ഹാഷ് ടാഗും പോസ്റ്റ് ഷെയറിംഗും മാത്രം മതിയോ? നിര്‍ണായക ചോദ്യവുമായി ഡബ്ല്യുസിസി

ആവശ്യമായ സമയത്ത് പിന്തുണ കിട്ടാതെ പോയതിന്റെ നിരാശ ഇപ്പോഴുമുണ്ടെന്ന് വനിത കൂട്ടായ്മ
 
 
wcc

അതിജീവിതയായ നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ തടയാനുള്ള നിയമം നടപ്പിലാക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. മറ്റൊരു പ്രധാന പരാതി ഡബ്ല്യുസിസി ഉന്നയിക്കുന്നത്, അതിജീവനത്തിന്റെ പാതയില്‍, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല എന്നാണ്. ഇപ്പോഴുണ്ടാകുന്ന പിന്തുണയില്‍ സന്തോഷമുണ്ടെങ്കിലും ആവശ്യമായ സമയത്ത് പിന്തുണ കിട്ടാതെ പോയതിന്റെ നിരാശ ഇപ്പോഴുമുണ്ടെന്നാണ് വനിത കൂട്ടായ്മ പറയുന്നത്.

നടിക്ക് പിന്തുണയര്‍പ്പിച്ച് സിനിമ രംഗത്ത് നിന്നും വലിയ പിന്തുണ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രസക്തമായ ചോദ്യവുമായി ഡബ്ല്യുസിസി രംഗത്തു വന്നത്. ഇപ്പോള്‍ നല്‍കുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാന്‍ ഞങ്ങള്‍  ഈയവസരത്തില്‍ നിര്‍ബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളില്‍ POSH(Sexual Harassment of Women at Workplace (Prevention, Prohibition, and Redressal) Act, 2013) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍, മലയാള സിനിമ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ! എന്നാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഡബ്ല്യുസിസി ചോദിക്കുന്നത്.

മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്: അവള്‍ക്കൊപ്പം മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളുമടക്കമുള്ള മലയാള സിനിമയിലെ പ്രമുഖര്‍ അവള്‍ക്കൊപ്പം എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേവലമൊരു പിന്തുണ പ്രഖ്യാപനമല്ല, സിനിമ ലോകത്തെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇവരെല്ലാം മുന്നോട്ടുവരുമോയെന്നാണ് അറിയേണ്ടതെന്നാണ് ഡബ്ല്യുസിസി ആവശ്യം. നമ്മുടെ പുരുഷ സഹപ്രവര്‍ത്തകര്‍, നിലവില്‍ അവര്‍ക്കുള്ള നിര്‍ണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകള്‍ക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടെന്നും, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകള്‍ക്ക് തയ്യാറാകണമെന്നും ഇത്തരത്തിലുള്ള പിന്തുണയും പരിഗണനയുമാണ് സിനിമ എന്ന തൊഴിലിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അര്‍ഹിക്കുന്നതെന്നും വിമന്‍ കളക്ടീവ് വ്യക്തമാക്കുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ:

നമുക്ക് ചുറ്റുമുള്ളവര്‍ ഭയത്താല്‍ തലതാഴ്ത്തി നില്‍ക്കുമ്പോഴും, നമുക്ക് തല ഉയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കാന്‍ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവര്‍ഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവള്‍, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.

മലയാള സിനിമയില്‍ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളില്‍ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകള്‍ക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യര്‍ഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയില്‍, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.

ഇപ്പോള്‍ നല്‍കുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാന്‍ ഞങ്ങള്‍  ഈയവസരത്തില്‍ നിര്‍ബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളില്‍ POSH മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍, മലയാള സിനിമ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!

നമ്മുടെ പുരുഷ സഹപ്രവര്‍ത്തകര്‍, നിലവില്‍ അവര്‍ക്കുള്ള നിര്‍ണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകള്‍ക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടെന്നും, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകള്‍ക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങള്‍ക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങള്‍ അര്‍ഹിക്കുന്നത്.

സര്‍ക്കാര്‍ അവള്‍ക്കൊപ്പമോ അതോ അവര്‍ക്കൊപ്പമോ?

ഈ കാലയളവില്‍, അതിജീവിച്ചവള്‍ക്കൊപ്പവും, ഡബ്ല്യുസിസിക്കൊപ്പവും നിന്നുകൊണ്ട്, ആത്മാര്‍ത്ഥമായി നിസ്വാര്‍ത്ഥമായി  പ്രവര്‍ത്തിച്ച ഓരോരുത്തരോടുമുള്ള സ്‌നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്‌നത്തില്‍ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയില്‍ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.

പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നില്‍ക്കുന്ന, സുരക്ഷിതമായാ ഒരു പ്രവര്‍ത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തില്‍, ഇനിയും ഒരുപാട് പേര്‍ക്ക് പങ്കുചേരാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

ആ പേരുകള്‍ പുറത്തു വരുമെന്ന ഭയത്താലാണോ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തത്?

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണവും, മലയാള സിനിമ ലോകത്ത് പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന ആവശ്യം നടപ്പാക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്നും സമൂഹം ചര്‍ച്ച ചെയ്യണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം.