നെടുമുടിയെന്ന കാലാതിവര്‍ത്തി; പുതുതലമുറയ്‌ക്കൊപ്പവും തിളങ്ങിയ പ്രതിഭ
 

 
nedumudi


മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായിരുന്നു കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണു. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നെടുമുടി മലയാള സിനിമയില്‍ ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നടനായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍താരങ്ങളാകും മുമ്പ് നെടുമുടി വേണുവെന്ന നടന്‍ സിനിമയില്‍ നിറ സാന്നിധ്യമായിരുന്നു. നാല് പതിറ്റാണ്ടുകളിലേറെ കാലമാണ് അദ്ദേഹം സിനിമാ ലോകത്ത് സജീവമായി നിന്നത്.

വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, കള്ളന്‍ പവിത്രന്‍, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ത സിനിമകളില്‍ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകനായാണ് നെടുമുടി കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും എത്തി. പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പമാണ് വേണുവിനെ കലാ രംഗത്തേക്ക് ചുവടുവെപ്പിച്ചത്. കാവാലം കളരിയില്‍ നെടുമുടിയുടെ ആദ്യ നാടകം 'എനിക്കു ശേഷം' ആയിരുന്നു. അതു കഴിഞ്ഞ് 'ദൈവത്താര്‍'. നാടകപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജവാഹര്‍ ബാലഭവനില്‍ കുട്ടികളെ നാടകം പഠിപ്പിക്കാനും നെടുമുടി ഉണ്ടായിരുന്നു. കാവാലത്തിന്റെ 'സോപാനം' നാടക അരങ്ങ് ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും നാടകപരിചയമുള്ളയാള്‍ എന്ന നിലയില്‍ നെടുമുടിയേയും കൂടെക്കൂട്ടിയിരുന്നു. 

മാധ്യമപ്രവര്‍ത്തനവും സിനിമയിലേക്കുള്ള വഴിയും

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി.

അന്ന് ചുറ്റുമുള്ള കലാ പ്രവര്‍ത്തകര്‍ക്ക് മറ്റെന്തെങ്കിയും തരത്തില്‍ വരുമാനം ഉണ്ടായിരുന്നു അങ്ങനെയാണ് ഒരു തൊഴില്‍ എന്ന നിലയ്ക്ക് 'കലാകൗമുദി'യില്‍ പത്രപ്രവ 'കലാകൗമുദി'യിലേക്കും 'ഫിലിം മാഗസിനി'ലേക്കും ഫീച്ചറുകള്‍ തേടി അലയാന്‍ തുടങ്ങിയത് നെടുമുടിയുടെ സിനിമയിലേക്കുള്ള വഴി തിരിവായി. പരമ്പരാഗത കലാകാരന്‍മാര്‍, നാടകകൃത്തുക്കള്‍, സിനിമാപ്രവര്‍ത്തകര്‍, പിന്നണിക്കാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, കട്ടൗട്ട് വരയ്ക്കുന്നവര്‍ എന്നുതുടങ്ങി പാമ്പിനെയും തത്തയെയും വാടകയ്ക്കു കൊടുക്കുന്നവരെക്കുറിച്ചുവരെ അദ്ദേഹം എഴുതി. 

സിനിമയില്‍ പ്രേംനസീര്‍ മുതല്‍ പ്രശസ്തരായ പലരുമായും അടുക്കാന്‍ നെടുമുടിയെ പത്രപ്രവര്‍ത്തനം തുണച്ചു. മാധ്യമപ്രവര്‍ത്തനെന്ന നിലയില്‍ സിനിമാ ലൊക്കേഷനില്‍ പോവുന്നതും താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നതും പതിവായിരുന്നു. വിധുബാല, അടൂര്‍ഭാസി, സുകുമാരന്‍, സോമന്‍ തുടങ്ങി ഒട്ടേറെ പേരുടെ അഭിമുഖമെടുത്തു.

