തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു

 
John Paul
നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളും രചിച്ചു. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചലച്ചിത്ര മേഖയില്‍ വിവിധ സംഭാവനങ്ങള്‍ക്ക് സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ ഐഷ എലിസബത്ത്. മകള്‍ ജിഷ ജിബി.

1980ല്‍ ഭരതന്റെ ചാമരത്തിന് തിരക്കഥയെഴുതിയാണ് ജോണ്‍ പോള്‍ സിനിമയിലെത്തുന്നത്. ഐ.വി ശശി, മോഹന്‍, ജോഷി, കെ.എസ് സേതുമാധവന്‍, പി.എന്‍ മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ. മധു, പി.ജി വിശ്വംഭരന്‍, വിജി തമ്പി, അനില്‍ തുടങ്ങിയവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഭരതനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയെഴുതിയത്. 2019ല്‍, പ്രണയമീനുകളുടെ കടല്‍ എന്ന കമല്‍ ചിത്രമാണ് ജോണ്‍പോള്‍ ഏറ്റവും ഒടുവില്‍ തിരക്കഥയെഴുതിയ മലയാള സിനിമ. 2020ല്‍, ഇംഗ്ലീഷില്‍ ഒരുങ്ങിയ തെരേസ ഹാഡ് എ ഡ്രീം എന്ന ബയോപിക്കിനു വേണ്ടിയും തിരക്കഥയൊരുക്കിയിരുന്നു. 

'എംടി ഒരു അനുയാത്ര' എന്ന ഗ്രന്ഥത്തിന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്യുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എം.ടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ ഓഫ് സൈറാബാനു എന്നിങ്ങനെ സിനിമകളില്‍ അഭിനയിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ജോണ്‍ പോള്‍ ആയിരുന്നു. 

എംടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതന്‍ തിരക്കഥകള്‍, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവര്‍, ഇതല്ല ഞാന്‍ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദര്‍ശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകള്‍ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാള്‍വഴികളിലൂടെ, വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങള്‍, സ്മൃതി ചിത്രങ്ങള്‍, വസന്തത്തിന്റെ സന്ദേശവാഹകന്‍ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍. ആനുകാലികങ്ങളില്‍ സിനിമയെക്കുറിച്ച് എഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ സിനിമാസംബന്ധിയായ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 

സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ രാജിവയ്ക്കുകയായിരുന്നു.