അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ  പെട്ടി തേടി എത്തുന്ന വില്ലന്‍; റിസബാവയ്ക്ക് അവസരങ്ങള്‍ നേടിക്കൊടുത്ത 'ജോണ്‍ ഹോനായി'

 
risabava

ആദ്യ സിനിമയില്‍ തന്നെ നായകനാകാന്‍ അവസരം ലഭിച്ച ചുരുക്കം നടന്‍മാരില്‍ ഒരാളായിരുന്നു റിസബാവ. 1990ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു മലയാളത്തിന്റെ ജോണ്‍ ഹോനായിയുടെ വരവ്. എന്നാല്‍ ആ സിനിമയില്‍ നായകനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട നടന്‍മാരായിരുന്നു ഏറെയും. അതുകൊണ്ട് തന്നെ നായക വേഷം ശ്രദ്ധിക്കപ്പെട്ടതുമില്ല. എന്നാല്‍ അതേ വര്‍ഷം പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്റെ 'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം ക്ലിക്കായി. മലയാളി പ്രേക്ഷകര്‍ മറക്കാത്ത ആ കഥപാത്രം റിസബാവയ്ക്ക് ഒത്തിരി അവസരങ്ങള്‍ നേടിക്കൊടുത്തു. അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ ആ പെട്ടി തേടി എത്തുന്ന വില്ലന്‍ അത്രകണ്ട് ഹിറ്റായിരുന്നു. 

'ഒരുവിരല്‍ തുമ്പില്‍ എന്നെയും മറുവിരല്‍ തുമ്പില്‍ ആണ്ട്രൂസിനെയും കൊണ്ട് അമ്മച്ചി നടക്കാനിറങ്ങുമ്പോള്‍ അമ്മച്ചി ഞങ്ങള്‍ക്ക് ഒരു കഥ പറഞ്ഞ് തരുമായിരുന്നില്ലേ. ഭൂതത്താന്റെ കയ്യില്‍ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോള്‍ അമ്മച്ചിയുടെ കയ്യില്‍ ഇരിക്കുന്നത്. പ്ലീസ് അതിങ്ങ് തന്നേര് അമ്മച്ചീ..' ടെലിവിഷന്‍ ഷോകളും കോമഡി രംഗങ്ങളിലും ഏറെ കൈയ്യടി നേടിയ ഡയലോഗുകള്‍ തന്നെ ആയിരുന്നു ഇത്. മലയാളത്തില്‍ നായകനായും വില്ലനായും സിനിമയില്‍ ചുവടുറപ്പിച്ച താരം 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു. 

ബന്ധുക്കള്‍ ശത്രുക്കള്‍, ആനവാല്‍ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. പ്രണയം, ദ ഹിറ്റ്‌ലിസ്റ്റ്, കര്‍മയോഗി, കളിമണ്ണി എന്നീചിത്രങ്ങള്‍ക്കായി ശബ്ദം നല്‍കി. ഇതില്‍ കര്‍മയോഗിയിലൂടെ ആ വര്‍ഷത്തെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്‌കാരവും റിസബാവയെ തേടിയെത്തി.