ലഹരിമരുന്ന് കേസ്: രാകുല്‍ പ്രീത് സിംഗ്, റാണ ദഗ്ഗുപതി, രവി തേജ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇഡി നോട്ടീസ്

 
Rana Daggubati

ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രീത് സിംഗ്, നടന്മാരായ റാണ ദഗ്ഗുപതി, രവി തേജ, സംവിധായകന്‍ പുരി ജഗനാഥ് ഉള്‍പ്പെടെ 12 പേര്‍ക്ക് ഇഡി നോട്ടീസ്. നാലു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാനാണ് നോട്ടീസ്. 

പുരി ജഗനാഥിനോട് ഈമാസം 31ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സെപ്റ്റംബര്‍ ആറിനും, റാണ ദഗ്ഗുപതി സെപ്റ്റംബര്‍ എട്ടിനും, രവി തേജ സെപ്റ്റംബര്‍ ഒമ്പതിനും ചോദ്യം ചെയ്യലിനു ഹാജരാകണം. ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍, നന്ദു, തരുണ്‍, തനിഷ്, രവി തേജയുടെ ഡ്രൈവര്‍ എന്നിവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. 

2017ല്‍ തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ലഹരിമരുന്ന് കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഈ കേസിലാണ് ഇപ്പോള്‍ ടോളിവുഡിലെ പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.