'ജയ് ഭീ'മില്‍ സൂര്യ അവതരിപ്പിച്ച അഡ്വക്കേറ്റ് ചന്ദ്രു; തമിഴ്‌നാട്ടിലെ 'ജനങ്ങളുടെ ജഡ്ജി'

 
Surya K Chandru
റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവെന്ന നിയമജ്ഞന്റെ ജീവിതാനുഭവമാണ് ജയ് ഭീം 

തമിഴ്‌നാട്ടിലെ ഇരുള ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന ജാതി വിവേചനത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും നേര്‍സാക്ഷ്യമാണ് സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം 'ജയ് ഭീം'. 1993ല്‍ കുഡലൂര്‍ ജില്ലയിലെ വൃദ്ധാചലത്തെ കമ്മാപുരം ഗ്രാമത്തില്‍ നടന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്ന ഇരുള സമുദായത്തില്‍ നിന്നുള്ള രാജാക്കണ്ണ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നതും, അതു മറച്ചുവെക്കുന്ന പൊലീസിന്റെ ക്രിമിനല്‍ ബുദ്ധിയുമെല്ലാം ചിത്രം അനാവരണം ചെയ്യുന്നു. നീതിക്കായുള്ള രാജാക്കണ്ണിന്റെ കുടുംബത്തിന്റെ പോരാട്ടത്തിന് ശക്തി പകരുന്നത് അഭിഭാഷകനായ ചന്ദ്രുവാണ്. സൂര്യ അവിസ്മരണീയമാക്കിയ ഈ കഥാപാത്രം സാങ്കല്‍പ്പികമല്ല. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവെന്ന നിയമജ്ഞന്റെ ജീവിതാനുഭവമാണ് ജയ് ഭീം പകര്‍ത്തിയിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രുവിന്റെ 'ലിസണ്‍ ടു മൈ കേസ് -വെന്‍ വിമണ്‍ അപ്രോച്ച് ദി കോര്‍ട്ട്‌സ് ഓഫ് തമിള്‍നാട്' എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് ചിത്രത്തിന് ആധാരം.  

സിനിമയ്ക്ക് ആധാരമായ സംഭവം
1993ല്‍, ഗോപാലപുരം ഗ്രാമത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോകുന്നു. പിന്നാലെ, വൃദ്ധാചലത്തെ കമ്മാപുരം ഗ്രാമത്തില്‍ നിന്നുള്ള രാജാക്കണ്ണിനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ചശേഷം, രാജാക്കണ്ണിനെ നഗ്നനാക്കി അതിക്രൂരമായി പൊലീസ് മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിയ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഇതെല്ലാം നേരില്‍ക്കാണുകയും ചെയ്തു. എന്നാല്‍, അതിന്റെ തൊട്ടടുത്ത ദിവസം, രാജാക്കണ്ണ് സ്റ്റേഷനില്‍നിന്ന് കാണാതായെന്ന് പൊലീസ് അറിയിക്കുന്നു. രാജാക്കണ്ണിനെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം തുടര്‍ന്നപ്പോള്‍, സിപിഎം അംഗമായ ഗോവിന്ദന്റെ നേതൃത്വത്തില്‍ രാജാക്കണ്ണിന്റെ ബന്ധുക്കള്‍, ഗോത്രജനങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രതിഷേധവും റാലികളുമൊക്കെ നടത്തി. പക്ഷേ, അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഗോവിന്ദന്‍, ചെന്നൈയിലുള്ള സുഹൃത്തും അഭിഭാഷകനുമായ കെ. ചന്ദ്രുവിന്റെ സഹായം തേടുന്നത്. ചന്ദ്രുവിന്റെ സഹായത്തോടെ, രാജാക്കണ്ണിന്റെ ഭാര്യ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു. വിചാരണയിലും അന്വേഷണത്തിലും ലോക്കപ്പ് പീഡനത്തിന്റെ അതിക്രൂരമായ കഥകള്‍ വെളിച്ചത്തുവരുന്നു. ലോക്കപ്പിലെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിനെ മത്സ്യബന്ധന ബോട്ടില്‍ തള്ളിവിട്ടശേഷം, കാണാനില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പൊലീസ്. 1996ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നു. പൊലീസിനെ സഹായിച്ച ഡോക്ടര്‍, വിരമിച്ച ഡിഎസ്പി, ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് രാജാക്കണ്ണിന്റെ കുടുംബത്തിന് 2.65 ലക്ഷം രൂപ നഷ്ടപരിഹാരവും മൂന്ന് സെന്റ് സ്ഥലവും സര്‍ക്കാര്‍ നല്‍കി. പൊലീസിന് ഒത്താശ ചെയ്തവരും സഹായിച്ചവരുമൊക്കെ പിന്നീട് ജയിലിലായി. ഈ സംഭവത്തിനാണ് ജ്ഞാനവേല്‍ ചലച്ചിത്രഭാഷ്യം നല്‍കിയത്. 