ഒരിക്കല്‍ തന്റെ അഭിമുഖമെടുത്ത നെടുമുടിയോട് ഭരതന് വല്ലാത്തൊരു ഇഷ്ടം തോന്നി. വൈകുന്നേരം കാണാമെന്ന് പറയുന്നു. വൈകുന്നേരമെത്തി പാട്ടുപാടുന്നു, കൂടുന്നു. അങ്ങനെ അങ്ങനെ ആ ബന്ധം വളരെ ഉറച്ചുപോയി. ഭരതനുമായി വലിയ സൗഹൃദവും സ്ഥാപിച്ചു, ജോലി കഴിഞ്ഞാല്‍ പല ദിവസങ്ങളിലും ഭരതന്റെ മുറിയില്‍ ചെന്നു സംസാരിച്ചിരിക്കും. പത്മരാജനാണ് അന്ന് ഭരതനോട്, കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് നെടുമുടി വേണുവെന്ന് പറഞ്ഞത്. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ആരവം എന്നാണ് പേരെന്നും ഭരതന്‍ വേണുവിനോട് പറഞ്ഞു. നായകനായി താന്‍ കണ്ടിരിക്കുന്നത് കമല്‍ ഹാസനെയാണെന്നും ഭരതന്‍ പറഞ്ഞു. എന്നിട്ട് ഇതുകൂടി പറഞ്ഞു, ഇപ്പോള്‍ ആലോചിക്കുന്നത് കമല്‍ ഹാസന്‍ വേണോ എന്നതാണ്. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ എന്തും ചെയ്യാമെന്നായിരുന്നു വേണുവിന്റെ മറുപടി.

സിനിമയില്‍ നില ഉറപ്പിച്ചപ്പോഴും അധ്യാപകരായ പി.കെ.കേശവപിള്ളയുടെയും പി.കുഞ്ഞിക്കുട്ടിയമ്മയുടെയും മകന്‍ അത് തന്നെയാണ് തന്റെ
മികച്ച മേല്‍വിലാസമെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കലാകാരനായി ജീവിക്കുന്നെങ്കില്‍, അതു വീടും നാടും തന്ന വേരില്‍നിന്നു വളര്‍ന്നു പച്ചപിടിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  

വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നെടുമുടി. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

ഫാസിലുമായുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദം 

വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദമാണ് നടന്‍ നെടുമുടി വേണുവും സംവിധായകന്‍ ഫാസിലും തമ്മില്‍ ഉള്ളത്. ആലപ്പുഴ എസ് ഡി കോളേജു മതുല്‍ ഇരുവരും ഉറ്റ സഹുഹൃത്തുക്കളായിരുന്നു. എസ് ഡി കോളേജിലെ ബി എ മലയാളം വിദ്യാര്‍ത്ഥിയായിരുന്നു നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. ഫാസില്‍ ആവട്ടെ, ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയും. നാടകവും മിമിക്രിയുമൊക്കെയായിരുന്നു ആ കൂട്ടുകാരെ പരസ്പരം കൂട്ടിയിണങ്ങിയ പൊതുവായ ഇഷ്ടങ്ങള്‍. കോളേജ് കാലത്ത് സത്യന്‍, പ്രേംനസീര്‍, ശിവാജി ഗണേശന്‍ എന്നിവരെയൊക്കെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുണ്ട് താനെന്ന് പല അഭിമുഖങ്ങളിലും ഫാസില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഠനകാലത്ത് ഒരിക്കല്‍ മികച്ച നാടകത്തിനുള്ള അവാര്‍ഡ് ഫാസില്‍ നേടിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയത് നെടുമുടി വേണുവായിരുന്നു. കാവാലത്തിന്റെ നാടകസംഘത്തിലും ഇരുവരും കുറച്ചുനാള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. 

പുതിയ കാലത്തും ഏത് വേഷവും അഭിനയിച്ച് ഫലിപ്പിച്ചു 

ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാനുള്ള അസാമാന്യ വൈഭവമുള്ള നടനായിരുന്നു നെടുമുടി വേണു.  ഏറെ നാളായി മലയാളത്തില്‍ കാരണവര്‍ വേഷങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു വരുന്നത്. പുതിയ തലമുറയോടൊപ്പവും നിരവധി സിനിമകളില്‍ സജീവമായിരുന്നു.
ഒടിടി റിലീസായും തീയേറ്ററുകളിലും പുറത്തിറക്കിയിരുന്ന 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്. ആന്തോളജി സിനിമയായി ഇറങ്ങിയ സിനിമയിലെ റാണി എന്ന സെഗ്മെന്റിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കമല്‍ ഹാസന്റെ ഇന്ത്യന്‍ 2വിലും അദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.