വാഗമണ്‍ ഓഫ്‌റോഡ് റേസ്: നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു

 
joju george

ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. ജില്ലയില്‍ ഓഫ് റോഡ് ട്രക്കിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇതു ലംഘിച്ച് ട്രക്കിങ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജോജുവിന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു. 

ട്രക്കിങ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ജോജു ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പും നോട്ടിസ് നല്‍കിയിട്ടുള്ളത്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. ഇതിനു പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ആര്‍ടിഒ, വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഇടുക്കി എസ്പിക്കു ലഭിച്ച പരാതി അദ്ദേഹം വാഗമണ്‍ പൊലീസിനു കൈമാറുകയായിരുന്നു.

മൂന്നു ദിവസം മുന്‍പാണ് വാഗമണ്ണില്‍ ജോജു ജോര്‍ജും നടന്‍ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ്പ് റൈഡ് നടന്നത്. ജോജുവും സംഘവും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഗമണ്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജവിന്‍ മെമ്മോറിയല്‍ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകര്‍.