ആരാണ് ജസ്റ്റിസ് ചന്ദ്രു?
ജയ് ഭീം പറയുന്നതുപോലെ സാധാരണക്കാരനായ ഒരു മനുഷ്യന്‍ മാത്രമാണ് കെ. ചന്ദ്രു. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി, ആക്ടിവിസ്റ്റും അഭിഭാഷകനും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ ആള്‍. വിദ്യാഭ്യാസകാലം മുതല്‍ സാമുഹ്യസേവനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചായിരുന്നു ചന്ദ്രുവിന്റെ പ്രവര്‍ത്തനങ്ങള്‍. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിനൊപ്പം വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ടു. ബിരുദപഠനത്തിനുശേഷം സാമുഹ്യസേവനവും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് ചന്ദ്രു ആഗ്രഹിച്ചത്. അതിനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ തുടരുന്നതിന്റെ ഭാഗമായി നിയമപഠനത്തിന് ചേരാന്‍ തീരുമാനിച്ചു. അടിയന്തരാവസ്ഥയുടെ നാളുകളില്‍, ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ചന്ദ്രുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് സാധാരണ ജനങ്ങളുടെ അവകാശങ്ങളെയും നീതിനിഷേധത്തെയും കൂടുതല്‍ അടുത്തറിയാന്‍ ശ്രമങ്ങളുണ്ടാകുന്നത്. 

പാവപ്പെട്ടവര്‍, ജാതിവിവേചനത്തിന് ഇരയാകുന്ന ദളിത്-ഗോത്ര-ആദിവാസി ജനത, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, അശരണരായ സ്ത്രീകള്‍ എന്നിവരുടെ ശബ്ദമായി ചന്ദ്രു മാറി. ജാതിവിവേചനത്തിനെതിരെ കോടതിയിലും പൊതുവേദിയിലും ചന്ദ്രു ശബ്ദമുയര്‍ത്തി. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. പണമോ, പാരിതോഷികമോ വാങ്ങാതെയാണ് അദ്ദേഹം കേസുകള്‍ വാദിച്ചത്. 2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2009ല്‍ സ്ഥിരം ജഡ്ജിയുമായി. 2013ല്‍ വിരമിച്ചു. ചുരുങ്ങിയ കാലത്തിനിടെ, 96,000 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകളുടെ ആസൂത്രണം, വര്‍ഗീകരണം എന്നിവയിലൂടെ ഇത്തരം നേട്ടങ്ങള്‍ സാധ്യമാണെന്ന് പറയുന്ന ജസ്റ്റിസ് ചന്ദ്രു, ഒരു ദിവസം ശരാശരി 75 കേസുകളാണ് കേട്ടിരുന്നത്. ജഡ്ജിയെന്ന നിലയില്‍ ശ്രദ്ധേയമായ വിധികള്‍ അദ്ദേഹത്തിന്റേതായി വന്നു. സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാകാം, ജാതിപരിഗണനയില്ലാത്ത പൊതുശ്മശാനങ്ങള്‍ വേണം, ഉച്ചഭക്ഷണ സംഘാടകരുടെ നിയമനത്തില്‍ സാമുദായിക സംവരണം വേണം എന്നിങ്ങനെ നിര്‍ണായക വിധികള്‍ അദ്ദേഹത്തിന്റേതാണ്. 'ജനങ്ങളുടെ ജഡ്ജി' എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു. 

