തുടരന്വേഷണം വെല്ലുവിളി, ഇരവേഷം കിട്ടാന്‍ ദിലീപും കാത്തിരിക്കും

വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ തീരുമാനം പിന്നത്തേക്ക് മാറ്റി
 
dileep-balachandrakumar

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം നടക്കും. പ്രോസിക്യുഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിചാരണ കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് തുടരന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കും അന്വേഷണം നടക്കുക. ഈ മാസം 20 ന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം, വിചാരണ നിര്‍ത്തിവച്ച് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ തീരുമാനം പിന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

വളരെ നിര്‍ണായകമായൊരു തീരുമാനമാണ് ഇന്ന് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിച്ച് തെളിയിക്കാന്‍ സാധിച്ചാല്‍ ദിലീപിന് വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, മുഖ്യപ്രതി പള്‍സര്‍ സുനിയുമായി വളരെ അടുത്ത ബന്ധം നടനുണ്ടായിരുന്നു എന്നീ ആരോപണങ്ങളാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ളത്. അടുത്തമാസം വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് സംവിധായകന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നത്. ഇക്കാര്യങ്ങളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. 

ദിലീപിനെതിരായ വെളിപ്പെടുത്തല്‍; ചോദ്യങ്ങളുമായി ഡബ്ല്യുസിസി

തുടരന്വേഷണത്തിന് അനുമതി കിട്ടിയതോടെ പൊലീസിന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാകും. ദൃശ്യങ്ങള്‍ കണ്ടു എന്നതും പള്‍സര്‍ സുനിയുമായുള്ള ബന്ധവുമായിരിക്കും പ്രധാനമായും അന്വേഷണ സംഘത്തിന് ദിലീപില്‍ നിന്നും ചോദിച്ചറിയാനുണ്ടാവുക. ഈ കാര്യങ്ങളെല്ലാം ദിലീപ് നിരന്തരമായി നിഷേധിച്ചു വന്നിരുന്നവയാണ്. ബാലചന്ദ്രകുമാറിന്റെ കൈവശം ഫോണ്‍ റെക്കോര്‍ഡുകളും ചില ചിത്രങ്ങളും ഉണ്ടെന്നതും അവ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നതും ദിലീപിന്റെ പ്രതിരോധങ്ങളെ ദുര്‍ബലപ്പെടുത്താനാണ് സാധ്യത. പള്‍സര്‍ സുനിയുമായി തനിക്ക് അടുപ്പമുണ്ടെന്ന കാര്യം പുറത്തു പറയരുതെന്നാവശ്യപ്പെട്ട് ദിലീപ് നേരിട്ടും ബന്ധുക്കള്‍ മുഖേനയും തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഇതിന്റെ ശബ്ദരേഖകള്‍ ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുണ്ട്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വന്തം വീട്ടില്‍ വച്ച് ദിലീപും സഹോദരന്‍ അനൂപും, സഹോദരി ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കണ്ടതിനും താന്‍ സാക്ഷിയാണെന്നും, നടന്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒരു വി ഐ പി യാണ് പ്രസ്തുത ദൃശ്യങ്ങള്‍ ദിലീപിന് വീട്ടിലെത്തിച്ച് നല്‍കിയതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. വീഡിയോ കാണുന്നതിനു മുമ്പായി പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ എന്ന് എല്ലാവരോടുമെന്നുപോലെ ദിലീപ് ചോദിച്ചിരുന്നുവെന്നും ചാനലുകളില്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, തുടരന്വേഷണം ദിലീപിനെക്കാള്‍ അന്വേഷണ സംഘത്തിനാണ് കൂടുതല്‍ വെല്ലുവിളിയാവുക. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ശരിയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കണം. ദിലീപിനെ ചോദ്യം ചെയ്തതുകൊണ്ടു മാത്രം ഇക്കാര്യത്തില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. ഇപ്പോള്‍ കൈയില്‍ കിട്ടിയിരിക്കുന്ന ശബ്ദരേഖകള്‍ വച്ച് മാത്രം ദിലീപിനെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയും ബുദ്ധിമുട്ടായിരിക്കും. പള്‍സര്‍ സുനിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പോലും ദിലീപിന്റെ നിര്‍ദേശപ്രകാരമുള്ള ക്വട്ടേഷന്‍ ഏറ്റെടുത്താണ് നടിയെ ഉപദ്രവിച്ചതെന്ന് സ്ഥാപിക്കാന്‍ അതുമതിയാവില്ല. വിചാരണയുടെ അവസാനഘട്ടത്തില്‍ തുടരന്വേഷണം നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും കിട്ടാതെ വന്നാല്‍ കോടതിയില്‍ നിന്ന് പ്രോസിക്യൂഷന് തിരിച്ചടിയുണ്ടാകും. മാത്രമല്ല, ദിലീപിന് ഒരു ഇരയുടെ പരിവേഷം കെട്ടിയുണ്ടാക്കാനുള്ള അവസരവും കിട്ടും. അതിനുള്ള തയ്യാറെടുപ്പ് ദിലീപ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് നടന്‍ കഴിഞ്ഞ ദിവസം ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതികള്‍ അയച്ചത്. പൊലീസും മറ്റു ചിലരും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നതെന്നാണ് പരാതിയില്‍ ദിലീപ് പ്രധാനമായും ആരോപിച്ചിരിക്കുന്നത്. തന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ച പെരുമ്പാവൂര്‍ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനെതിരേ പേരെടുത്ത് പറഞ്ഞു തന്നെ പരാതിയില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഗൂഢാലോചനയ്ക്കു പിന്നില്‍ മുഖ്യമായും നില്‍ക്കുന്നത് ബൈജു പൗലോസാണെന്നാണ് ദിലീപിന്റെ ആരോപണം. ബൈജുവിന്റെ ഫോണ്‍ കോളുകളും വാട്‌സ് ആപ്പ് മെസേജുകളും പരിശോധിക്കണമെന്ന ആവശ്യവും നടനുണ്ട്. അതേസമയം തന്നെ തുടരന്വേഷണത്തിന് എതിരല്ലെന്നും അദ്ദേഹം നിലപാട് അറിയിച്ചിരുന്നു.

'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

ദിലീപിന്റെ ഈ ആത്മവിശ്വാസത്തെയാണ് അന്വേഷണ സംഘം ഭയപ്പെടേണ്ടത്. കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് പ്രോസിക്യൂഷനുമേല്‍ പ്രതിഭാഗത്തിന് മേല്‍ക്കോയ്മ നേടാനായിട്ടുണ്ട്. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവമാണ് പ്രോസിക്യൂഷന് തിരിച്ചടിയായിരിക്കുന്നത്. വിചാരണക്കോടതിക്കെതിരേ തന്നെ അതിജീവിച്ച നടിയും പ്രോസിക്യൂഷനും പരാതി ഉയര്‍ത്തിയിട്ടുമുള്ളതാണ്. കോടതി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാരോപിച്ച് രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരാണ് രാജവച്ചിരിക്കുന്നത്. നിലവില്‍ ഈ കേസില്‍ ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. പരമാവധി കിട്ടിയിരിക്കുന്ന രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സുപ്രധാനവും ഉറപ്പുള്ളതുമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ലെങ്കില്‍ നീതിക്കുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ പ്രോസിക്യൂഷനും പൊലീസിനും സര്‍ക്കാരിനും നിരാശപ്പെടുത്തേണ്ടി വരും.

അഴിമുഖം യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക