നാദിർഷാ ചിത്രത്തിന് 'ഈശോ' എന്ന പേരിടാന്‍ കഴിയില്ല; അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍

 
isow

ക്രൈസ്തവ സംഘടനകളും സഭകളും ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ നാദിര്‍ഷ ചിത്രം ഈശോ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാതെ ഫിലിം ചേംബര്‍. സിനിമ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  നടപടി.രജിസ്ട്രേഷന്‍ നടപടികള്‍ പാലിയ്ക്കാത്ത സിനിമകളെ അംഗീകരിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

സിനിമയുടെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചേംബറില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ നിരത്തിയാണ് സിനിമയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തളളിയിരിക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് തന്നെ സിനിമ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈശോ സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പേര് വിവരങ്ങളും ചേംബറിനെ അറിയിച്ചില്ല. രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തത്. 

അതേസമയം  തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് തടസമാകുമെങ്കിലും ഇതേ പേരില്‍ ഒ ടി ടിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് ഇത് തടസമാകില്ല. ഈശോ എന്ന പേരും നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈനും മതവികാരം വ്യണപ്പെടുത്തുന്നുവെന്നായിരുന്നു ക്രിസ്റ്റ്യന്‍ സംഘടനകള്‍ ആരോപിച്ചിരുന്നത്. അതുകൊണ്ട് സിനിമയുടെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ചിത്രത്തെ പിന്തുണച്ചുകൊണ്ടും എതിര്‍ത്തു കൊണ്ടും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.