ലിസണ്‍ ടു മൈ കേസ്
ജീവിക്കാനുള്ള അവകാശം, മത സ്വാതന്ത്ര്യം ഉള്‍പ്പെടെ വിഷയങ്ങളില്‍ നീതി തേടിയ സ്ത്രീകളെക്കുറിച്ചാണ് 'ലിസണ്‍ ടു മൈ കേസ് -വെന്‍ വിമണ്‍ അപ്രോച്ച് ദി കോര്‍ട്ട്‌സ് ഓഫ് തമിള്‍നാട്' എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ചന്ദ്രു വിവരിക്കുന്നത്. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഉള്‍പ്പെടെ നീതിക്കായി പോരാടിയ 20 സ്ത്രീകളുടെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ നേരിട്ടറിഞ്ഞ അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ഈവര്‍ഷം ലെഫ്റ്റ് വേര്‍ഡ്‌സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

നടപ്പുമാതൃകകളെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു ചന്ദ്രുവിന്റെ ഔദ്യോഗിക ജീവിതം. അഭിഭാഷകര്‍ ദൈവമല്ലെന്നും പൂക്കളോ ഷാളുകളോ ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. അധികാരചിഹ്നങ്ങളെ എതിര്‍ത്തിരുന്ന ചന്ദ്രു കോടതിയില്‍ 'മൈ ലോര്‍ഡ്' എന്ന അഭിസംബോധന വിലക്കിയിരുന്നു. ഔദ്യോഗിക വാഹനത്തില്‍ അനുവദനീയമായ ചുവന്ന ബീക്കണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. 2013ല്‍ വിരമിക്കുമ്പോള്‍, യാത്രയയപ്പ് ചടങ്ങുപോലും സ്വീകരിച്ചില്ല. സബര്‍ബന്‍ ട്രെയിനിലാണ് അദ്ദേഹം തിരികെ വീട്ടിലേക്ക് പോയത്. വിരമിച്ചപ്പോള്‍, തന്റെ സ്വത്തുവകകള്‍ സംബന്ധിച്ച സത്യവാങ്മൂലം ആക്ടിങ് ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുകയും ചെയ്തു. 

പണം ഉണ്ടാക്കാനുള്ള മാര്‍ഗമായിരുന്നില്ല തനിക്ക് അഭിഭാഷക ജീവിതമെന്ന് പലതവണ പറഞ്ഞ ജസ്റ്റിസ് ചന്ദ്രു പ്രവര്‍ത്തിയിലും അത് തെളിയിച്ചു. പൊതുജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സ്വന്തം നാട്ടില്‍ വളരെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം സുപ്രീംകോടതി പദവി പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. വിരമിച്ചശേഷം ട്രിബ്യൂണലുകള്‍, കമ്മീഷനുകള്‍ തുടങ്ങിയ ജോലികളും സ്വീകരിച്ചില്ല. എന്നാല്‍, സാമുഹ്യ വിഷയങ്ങളില്‍ അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. നിയമജ്ഞനെന്ന നിലയില്‍ വേറിട്ട പാതയിലൂടെയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ യാത്രകള്‍. പലപ്പോഴും അദ്ദേഹം ജുഡീഷ്യറിക്കുതന്നെ വഴികാട്ടിയായി. ഇപ്പോഴും അത് തുടരുന്നു. അതിന്റെ ചെറിയ ഭാഗം മാത്രമാണ് ജയ് ഭീം.