' വരുമാനമാണ് ലക്ഷ്യമെങ്കില്‍ മറ്റു വഴികള്‍ നോക്കണം': 'വനിത'യ്‌ക്കെതിരേ പ്രതിഷേധം

വനിതകള്‍ തന്നെയാണ് മലയാള മനോരമയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന 'വനിത'യ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്
 
vanitha

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ കവര്‍ സ്റ്റോറിയാക്കിയിരിക്കുന്ന വനിത മാസികയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. വനിതകള്‍ തന്നെയാണ് മലയാള മനോരമയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന 'വനിത'യ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന കേസില്‍ ദിലീപിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുന്ന സാഹചര്യത്തിലാണ് വനിതയ്‌ക്കെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നത്. വനിത ബഹിഷ്‌കരണ കാമ്പയിന്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പുതിയ എഡിഷന്റെ കവര്‍ പേജിലാണ് ദിലീപിന്റെ കുടുംബ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖമാണ് ഇത്തവണ വനിതയുടെ പ്രധാന മാര്‍ക്കറ്റിംഗ് ഘടകം.

വനിത മാസിക എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ഒരു പ്രസിദ്ധീകരണം, സ്ത്രീ പീഡനത്തിന് പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ വാഴ്ത്തുന്നതില്‍ വിരോധാഭാസമുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ കൂട്ടത്തിലുണ്ട്. ' വഴി കാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ...! ഇത്തരം ഐറണികള്‍ ഇനി ,സ്വപ്‌നത്തില്‍ മാത്രം' എന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അരുണ്‍ കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരിഹസിക്കുന്നത്. ' പ്രമുഖ വനിത മാസികയുടെ മുഖച്ചിത്രമായി സ്ത്രീപീഡന കേസിലെ പ്രതിയായ നടന്‍!! ശരിയായ സ്ത്രീ ശാക്തീകരണം ഇതു തന്നെയാണ്! negative publicity is also publicity എന്നത് കച്ചകപട തന്ത്രം... മലയാളികള്‍ ഇത്രയ്ക്ക് പ്രതികരണശേഷി ഇല്ലാത്തവരോ??? മാധ്യമപ്രവര്‍ത്തകനായ ശ്യാംലാലിന്റെ  ചോദ്യമാണിത്.

അതെ, കറുത്തവനാണ് വിനായകന്‍

കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വരുന്ന വിവരങ്ങള്‍ ദിലീപിന് കേരളത്തെ ഞെട്ടിച്ച ക്രൈമില്‍ വ്യക്തമായ പങ്കുണ്ടെന്നാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍, പള്‍സര്‍ സുനി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ രഹസ്യ കത്ത് എന്നിവ ദിലീപിനെതിരേ പൊതുസമൂഹത്തിന്റെ എതിര്‍പ്പ് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കേസിന്റെ വിചാരണ അടുത്തമാസം അവസാനിക്കാനിരിക്കെ, പുതിയ മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടരന്വേഷണവും തുടങ്ങി കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ വനിത പോലെ പാരമ്പര്യമുള്ളൊരു പ്രസിദ്ധീകരണം ദിലീപിന് ' സഹായം' ചെയ്തു കൊടുക്കരുതെന്നാണ് ഭൂരിപക്ഷ വിമര്‍ശനം. വനിതകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന ടാഗ് ലൈനില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആ പ്രസിദ്ധീകരണം വേട്ടക്കാരന് ഇടം നല്‍കാതെ, അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു വേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയില്‍ കുറ്റം തെളിയുന്നതുവരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന ന്യായം ഇവിടെ ചെലവാക്കാന്‍ നോക്കരുതെന്നും ഒരു മാധ്യമസ്ഥാപനത്തിന് കാര്യങ്ങളുടെ തെറ്റും ശരിയും മനസിലാക്കാന്‍ കഴിവില്ലെന്നു കരുതാന്‍ മാത്രം സമൂഹം വിഡ്ഢികളുടെ കൂട്ടമല്ലെന്നോര്‍ക്കണമെന്നും വനിതയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നവര്‍ പറയുന്നു.

ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായാണ് ഇങ്ങനെയൊരു അഭിമുഖവും കവര്‍ ചിത്രവും വനിത നല്‍കിയതെങ്കില്‍, അത് മാധ്യമധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശമനവുമുണ്ട്. ദി ന്യൂസ് മിനിട്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തി ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുതെന്നാണ് ധന്യ ഓര്‍മിപ്പിക്കുന്നത്. പണമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കില്‍ കൂടിയും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് വനിതയുടെ പബ്ലിഷിംഗ് ഉടമകളോട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ധന്യയുടെ അഭ്യര്‍ത്ഥന.

'ക്രൂരമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കെ, ചിത്രത്തില്‍ കാണുന്ന ആളെപ്പറ്റിയാണ് അന്വേഷിക്കുന്നത്, അതേ സമയത്ത് തന്നെ സ്ത്രീകളുടെ സുഹൃത്ത് എന്ന് സ്വയം വിളിക്കുന്ന മാഗസിന്‍ ഇത് പ്രസിദ്ധീകരിക്കുന്നു. എങ്ങനെയാണ് കൂടുതല്‍ വെള്ളപൂശുന്നതെന്ന് മനസിലാക്കാന്‍ അഭിമുഖം വായിക്കാന്‍ കാത്തിരിക്കുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം, അവ ചാരിറ്റി ഹൗസുകളല്ല. അതെനിക്കറിയാം. മനോരമ ഗ്രൂപ്പിന്റെ രണ്ട് ശതമാനം പോലും വലുതല്ലാത്ത ഒരു മാധ്യമ സ്ഥാപനമാണ് ഞാന്‍ തന്നെ നടത്തുന്നത്. പക്ഷെ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുകയാണ്,  ഒരു മാധ്യമ സ്ഥാപനവും, തീര്‍ച്ചയായും മനോരമയെ പോലെ ശക്തമായ ഒരു മാധ്യമസ്ഥാപനം ഇങ്ങനെ ചെയ്യേണ്ടതില്ല. അല്ലാതെ വരുമാനം ഉണ്ടാക്കാന്‍ കഴിയും. മാധ്യമ സംഘടനകള്‍ക്ക് സമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും മറ്റുള്ളവരോടും ബാധ്യതകളുണ്ട്. ഒരുപക്ഷേ ദിലീപ് കുറ്റവിമുക്തനായേക്കും. അപ്പോള്‍ അദ്ദേഹത്തെ വെള്ളപൂശാന്‍ ശ്രമിച്ച എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും പരസ്യമായി ആഘോഷിക്കാം. അതുവരെ അടിസ്ഥാന മര്യാദ പാലിക്കുക. ഈ സ്ഥാപനത്തിലും പ്രത്യേകിച്ച് ഈ മാസികയിലും പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്തുക്കള്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചെറിയൊരു വിയോജിപ്പുകള്‍ ഒരു പൈതൃകം പേറുന്ന മാധ്യമ സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഒരുപക്ഷേ ഒരു തിരുത്തലിനത് തുടക്കമിട്ടേക്കാം'-ധന്യ എഴുതുന്നു.

അഭിനേത്രി സ്വര ഭാസ്‌കറും വനിതയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. നാണക്കേട് എന്നാണ് വനിതയോടുള്ള സ്വരയുടെ പരിഹാസം. ഇപ്പോള്‍ ജാമ്യം കിട്ടി പുറത്താണെങ്കിലും മാസങ്ങളോളം ജയിലില്‍ കിടന്ന ദിലീപ് എന്ന മനുഷ്യന്‍ തന്റെ സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയക്കാന്‍ നേതൃത്വം കൊടുത്തയാളാണെന്നും, അതിജീവിതയായ പെണ്‍കുട്ടി നീതി തേടി മുഖ്യമന്ത്രി കത്തയച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് വനിതയോടുള്ള തന്റെ അമര്‍ഷം സ്വര ഭാസ്‌കര്‍ പ്രകടമാക്കിയിരിക്കുന്നത്. അതിക്രമം നേരിടേണ്ടി വന്ന പെണ്‍കുട്ടിക്കും അവള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും അവരുടെ തൊഴിലിടങ്ങളില്‍ അവസരം നിഷേധിക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമത്തിന് വിചാരണ നേരിടുന്ന ദിലീപിന് വനിത മാസിക പോലുള്ളവര്‍ മനഃപൂര്‍വം സൃഷ്ടിച്ചു നല്‍കുന്ന സ്വീകാര്യതയും പരിഹസിക്കപ്പെടുന്നുണ്ട്.