്തിയെടുത്ത ഒരു കഥ സിനിമയാക്കുന്നു, കവിത തന്നെ ക്ലാസിക്കല്‍ സംഗീതവും ലളിത സംഗീതവും നല്‍കി ഗാനങ്ങള്‍ ആക്കുന്നു. സാഹിത്യത്തിന്റെ ഏറ്റവും സാന്ദ്രമായ നമ്മുടെ സംസ്‌കാരത്തില്‍ നിന്നും അടര്‍ത്തിയെടുത്തിരിക്കുന്ന രൂപമാണ് കവിത. രാമായണം എന്ന ഇതിഹാസത്തെ എടുത്തിട്ട് എനിക്ക് വേണമെങ്കില്‍ പത്ത് വരി കവിതയാക്കാം. ഏകശ്ലോകീ രാമായണം എന്ന ഒരു ശ്ലോകം തന്നെയുണ്ട്. ഒരു ശ്ലോകത്തിലൂടെ രാമായണ കഥ പറയുന്നതാണ് അത്. സംസ്‌കാരത്തിന്റെ അന്തസത്തയാണ് കവിത. അന്നത്തെ ജീവിതഗന്ധിയായ കഥകളും കവിതകളും സംസ്‌കാരവും എല്ലാം ബന്ധപ്പെടുത്തിയാണ് അഭയം പോലുള്ള സിനിമകള്‍ ചെയ്തിരുന്നത്. കവിത കലര്‍ന്ന ഗാനങ്ങള്‍ അന്നത്തെ പ്രത്യേകതയായിരുന്നു. ഒഎന്‍വി കുറുപ്പ് തന്നെ പറഞ്ഞത് ഒപ്പാണ് കവിതയെങ്കില്‍ ഉപ്പിലിട്ടതാണ് എനിക്ക് ഗാനങ്ങള്‍ എന്നായിരുന്നു. കവിതയെ സംഗീതത്തിലേക്ക് കൊണ്ടുവന്നപ്പോഴാണ് അഭയത്തിലെ 'ശ്രാന്തമം
ബരം' ഒക്കെ സംഭവിക്കുന്നത്. ആ കവിതയെ ജനകീയവല്‍ക്കരിച്ചത് സിനിമയാണ്.

ഇന്നിപ്പോള്‍ സാഹിത്യത്തെയും സംഗീതത്തെയും എല്ലാം വിട്ടിട്ട് സാങ്കേതിക വിദ്യയിലൂന്നിയാണ് സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമ വരാന്‍ പോകുന്നു. നൂറ് കോടി മുടക്കിയിരിക്കുക അതിന്റെ സര്‍ഗ്ഗാത്മകതയ്ക്ക് ആയിരിക്കില്ല. പകരം സാങ്കേതിക വിദ്യയ്ക്ക് ആയിരിക്കും. കാഴ്ചക്കാരെ വിഭ്രമിപ്പിക്കുന്ന അഭ്രപാളികളിലെ ഒരു വിസ്മയമായി ആ സിനിമ മാറും. അത് അതിന്റെ സാങ്കേതിക തികവോടെയായിരിക്കും. എന്നാല്‍ കാണുമ്പോള്‍ ഒരു വിസ്മയം എന്നുള്ളതല്ലാതെ നമ്മുടെ മനസ്സിലേക്ക് ആ സാധനം ഓടിയെത്തില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് മാറിനില്‍ക്കുന്നതിനാലായിരിക്കും
അത്. എന്നാല്‍ അഭയമാണെങ്കിലും പഴയ ഏത് സിനിമയാണെങ്കിലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. തോപ്പില്‍ ഭാസിയുടെ കാലത്തൊക്കെ ഏതെങ്കിലും സാഹിത്യകൃതി എടുത്ത് തിരക്കഥയുണ്ടാക്കുകയാണ് ചെയ്തിരുന്നത് ഇന്ന് അങ്ങനെയല്ല. നേരത്തെ പറഞ്ഞതുപോലെ ഒരു ഹോട്ടലില്‍ അഞ്ച് പേര്‍ കൂടിയിരുന്ന് ആലോചിച്ച് ഒരു ത്രെഡ് ഉണ്ടാക്കും. അതില്‍ നിന്നും വണ്‍ലൈനും തിരക്കഥയുമുണ്ടാക്കും. അത് പിന്നെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയുണ്ടാക്കും. അതിനെ സാങ്കേതിക വിദ്യ മുന്‍നിര്‍ത്തിയേ ആളുകള്‍ കാണൂ. അത് രണ്ടും രണ്ടാണ്. മലയാളിക്ക് സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ടതിനാലാണ് ഇന്ന് വളരെ ഡിസ്ട്രക്ടീവ് ആയത്. മലയാളി എന്ന വാക്കിനെ ഒരു വാക്ക് മാറ്റിയെഴുതിയാല്‍ കൊലയാളി എന്നാകും. വളരെ കണ്‍സ്ട്രക്ടീവ് ആയി ചിന്തിച്ചാല്‍ നമ്മള്‍ എന്നും സര്‍ഗ്ഗാത്മകമായി നിലനില്‍ക്കും. എന്നാല്‍ സാങ്കേതിക എല്ലായ്‌പ്പോഴും ഡിസ്ട്രക്ടീവ് ചിന്താഗതിയാണ്. ശാസ്ത്രത്തിന് പല ഗുണങ്ങളുമുണ്ടെങ്കിലും അത് ശസ്ത്രമായി ചുരുങ്ങുകയാണ്. അഭയം ഇറങ്ങുന്ന കാലത്ത് സാഹിത്യമുണ്ടായിരുന്നു കവിതയുണ്ടായിരുന്നു അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് മലയാളികളുടെ സ്വത്വം ഉണ്ടായിരുന്നു.