ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല; സര്‍ക്കാര്‍ തീരുമാനം ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി സജി ചെറിയാന്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് കമ്മിറ്റി അധ്യക്ഷ ജ. ഹേമ തന്നെ പറഞ്ഞിട്ടുള്ളതാണെന്നു പറഞ്ഞ മന്ത്രി, റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും മന്ത്രി ചോദിച്ചു.

കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ പുറത്തു വിടണമെന്നു പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്നാണ് മന്ത്രി ചോദിക്കുന്നത്. അത്തരത്തില്‍ പറയുന്നവര്‍ വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ച് പറയുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വച്ച റിപ്പോര്‍ട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം. അല്ലാതെ റിപ്പോര്‍ട്ട് തള്ളിക്കളയുകയല്ല. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്- സജി ചെറിയാന് പറഞ്ഞു.
സിനിമ രംഗത്ത് നിന്നും ഒന്നിനു പുറകെ ഒന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കുന്ന ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാനുള്ള, ഇടപെടാനുള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. ആ നിയമം നിലനില്‍ക്കെയാണ് സിനിമരംഗത്തു നിന്നും ഒന്നിനു പുറകെ ഒന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോഴുള്ള നിയമത്തെക്കാള്‍ കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സിനിമരംഗത്ത് സാങ്കേതികമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഒരു വ്യവസ്ഥയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും എല്ലാവരോടും ആലോചിച്ച് ആര്‍ക്കും പരാതിയില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാന് അറിയിച്ചു.