ജയ് ഭീം: സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

നടന് സൂര്യ, ഭാര്യ ജ്യോതിക, ജയ് ഭീമിന്റെ സംവിധായകന് ടി ജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സൈദാപേട്ട് കോടതി ചെന്നൈ പൊലീസിന് നിര്‍ദ്ദേശം നല്കി. ജയ് ഭീം സിനിമയിലെ രംഗങ്ങള്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന എന്ന വണ്ണിയര്‍ സംഘടനയുടെ പരാതിയിലാണ് നടപടി. .

സിനിമയിലെ അപകീര്‍ത്തിപരമായ രംഗങ്ങള്‍ ചൂണ്ടികാട്ടി ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ നിന്ന് ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം മാപ്പ് പറയണമെന്നും വണ്ണിയര്‍ സംഘം ആവശ്യപ്പെട്ടു.
സൂര്യ നായകനായി അഭിനയിച്ച ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഇരുളര്‍ സമുദായത്തിലെ അംഗങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്തുള്ള പീഡനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാരന്റെ കഥാപാത്രം വണ്ണിയര്‍ ജാതിയില്‍പ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തില്‍ ബോധപൂര്‍വം ചിത്രീകരിച്ചതായാണ് മുഖ്യ ആരോപണം. ഹിന്ദിയില്‍ സംസാരിച്ചതിന് പ്രകാശ് രാജ് ഒരു കഥാപാത്രത്തെ തല്ലുന്ന ഒരു രംഗം ചൂണ്ടികാണിച്ച് ഹിന്ദി സംസാരിക്കുന്ന ആളുകള്‍ പ്രതിഷേധിച്ചിരുന്നു. ചിത്രം തങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതായി വണ്ണിയര്‍ സമുദായാംഗങ്ങള്‍ ആരോപിച്ചു. തുടര്‍ന്ന് സൂര്യ, ജ്യോതിക, സംവിധായകന് ടി ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ക്ക് വണ്ണിയര്‍ സംഘം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ജയ് ഭീമിലെ ചില രംഗങ്ങള്‍ വണ്ണിയര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) നിയമ വിഭാഗം മേധാവി അഡ്വ. ബാലു നോട്ടീസില്‍ പരാമര്‍ശിച്ചു. ആക്ഷേപകരമായ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ നല്‍കണമെന്നും വണ്ണിയര്‍ സംഘം ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ വണ്ണിയര്‍ സമുദായാംഗങ്ങള്‍ സൂര്യക്കെതിരെ ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. നടനെ ആക്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പാട്ടാളി മക്കള്‍ കക്ഷി നാഗപട്ടണം ജില്ലാ സെക്രട്ടറി സീതമല്ലി പഴനി സാമി പ്രഖ്യാപിച്ചിരുന്നു.