'ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിതാരേ'; അലംകൃത ശ്രീവാസ്തവ തന്റെ സിനിമകളെക്കുറിച്ച് പറയുന്നു; ജീവിതത്തെക്കുറിച്ചും

ചലച്ചിത്ര സംവിധായകയും തിരക്കഥാകൃത്തുമായ അലംകൃത ശ്രീവാസ്തവയുടെ പുതിയ ചിത്രമായ "ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിതാരേ" കഴിഞ്ഞയാഴ്ചയാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. പ്രശസ്ത ബോളിവുഡ് താരങ്ങളായ കൊങ്കണ സെന്‍ ശര്‍മ, ഭൂമി പെദ്നേക്കർ എന്നിവരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് . ഒരു വലിയ നഗരത്തിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന രണ്ട് മധ്യവർഗ സഹോദരങ്ങളുടെ ജീവിതത്തെ പിന്തുടരുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഈ ചിത്രത്തിന്റെ നിര്‍മാണ ചെലവ് ബാലാജി ടെലി ഫിലിംസ് നിര്‍വഹിക്കുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊപ്പം അഭിനേതാക്കളായ വിക്രാന്ത് മാസ്സെ, അമോല്‍ പരാഷാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമ അലംകൃതയുടെ മുന്‍ ചലച്ചിത്ര സംരംഭങ്ങളായ 'ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ', 'മേഡ് ഇന്‍ ഹെവന്‍' എന്നിവയുടേതിന് സമാനമായ ആഖ്യാന ശൈലി പിന്തുടരും എന്ന പ്രതീക്ഷ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെയുണ്ടായിരുന്നു
ഇഷീ.ഇന്‍ നടത്തുന്ന ഈ അഭിമുഖത്തില്‍, അലംകൃത മറ്റനേകം വിഷയങ്ങള്‍ക്കൊപ്പം സിനിമയുടെ കഥയ്ക്ക് പിന്നിലെ പ്രചോദനത്തെ കുറിച്ചും, റിയ ചക്രബര്‍ത്തിക്ക് നേര്‍ക്കുണ്ടായ മാധ്യമ വിചാരണയെ കുറിച്ചുള്ള തന്റെ അഭിപ്രായവും, ഭയമില്ലാതെ സിനിമ എടുക്കുന്നതിനെ കുറിച്ചും, തന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ഉയര്‍ച്ച താഴ്ചയെ കുറിച്ചും സംസാരിക്കുന്നു.
? നിങ്ങളുടെ പുതിയ ചിത്രം "ഡോളി കിറ്റി ഔര്‍ വോ ചമക്തേ സിതാരേ" രണ്ടു സഹോദരങ്ങളെയും അവര്‍ക്കിടയിലുള്ള ഒരു രഹസ്യത്തിന്റെയും കഥ പറയുന്നു. ഈ ആശയത്തെ കുറിച്ചും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രചോദനത്തെ കുറിച്ചും കൂടുതലായി പറയാമോ.
ഈ സിനിമയിലെ കഥാപാത്രങ്ങളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. നിസ്തുലരും ഉശിരുള്ളവരുമായ രണ്ടു സ്ത്രീകള്‍ എപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഗ്രേറ്റര്‍ നോയിഡയില്‍ തങ്ങളെ തന്നെ സ്വയം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഡോളിയുടെ വേഷം ചെയ്യുന്നത് കൊങ്കണ സെന്‍ ശര്‍മയാണ്. ഡോളിയാണ് ഇവര്‍ രണ്ടു പേര്‍ക്കിടയിലെ പ്രായം ചെന്നയാള്‍. അവള് വളരെ ഉല്ലാസവതിയും ആവേശഭരിതയുമാണ്. അവള് നഗരത്തില്‍ തനിക്കൊരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുന്നു. ഇവര്‍ പരസ്പരം ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു കൂടുന്നു. തനിക്ക് സന്തോഷിക്കാന്‍ വേണ്ടത് എല്ലാം തന്റെ പക്കല്‍ ഉണ്ടെന്ന് അവള് കരുതുന്നു.
