സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ.ഡി ചോദ്യം ചെയ്തു

 
Jaquelin

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ കോടികളുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ചോദ്യം ചെയ്തു. അതേസമയം, കേസില്‍ സാക്ഷിയായാണ് ജാക്വലിനെ ചോദ്യം ചെയ്തതെതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏകദേശം 200 കോടി രൂപ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് കേസ്. കഴിഞ്ഞ 24ന്, സുകേഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ കടല്‍ത്തീരത്തുള്ള ബംഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകള്‍, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കോഴക്കേസിലും ഇയാള്‍ പ്രതിയാണ്. തെരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബന്ധപ്പെട്ട പോളിംഗ് പാനല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ എ.ഐ.എ.ഡി.എം.കെ 'അമ്മ' വിഭാഗത്തില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. 17 വയസ് മുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഭാഗമായ സുകേഷിനെതിരെ നിരവധി തട്ടിപ്പ് കേസുകളുണ്ട്. 2017ല്‍ അറസ്റ്റിലായ സുകേഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ്.