ദിലീപ് ഭയന്നതുപോലെ തന്നെ; തുടരന്വേഷണം ബൈജു പൗലോസ് നടത്തും, 'സത്യം'  പറയാന്‍ തയ്യാറായി മറ്റൊരാളും

ദിലീപിന്റെ ആവശ്യം ബൈജു പൗലോസിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു.
 
dileep

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സി ഐ ബൈജു പൗലോസ് തന്നെ നടത്തും. ദിലീപിന്റെ ആവശ്യം ബൈജു പൗലോസിനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചാണ് അന്വേഷണ സംഘത്തിന്റെ നേതൃത്വം ബൈജു പൗലോസിന് തന്നെ നല്‍കിയിരിക്കുന്നത്. എഡിജിപി എസ് ശ്രീജിത്ത് അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് ഐ ജി കെ പി ഫിലിപ്പ്, നെടുമ്പാശ്ശേരി എസ് എച്ച് ഒ, ചേരാനെല്ലൂര്‍ എ എസ് ഐ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരിക്കും.

ബൈജു പൗലോസ് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയത് ബൈജു പൗലോസായിരുന്നു. ദിലീപിന്റെ അറസ്റ്റ് ഉറപ്പാക്കുന്ന തെളിവുശേഖരമാണ് അന്നത്തെ പെരുമ്പാവൂര്‍ സി ഐയുടെ നേതൃത്വത്തില്‍ നടന്നത്. അന്വേഷണ സംഘത്തില്‍ നിന്നും അദ്ദേഹത്തെ നീക്കാന്‍ ചില ശ്രമങ്ങളും ഇതിനിടയില്‍ നടന്നിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും ബൈജു പൗലോസ് കണ്ടെത്തി.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് വിചാരണ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. തുടരന്വേഷണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ബൈജു പൗലോസിനെതിരേ ആരോപണങ്ങളുമായി ദിലീപ് രംഗത്ത് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സി ഐ ബൈജു പൗലോസാണെന്നാണ് ദിലീപ് പറയുന്നത്. കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയശേഷം ബൈജു പൗലോസ് നടത്തിയ യാത്രകളും ഫോണ്‍ സംഭാഷണങ്ങളും പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ബാലചന്ദ്രകുമാറുമായി ചേര്‍ന്ന് ബൈജു പൗലോസും മറ്റും നടത്തിയ ഗൂഢാലോചനയാണ് പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്നാണ് ദിലീപിന്റെ ആരോപണം. കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായി അറിവുള്ള ബൈജു പൗലോസ് പറഞ്ഞു പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്നും വിചാരണ അട്ടിമറിക്കാനാണിതെന്നുമാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടന്‍ ആരോപിക്കുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കുന്ന ദിവസം തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതിനു പിന്നിലും പ്രത്യേക ലക്ഷ്യമുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളൊന്നും തന്നെ പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നതാണ് ബൈജു പൗലോസിന് തന്നെ അന്വേഷണ ചുമതല നല്‍കിയതിലൂടെ തെളിഞ്ഞിരിക്കുന്നത്.

'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

അതേസമയം, ബാലചന്ദ്ര കുമാറിനെ കൂടാതെ മറ്റൊരാള്‍ കൂടി നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലെ സത്യാവസ്ഥകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന വിവരം കൂടി പുറത്തു വന്നിട്ടുണ്ട്. കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയൊരു സാക്ഷിയാണ് സത്യം വെളിപ്പെടുത്താന്‍ തയ്യാറായിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസില്‍ കൂറുമാറിയ ഒരു പ്രോസിക്യൂഷന്‍ സാക്ഷി സത്യം പറയാന്‍ തുറന്നു പറയാന്‍ തയ്യാറാണെന്ന് അടുത്ത സുഹൃത്ത് വഴി അന്വേഷണ സംഘത്തെ അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും വിചാരണ സമയത്ത് പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ചില സാക്ഷികളെ കൂറുമാറാന്‍ ഭീഷണിപ്പെടുത്തിയതിന്റെ വാര്‍ത്തകളും പുറത്തു വന്നിരുന്നു. സിനിമ രംഗത്തുള്ളവരുടെ കൂറുമാറ്റവും വലിയ വാര്‍ത്തകളായിരുന്നു. നടന്മാരും എഎംഎംഎ ഭാരവാഹികളുമായ സിദ്ദീഖ്, ഇടവേള ബാബു, നടിമാരായ ബിന്ദു പണിക്കര്‍, ഭാമ തുടങ്ങിയവരൊക്കെ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നും വ്യത്യസ്തമായി കോടതിയില്‍ ദിലീപിന് അനുകൂലമായി നിലപാട് എടുത്തവരാണ്.

കഴിഞ്ഞ ദിവസം പുറത്തു വന്ന പള്‍സര്‍ സുനിയുടെതെന്നു പറയുന്ന കത്തിലും കേസ് അട്ടിമറിക്കാനായി ദിലീപ് ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. ' എല്ലാവരെയും ചേട്ടന്‍ വിലക്ക് വാങ്ങിച്ചു കഴിഞ്ഞൂ. പ്രതികളെയും സാക്ഷികളെയും. ചേട്ടനെതിരേ വാദിക്കുന്ന വക്കീലിനെയും. ഇനി വക്കീല്‍ ചേട്ടനെ കോടതിയില്‍ വാഴ്ത്തപ്പെട്ടവനായി ചിത്രീകരിക്കുകയും കോടതി വെറുതെ വിടുകയും ചെയ്യുമായിരിക്കും. പക്ഷേ, സത്യം അറിയുന്നവര്‍ എന്നും മൂടിവയ്ക്കും എന്നു കരുതുന്നത് മണ്ടത്തരമാണെന്ന് ഓര്‍ക്കണം' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.