സ്വയം വില്‍ക്കാന്‍ തയ്യാറാകാതിരുന്ന, സ്തുതിഗീതങ്ങളില്‍ വീണുപോകാതിരുന്ന ഒരു എഴുത്തുകാരന്‍

നമ്മുടെ ചലച്ചിത്ര ചര്‍ച്ചകളില്‍, ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ ജോണ്‍ പോളിനെ ഉള്‍പ്പെടുത്തിയിരുന്നോ?
 
john paul

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു ജോണ്‍ പോള്‍.  മനുഷ്യ വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ ജോണ്‍ പോള്‍ രചനകളിലുണ്ട്. ഇന്ന് നമ്മള്‍ റിയലിസ്റ്റിക് എന്നു വിളിക്കുന്ന സിനിമകളുടെ മുകളില്‍ നില്‍ക്കുന്നവ. പക്ഷേ, നമ്മുടെ ചലച്ചിത്ര ചര്‍ച്ചകളില്‍, ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ അദ്ദേഹത്തെ പങ്കാളിയാക്കിയിട്ടില്ല. 2019 ഫെബ്രുവരിയില്‍ നടത്തിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തുറന്നു പറഞ്ഞ ചിലകാര്യങ്ങള്‍ ഈയവസരത്തില്‍ ഒരിക്കല്‍ കൂടി പ്രേക്ഷകനെ ഓര്‍മിപ്പിക്കുകയാണ്.

"ചര്‍ച്ചകള്‍ക്ക് വരുന്നവന്‍, അവന്റെ ചോയ്സുകളും ചിലരുടെ തെരഞ്ഞെടുപ്പുകള്‍ അവതരിപ്പിക്കാനും നിയോഗിക്കപ്പെടുന്നുണ്ട്. അതിന്റെ പിറകില്‍ ഒരു അജണ്ടയുണ്ട്. പിന്നെ, ഇവര്‍ ഈ സിനിമകള്‍ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ അതേക്കുറിച്ച് പറയാനും കഴിയൂ. ഇപ്പോഴത്തെ തലമുറയിലെ ഫിലിം മേക്കേഴ്സിന്റെ സിനിമകളില്‍ മുത്തച്ഛന്മാരോ അമ്മാവന്മാരോ ഉണ്ടോ? അവരുടെ ജീവിതത്തില്‍ ഉണ്ടോ? ഇന്ന് എത്രപേര്‍ മുത്തച്ഛന്റെ കൈയും പിടിച്ച് തെങ്ങിന്റെ തടം കോരിയിരിക്കുന്നതിനു മുകളിലൂടെ കാലു കവച്ചു വച്ച് സിനിമകള്‍ കാണാന്‍ പോയിട്ടുണ്ട്? മുത്തശ്ശിയുടെ മടയില്‍ കിടന്ന് സുഗന്ധ മുറുക്കാന്റെ വാസന ശ്വസിച്ച് അവര്‍ പറയുന്ന കഥകളുടെ ലോകം സ്വപ്നം കാണുന്നുണ്ട്?

പടങ്ങള്‍ സെലക്ട് ചെയ്ത് എഴുതുന്ന കുറച്ച് ആളുകളും അവരെക്കൊണ്ട് എഴുതിപ്പിക്കുന്നതില്‍ സാമര്‍ത്ഥ്യം കാണിക്കുന്നവരും നയിച്ചു പോരുന്ന ചര്‍ച്ചകളാണിവിടെ നടന്നു പോരുന്നത്. ഞാന്‍ ബഹുമാനിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് പത്മരാജന്‍. പക്ഷേ, ഭരതനും പത്മരാജനും ചേര്‍ന്ന് ചെയ്ത ചിത്രങ്ങളില്‍ പകുതി ചിത്രങ്ങളാണ് കൊള്ളാവുന്ന ചിത്രങ്ങളായിട്ടുള്ളത്. എന്നാല്‍, പറയുമ്പോള്‍ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങള്‍ മലയാള സിനിമയെ ഉഴുതു മറിച്ച് വസന്തങ്ങള്‍ ഉണ്ടാക്കി എന്നേ പറയൂ. അതാണ് ഇവിടുത്തെ എഴുത്ത് ശീലം.

നിങ്ങളില്‍ കുറച്ചുപേര്‍ക്ക് നിങ്ങള്‍ നടന്നു വന്ന സിനിമാ വഴികളില്‍ എന്റെ സാന്നിധ്യം ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ കാസറ്റ് ഇറങ്ങിയപ്പോള്‍ അതില്‍ ഭരതന്‍-പത്മരാജന്‍ എന്നായിരുന്നു അച്ചടിച്ചിരുന്നത്. എങ്കിലും ആ സിനിമ കൊണ്ട് എനിക്ക് കിട്ടേണ്ട ഒന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞാന്‍ കോഴിക്കോട് അളകാപുരി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ടി ദാമോദരന്‍ കാണാന്‍ വന്നു. ഞങ്ങള്‍ കുറച്ച് ഫ്രൂട്സ് വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങി. ബസ് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അതിരാത്രം വീണ്ടും എന്നൊരു പോസ്റ്റര്‍. ഐവി ശശി- ടി ദാമോദരന്‍ എന്നാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്. ദാമോദരന്‍ തലയില്‍ കൈവച്ചു പോയി. ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു.

ഒരു കാലഘട്ടത്തില്‍ നമ്മള്‍ നല്ല സിനിമ എന്ന് അനുവദിച്ചുകൊടുത്തിരുന്നത് ചെമ്മീന്‍, സ്വയംവരം, പിറവി ഒക്കെയാണ്. ഇതിനിടയില്‍ വേറെ സിനിമകള്‍ അനുവദിച്ചിരുന്നില്ല. ഒരുപാട് കാലം കഴിഞ്ഞാണ് കെ.ജി ജോര്‍ജിന് ആ കൂട്ടത്തില്‍ ചെറിയൊരു ഇടം കിട്ടിയത്. ഒരിക്കല്‍ ചിതാനന്ദ് ദാസ് ഗുപ്തയോട് ഞാന്‍ നേരിട്ട് ചോദിച്ചിരുന്നു. അദ്ദേഹവും സത്യജിത്ത് റേയുമൊക്കെ ചേര്‍ന്നാണല്ലോ ഇന്ത്യയില്‍ ഫിലിം സൊസൈറ്റി തുടങ്ങുന്നത്. നിങ്ങള്‍ സിനിമകള്‍ തെരഞ്ഞെടുത്തതില്‍ ഒരു സംവരണം കാണിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ റേ, മൃണാള്‍ സെന്‍, ഘട്ടക്ക് പിന്നെ കെ എ അബ്ബാസ് തുടങ്ങിയ കുറച്ച് ആളുകളില്‍ ഒതുങ്ങി നില്‍ക്കുന്നത്. ശാന്താറാമും ഗുരുദത്തും ഇല്ലാതെ ഇന്ത്യന്‍ സിനിമയുടെ ചരിത്രം പൂര്‍ണമാകുമോ? ബര്‍ഗ്മാനും തര്‍ക്കോവിസ്‌കിയും മാത്രമായാല്‍ ലോക സിനിമയാകുമോ, ഹിച്ച്കോച്ചിനെ കുറിച്ച് പറയേണ്ടേ? ചിതാനന്ദ് ദാസ് ഗുപ്ത പറഞ്ഞ മറുപടി, ജോണ്‍ പോളേ, ആ ഉദ്ദേശത്തില്‍ ചെയ്തതല്ല. അന്ന് മെയിന്‍സ്ട്രീം സിനിമാക്കാരുടെ പ്രിന്റുകള്‍ കിട്ടുമായിരുന്നില്ല. കൊമേഴ്സ്യല്‍ സര്‍ക്യൂട്ടില്‍ ആണ് അവ കിടക്കുന്നത്. ആര്‍ട്ട് ഫിലിം സര്‍ക്യൂട്ടിലെ ആര്‍ക്കേവ്സില്‍ കിട്ടുന്ന പടങ്ങള്‍ ഇവരുടെയൊക്കെ ആയതുകൊണ്ട് ആ പടങ്ങള്‍ ആവര്‍ത്തിച്ച് വന്നത്.

