സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ്

 
Sonu Sood

ബോളിവുഡ് നടനും നിര്‍മ്മാതാവുമായ സോനു സൂദ് 20 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി താരത്തിന്റെ മുംബൈയിലെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. സോനുവും സഹായികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ പറഞ്ഞു. താരത്തിന്റെ മുംബൈയിലെ വസതിയും ഓഫീസുകളും കൂടാതെ, അദ്ദേഹവുമായി ബന്ധമുള്ള ലക്‌നൗവിലെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 

സോനുവും പങ്കാളികളും നികുതി വെട്ടിപ്പ് നടത്തിയത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. വ്യാജവും കൃത്രിമവുമായ സ്രോതസുകളില്‍ നിന്നുള്ള വായ്പകളിലേക്ക് തന്റെ കണക്കില്‍ പെടാത്ത വരുമാനം വഴിതിരിച്ചു വിട്ടുകൊണ്ടായിരുന്നു സോനു നികുതി വെട്ടിപ്പ് നടത്തിയിരുന്നത്. അടുത്തിടെ, സോനുവിന്റെ കമ്പനിയും ലക്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഉള്‍പ്പെടെ ആദായനികുതി വകുപ്പ് രഹസ്യമായി നിരീക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

20 വര്‍ഷമായി ബോളിവുഡില്‍ സജീവമാണ് സോനു സൂദ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ഹിന്ദി കൂടാതെ തമിഴ്, തെലുഗു ഉള്‍പ്പെടെ ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ശക്തി സാഗര്‍ പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണക്കമ്പനിയുമുണ്ട്. എന്നാല്‍, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് പുതിയ മേല്‍വിലാസം നല്‍കിയത്. ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെ നാടുകളിലെത്തിക്കാന്‍ ബസുകളും ട്രെയിനുകളും വിമാനങ്ങളും വരെ സജ്ജമാക്കി. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജനും എത്തിച്ചു നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 2020ല്‍ യുഎന്‍ഡിപിയുടെ എസ്ഡിജി സ്പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡും താരത്തിനു ലഭിച്ചിരുന്നു.

അടുത്തിടെ, ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായും സോനുവിനെ തിരഞ്ഞെടുത്തിരുന്നു. അതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പ് സോനുവിന്റെ വീടുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടത്തിയതെന്ന കാര്യവും ശ്രദ്ധേയമാണ്. ആദായ നികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നെങ്കിലും ബിജെപി അതെല്ലാം തള്ളിയിരുന്നു.