സെന്‍സര്‍ഷിപ്പ് വേണ്ടത് സീരിയലുകള്‍ക്കോ, ചാനലുകള്‍ക്കോ?
 

സെന്‍സര്‍ ചെയ്തു വരുന്ന പരിപാടികള്‍ പോലും പ്രീ സെന്‍സറിംഗിന് വിധേയമാക്കിയായിരുന്നു ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നത്
 
serial
സീരിയലുകളുടെ ഉള്ളടക്കത്തില്‍ ധാര്‍മിക സെന്‍സറിംഗ് നടത്താന്‍ സ്വയം തയ്യാറാകണമെന്നാണ് മന്ത്രി സജി ചെറിയാന്റെ ആവശ്യം


ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായൊരു തീരുമാനം മികച്ച ടെലിവിഷന്‍ സീരിയലുകളുടെ വിഭാഗത്തില്‍ പുരസ്‌കാരം നല്‍കുന്നില്ല എന്നതായിരുന്നു. കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പുരസ്‌കാരങ്ങള്‍ നല്‍കാത്തതെന്നായിരുന്നു അവാര്‍ഡ് നിര്‍ണയ ജൂറിയുടെ വിലയിരുത്തല്‍. പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ആശങ്കയും ജൂറി ഇതിനോടൊപ്പം പങ്കുവച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചലച്ചിത്ര-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു പുരസ്‌കാര വിതരണം നടത്തിയത്. ചടങ്ങില്‍ സംസാരിച്ച മന്ത്രിയും മലയാളം സീരിയലുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരുന്നു. സീരിയലുകളുടെ ഉള്ളടക്കത്തില്‍ ധാര്‍മിക സെന്‍സറിംഗ് നടത്താന്‍ സ്വയം തയ്യാറാകണമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. ഇതാദ്യമായല്ല സജി ചെറിയാന്‍ സീരിയലുകളുടെ കാര്യത്തില്‍ വിമര്‍ശനാത്മക നിലപാടെടുക്കുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നില്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ മന്ത്രി സംസാരിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് സമൂഹത്തില്‍ നിന്നും സ്വീകാര്യതയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ലഭിക്കുകയുണ്ടായി. മന്ത്രി പിന്നീട് തന്റെ പ്രസ്താവന മറ്റൊരു തരത്തിലേക്ക് വ്യാഖ്യാനിച്ചെങ്കിലും മലയാളം ടെലിവിഷന്‍ പരമ്പരകളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്ന് മുന്നേ ഉയര്‍ന്നിരുന്ന ആവശ്യത്തിന് മന്ത്രിയുടെ വാക്കുകള്‍ ആക്കം കൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് ജൂറിയുടെ നിരീക്ഷണവും വരുന്നത്.

സ്വകാര്യ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചന സംസ്ഥാന സര്‍ക്കാരിന് നേരത്തെയും ഉണ്ടായിരുന്നു. സിനിമകള്‍ക്കുള്ളതുപോലെ സീരിയലുകള്‍ക്കും സെന്‍സര്‍ഷിപ്പ് വേണമെന്നായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനോട് ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കാനായി സെന്‍സര്‍ബോര്‍ഡ് മാതൃകയില്‍ ഒരു സംവിധാനമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു അന്നത്തെ വാര്‍ത്തകളില്‍ നിന്നറിയാന്‍ കഴിഞ്ഞതും. ഈ തീരുമാനത്തിന് പിന്നീട് എന്തു സംഭവിച്ചുവെന്നറിയില്ല.

ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള, ചാനലുകളുടെ വരുമാന സ്രോതസ്സില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മെഗാ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണോ, ആണെങ്കില്‍ അത് സാധ്യമാണോ എന്ന ചര്‍ച്ച വീണ്ടും ഉയരേണ്ടത് തന്നെയാണ്. നമ്മുടെ വീടകങ്ങളില്‍ അത്രമേല്‍ നിര്‍ണായകമായ സ്വാധീനമാണ് പരമ്പരകള്‍ ചെലുത്തുന്നത്. അത് തെറ്റായ രീതിയിലൂടെയാണെങ്കില്‍ അപകടമാണ്, തിരുത്തപ്പെടേണ്ടതുമാണ്.

ടി വി സീരിയലുകളോട് പൊതുവേ മലയാളിക്കുള്ള മനോഭാവം രണ്ടുതരത്തിലാണ്. ഒരു വലിയ വിഭാഗം, പ്രത്യേകിച്ച് സ്ത്രീകള്‍ മെഗാ പരമ്പരകളെ പിന്തുണയ്ക്കുന്നവരാണ്. മറ്റൊരു വിഭാഗം സീരിയലുകള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എതിര്‍ക്കുന്നവരുടെ പ്രതിഷേധം സീരിയലുകളുടെ ഉള്ളടക്കമാണ്. സെന്‍സര്‍ഷിപ്പ് എന്ന ആവശ്യം ഉയര്‍ത്തുന്നതും ഇവരാണ്.

മലയാളിക്ക് സീരിയലുകള്‍ ഗൃഹാതുരതകള്‍ സമ്മാനിക്കുന്ന ഒരു ടെലിവിഷന്‍ വിഭവമാണ്. ദൂരദര്‍ശനുമായി ബന്ധപ്പെട്ടാണ് അതുണ്ടായിരിക്കുന്നത്. പതിമുന്നൂ എപ്പിസോഡുകളായി ആഴ്ചയില്‍ ഒരു ദിവസം വീതം സംപ്രേക്ഷണം ചെയ്തു പോന്നിരുന്ന സീരിയലുകളാണ് ടെലിവിഷന്‍ സംസ്‌കാരത്തിലക്ക് മലയാളിയെ കൂടുതല്‍ കൊണ്ടുചെന്നെത്തിച്ചത്. ദൂരദര്‍ശന്റെ കുത്തകയവസാനിപ്പിച്ച് സ്വകാര്യ ചാനലുകള്‍ രംഗത്തുവന്നതോടെയാണ് ടെലിവിഷന്‍ പരിപാടികളില്‍ സമൂലമായ മാറ്റം വരുന്നത്. കാഴ്ചകള്‍ വാണിജ്യവത്കരിക്കപ്പെട്ടു. ദൂരദര്‍ശന്‍ പൂര്‍ണമായൊരു വിനോദ ചാനലായി പറയാന്‍ കഴിയുമായിരുന്നില്ല. അതേസമയം കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സങ്കല്‍പ്പമായിരുന്നു സ്വകാര്യ ചാനലുകളുടെത്. കാരണം, ബിസിനസ് ആണ് ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ ചാനലുകളെ സഹായിച്ചത് സീരിയലുകളായിരുന്നു. പതിമൂന്ന് എപ്പിസോഡ് എന്ന നിയന്ത്രണത്തില്‍ നിന്നും സീരിയലുകള്‍ നൂലുപൊട്ടി പാഞ്ഞൂ. മെഗാസീരയലുകള്‍ എന്ന വംശം ആരംഭിക്കുന്നത് സ്വകാര്യ ചാനലുകള്‍ മുന്നില്‍ കണ്ട ബിസിനസ് തന്നെയായിരുന്നു.

സെന്‍സര്‍ ചെയ്തു വരുന്ന പരിപാടികള്‍ പോലും പ്രീ സെന്‍സറിംഗിന് വിധേയമാക്കിയായിരുന്നു ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. വീടുകളില്‍ എത്തുന്ന പരിപാടികളായതുകൊണ്ടുള്ള ശ്രദ്ധയായിരുന്നുവത്. എന്നാല്‍ സ്വകാര്യ ചാനലുകള്‍ക്ക് അത്തരം ശ്രദ്ധകളൊന്നുമില്ല. പ്രേക്ഷകന്റെ മനോവികാരങ്ങളെ പരമാവധി ചൂഷണം ചെയ്യാനാണ് പരമ്പരകളുടെ പിന്നണിക്കാര്‍ മത്സരിക്കുന്നത്. ഇവിടെയാണ് സീരിയലുകളുടെ ഉള്ളടക്കത്തില്‍ മൂല്യച്യുതി സംഭവിക്കുന്നത്. സമൂഹം വൈകാരികമായി കരുതുന്ന പല ബന്ധങ്ങളും തെറ്റായ ഇമേജുകളാക്കുന്നു. ഒരു കുടുംബത്തില്‍ തന്നെ ഓരോരുത്തരും പരസ്പരം വഞ്ചിക്കുന്നു, കളളത്തരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നു. ഇതൊക്കെ പ്രേക്ഷകരെ നേരായ മാര്‍ഗത്തിലായിരിക്കില്ല സ്വാധീനിക്കുന്നത്. ഒരു സിനിമ ഇറങ്ങുമ്പോള്‍ നമുക്കതില്‍ എന്തൊക്കെയുണ്ടെന്ന് നേരത്തെ മനസിലാക്കാം. പക്ഷേ സീരിയലുകള്‍ക്ക് അതു പറ്റില്ല. നമ്മുടെ മുന്നില്‍ വരുമ്പോഴാണ് പലതും അറിയുന്നത്. മാത്രമല്ല ഇത് എല്ലാ ദിവസും നമ്മുടെ മുന്നിലേക്ക് വരുകയും ചെയ്യുന്നുണ്ട്.