ഭൂമി പെദ്നേക്കർ അവതരിപ്പിക്കുന്ന ഇളയ സഹോദരി, കിറ്റി, നഗരത്തില്‍ പുതുതായി എത്തിയതാണ്. അവള് തനിക്കൊരു ജീവിതം ഉണ്ടാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ, സ്ത്രീകള്‍ അവര്‍ ഏറെ ബുദ്ധിമുട്ടി വലിയ വില കൊടുത്ത് സ്വന്തമാക്കുന്ന അവരുടെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നതിനെ കുറിച്ചുള്ളതാണ്. കൂടാതെ ധാര്‍മികമായ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന സന്ദിഗ്ദ്ധാവസ്ഥ, സമൂഹത്തിന്റെ പ്രതീക്ഷകളില്‍ നിന്നും വേറിട്ട് നില്‍ക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ധാര്‍മിക സംഘര്‍ഷം ഇതെല്ലം സിനിമയുടെ വിഷയങ്ങളാണ്.
എന്റെ അമ്മയുമായി പല തവണ ഗ്രേറ്റര്‍ നോയിഡയിലേക്ക് പോയ സമയങ്ങളിലാണ് എന്റെ മനസ്സില്‍ ഈ ആശയം ഉദിച്ചത്. അമ്മയ്ക്ക് അവിടെ ചില സ്വത്ത് വകകള്‍ ഒക്കെയുണ്ട്. അവിടേക്ക് മനസ്സു നിറയെ സ്വപ്നങ്ങളുമായി വരുന്ന സ്ത്രീകളെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്നാല്‍ അവിടെ ജീവിതം അത്ര എളുപ്പമല്ല. പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളില്‍ അവര്‍ എത്തിപ്പെടുന്നു. അങ്ങനെയൊരു കഥ പറയുന്നതിന് നോയിഡ പോലെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരം തിരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും എന്നെനിക്കു തോന്നി.
ഞാന്‍ കഴിഞ്ഞ വര്‍ഷമാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 2019ലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 2020ല്‍ ഗ്ലാസ്ഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ തന്നെ സിനിമക്ക് വളരെ മികച്ച പ്രതികരണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു.
? ബോളിവുഡും അവിടുത്തെ മാധ്യമങ്ങളും റിയ ചക്രബര്‍ത്തിയുടെ വിഷയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ മോശമാകുന്നുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടര്‍ച്ചയായുള്ള സ്ത്രീവിരുദ്ധവും ആസുരവുമായ മാധ്യമങ്ങളുടെ ഇടപെടല്‍ ബോളിവുഡ് എന്ന സിനിമ ലോകത്തെ മുഴുവന്‍ മോശം അവസ്ഥയില്‍ ചിത്രീകരിക്കുന്നുണ്ട്. മയക്കുമരുന്നിന്റെയും, സ്വജനപക്ഷപാതിത്തത്തിന്റെയും ലോകമായി ബോളിവുഡ് തരംതാഴ്ത്തപ്പെട്ടു. ഒരു നടിയായോ, സംവിധായകയായോ മറ്റേതെങ്കിലും വിധത്തിലോ ബോളിവുഡിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്വതന്ത്രരായ വനിതകള്‍ക്ക് ഇപ്പോഴത്തെ ഈ മാധ്യമ വിചാരണ കൂടുതല്‍ ഭയപ്പെടുത്തുന്നതാണോ.
എനിക്ക് ഈ വിഷയത്തെ കുറിച്ച് പറയാനുള്ളത് ഇതൊരു തരം വേട്ടയാടല്‍ ആണെന്നാണ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ കുറിച്ചോ, കോവിഡ് പ്രതിസന്ധിയെ കുറിച്ചോ, അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ചോ ചര്‍ച്ച ചെയ്യുനതിനു പകരം ഈ രാജ്യത്തെ ആളുകളും ഇവിടുത്തെ മാധ്യമവും ഒരു ചെറുപ്പക്കാരിയായ നടിയുടെ മുകളില്‍ വെറുപ്പും വിദ്വേഷവും കോരിയിടുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരോടിയിട്ടുള്ള പുരുഷാധിപത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ദുര്‍മന്ത്രവാദിനി അല്ലെങ്കില്‍ മാദകസൗന്ദര്യമുള്ള ഒരു മോഹിനി എന്ന രീതിയിലാണ് ഇപ്പോള്‍ റിയയുടെ മുകളിലുള്ള ഈ വേട്ട നടന്നക്കുന്നത്.
ഈ സംഭവം കാണിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് മന:സാക്ഷി നഷ്ടപെട്ടുവെന്നും ഒരു പൗരന്റെ മാനുഷികവും മൗലികവുമായ അവകാശങ്ങള്‍ക്ക് നേരെയുള്ള മോശം സമീപനവുമാണ്. ഇത് ഇക്കാലത്തെ കുറിച്ചും, തെറ്റായ, വിറ്റു പോകുന്ന വിധത്തിലുള്ള കെട്ടിച്ചമച്ച വാര്‍ത്തകളോടുള്ള ആളുകളുടെ പ്രിയവുമാണ് നമുക്ക് കാട്ടി തരുന്നത്.
ബോളിവുഡ് സിനിമാ ലോകത്തോടുള്ള ഈ അന്ധമായ വിപരീത മന:സ്ഥിതിക്ക് മാറ്റമുണ്ടാകും എന്ന് തന്നെയാണ് ഞാനും കരുതുന്നത്. പുതിയതും സ്വതന്ത്രവുമായുള്ള ചലച്ചിത്ര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ ആവശ്യമുണ്ട്. ഘടനാപരമായ ഒരു മാറ്റത്തില്‍ കൂടി ബോളിവുഡ് സിനിമ ലോകം കടന്നു പോയ്ക്കൊണ്ടു മാത്രമേ അതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
നമ്മള് ഇവിടെ പ്രവര്‍ത്തിക്കുന്നതിന്റെ കാരണം നമുക്ക് കഥകള്‍ പറയാനുണ്ട് എന്നുള്ളത് കൊണ്ടാണ്. സ്ത്രീകള്‍ പലവിധ വേഷങ്ങളിലായി സിനിമ ലോകത്തേക്ക് കടന്നു വരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ മോശം അവസ്ഥയൊന്നും അവരെ പിന്തിരിപ്പിക്കില്ല.
? സമകാലികമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍, ധാരാളം ആരാധകരുള്ള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവരുടെ സ്വാതന്ത്ര്യവും ആളുകള്‍ ഉറ്റു നോക്കുന്ന പൗരന്മാര് എന്ന നിലയിലുള്ള അവരുടെ ചുമതലാ ബോധത്തിനും ഇടയില്‍ പാലിക്കേണ്ടി വരുന്ന ചില നിയന്ത്രണങ്ങള്‍ ഉണ്ട്. എന്താണ് ഇതിനോടുള്ള നിങ്ങളുടെ അഭിപ്രായം.
അതിപ്പോള്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ തീരുമാനങ്ങള്‍ക്ക് വിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആത്യന്തികമായി ഞാന്‍ ഒരു മനുഷ്യനാണ്. ഞാനൊരു സ്ത്രീയാണ്, ഞാനൊരു ഇന്ത്യന്‍ പൗര കൂടിയാണ്. എനിക്ക് ലഭിച്ച വിദ്യാഭ്യാസം കാരണം ഞാന്‍ ചില പ്രത്യേക അവകാശങ്ങളൊക്കെ ആസ്വദിക്കുന്നു. ഞാനൊരു എഴുത്തുകരിയാണ്, ഞാനൊരു സിനിമ പ്രവര്‍ത്തകയാണ്. ഞാന്‍ മുംബൈയില്‍ താമസിക്കുന്നു. നമ്മള് നമ്മുടെയുള്ളില്‍ ഇത്തരത്തിലുള്ള ഒരായിരം ബോധങ്ങള്‍ വെച്ച് പുലര്‍ത്തുന്നു. ഓരോ സമയത്തും ഇതില്‍ ഏതെങ്കിലും ഒരു ബോധം നമ്മുടെ മുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അത് പരസ്പരം കലഹത്തിലല്ല. ഞാന്‍ ഇതെല്ലാമാണ്.
ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ പൗരന്മാര് എന്ന നിലയില്‍, നമുക്ക് നമ്മുടെ അഭിപ്രായങ്ങള്‍ പറയുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. നമുക്ക് ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തണം എന്ന് തോന്നിയാല്‍, അത് ചെയ്യുക തന്നെ വേണം. ഇനി നമുക്കങ്ങനെ തോന്നുന്നില്ല എന്നാണെങ്കില്‍ അതിന്റെ ആവശ്യവുമില്ല. ഇതിനെല്ലാം കൂടി ഒരു ഒറ്റ പോംവഴി ഇല്ല. അത് ഒരോരുത്തരുടെയും തിരഞ്ഞെടുപ്പുകളാണ്.
? ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും സിനിമ ലോകവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിങ്ങള്‍ എന്ത് കരുതുന്നു.? ഗവണ്മെന്റിനെ വിമര്ശിക്കുകയാണെങ്കില് അത് അവസരങ്ങള്‍ നഷ്ടപ്പെടുന്നതിലേക്ക് കൊണ്ടെത്തിക്കുമോ? പൌരത്വനിയമ പ്രതിഷേധങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിലും ബോളിവുഡില്‍ നിന്നും ആരും തന്നെ വേണ്ടത്ര ശബ്ദം ഉയര്‍ത്തിയിട്ടില്ല എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.
ബോളിവുഡ് എന്നത് ഒരു ഏകശിലാത്മകമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല. ബോംബെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയും, പ്രധാനമായും ഹിന്ദിയില്‍ സിനിമകള്‍ ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെയും സംഘടനകളെയും ചേര്‍ത്തു വിളിക്കുന്ന പേര് മാത്രമാണത്.
അവിടെ ജോലി ചെയ്യുന്ന എല്ലാവരും സ്വതന്ത്രരായ മനുഷ്യരാണ്. സ്വാതന്ത്ര്യമുള്ള പൗരന്മാര്. അഭിപ്രായം പറയാന്‍ ഉള്ളവര്‍ അത് പറയണം, അല്ലാത്തവര്‍ പറയേണ്ടതില്ല.
സിനിമാ ലോകം എന്ന് പറയുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. ആളുകള്‍ക്ക് പല വിധത്തിലുള്ള ആദര്‍ശങ്ങളും, പല തരത്തിലുള്ള രാഷ്ട്രീയ താത്പര്യങ്ങളും ഉള്ളവരായിരിക്കും. അത് തന്നെയാണ് ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ.
എതിര്‍പ്പുകളെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാലത്തില്‍ കൂടിയാണോ ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ കടന്നു പോകുന്നത്? ഒരിക്കലുമല്ല. അത് കൊണ്ട് സിനിമ മേഖല ഏതുമായിക്കൊള്ളട്ടെ, അവിടെയല്ലാം നിലനില്‍ക്കുന്ന അവസ്ഥ ഒന്ന് തന്നെയാണ്. ബോളിവുഡ് മാത്രം എന്ന് എടുത്തു പറയേണ്ടതില്ല.
? സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവം, രാഷ്ട്രീയ പ്രചരണസംഘങ്ങള് സിനിമ ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തിന്റെ എല്ലാ വിധ മേഖലകളും നേരിട്ട് കൊണ്ടിരിക്കുന്ന രാഷ്ട്രീയവത്ക്കരണം തുടങ്ങിയവയൊക്കെ എങ്ങനെയാണ് ഒരു സംവിധായകന്റെ ക്രിയാത്മകമായ പ്രവര്‍ത്തനനങ്ങളെ ബാധിക്കുന്നത്? ഇത് സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ? അതോ ഇതിനു വിപരീതമായി സത്യം വിളിച്ചു പറയുന്നതിനുള്ള ആര്‍ജവം ഉണ്ടാകുകയാണോ ചെയ്യുന്നത്.
ഏറ്റവും അധികം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്. പക്ഷേ ഏറ്റവും മനോഹരമായ സിനിമകള്‍ സംഭവിക്കുന്നതും അവിടെ നിന്നുമാണ്. സിനിമ ചെയ്യണം എന്ന ആഗ്രഹമുള്ള ആളുകള്‍ അത് ചെയ്യുന്നതിനുള്ള എന്ത് മാര്‍ഗവും കണ്ടെത്തും.
പക്ഷേ തീര്‍ച്ചയായും ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ധ്രുവീകരണത്തെ കൂടുതല്‍ വഷളാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നതിന് എളുപ്പമുള്ള സമയമാണിത്.
അനുഭവ സിന്‍ഹ നമ്മുടെ മുന്‍വിധികളെ ചോദ്യം ചെയ്തു കൊണ്ട് 'മുല്‍ക്' എന്ന സിനിമ ചെയ്യുമ്പോള്‍ അത് ധീരമായ ഒരു കാര്യമായി ശ്രദ്ധിക്കപ്പെടുന്നു. അല്ലെങ്കില്‍ സോയ അക്തര്‍ 'ഗള്ളി ബോയ്' എന്നൊരു സിനിമ ചെയ്യുകയും ഒരു ദരിദ്രനായ മുസ്ലിം നായകന്റെ ചിത്രം നമുക്ക് കാട്ടി തരുകയും ചെയ്യുമ്പോള്‍ അതുവരെയുണ്ടായിരുന്ന പലതിനെയും അത് പൊളിച്ചെഴുതുന്നു.
ഇത്തരം കാര്യങ്ങളൊക്കെ ഒരു സംവിധായകന്റെ രാഷ്ട്രീയത്തെയും നിശ്ചയദാര്‍ഢ്യത്തെയും ബുദ്ധിയേയും ആശ്രയിച്ചിരിക്കുന്നു. ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതഭ്രാന്തിനെ വളരെ വ്യക്തമായി ചിത്രത്തില്‍ വരച്ചു കാട്ടുകയും അതിലൂടെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സംവിധായകരുണ്ട്. ചിലര്‍ അത് കുറച്ചു കൂടി സങ്കീര്‍ണമായും സൂക്ഷ്മതയോടും കൂടി ചെയ്യുന്നു. ചിലര്‍ രണ്ടുമല്ലാത്ത ഒരു പക്ഷം സ്വീകരിക്കുന്നു. മറ്റു ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് അനുകൂലമായ ഒരു സമീപനം സ്വീകരിക്കുന്നു. അതും ചിലപ്പോഴൊക്കെ ഒളിഞ്ഞും, മറ്റു ചിലപ്പോള്‍ തെളിഞ്ഞുമാണ് ചെയ്യാറുള്ളത്.
പണ്ടുണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ പേടിയുണ്ടോ എന്ന് ചോദിച്ചാല്‍? ഒരു പക്ഷേ ഉണ്ടായിരിക്കാം. പക്ഷേ ഇന്ന് സിനിമാ ലോകത്ത് കൂടുതല്‍ വൈവിധ്യമാര്‍ന്നതും ആകര്‍ഷകവുമായ സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടോ? ഉവ്വ്. അതിനര്‍ത്ഥം ഇപ്പോള്‍ കൂടുതല്‍ പേടിയുമുണ്ട്, എന്നാല്‍ കൂടുതല്‍ ധൈര്യവുമുണ്ട്.
? സിനിമാ ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ചുറ്റുപാടുകളെ എങ്ങനെ നോക്കിക്കാണുന്നു. വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വഴി കൊടുക്കുമോ അതോ തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴി കൊടുക്കുമോ? മള്‍ട്ടി സ്ക്രീന്‍ സിനിമകളുടെ ആവിര്‍ഭാവം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് വഴി തെളിക്കുകയും അത് വഴി കൂടുതല്‍ മികച്ച സിനിമകളും കൂടുതല്‍ വൈവിധ്യമാര്‍ന്ന കാഴ്ചക്കാരും ഉണ്ടാകുമോ? ഇത് പ്രാദേശിക ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വ്യത്യസ്തമായ കഥാതന്തുക്കള്‍ ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുമോ?
സിനിമയും സീരീസുകളും ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്ന കച്ചവട മാര്‍ഗം എന്തായിരിക്കും എന്നുള്ളതിനെ കുറിച്ച് എനിക്ക് വ്യക്തതയില്ല. പക്ഷേ സിനിമയിലും സീരീസുകളിലും കൂടുതല്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടാകും എന്നുള്ളതില്‍ എനിക്ക് ഉറപ്പുണ്ട്. ഇപ്പോഴും വേണ്ടത്ര അന്വേഷിക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളും കഥകളും ഉണ്ട്. ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ നമ്മളെ തളച്ചിടുന്ന തരത്തിലുള്ള ചട്ടക്കൂടുകളില്‍ നിന്നും സാമ്പ്രദായികമായ പിന്തുടര്‍ച്ചകളില്‍ നിന്നും നമ്മള് സ്വയം പുറത്തു വരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ കരുതുന്നത് സമൂഹത്തിനു മുന്പില് പറയപ്പെടണം എന്ന് നമ്മള് കരുതുന്ന സിനിമകള്‍ പറയുന്നതിനുള്ള ധൈര്യം കണ്ടെത്താന്‍ നമുക്ക് സാധിക്കണം എന്നതാണ്, അവിടെ നമുക്ക് സിനിമയുടെ രൂപവും രീതിയുമായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനു സാധിക്കും. അത്തരത്തിലുള്ള വളര്‍ച്ചയും സ്വാതന്ത്ര്യവും തരുന്ന കച്ചവട മോഡലുകള്‍ നമ്മള് പിന്തുടരണം എന്നുള്ളതാണ് എന്റെ അഭിപ്രായം.
ക്യാമറക്ക് പിന്നില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുതുതായി കൂടുതല്‍ കഥ പറയാന്‍ കഴിവുള്ള ദളിത് സിനിമ പ്രവര്‍ത്തകര്‍ ഉണ്ടാകണം. സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം നല്കുന്ന, വ്യത്യസ്ത മതങ്ങളില്‍ നിന്നും ജാതികളില്‍ നിന്നുമുള്ള കഥാപാത്രങ്ങളെ ഉള്‍ക്കൊളുന്ന തരത്തില്‍ നമ്മുടെ സിനിമകള്‍ മാറണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്ക്രീന്‍ എന്ന് പറയുന്നത് ഒരു മാധ്യമം മാത്രമാണ്. ആത്യന്തികമായി സിനിമ എന്ന് പറഞ്ഞാല്‍ ഒരു കഥ പറയുമ്പോള്‍ കിട്ടുന്ന സന്തോഷവും ഒരു വികാരം പങ്കു വെയ്ക്കുമ്പോള്‍ കിട്ടുന്ന അനുഭവവുമാണ്.
ബിഗ് സ്ക്രീനുകളും സ്ട്രീമിംഗ് സേവനങ്ങളും മുഴുവന്‍ സിനിമ പ്രവര്‍ത്തകര്‍ക്കും കാഴ്ചക്കാര്‍ക്കും ഉപയോഗപ്പെടുന്ന രീതിയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് കാണുന്നത്തിനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
? ഒരു ഫിലിം മേക്കര്‍ അയാളുടെ കാണികളുമായി പുലര്‍ത്തുന്ന ബന്ധം എന്താണ്? കാഴ്ചക്കാര്‍ക്ക് വിനോദത്തിനുള്ള സാമഗ്രികള്‍ നല്കുന്ന ഒരാള്‍ മാത്രമാണോ ഒരു സംവിധയകന്, അതോ കാഴ്ചക്കാര്‍ വെറും സ്വീകര്‍ത്താക്കള്‍ എന്ന നിലയില്‍ നിന്നും മാറി ഒരു സിനിമയെ വിമര്‍ശനാത്മകവും നിരൂപാത്മകാവുമായി കാണുകയും കൂടുതല്‍ മികച്ച കഥകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള സിറ്റിസണ്‍ ഓഡിയന്‍സ് എന്ന ഗണത്തിലേക്ക് മാറുമോ.
ഒരു ചലച്ചിത്ര പ്രവര്‍ത്തക എന്ന നിലയില്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഒരു കാഴ്ചക്കാരന്റെ ഇഷ്ടത്തെയും താത്പര്യത്തെയും മാനിക്കുന്നു. അത് വളരെ ചെറിയ ഒരു കൂട്ടം കാഴ്ചക്കാര്‍ ആണെങ്കില്‍ കൂടി. ഒരു സിനിമയുടെ ജീവിത ചക്രം പൂര്‍ത്തിയാകുന്നത് അത് കാഴ്ചക്കാരില്‍ എത്തുമ്പോഴാണ്. അതൊരു പക്ഷേ നിങ്ങളുടെ സിനിമ കാണുന്ന സുഹൃത്തുകള്‍ ആകാം, അല്ലെങ്കില്‍ ലോകത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്ത് ഒരു ചലച്ചിത്ര ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കാണികളാകാം, തീയറ്ററില്‍ സിനിമ കാണുന്നവരാകാം, സ്വന്തം വീട്ടിലെ സൗകര്യത്തിലിരിന്നു സിനിമ കാണുന്നവരുമാകാം.
ഒരു ചലച്ചിത്ര സംവിധായക എന്ന നിലയില്‍ ഞാന്‍ എന്നെ ആത്യന്തികമായി ഒരു കാഴ്ചക്കാരി എന്ന നിലയില്‍ തന്നെയാണ് കാണുന്നത്. ഞാന്‍ നിര്‍മിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നതിനും അതുമായി സ്വയം ബന്ധിക്കപ്പെടാനും എനിക്ക് സാധിക്കണം. കാരണം എനിക്ക് മറ്റൊരാളുടെ വീക്ഷണകോണില്‍ നിന്ന് കൊണ്ട് സിനിമ കാണുന്നതിനു സാധിക്കില്ല. എനിക്ക് ഞാനായി നിന്നുകൊണ്ട് മാത്രമേ ഏതൊരു സിനിമയെയും കാണാന്‍ സാധിക്കുകയുള്ളൂ.
സിനിമ അതിനു വേണ്ടുന്ന കാണികളെ സ്വയം കണ്ടെത്തുമെന്നും ഞാന്‍ കരുതുന്നു. ആ ഒരു പ്രക്രിയയില്‍ ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് വിശ്വാസമുള്ള തരത്തിലുള്ള സിനിമകള്‍ സ്ഥിരമായി നിര്‍മ്മിക്കുന്നതിലൂടെ, നിങ്ങളുടെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം കാണികളെ നിങ്ങള്‍ക്ക് ഉണ്ടാക്കി എടുക്കുവാന്‍ സാധിക്കും.
നിങ്ങളുടെ സിനിമകള്‍ കാണുന്ന കാഴ്ചക്കാരെ നിങ്ങള്‍ ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങളുടെ സിനിമയില്‍ നിന്നും കാഴ്ചക്കാര്‍ക്ക് സന്തോഷവും പ്രതീക്ഷയും മാനുഷിക മൂല്യങ്ങളും കണ്ടെത്തുവാന്‍ സാധിക്കുന്നുവെങ്കില്‍, അതിലും വലിയ സംതൃപ്തി മറ്റൊന്നിനുമില്ല. കാഴ്ചക്കാര്‍ക്ക് അവരുടെ തന്നെ അംശങ്ങളെ നിങ്ങളുടെ സിനിമയിലൂടെ കണ്ടത്താന്‍ സാധിക്കുകയും, അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തുന്നതിനു സഹായിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് തന്നെയാണ് ഒരു ചലച്ചിത്ര നിര്‍മാതാവിന്റെ ആത്യന്തികമായ അഭിലാഷം എന്ന് ഞാന്‍ കരുതുന്നു.
നിങ്ങള്‍ നിര്‍മിക്കുന്ന സിനിമയിലെ കഥാപത്രങ്ങള്‍ നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ പരിതസ്ഥിതികളെ മാറ്റി മറിക്കുന്നുണ്ടെങ്കില്‍ അതിന് അനുവദിക്കുക. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലക്ഷ്യം സാമൂഹിക പരിവര്‍ത്തനമല്ല. അതൊരു പക്ഷേ സമൂഹത്തിനു മുന്പില് ഒരു കണ്ണാടി പ്രതിഷ്ടിക്കുന്നത് പോലെയാകാം എന്ന് ഞാന്‍ കരുതുന്നു.
കാഴ്ചക്കാര്‍ക്ക് കുറച്ചു നല്ല അനുഭവങ്ങള്‍ നല്‍കുകയും, അവരെ ഇത്തിരി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെറുതായി കണ്ണീരണിയിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനാണ് ഞാന്‍ വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്. എന്റെ ചിത്രങ്ങളിലൂടെ അവര്‍ അവരെ തന്നെ കൂടുതല്‍ മികച്ച രീതിയില്‍ കണ്ടെത്തുകയാണ് വേണ്ടതെന്നു ഞാന്‍ കരുതുന്നു. എന്റെ ചിത്രത്തില്‍ ഞാന്‍ നിര്‍മിക്കുന്ന കഥാപത്രങ്ങള്ക്കൊപ്പമുള്ള യാത്ര അവരെ സംബന്ധിച്ചിടത്തോളം നല്ല ഒരു അനുഭവം ആയിരിക്കണം.
? പ്രകാശ് ഝാ യുടെ സഹായിയായി സിനിമയില്‍ വരുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുന്ന തരത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തതിനു ശേഷം നിങ്ങളുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഉയര്‍ച്ച താഴ്ചകള്‍ എന്തൊക്കെയാണ്? നിങ്ങള്‍ നിങ്ങളുടെ ക്രിയാത്മകമായ സിനിമാ പ്രവര്‍ത്തനത്തിന്റെ അതിര് വരമ്പുകള്‍ എങ്ങനെയാണ് തകര്‍ക്കുന്നത്.
എന്നെ സംന്ധിച്ചിടത്തോളം ഏറ്റവും സന്തോഷം തരുന്ന കാര്യം ഒരു സിനിമയുടെ സെറ്റില്‍ ആയിരിക്കുക എന്നതാണ്. ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ കിട്ടുന്ന അനുഭവത്തോളം മറ്റൊന്നും വരില്ല. അത് വളരെ സംതൃപ്തി തരുന്ന ഒന്നാണ്. ഞാന്‍ ആദ്യമായി സംവിധാന സഹായിയായി ജോലി ചെയ്ത 'ഗംഗാജല്‍' എന്ന സിനിമയുടെ സെറ്റില്‍ നിന്നുമാണ് എനിക്ക് ആ അനുഭവം ആദ്യമായി ഉണ്ടാകുന്നത്. അന്ന് മുതല്‍ ഇന്ന് വരെ എനിക്ക് തിരഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. എനിക്ക് ആ അനുഭവം വീണ്ടും വീണ്ടും ആസ്വദിക്കണം.
മനിസില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഉണ്ടാക്കിയെടുക്കുക എന്നുള്ളത് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. അതില്‍ ചിലതൊക്കെ ഞാന്‍ എഴുതി വെയ്ക്കുന്നു. അതില്‍ ചിലതൊക്കെ ഒരു പൂര്‍ണമായ തിരക്കഥയുടെ രൂപം പ്രാപിക്കുന്നു. അതില്‍ ചിലതൊക്കെ വെളിച്ചത്തു വരുന്നു. അങ്ങനെയൊരു അര്‍ത്ഥത്തില്‍ സിനിമക്ക് സ്വന്തമായ തലയിലെഴുത്ത് ഉണ്ടെന്നു ഞാന്‍ കരുതുന്നു. ഞാന്‍ ഇപ്പോള്‍ പറഞ്ഞ ഈ പ്രക്രിയകളിലൂടെയെല്ലാം കടന്നു പോകുന്ന ആശയങ്ങള്‍ മാത്രമേ സിനിമകളായി ലോകത്തിനു മുന്പില് എത്തുന്നുള്ളൂ.
അതൊരു നീണ്ട യാത്രയായിരുന്നു. പക്ഷേ നമുക്ക് അതില്‍ നിന്നും കിട്ടുന്ന ഉയര്‍ച്ചകള്‍ നമുക്കുണ്ടായ താഴ്ചകളെ വിസ്മരിക്കുന്നതിന് സഹായിക്കുന്നു. എന്റെ സിനിമകള്‍ റിലീസിന് എത്തിക്കുന്നതില്‍ ഞാന്‍ ബുദ്ധിമുട്ട് നേരിട്ട സമയമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയത്.
നമുക്കുണ്ടാകുന്ന താഴ്ചകള്‍ നമ്മുടെ ഉള്ളില്‍ സംഭവിക്കുന്ന ഒരു കാര്യമാണ്, നമ്മള് നമ്മളെ തന്നെ സംശയിക്കുമ്പോഴാണ് അതുണ്ടാകുന്നത്. ഈ കഥ തന്നെയാണോ ഞാന്‍ പറയേണ്ടുന്നത് എന്നുള്ള സംശയം.
പക്ഷേ ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ നമുക്ക് കിട്ടുന്ന സ്നേഹം, നിങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ ആളുകള്‍ ഏറ്റെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. നിങ്ങള്‍ ഒരു സീനില്‍ കൂടി പറയാന്‍ ആഗ്രഹിച്ച ഒരു ചെറിയ കാര്യം ഒരാളിലേക്ക് എത്തിയിട്ടുണ്ട് എന്ന് നിങ്ങള്‍ അറിയുമ്പോള്‍ കിട്ടുന്ന ആ സന്തോഷം എല്ലാറ്റിനും മുകളില്‍ ആണ്.
ഒരു ചലച്ചിത്ര സംവിധായികയാകാന്‍ സാധിക്കുക എന്നത് ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.
ജീവിതമാണ് നമ്മുടെ ഉള്ളിലുള്ള എല്ലാ ക്രിയാത്മകതയുടെയും കാതല്‍ എന്ന് ഞാന്‍ കരുതുന്നു. നമുക്ക് ചുറ്റുമുള്ള ആളുകളുമായും അവരുടെ ജീവിതങ്ങളുമായും ബന്ധപ്പെട്ടിരിക്കുക എന്നതാണ് ഒരാളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന ഏറ്റവും വലിയ ഘടകം. കൊറോണയ്ക്ക് മുന്‍പ് ഞാന്‍ ആളുകളെ നിരീക്ഷിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഒരു കഫേയില്‍ ഇരുന്ന് എഴുതുന്നതിന് എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നു, കാരണം ആ സമയും ഞാന്‍ എങ്ങനെയെല്ലാമോ ആളുകളുമായും ചുറ്റുമുള്ള ലോകവുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുന്നു. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഇടം ലഭിക്കുന്നു, പക്ഷേ നിങ്ങള്‍ ഒറ്റയ്ക്കല്ല.
ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഇതുവരെ വായിച്ച പുസ്തകങ്ങള്‍ എല്ലാം കൂടിയാണ് എന്നെ രൂപപ്പെടുത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീ എഴുത്തുകാര്‍ എഴുതുന്ന സാഹിത്യ ഫിക്ഷനുകള്‍ വായിക്കാനാണ് എനിക്ക് കൂടുതല്‍ താത്പര്യം. വായനയാണ് എന്റെ ആശ്വാസം, വായനയാണ് എന്നെ സമ്പൂര്‍ണമാക്കുന്നത്.
നിങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്ത് ജീവനോടെ ഇരിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്, അത് നിങ്ങളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. നമുക്ക് വേണ്ടുന്ന പ്രചോദനം എല്ലായിടത്തും ഉണ്ട്. നമുക്ക് അത് കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം.
