'കങ്കണ ഭഗത് സിംഗിനെ ഓര്‍മിപ്പിക്കുന്നു'; പിന്തുണയുമായി വിശാല്‍

 
'കങ്കണ ഭഗത് സിംഗിനെ ഓര്‍മിപ്പിക്കുന്നു'; പിന്തുണയുമായി വിശാല്‍

മഹാരാഷ്ട്ര സര്‍ക്കാരും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ നടിയെ പിന്തുണച്ച് തമിഴ് നടന്‍ വിശാലും. കങ്കണയെ ഭഗത് സിംഗിനോടാണ് വിശാല്‍ ഉപമിക്കുന്നത്. നിയമലംഘം ചൂണ്ടിക്കാട്ടി കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫിസ് ശിവസേന ഭരിക്കുന്ന ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചതോടെയാണ് ബോളിവുഡ് താരവും ശിവ സേനയുമായുള്ള പോര് തുടങ്ങിയത്. ശിവ സേനനേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കടുത്ത പരാമര്‍ശങ്ങളാണ് കങ്കണ നടത്തിയത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വ്യക്തിപരമായി ചോദ്യം ചെയ്തിരുന്നു. കങ്കണയുടെ ധൈര്യം ബ്രിട്ടീഷ് ഭരണകൂടത്തെ ചോദ്യം ചെയ്ത ഭഗത് സിംഗിന് സമാനമാണെന്നാണ് ഈ വിഷയത്തില്‍ തന്റെ പിന്തുണ നടിക്ക് പ്രഖ്യാപിച്ചുകൊണ്ട് വിശാല്‍ ട്വീറ്റ് ചെയ്തത്. ഭരണകൂടത്തിന്റെ രോഷം നേരിടേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് തന്നെ അവര്‍ക്കെതിരേ ശബ്ദിക്കാന്‍ തയ്യാറായ കങ്കണയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും വിശാല്‍ കുറിച്ചു.

'പ്രിയ കങ്കണ, നിങ്ങളുടെ ധൈര്യത്തിന് അഭിനന്ദനങ്ങള്‍. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാന്‍ നിങ്ങള്‍ രണ്ടുതവണ ചിന്തിച്ചില്ല. ഇത് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നമായിരുന്നില്ല, എന്നിട്ടും സര്‍ക്കാരിന്റെ രോഷം നേരിട്ടുകൊണ്ടും നിങ്ങള്‍ ശക്തമായി നിലകൊണ്ടു. ഇത് വളരെ വലിയ ഉദാഹരണമാണ്. 1920 ല്‍ ഭഗത് സിംഗ് ചെയ്തതിന് സമാനമായ കാര്യമാണിത്. തെറ്റായൊരു കാര്യത്തില്‍ ഭരണകൂടത്തിനെതിരേ സംസാരിക്കാന്‍ സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും നിങ്ങള്‍ മാതൃകയാണ്' വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.മലയാള ചലച്ചിത്ര താരം കൃഷ്ണ കുമാറും മകളും നടിയുമായ അഹാനയും കങ്കണയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയമാണ് കങ്കണയെന്നായിരുന്നു കൃഷ്ണ കുമാറിന്റെ വാക്കുകള്‍. കങ്കണയോട് ചെയ്ത പ്രവര്‍ത്തിയിലൂടെ ശിവ സേന സര്‍ക്കാര്‍ സ്വന്തം നാശത്തിനുള്ള വിത്താണ് പാകിയിരിക്കുന്നതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. 'കങ്കണ റണൗട്ട്...ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷെ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം.. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം... കങ്കണയോടൊപ്പം' കൃഷ്ണ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.