കോവിഡ് രോഗികളെ പരിചരിച്ച നടി ശിഖയ്ക്ക് പക്ഷാഘാതം

 
കോവിഡ് രോഗികളെ പരിചരിച്ച നടി ശിഖയ്ക്ക് പക്ഷാഘാതം

കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ അഭിനയം ഉപേക്ഷിച്ച് നഴ്സിന്റെ കുപ്പായമിട്ട് രോഗികളെ പരിചരിക്കാനിറങ്ങിയ ബോളിവുഡ് താരം ശിഖ മല്‍ഹോത്ര പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് റിപോര്‍ട്ടുകള്‍. ഓക്ടോബറില്‍ കോവിഡ് പോസിറ്റീവായ ശിഖ പിന്നീട് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് നടിയിപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ നടി ചികിത്സ തേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്‌സിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുമുണ്ട്. പിന്നീടാണ് ശിഖ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാല്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കോവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. രോഗം ബാധിച്ചതില്‍ വിഷമമില്ലെന്നും ഉടന്‍ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ അന്ന് കുറിച്ചിരുന്നു. 'ഫാന്‍' എന്ന ഷാറൂഖ് ഖാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ശിഖ മുംബൈയിലെ ജോഗേശ്വരിയിലാണ് നഴ്‌സായി കോവിഡ് രോഗികളെ പരിചരിച്ചത്. കോവിഡ് രോഗികളെ സഹായിക്കാനുള്ള തീരുമാനം വ്യക്തിപരമായി എടുത്തതാണെന്നും താരം പറഞ്ഞിരുന്നു.