'വേണമെങ്കില്‍ രണ്ടു കൈയും വെട്ടിക്കളയാം സര്'; രാജ്കുമാര് ഹിറാനിയോട് ചാന്‍സ് ചോദിച്ചു ഷാരുഖ്

ഇന്ത്യന്‍ സിനിമയിലെ രണ്ട് മഹാപ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്നു. ബോളിവുഡിനും അപ്പുറത്തുള്ള എല്ലാ സിനിമ പ്രേമികളെയും ആഹ്ലാദിപ്പിച്ചുകൊണ്ട് സംവിധായകന് രാജ്കുമാര് ഹിറാനിയും സാക്ഷാല്‍ ഷാരുഖ് ഖാനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപ്പിച്ചു. 'ഡങ്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2023 ഡിസംബര്‍ 23 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതാദ്യമായാണ് മുന്നഭായി, പി കെ തുടങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളൊരുക്കിയ രാജ്കുമാര് ഹിറാനിയും ഷാരുഖും ഒന്നിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വളരെ രസകരമായൊരു വീഡിയോയിലൂടെയാണ് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. ഷാരുഖും ഹിറാനിയുമാണ് വീഡിയോയിലുള്ളത്. ഹിറാനി സംവിധാനം ചെയ്ത പി കെ, സഞ്ജു, മുന്നഭായി എംബിബിസ് എന്നീ സിനിമകളുടെ പോസ്റ്ററുകള്‍ ആവേശത്തോടെ നോക്കി നില്ക്കുന്ന ഷാരുഖിന്റെ അടുത്തേക്ക് സംവിധായകന് വരുന്നു. ഹിറാനിയെ കണ്ടതോടെ സഞ്ജുവിലൂടെ രണ്‍ബീറിനും പി കെ യിലൂടെ ആമിറിനും മുന്നാഭായിയിലൂടെ സഞ്ജയ് ദത്തിനും ജനപ്രിയ കഥാപാത്രങ്ങള്‍ കിട്ടിയതിന്റെ കൊതി കിംഗ് ഖാന് പങ്കുവയ്ക്കുന്നു. എനിക്ക് വേണ്ടി ഒന്നുമില്ലേയെന്ന് തന്റെ പതിവ് ചമ്മലോടെ കിംഗ് ഖാന് ഹിറാനിയോടു ചോദിക്കുന്നു. എന്റെ കൈയിലൊരു സ്ക്രിപ്റ്റ് ഉണ്ടെന്ന് സംവിധായകന് മറുപടി പറയുമ്പോള്‍ ഖാന്റെ അമ്പരപ്പ്. കൂടുതല്‍ ആവേശത്തോടെ സംവിധായകനോട്; തമാശയുണ്ടോ? ഒരുപാട്; ഹിറാനി. ഇമോഷനുണ്ടോ? അതുമുണ്ട്. പ്രേമമോ? പ്രേക്ഷകന്റെ മനസില്‍ പതിഞ്ഞ, കൈകള്‍ വിടര്ത്തിയുള്ള ആ നിത്യഹരിതമായ പ്രണയ ചേഷ്ടയോടെ വീണ്ടുമൊരു ചോദ്യം. പ്രേമമുണ്ട്,പക്ഷേ ഈ ചേഷ്ട വേണമെന്നില്ല' ഹിറാനിയുടെ മറുപടി. സര് പറഞ്ഞാല്‍ രണ്ടു കൈകളും ഞാന്‍ വെട്ടിക്കളയാമെന്ന് കിംഗ് ഖാന്...സിനിമയുടെ ടൈറ്റില്‍ പറയുമ്പോഴും ഷാരുഖ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കാഴ്ച്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.
രാജ്കുമാര് ഹിറാനിയും ഷാരുഖും ഒന്നിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആവേശത്തിലാണ്. എല്ലാ ഭാഷകളിലും വിജയം വരിക്കാന്‍ പോകുന്ന സൂപ്പര്‍ ഹിറ്റെന്ന് ആരാധകര്‍ വിധിയെഴുതി കഴിഞ്ഞു. ആ പ്രതീക്ഷകളും ആവേശവും കൂട്ടുന്നതാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന വീഡിയോയും. 'പത്താന്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയശേഷമായിരിക്കും രാജ്കുമാര് ഹിറാനി ചിത്രത്തില്‍ ഷാരുഖ് ജോയ്ന് ചെയ്യുക. തപ്സി പാനുവും ചിത്രത്തിലുണ്ടെന്നാണ് വിവരം.