ഇപ്പോഴും ഫിലിം സൊസൈറ്റി സ്‌ക്രീനിംഗിന് പടങ്ങള്‍ ചോദിച്ചാല്‍ ഈ പറയുന്ന വര്‍ഗത്തില്‍പ്പെട്ടവരുടെ പടങ്ങളെ ഉണ്ടാകൂ. അല്ലാത്ത പടങ്ങള്‍ ഫിലിം സൊസൈറ്റിക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം വരുത്തണം. കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും തിരക്കഥ പാഠഭാഗമാണ്. മുഖ്യധാര സിനിമാക്കാരില്‍ എംടിയേയും പത്മരാജനെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കി എത്രപേരുടെ രചനകള്‍ ഉണ്ട്? തെരഞ്ഞെടുക്കുന്ന കൈകള്‍ അവരുടെതായ മുന്‍ഗണന കൊടുക്കുന്നതാണ്.

ബാബേല്‍ ചെയ്തു കഴിഞ്ഞ് ഏഴു വര്‍ഷം അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു മറ്റൊരു സിനിമ ചെയ്തില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ റൈറ്ററുമായി മാനസികമായി തെറ്റിയതാണ് കാരണം. കോതമംഗലത്ത് ഒരു ഫിലിം സൊസൈറ്റിയുടെ ചര്‍ച്ചയ്ക്കു പോയപ്പോള്‍ ഞാന്‍ നേരിട്ട ഒരു ചോദ്യം ഇനാരിറ്റുവിന്റെ പുതിയ സിനിമ വല്ലതും അനൗണ്‍സ് ചെയ്തോ എന്നായിരുന്നു. ഇതേ ചോദ്യം വയനാട്ടിലെ ഒരു റിമോര്‍ട്ട് ഏരിയായില്‍ നിന്നും ഞാന്‍ കേട്ടൂ. ഏതോ ഒരു രാജ്യത്തെ ഒരു ഫിലിം മേക്കറുടെ പടം കണ്ട് ആവേശം കയറി ഏഴു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പടം വരുന്നില്ലേ എന്ന് ഉത്കണ്ഠയോടെ ചോദിക്കുന്നത് കേരളത്തിലെ കുഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ്. ഇതേ ചോദ്യം മറ്റേതെങ്കിലും രാജ്യത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഏതെങ്കിലും ഫിലിം ആക്ടിവിസ്റ്റ് മലയാളത്തിലെ ഒരു സംവിധായകനെ കുറിച്ച് ചോദിക്കുമോ? അവിടെയാണ് ഒരു ഡയറക്ടര്‍ ഇന്റര്‍നാഷണല്‍ ആകുന്നത്. അല്ലാതെ ഫെസ്റ്റിവലില്‍ പാറിപ്പറക്കുന്ന കൊടികളുടെ പേരില്‍ അല്ല. ഇന്ത്യന്‍ സിനിമയുടെയോ മലയാള സിനിമയുടെയോ കൊടി അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നു പറക്കുന്നതിന് കാരണമായ ഒരൊറ്റ മലയാളി ഉള്ളത് പി കെ നായര്‍ ആണ്. വേള്‍ഡ് വൈഡ് ഫിലിം ഫെസ്റ്റിവല്‍സില്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള റഫറല്‍ ബോഡിയായി അവര്‍ ബന്ധപ്പെടുന്നത് പി കെ നായരെയായിരുന്നു. ഫിലിം ഫെസ്റ്റിവല്‍ സര്‍ക്കിളുകളില്‍ ആഘോഷിക്കപ്പെടുന്നവയാണ് ലോക സിനിമ പ്രേക്ഷകന്‍ മനസില്‍ ഏറ്റെടുക്കുന്നതെന്നു കരുതരുത്. ഏഴുവര്‍ഷത്തിനുശേഷം ഇനാരിറ്റു ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ, അതിന്റെ സംഘാടക സമിതിക്ക് ഇനാറിറ്റു ആരാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

