ഗുരു സോമസുന്ദരം എന്ന ഒറിജനല്‍ നടന്‍
 

ഒരു മികച്ച പാത്രസൃഷ്ടിയായതുകൊണ്ടു മാത്രമല്ല, ഗുരു സോമസുന്ദരത്തെപോലൊരു നടനെ അതേല്‍പ്പിച്ചതിനാല്‍ തന്നെയാണ് 'ഷിബു' വിജയിച്ചത്
 
guru somasundharam

'സേതുലക്ഷ്മി'യിലെ ഫോട്ടോഗ്രാഫറെ വളരെ വൈകി കണ്ടതുകൊണ്ടായിരിക്കാം, ജോക്കറിലെ 'മന്നാര്‍ മന്നനാ'യിരുന്നു ഗുരു സോമസുന്ദരത്തിന്റെ ആസ്വാദകനാക്കി മാറ്റിയത്. നവാസുദ്ദീന്‍ സിദ്ദിഖീ, മനോജ് ബാജ്‌പേയ്, നാന പടേക്കര്‍ തുടങ്ങിയവരുടെ ലെവലില്‍ നില്‍ക്കുന്ന നടന്‍ എന്ന് ആയൊരൊറ്റ സിനിമകൊണ്ട് ബോധ്യമായി. സത്യന്‍ അഭിനയിക്കുകയല്ല, ആ കഥാപാത്രത്തിലേക്ക് ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുകയാണെന്ന സംവിധായകന്‍ കെ എസ് സേതുമാധവന്‍ അഭിപ്രായം ഗുരു സോമസുന്ദരത്തിന്റെ കാര്യത്തിലും നൂറുശതമാനം ശരിയാണെന്ന് തിരിച്ചറിഞ്ഞത് ഷിബുവിനെ കണ്ടതോടെയാണ്. നല്ല ഒറിജിനല്‍ നടന്‍ എന്ന് പ്രേക്ഷകര്‍ അയാളെ അടയാളപ്പെടുത്തി വയ്ക്കുന്നതു കാണുമ്പോള്‍, അതിനല്‍പ്പം താമസിച്ചുപോയില്ലേ എന്നൊരു നിരാശയുമുണ്ട്.

സോഷ്യല്‍ മീഡിയ സജീവമായിരുന്നിട്ടും 2016 ല്‍ ഇറങ്ങിയ രാജു മരുഗന്‍ സംവിധാനം ചെയ്ത ജോക്കര്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ സിനിമയാണ്. കേന്ദ്രസര്‍ക്കാരിന്റെ കക്കൂസ് രാഷ്ട്രീയത്തെ ഇത്രയേറെ പരിഹസിച്ച, സംഘപരിവാര്‍ കാലത്തെ ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളുടെ പൊളളുന്ന യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാണിച്ച ജോക്കര്‍ കുറെക്കൂടി പരിഗണന കിട്ടേണ്ടിയിരുന്ന സിനിമയാണ്. ഗുരു സോമസുന്ദരത്തിനും അത് വലിയതോതില്‍ ഗുണം ചെയ്‌തേനെ. പ്രസിഡന്റ് ഓഫ് ഇന്ത്യയെന്ന് സ്വയം വിശ്വസിച്ച് അഴിമതിക്കും അവഗണനകള്‍ക്കുമെതിരേ പോരാടുന്ന,നെഞ്ചിനുള്ളില്‍ അലിവും കരുണയും സ്‌നേഹവും നിറഞ്ഞ, പൈത്തിയക്കാരനെന്ന നാട്ടുകാരുടെ പരിഹാസം ഏറ്റുവാങ്ങി ജീവിക്കുന്ന മന്നാര്‍ മന്നനായി  അസാധ്യ പ്രകടനമാണ് ഗുരു സോമസുന്ദരം കാഴ്ച്ചവച്ചിരിക്കുന്നത്. പ്രത്യേകിച്ച് മന്നന്റെ മുന്‍കാല ജീവിതം കാണിക്കുമ്പോള്‍.

ഒരു മനുഷ്യന്‍ തീര്‍ത്തും നിസ്സഹായനായി പോകുന്ന അവസ്ഥ ഗുരു സോമസുന്ദരത്തോളം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു നടനുണ്ടോയെന്ന് തോന്നിപ്പോവുകയാണ്. മന്നാര്‍ മന്നനും ഷിബുവും അക്കാര്യം ഉറപ്പിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിനു മുകളിലുള്ള നാടകാനുഭവങ്ങളായിരിക്കാം സൂക്ഷ്മാഭിനയം ഇതുപോലെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ചില മഹാനടന്മാരെക്കുറിച്ച് പറയുമ്പോള്‍, അവരുടെ വിരലുകള്‍ പോലും അഭിനയിക്കുമെന്ന് പറയാറില്ലേ! അതുപോലെയാണ് ഗുരു സോമസുന്ദരത്തിന്റെ കണ്ണുകള്‍. വേദനയും വൈര്യവും, പ്രണയവും നഷ്ടവും, കുടിലതയും നിഷ്‌കളങ്കതയുമെല്ലാം അതിന്റെതായ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ തന്റെ കണ്ണുകളിലൂടെ കഴിയുന്നുവെന്നതാണ് ഗുരുവിന്റെ അഭിനയ മികവ്. തളര്‍ന്നു കിടക്കുന്ന മല്ലികയെ നോക്കുന്ന മന്നാര്‍ മന്നന്റെ ചില നോട്ടങ്ങളുണ്ട്, കരുണയും പ്രണയവും നിരാശയുമെല്ലാമതിലുണ്ട്. ഷിബുവിന്റെ കണ്ണിലും കാണാം അതേ നോട്ടം. എന്നു കരുതി മന്നനും ഷിബുവും ഒന്നല്ല, ഒന്നാകാന്‍ അനുവദിച്ചിട്ടില്ല ഗുരു സോമസുന്ദരം. വിരലില്‍ എണ്ണാവുന്നതെയുള്ളൂവെങ്കിലും, ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ക്ക് ആര്‍ക്കും തന്നെ പരസ്പര ബന്ധം വരാതെ നോക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

ഒരു ചിരിക്കു പിന്നില്‍ പലതരം വികാരങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുന്ന മാന്ത്രിക വിദ്യ കൂടി വശത്താക്കിയ നടനാണ് ഗുരു സോമസുന്ദരം. ഷിബുവിന്റെ ചിരികള്‍ ശ്രദ്ധിച്ചാല്‍ മതി, പ്രണയം, പ്രതികാരം, വേദന, നിസ്സഹായത, അലിവ്; ഇതെല്ലാം അയാള്‍ കേവലമൊരു ചിരിയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. മന്നാര്‍ മന്നനിലും ഈ മാന്ത്രികത കാണാം. മല്ലികയോട് പ്രണയം പറയുമ്പോള്‍, മല്ലിക കോപിക്കുമ്പോള്‍, വിവാഹത്തിനുള്ള നിബന്ധന പറയുമ്പോള്‍, മല്ലിക വീണുപോകുമ്പോള്‍, മല്ലികയോട് നീതി ചെയ്യാന്‍ കഴിയാതെ വരുമ്പോഴെല്ലാം മന്നന്റെ ചൂണ്ടിന്റെ കോണിലൊരു ചിരിശകലം കാണാം. എന്തെന്തു വികാരങ്ങളിലൂടെയാണ് ആ കഥാപാത്രം കടന്നു പോകുന്നതെന്ന് കാണിക്കാന്‍ ശകലം ചിരി മതി. ഉഷ തിരിച്ചു വന്നുവെന്നറിയുമ്പോള്‍, ഉഷയെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍, ചായക്കടയില്‍ വച്ച് ഉഷയെ കാണുമ്പോള്‍, തന്റെ കരുതല്‍ തെളിയിക്കാനുള്ള സാഹചര്യം ആശുപത്രിയില്‍ വച്ച് നഷ്ടപ്പെട്ടു പോകുമ്പോള്‍, തനിക്കൊപ്പം വരാന്‍ ഉഷയെ ക്ഷണിക്കുമ്പോള്‍, 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഉഷ തന്റെ സ്വന്തമായെന്നറിയുമ്പോള്‍, എല്ലാം നശിപ്പിക്കാനുള്ള ഭ്രാന്ത് പൂക്കുമ്പോഴെല്ലാം ഷിബുവിന്റെ ചുണ്ടിലും കാണാം ഒരു ചിരി. 

ഒരു മികച്ച പാത്രസൃഷ്ടിയായതുകൊണ്ടു മാത്രമല്ല, ഗുരു സോമസുന്ദരത്തെപോലൊരു നടനെ അതേല്‍പ്പിച്ചതിനാല്‍ തന്നെയാണ് 'ഷിബു' വിജയിച്ചത്. ബേസില്‍ എന്ന സംവിധായകന് ആദ്യം കൈകൊടുക്കേണ്ടതും അക്കാര്യത്തിനാണ്. പലരും പറയുന്നുണ്ട്, ഷിബുവിലൂടെ ഒരു സംസ്ഥാന അവാര്‍ഡ് എങ്കിലും ഗുരു സോമസുന്ദരം സ്വന്തമാക്കുമെന്ന്. അതുകേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് 2017 ലെ ദേശീയ ചലച്ചിത്ര പുരസ്‌കര പ്രഖ്യാപനമാണ്. ആ വര്‍ഷം മികച്ച നടന്മാരുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍(പിങ്ക്), നവാസുദ്ദീന്‍ സിദ്ദിഖീ(രമണ്‍ രാഘവ് 2.0), വിനായകന്‍(കമ്മട്ടിപ്പാടം), മനോജ് ബാജ്‌പേയ്(അലിഗഡ്) എന്നിവര്‍ക്കൊപ്പം ജോക്കറിലെ പ്രകടനത്തിന് ഗുരു സോമസുന്ദരവും ഉണ്ടായിരുന്നു. ഏറ്റവും കഠിനമായ തെരഞ്ഞെടുപ്പായിരിക്കും, ഇത്തവണ ജൂറി ശരിക്കും വിയര്‍ക്കുമെന്നൊക്കെ അന്ന് എഴുതുകയും പറയുകയുമൊക്കെ ചെയ്തതാണ്. ഗുരുവിനെ തേടി ആ പുരസ്‌കാരം വന്നെത്തുമെന്ന് പ്രതീക്ഷിച്ചു. കിട്ടിയില്ലെങ്കില്‍ ഏറ്റവും മികച്ചവരോട് എതിരിട്ടല്ലേ പരാജയപ്പെട്ടതെന്ന് അഭിമാനിക്കാമല്ലോ എന്നൊക്കെ ആശ്വസിക്കുകയും ചെയ്തതാണ്. പക്ഷേ, സംഭവിച്ചതോ? 2017 ല്‍ മികച്ച നടന്നുള്ള 64 ആമത് ദേശീയ പുരസ്‌കാരം പോയത് അക്ഷയ് കുമാറിന്റെ കൈകളിലേക്കായിരുന്നു. അവസാന റൗണ്ടില്‍ പേരുപോലും ഇല്ലാതിരുന്ന അക്ഷയ് കുമാറിന്റെ കൈകളിലേക്ക്! അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ജൂറി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് അവസാന റൗണ്ടില്‍ മൂന്നുപേര്‍ മത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും അതില്‍ രണ്ടു പേര്‍ അക്ഷയ് കുമാറും മോഹന്‍ലാലും ആയിരുന്നുവെന്നുമാണ്. ബച്ചനും സിദ്ധിഖീക്കും മനോജ് ബാജ്‌പേയിക്കും വിനായകനും ഒപ്പം അന്നു ഗുരുവും പുറത്തുപോയി. രമണ്‍ രാഘവില്‍ സിദ്ദീഖി ചെയ്തതിനേക്കാള്‍, ജോക്കറില്‍ സോമസുന്ദരം ചെയ്തതിനേക്കാള്‍, അലിഗഡില്‍ മനോജ് ചെയ്തതിനേക്കാള്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ ചെയ്തതിനേക്കാള്‍ മികച്ചതായിരുന്നോ റുസ്തത്തിലെ അക്ഷയിന്റെ പ്രകടനം?  അടുത്ത തമാശ, ഇരുഭാഷകളിലെ അഭിനയത്തിന് എന്ന പേരു പറഞ്ഞ് ജനത ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് മോഹന്‍ ലാലിന് പ്രത്യേക ജൂറി പുരസ്‌കാരവും കൊടുത്തതാണ്. പ്രത്യേക പരാമര്‍ശത്തിന് പോലും അര്‍ഹതിയില്ലാത്ത പ്രകടനമായിരുന്നോ ഗുരു ജോക്കറില്‍ നടത്തിയത്? ഒരു തെന്നിന്ത്യന്‍ സംവിധായകന്‍ ജൂറിയുടെ തലപ്പത്ത് ഇരിക്കുമ്പോഴായിരുന്നു ഇങ്ങനെയെല്ലാം നടന്നതെന്നുമോര്‍ക്കണം. ആരായിരുന്നു ജൂറി ചെയര്‍മാന്‍ എന്നല്ലേ, സാക്ഷാല്‍ പ്രിയദര്‍ശന്‍!