നീതി തേടി നടി, ഗൂഢാലോചനയെന്ന് ദിലീപ്;  ഇന്ന് നിര്‍ണായക ദിനം

ആവശ്യം പരിഗണിച്ചാല്‍ ദിലീപിനത് വലിയ തിരിച്ചടിയാകും
 
dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായക ദിനം. വിചാരണ പൂര്‍ത്തിയാകാറായ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വിചാരണ നിര്‍ത്തിവച്ച് പുനരന്വേഷണം വേണമെന്നാണ് ആവശ്യം. കോടതി ഈ ആവശ്യം പരിഗണിച്ചാല്‍ ദിലീപിനത് വലിയ തിരിച്ചടിയാകും. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരേ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ പുതിയ അന്വേഷണത്തിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്. വളരെ നിര്‍ണായകമായ വെളിപ്പെടുത്തലായിരുന്നു ചാനലുകളിലൂടെ ബാലചന്ദ്ര കുമാര്‍ നടത്തിയത്. നടിയെ പീഢിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നുവെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ദിലീപ് തന്നെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള് സഹിതം മുഖ്യമന്ത്രിക്കടക്കം ബാലചന്ദ്രകുമാര്‍ പരാതി നല്‍കിയിട്ടുമുണ്ട്.

വിചാരണയുടെ അന്തിമഘട്ടത്തില്‍ വന്ന ഈ വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തതോടെയാണ് പുനരന്വേഷണമെന്ന ആവശ്യം കോടതിക്കു മു്ന്നിലെത്തിയത്. കോടതി ഈ ആവശ്യം അംഗീകരിക്കുമെന്നു തന്നെയാണ് നിയമരംഗത്തുള്ളവര്‍ വിശ്വാസം പ്രകടിപ്പിക്കുന്നത്. വിചാരണ അവസാനിച്ചിട്ടില്ലാത്തതിനാല്‍ പുതിയ തെളിവുകള്‍ ഹാജരാക്കാനും,സിആര്‍പിസി 173(8) പ്രകാരം പുനരന്വേഷണം നടത്താനുമുള്ള നിയമാധികാരം അന്വേഷണ സംഘത്തിനുണ്ട്. വിചാരണ കോടതി അപേക്ഷ നിരസിച്ചാല്‍ തന്നെ അന്വേഷണ സംഘത്തിന് മേല്‍ക്കോടതികളെ സമീപിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. സുപ്രിം കോടതയില്‍ വരെ പോകാന്‍ കഴിയും. കേസിന്റെ വിചാരണ തടസം കൂടാതെ വേഗം പൂര്‍ത്തിയാക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ തെളിവകളൊന്നും പരിശോധിക്കേണ്ടതില്ലെന്നു പറഞ്ഞിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രിം കോടതിയുടെ മുന്നില്‍ വന്നിട്ടുമില്ല. അതുകൊണ്ട് തന്നെ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും എതിര്‍ത്ത് ദിലീപും സുപ്രിം കോടതി വരെ ചെന്നാലും അനുകൂലമായ ഉത്തരവ് കിട്ടുമെന്ന് കരുതേണ്ടെന്നാണ് നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച് മഞ്ജു വാര്യര്‍ ചൂണ്ടിക്കാണിച്ച ഗൂഢാലോചന, അജ്ഞാത വി ഐ പി,  ക്ലൈമാക്സ് ട്വിസ്റ്റ്
 

ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ അന്വേഷിക്കണമെന്നാണ് ആക്രമിക്കപ്പെട്ട നടിയും പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുമുണ്ട്. ക്വട്ടേഷന്‍ പ്രകാരമാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പുനരന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നടിയെ പിന്തുണയ്ക്കുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവും പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. കേസില്‍ അട്ടിമറികള്‍ ഉണ്ടാകരുതെന്നാണ് നടിയും ഡബ്ല്യുസിസിയും വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണ വേളയില്‍ തനിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവും നടിക്കുണ്ടായിരുന്നു. വിചാരണയുടെ സമയത്ത് കോടതിയില്‍ വച്ച് പല തവണ കരയേണ്ട സാഹചര്യം നേരിട്ടുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കോടതി ഇടപെട്ടില്ലെന്നും നടി പരാതിപ്പെട്ടിരുന്നു.പ്രതികളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വനിത ജഡ്ജിയായിട്ടുപോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടയില്‍ തന്നെ അപമാനിക്കും വിധത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ കോടതി ഒരു ഇടപെടലും നടത്തിയില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും അംഗീകരിക്കാനും കോടതി തയ്യാറായില്ല. അനേകം അഭിഭാഷകര്‍ കോടയില്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു പ്രതിഭാഗം ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നത്. പലവട്ടം കോടതിയില്‍ നിന്നും കരയേണ്ട സാഹചര്യമുണ്ടായി. അപ്പോഴൊന്നും കോടതി അവരെ തടഞ്ഞില്ല. വിചാരണക്കോടതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരും ഇതേ ആവശ്യത്തെ പിന്തുണച്ച് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുകയുണ്ടായി. ഇപ്പോള്‍ പുതിയ സംഭവികാസങ്ങള്‍ ഉണ്ടായപ്പോഴും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരിക്കുന്നുവെന്ന അവസ്ഥയുമുണ്ട്. പുനരന്വേഷണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ രാജിവച്ചത്. അപേക്ഷ ഇന്ന് കോടതി പരിഗണിക്കുമ്പോള്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമിതനായിട്ടില്ല എന്ന അവസ്ഥയും നിലനില്‍ക്കുകയാണ്. പക്ഷേ, ഇതേതെങ്കിലും തരത്തില്‍ വാദിഭാഗത്തിന് തിരിച്ചടിയാകുമെന്ന് ഭയക്കേണ്ടതില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

മഞ്ജു വാര്യര്‍, ഹാറ്റ്‌സ് ഓഫ്; നിങ്ങള്‍ മാത്രമാണ് ആ യാഥാര്‍ത്ഥ്യം പറഞ്ഞത്
 

അതേസമയം, പുനരന്വേഷണം എന്ന ആവശ്യത്തിനു പിന്നില്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് ദിലീപിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ യാത്രകളും ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനെതിരെയാണ് ദീലീപിന്റെ ആരോപണങ്ങള്‍. ബാലചന്ദ്രകുമാറുമായി ചേര്‍ന്ന് ബൈജു പൗലോസ്ും മറ്റും നടത്തിയ ഗൂഢാലോചനയാണ് പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്നാണ് ദിലീപിന്റെ ആരോപണം. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായി അറിവുള്ള ബൈജു പൗലോസ് പറഞ്ഞു പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്നും വിചാരണ അട്ടിമറിക്കാനാണിതെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടന്‍ ആരോപിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കുന്ന ദിവസം തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതിനു പിന്നിലും പ്രത്യേക ലക്ഷ്യമുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വന്തം വീട്ടില്‍ വച്ച് ദിലീപും സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കണ്ടതിനു താന്‍ സാക്ഷിയാണെന്നും, നടന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒരു വി ഐ പി യാണ് പ്രസ്തുത ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കാണുന്നതിനു മുമ്പായി പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ എന്ന് എല്ലാവരോടുമെന്നുപോലെ ദിലീപ് ചോദിച്ചിരുന്നുവെന്നുവെന്നും സംവിധായകന്‍ പറയുന്നുണ്ട്. ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും പലതരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്. അറസ്റ്റിലാകുന്നതിനു മുമ്പും ഇക്കാര്യത്തിനുവേണ്ടി ദിലീപ് നിരന്തരം വിളിക്കുമായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്നു പുറത്തു വന്നാല്‍ തനിക്ക് ജാമ്യം കിട്ടുന്നതിന് തടസമായേക്കുമെന്ന ഭയം ദിലീപിനുണ്ടായിരുന്നു. ജാമ്യം കിട്ടിയശേഷവും ഇതേകാര്യത്തിനു വേണ്ടി വിളിച്ചിരുന്നു. പള്‍സര്‍ സുനിയുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കളും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. 2016 ല്‍ താന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനോടും പള്‍സര്‍ സുനിയോടുമൊപ്പം കാറില്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഇത്രയധികം പൈസ ബസില്‍ കൊണ്ടുപോകുന്നത് സുരക്ഷിതമാണോയെന്ന് സുനിയോട് അനൂപ് ചോദിച്ചിരുന്നതായും സംവിധായകന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാത്തിനും തെളിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.