അപ്പോള്‍ ഇതൊന്നും സിനിമകളില്‍ ഇല്ലേ? എന്നു ചോദിക്കാം. ചോദ്യം പ്രസക്തമാണ്. ഒരു സിനിമയില്‍ കാണിക്കുന്നതുപോലെ കൊലപാതകമോ, മദ്യപാനമോ, മാനഭംഗമോ ഒന്നും സീരിയലുകളില്‍ കാണിക്കാറില്ല. മദ്യപിച്ചു ക്ലാസില്‍ പോവുക, ടീച്ചറെ പ്രേമിക്കുക എന്നതൊന്നും സീരിയലുകളില്‍ അല്ല വരുന്നത്. ഇതൊക്കെ സെന്‍സര്‍ ചെയ്ത് സിനിമകളില്‍ തന്നെയാണ് നാം കാണുന്നതെന്ന് ഒരു സീരിയല്‍ പ്രേമി പറഞ്ഞാല്‍ തലകുലുക്കേണ്ടി വരും. എല്ലാം കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സീരിയലുകളിലും പറയുന്നത്. അതില്‍ കുറച്ച് മസാല ചേര്‍ക്കുന്നുണ്ടെന്നേയുള്ളൂവെന്ന വാദവും ഇവര്‍ക്കുണ്ട്. കേരളത്തില്‍ ഇന്നുവരെ സീരിയല്‍ കണ്ട പ്രേരണയില്‍ ഏതെങ്കിലും അമ്മായിയമ്മ മരുമകള്‍ക്കു വിഷം കൊടുത്തു കൊന്നിട്ടില്ലെന്നും സീരിയലുകള്‍ അത്ര സീരിയസായല്ല അതിന്റെ പ്രേക്ഷകര്‍ എടുക്കുന്നതെന്നും ഇന്നു കണ്ട എപ്പിസോഡ് നാളെ മറന്നു പോകുമെന്നും സിനിമ അങ്ങനെയല്ലെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. ഒരു സീരിയല്‍ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും പ്രേക്ഷകനുണ്ട്. അവന്റെ കൈയിലാണ് റിമോട്ട് ഇരിക്കുന്നത്.തിയേറ്ററില്‍ കയറുന്നതുപോലെ ഒരു തടസമവിടെയില്ല. കാര്യങ്ങളെ ഈ വിധത്തില്‍ സമീപിച്ചാല്‍ സെന്‍സര്‍ഷിപ്പ് അല്ല, കുറച്ച് നിയന്ത്രണങ്ങള്‍ മതി സീരിയലുകളുടെ കാര്യത്തില്‍ എന്ന നിര്‍ദേശമാകില്ലേ നല്ലതെന്നും മെഗാ സീരിയലുകളുടെ പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. 

സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ്പ് എന്നത് ഏറെക്കുറെ അസാധ്യമാണെന്നു പറയേണ്ടി വരും. ഒരു സിനിമ സെന്‍സറിംഗ് ചെയ്യുന്നതുപോലെയല്ല, അഞ്ഞൂറും ആയിരവും എപ്പിസോഡുകള്‍ നീളുന്ന പരമ്പരകള്‍.  ഓരോ ആഴ്ച്ചയും രണ്ടും മൂന്നും എപ്പിസോഡുകള്‍ വീതമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ആഴ്ച്ച കണക്കില്‍ നോക്കി സെന്‍സര്‍ ചെയ്യാന്‍ കഴിയുമോ?  പ്രായോഗികമായി നോക്കിയാല്‍ സീരിയലുകളുടെ സെന്‍സര്‍ഷിപ്പ് സാധ്യമല്ല. അതുകൊണ്ട് തോന്നിയപോലെ ഉണ്ടാക്കിക്കോളൂ എന്നു പറയാനും കഴിയില്ല. മന്ത്രി പറഞ്ഞപോലെ സ്വയം സെന്‍സറിംഗാണ് വഴി. പക്ഷേ, അതില്‍ ധാര്‍മികതയുണ്ടാകുമോ എന്നാണ് സംശയം. കലാമൂല്യത്തേക്കാള്‍ കച്ചവട താത്പര്യത്തിലാണ് ചാനലുകള്‍ നില്‍ക്കുന്നത്. അവിടെ മന്ത്രി പറഞ്ഞതുപോലെയുള്ള ധാര്‍മികതയ്‌ക്കൊന്നും സ്ഥാനമുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ സീരിയലുകളെക്കാള്‍ സെന്‍സര്‍ഷിപ്പ് ആവശ്യമായി വരുന്നത് ചാനലുകള്‍ക്കല്ലേ?

സീരിയലുകാരെക്കാള്‍ പ്രശ്‌നക്കാര്‍ ചാനലുകാര്‍ തന്നെയാണ്. ചാനലുകളാണ് എന്തു വേണമെന്ന് നിയശ്ചിക്കുന്നത്. അതുകൊടുക്കാന്‍ സീരിയലുകാര്‍ നിര്‍ബന്ധിതരാവുകയാണ്. റേറ്റിംഗാണ് ഇവിടെ പ്രധാനം. ചാനലുകള്‍ തമ്മില്‍ ബിസിനസിന്റെ കാര്യത്തില്‍ കടുത്ത മത്സരമാണ്. അവര്‍ക്ക് തങ്ങളുടെ പരസ്യവരുമാനം കൂട്ടണമെങ്കില്‍ സീരിയലുകള്‍ അത്യാവശ്യമാണ്. അതൊരു കലാരൂപമെന്ന നിലയിലോ, അതിന്റെ സൃഷ്ടാക്കള്‍ക്ക് ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്നോ ഇവിടെ ചിന്തിക്കാറില്ല. നിങ്ങളുടെ ഉത്പന്നം എത്ര പരസ്യവരുമാനം കൊണ്ടുവരുമെന്നതാണ് മുന്നിലുള്ള ഏകവിഷയം. സീരിയലുകള്‍ക്ക് ഗുണമില്ലാതെ പോയെങ്കില്‍ അതിന്റെ പ്രധാന കാരണം ചാനലുകളുടെ നിര്‍ബന്ധങ്ങളാണ്. അതുകൊണ്ട് നിയന്ത്രണണങ്ങളും സെന്‍സര്‍ഷിപ്പും വേണ്ടത് ചാനലുകള്‍ക്കാണ്. പ്രിസെന്‍സറിംഗ് ഓരോ ചാനലുകളിലും നിര്‍ബന്ധമാക്കണം.കാഴ്ച്ചക്കാരെ ബഹുമാനിക്കാന്‍ ചാനലുകള്‍ തയ്യാറാകണം.

പക്ഷേ അതൊരു വിദൂര സ്വപ്‌നമായിരിക്കും. വിനോദചാനലുകള്‍ കൂണുപോലെയാണ്. ചാനല്‍ രംംഗം മത്സരാധിഷ്ഠിതമാണ്. ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ബിസിനസ് തന്ത്രങ്ങള്‍ അറിയണം. സീരയലുകള്‍ വിറ്റഴിക്കാവുന്ന പ്രൊഡക്ടാണ്. അതില്‍ മസാല എത്രത്തോളം ചേര്‍ക്കാമോ അത്രയും ചേര്‍ത്ത് ഉത്പന്നം വിറ്റഴിക്കും. അതിന്റെ ഉപഭോക്താക്കളായി തുടരണോ എന്നതു മാത്രമാണ് പ്രേക്ഷകരോടുള്ള ചോദ്യം.