എന്റെ കാര്യത്തിലാണെങ്കില്‍, എവിടെയും ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ച് ഒന്നും എഴുതിയിട്ടില്ല. എന്റെ കൂടെ വന്ന സംവിധായകര്‍ ഒരേപോലെ സ്വപ്നം കണ്ടപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടായതാണ്. സെല്‍ഫിഷ് ആയ അജണ്ടകള്‍ ഇല്ലാതെ ഡെഡിക്കേറ്റഡ് ലഹരിയില്‍ ഉള്ള എഴുത്തുകള്‍ ആയിരുന്നു അതിനെല്ലാം പിന്നില്‍. ഏകലക്ഷ്യം മനുഷ്യന് വ്യത്യസ്തമായ വൈകാരിക അനുഭവം നല്‍കുന്ന സിനിമയായാരിക്കണം എന്നതായിരുന്നു.

മാതൃഭൂമിയില്‍ എനിക്കറിയാവുന്ന രീതിയില്‍ പത്മരാജനെ കുറിച്ച് എഴുതിയിരുന്നു. അതേ പേന വച്ചു തന്നെ മോഹനെയും മറ്റു പലരെക്കുറിച്ചും എഴുതി. അതിന്റെ പേരില്‍ ഇവിടുത്തെ പ്രാമാണിക വിമര്‍ശകര്‍ കത്തുകളിലൂടെ തെറിയഭിഷേകം നടത്തി. തനിക്ക് അവസരം തന്ന എല്ലാ സംവിധായകരെ കുറിച്ചും സ്തുതി പാടുകയാണോ, പത്മരാജനെ കുറിച്ച് ഇങ്ങനെയൊഴുതാന്‍ താന്‍ ആരാണ് എന്നൊക്കെയാണ് ചോദ്യങ്ങളും ആക്രോശങ്ങളും. പത്മരാജന് എന്നെ അറിയാമായിരുന്നു. എനിക്ക് പത്മരാജനെയും. എന്റെ വാക്കുകള്‍ക്ക് മറ്റുപലരുടെതിനെക്കാളും കൂടുതല്‍ ആ മനുഷ്യന്‍ വില കല്‍പ്പിച്ചിരുന്നു. തെറി വിളിച്ചവരുടെ വിഷമം അവരുടെ കുത്തകയായ മേഖലയില്‍ ഞാന്‍ എഴുതാന്‍ ചെന്നതിലായിരുന്നു.

എന്റെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സഹിക്കാന്‍ പറ്റാത്തവരുണ്ട്. കാലം എന്നോട് കാണിച്ച കനിവ്, സ്തുതിഘോഷങ്ങളില്‍ വീണുപോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കിയില്ലെന്നതാണ്. എന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഞാനാരെയും കാണാന്‍ പോയിട്ടില്ല. ഒരു സിനിമ പോലും ചെയ്യാതെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പവലിയനുകള്‍ക്കു മുന്നില്‍ നിന്നും ഫോട്ടോയെടുത്ത് ഞാനും ഒരു അന്താരാഷ്ട്ര ഫിലിം മേക്കര്‍ ആണെന്നു പറയുന്നവര്‍ക്കിടയില്‍ ഞാനെന്തിന് എന്നെ വില്‍ക്കാന്‍ പോകണം? കോളേജുകളില്‍ യുജിസി ആനുകൂല്യത്തോടെ ഫിലിം സെമിനാറുകള്‍ നടത്താറുണ്ട്. വളരെ അപൂര്‍വമായി, അതും എന്നെ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചില പ്രൊഫസര്‍മാരുടെ നിര്‍ബന്ധത്തില്‍- മാത്രമാണ് അത്തരം സെമിനാറുകളില്‍ എന്നെ ക്ഷണിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും സ്ഥിരം മുഖങ്ങളാണ് ക്ഷണിതാക്കള്‍ ആകുന്നത്. അവര്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍ ഒരിക്കലും എന്റെ സിനിമകള്‍ ഉണ്ടാവില്ല".