ഓഫ് റോഡ് റൈഡ്; നടന്‍ ജോജു ജോര്‍ജിനെതിരേ പരാതിയുമായി കെ എസ് യു

 
joju george

നടന്‍ ജോജു ജോര്‍ജിനെതിരേ പരാതിയും പ്രതിഷേധവുമായി കെ എസ് യു. വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കെ എസ് യു നടനെതിരേ രംഗത്തു വന്നിരിക്കുന്നത്. കൃഷിഭൂമിയില്‍ നിയമവിരുദ്ധമായി റൈഡ് നടത്തിയെന്നാണ് ആരോപണം.

വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ച്ച നടന്ന ഓഫ് റോഡ് വാഹന മത്സരമാണ് കെ എസ് യു പ്രശ്‌നമാക്കിയിരിക്കുന്നത്. ജീവന്‍ മെമ്മോറിയല്‍ യുകെഒ എന്ന സംഘടനയായിരുന്നു മത്സരത്തിന്റെ സംഘാടകര്‍. ഈ മത്സരത്തില്‍ ജോജു ജോര്‍ജും പങ്കെടുത്തിരുന്നു. നടന്‍ ബിനു പപ്പനും ജോജുവിന് ഒപ്പമുണ്ടായിരുന്നു.

കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് കെ എസ് യു ആരോപിക്കുന്നത്. പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് മത്സരം നടന്നതെന്നും ജോജു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് മത്സരത്തില്‍ യാതൊരു തരത്തിലുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്നും കെ എസ് യു പരാതിയില്‍ പറയുന്നു. ജില്ല കളക്ടര്‍, ജില്ല പൊലീസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കാണ് കെ എസ് യു ജില്ല പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയത്. ജില്ല ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ അനുമതിയോ മത്സരത്തിനില്ലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അപകടകരമായ രീതിയിലായിരുന്നു മത്സരം നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.